Proverbs 12
1ശിക്ഷണം ഇഷ്ടപ്പെടുന്നവർ പരിജ്ഞാനം ഇഷ്ടപ്പെടുന്നു,എന്നാൽ ശാസന വെറുക്കുന്നവർ മണ്ടന്മാരാണ്.
2നല്ല മനുഷ്യർക്ക് യഹോവയിൽനിന്നു പ്രീതി ലഭിക്കും,
ദുഷ്ടത മെനയുന്നവരെ അവിടന്ന് ശിക്ഷിക്കുന്നു.
3ദുഷ്ടതയിലൂടെ ആരുംതന്നെ സ്ഥിരതനേടുന്നില്ല,
എന്നാൽ നീതിനിഷ്ഠരെ ഉന്മൂലനംചെയ്യുക സാധ്യമല്ല.
4ചാരുശീലയാം പത്നി തന്റെ പതിക്കൊരു മകുടം,
എന്നാൽ മാനംകെട്ടവൾ പതിയുടെ അസ്ഥികളിൽ ബാധിച്ച അർബുദംപോലെയും.
5നീതിനിഷ്ഠരുടെ പദ്ധതികൾ ന്യായയുക്തം,
എന്നാൽ ദുഷ്ടരുടെ ആലോചന വഞ്ചനാപരം.
6ദുഷ്ടരുടെ വാക്കുകൾ നിഷ്കളങ്കരക്തത്തിനായി പതിയിരിക്കുന്നു,
എന്നാൽ നീതിനിഷ്ഠരുടെ വാക്കുകൾ അവരെ സുരക്ഷിതരാക്കുന്നു.
7ദുഷ്ടർ പരാജയപ്പെടുകയും ഇല്ലാതാകുകയും ചെയ്യും,
എന്നാൽ നീതിനിഷ്ഠരുടെ ഭവനം സുസ്ഥിരമായി നിലനിൽക്കുന്നു.
8ഒരു മനുഷ്യൻ തന്റെ ജ്ഞാനത്തിനനുസരിച്ച് ആദരിക്കപ്പെടും,
കുടിലബുദ്ധിയുള്ളവർ പുച്ഛിക്കപ്പെടും.
9സാധാരണക്കാരനെങ്കിലും ഒരു ദാസനുള്ളയാളാണ്
അന്നത്തെ അന്നത്തിനു വകയില്ലെങ്കിലും വമ്പുനടിച്ചു നടക്കുന്നവരെക്കാൾ ശ്രേഷ്ഠർ.
10നീതിനിഷ്ഠർ തങ്ങളുടെ മൃഗങ്ങളുടെ ആവശ്യങ്ങളിൽപോലും ശ്രദ്ധാലുക്കളാണ്,
എന്നാൽ ദുഷ്ടരുടെ കരുണാർദ്രമായ പ്രവൃത്തികൾപോലും ക്രൂരതനിറഞ്ഞതാണ്.
11സ്വന്തം കൃഷിയിടത്തിൽ അധ്വാനിക്കുന്നവർക്കു ധാരാളം ആഹാരം ലഭിക്കുന്നു,
എന്നാൽ ദിവാസ്വപ്നങ്ങളുടെ പിന്നാലെ പായുന്നവർ ബുദ്ധിഹീനരാണ്.
12നീചർ ദുഷ്ടരുടെ സുരക്ഷിതസ്ഥാനം ആഗ്രഹിക്കുന്നു,
എന്നാൽ നീതിനിഷ്ഠരുടെ വേര് ഫലംനൽകുന്നു.
13ദുഷ്ടർ തങ്ങളുടെ അധരങ്ങളുടെ ലംഘനത്താൽ കുരുക്കിലകപ്പെടുന്നു,
എന്നാൽ നിരപരാധി അനർഥത്തിൽനിന്നു രക്ഷപ്പെടുന്നു.
14തങ്ങളുടെ അധരഫലത്താൽ മനുഷ്യർ നന്മകൊണ്ടു തൃപ്തരാകും,
അവരുടെ കൈകളുടെ അധ്വാനഫലം അവർക്കു പ്രതിഫലം നൽകുന്നു.
15ഭോഷർ തങ്ങളുടെ വഴികൾ ശരിയെന്നു കരുതുന്നു,
എന്നാൽ ജ്ഞാനി മറ്റുള്ളവരുടെ ഉപദേശം ശ്രദ്ധിക്കുന്നു.
16ഭോഷർ തങ്ങളുടെ നീരസം ഉടൻതന്നെ പ്രകടിപ്പിക്കുന്നു,
എന്നാൽ വിവേകി അവഹേളനത്തെ അവഗണിക്കുന്നു.
17സത്യസന്ധതയുള്ള സാക്ഷി സത്യം പ്രസ്താവിക്കുന്നു,
എന്നാൽ കള്ളസാക്ഷി വ്യാജംപറയുന്നു.
18വീണ്ടുവിചാരമില്ലാത്തവരുടെ വാക്കുകൾ വാളുകൾപോലെ തുളച്ചുകയറുന്നു,
എന്നാൽ ജ്ഞാനിയുടെ നാവു സൗഖ്യദായകമാകുന്നു.
19സത്യസന്ധമായ നാവു സദാകാലത്തേക്കും നിലനിൽക്കുന്നു,
എന്നാൽ വ്യാജംപറയുന്ന അധരം നൈമിഷികമാണ്.
20ദുഷ്ടത നെയ്തുകൂട്ടുന്നവരുടെ ഹൃദയത്തിൽ കുടിലത ആവസിക്കുന്നു,
എന്നാൽ സമാധാനം പ്രചരിപ്പിക്കുന്നവർക്ക് ആനന്ദമുണ്ട്.
21നീതിനിഷ്ഠർക്കു യാതൊരുവിധ അനർഥവും സംഭവിക്കുകയില്ല,
എന്നാൽ ദുഷ്ടർ അനർഥംകൊണ്ടു നിറയും.
22കളവുപറയുന്ന അധരങ്ങൾ യഹോവ വെറുക്കുന്നു,
എന്നാൽ സത്യസന്ധരിൽ അവിടന്നു സന്തുഷ്ടനാണ്.
23വിവേകി പരിജ്ഞാനം തങ്ങളിൽത്തന്നെ അടക്കിവെക്കുന്നു,
എന്നാൽ ഭോഷരുടെ ഹൃദയം അവിവേകം പുലമ്പുന്നു.
24സ്ഥിരോത്സാഹിയുടെ കരങ്ങൾ ഭരണം നടത്തുന്നു,
എന്നാൽ അലസത അടിമത്തത്തിൽ എത്തിച്ചേരും.
25ഉത്കണ്ഠ ഹൃദയഭാരമുണ്ടാക്കുന്നു,
എന്നാൽ ഒരു നല്ലവാക്ക് ഉത്സാഹം നൽകുന്നു.
26നീതിനിഷ്ഠർ തങ്ങളുടെ സുഹൃത്തുക്കളെ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കുന്നു,
എന്നാൽ ദുഷ്കർമികളുടെ മാർഗം അവരെ വഴിതെറ്റിക്കുന്നു.
27അലസരായവർ വേട്ടമൃഗത്തിന്റെ മാംസം പാകംചെയ്യുന്നില്ല, ▼
▼ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല.
എന്നാൽ ഉത്സാഹി അവ മതിയാവോളം ആസ്വദിച്ച് ഭക്ഷിക്കുന്നു.
28നീതിയുടെ മാർഗത്തിൽ ജീവനുണ്ട്,
ആ വഴിയിൽ അമർത്യതയുമുണ്ട്.
Copyright information for
MalMCV