‏ Numbers 4

കെഹാത്യർ

1യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു: 2“ലേവ്യാഗോത്രത്തിലെ കെഹാത്യരുടെ ജനസംഖ്യ പിതൃഭവനമായും കുടുംബമായും എടുക്കുക. 3സമാഗമകൂടാരത്തിലെ ശുശ്രൂഷയ്ക്കു വരുന്നവരായ മുപ്പതുമുതൽ അൻപതുവരെ വയസ്സു പ്രായമുള്ള സകലപുരുഷന്മാരെയും എണ്ണുക.

4“സമാഗമകൂടാരത്തിലെ അതിവിശുദ്ധവസ്തുക്കൾ സൂക്ഷിക്കുകയാണ് കെഹാത്യരുടെ ചുമതല. 5പാളയം യാത്ര പുറപ്പെടുമ്പോൾ അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാരും അകത്തുചെന്ന് മറശ്ശീല അഴിച്ചിറക്കി ഉടമ്പടിയുടെ പേടകം അതുകൊണ്ടു മൂടണം. 6പിന്നെ അവർ അതു തഹശുതുകൽകൊണ്ടു
ജലത്തിൽ വസിക്കുന്ന വലിയ സസ്തനജീവികളുടെ തുകൽ ആകാനാണ് സാധ്യത.
മൂടണം. ഒരു നീല തുണി അതിന്മേൽ വിരിച്ച് തണ്ടുകൾ യഥാസ്ഥാനത്ത് ഇടുകയും വേണം.

7“കാഴ്ചയപ്പത്തിന്റെ മേശമേൽ അവർ ഒരു നീലത്തുണി വിരിച്ച് തളികകളും പാത്രങ്ങളും കോപ്പകളും പാനീയയാഗത്തിനുള്ള ഭരണികളും അതിന്മേൽ വെക്കണം; അവിടെ നിരന്തരം ഉണ്ടാകാറുള്ള അപ്പവും അതിന്മേൽതന്നെ ഉണ്ടായിരിക്കണം. 8ഇവയുടെമേൽ അവർ ഒരു ചെമപ്പു തുണി വിരിക്കുകയും അതു തഹശുതുകൽകൊണ്ടു മൂടുകയും, പിന്നീട് അതിന്റെ തണ്ടുകൾ ഉറപ്പിക്കുകയും ചെയ്യണം.

9“അവർ ഒരു നീലത്തുണി എടുത്ത് വെളിച്ചത്തിനുള്ള വിളക്ക്, അതിന്റെ ദീപങ്ങളോടും അതിന്റെ കരിന്തിരി മുറിക്കുന്നതിനുള്ള കത്രികകളോടും അതിന്റെ പാത്രങ്ങളോടും അതിൽ ഒഴിക്കുന്ന എണ്ണയുടെ എല്ലാ ഭരണികളോടുംകൂടെ മൂടണം. 10പിന്നെ അവർ അതും അതോടു ബന്ധപ്പെട്ട സകല ഉപകരണഭാഗങ്ങളും തഹശുതുകൽകൊണ്ടു പൊതിഞ്ഞ് ചുമക്കാനുള്ള ഒരു തണ്ടിന്മേൽ വെക്കണം.

11“തങ്കയാഗപീഠത്തിന്മേൽ അവർ ഒരു നീലത്തുണി വിരിക്കുകയും തഹശുതുകൽകൊണ്ട് അതു മൂടുകയും അതിന്റെ തണ്ട് ഉറപ്പിക്കുകയും വേണം.

12“അവർ വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളെല്ലാം എടുത്ത്, ഒരു നീലത്തുണിയിൽ പൊതിഞ്ഞ്, തഹശുതുകൽകൊണ്ടു മൂടി, ചുമക്കാനുള്ള തണ്ടിന്മേൽ വെക്കണം.

13“അവർ വെങ്കലയാഗപീഠത്തിന്മേൽനിന്ന് ചാരം നീക്കി ഒരു ഊതവർണത്തിലുള്ള ഒരു ശീല അതിന്മേൽ വിരിക്കണം. 14പിന്നെ അവർ അഗ്നികലശങ്ങൾ, മാംസം കൈകാര്യം ചെയ്യാനുള്ള മുൾക്കരണ്ടികൾ, കോരികകൾ, തളിക്കുന്നതിനുള്ള കലങ്ങൾ എന്നിവ ഉൾപ്പെടെ യാഗപീഠത്തിലെ ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന സകല ഉപകരണങ്ങും അതിന്മേൽ വെക്കണം. അതിന്മേൽ അവർ തഹശുതുകൽകൊണ്ടുള്ള ഒരു വിരി വിരിച്ച്, ചുമക്കാനുള്ള തണ്ടുകൾ ഉറപ്പിക്കണം.

15“അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാരും വിശുദ്ധ ഉപകരണങ്ങളും സകലവിശുദ്ധവസ്തുക്കളും മൂടിത്തീർന്നശേഷം, പാളയം പുറപ്പെടാൻ തയ്യാറാക്കിയിരിക്കുമ്പോൾ ചുമക്കുന്ന ജോലിക്കായി കെഹാത്യർ വരണം. എന്നാൽ അവർ മരിക്കാതിരിക്കേണ്ടതിന്, വിശുദ്ധവസ്തുക്കളെ സ്പർശിക്കരുത്. സമാഗമകൂടാരത്തിലുള്ള ഈ സാധനങ്ങളാണ് കെഹാത്യർ ചുമക്കേണ്ടത്.

16“വെളിച്ചത്തിനുള്ള എണ്ണ, സുഗന്ധധൂപവർഗം, നിരന്തരം അർപ്പിക്കുന്ന ഭോജനയാഗം, അഭിഷേകതൈലം എന്നിവയുടെ മേൽനോട്ടം പുരോഹിതനായ അഹരോന്റെ പുത്രൻ എലെയാസാർക്ക് ആയിരിക്കണം. സമാഗമകൂടാരം മുഴുവനും, അതിന്റെ വിശുദ്ധ ഉപകരണങ്ങളും വസ്തുക്കളും ഉൾപ്പെടെ അതിലുള്ള സകലതിന്റെയും ചുമതല അദ്ദേഹത്തിനായിരിക്കണം.”

17യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു: 18“കെഹാത്യകുടുംബങ്ങളുടെ കുലങ്ങൾ ലേവ്യരിൽനിന്ന് നശിപ്പിക്കപ്പെടരുത്. 19അതിവിശുദ്ധവസ്തുക്കളോടു സമീപിക്കുമ്പോൾ അവർ മരിക്കാതിരിക്കേണ്ടതിന് അവർക്കുവേണ്ടി ഇതു ചെയ്യുക: അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാരും വിശുദ്ധമന്ദിരത്തിൽ കടന്നുചെന്ന് ഓരോ പുരുഷനെയും അവന്റെ ജോലിയും അവൻ ചുമക്കേണ്ട വസ്തുക്കളും ഏൽപ്പിക്കുക. 20എന്നാൽ കെഹാത്യർ മരിക്കാതിരിക്കേണ്ടതിനു വിശുദ്ധവസ്തുക്കൾ മൂടുന്ന സമയം അവർ അകത്തുചെന്നു വിശുദ്ധവസ്തുക്കൾ നോക്കരുത്.”

ഗെർശോന്യർ

21യഹോവ മോശയോട് അരുളിച്ചെയ്തു: 22“പിതൃഭവനമായും കുടുംബമായും ഗെർശോന്യരുടെ ജനസംഖ്യയെടുക്കുക. 23സമാഗമകൂടാരത്തിലെ ശുശ്രൂഷയ്ക്കു വരുന്നവരായ മുപ്പതുമുതൽ അൻപതുവരെ വയസ്സു പ്രായമുള്ള സകലപുരുഷന്മാരെയും എണ്ണുക.

24“വേലയിലും ചുമട് എടുക്കുന്നതിലും ഗെർശോന്യകുലങ്ങളുടെ ശുശ്രൂഷ ഇതാണ്: 25കൂടാരത്തിന്റെ മറശ്ശീലകൾ, സമാഗമകൂടാരം, അതിന്റെ വിരി, തഹശുതുകൽകൊണ്ടുള്ള പുറംമൂടി, സമാഗമകൂടാരവാതിൽക്കലുള്ള മറശ്ശീലകൾ, 26സമാഗമകൂടാരത്തെയും യാഗപീഠത്തെയും ചുറ്റിയുള്ള അങ്കണത്തിന്റെ മറശ്ശീലകൾ, അങ്കണകവാടത്തിന്റെ മറശ്ശീല, കയറുകൾ, അതിന്റെ ശുശ്രൂഷയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഇവയെല്ലാം അവർ ചുമക്കണം. ഇവകൊണ്ടു ചെയ്യേണ്ട ജോലിയൊക്കെയും ഗെർശോന്യർ ചെയ്യണം. 27ചുമടു ചുമക്കുന്നതോ ഇതര വേലകൾ ചെയ്യുന്നതോ ആയ അവരുടെ ശുശ്രൂഷകൾ എല്ലാം അഹരോന്റെയും പുത്രന്മാരുടെയും നിർദേശാനുസരണമായിരിക്കണം. അവർക്കുള്ള കർത്തവ്യമെല്ലാം നീ അവരെ ഏൽപ്പിക്കണം. 28സമാഗമകൂടാരത്തിലെ ഗെർശോന്യകുടുംബങ്ങളുടെ ശുശ്രൂഷ ഇതാണ്. പുരോഹിതനായ അഹരോന്റെ പുത്രൻ ഈഥാമാരിന്റെ നിർദേശാനുസരണം അവർ ശുശ്രൂഷചെയ്യണം.

മെരാര്യർ

29“മെരാര്യരെ പിതൃഭവനമായും കുടുംബമായും എണ്ണുക. 30സമാഗമകൂടാരത്തിലെ ശുശ്രൂഷയ്ക്കു വരുന്നവരായ മുപ്പതുമുതൽ അൻപതുവയസ്സുവരെ പ്രായമുള്ള സകലപുരുഷന്മാരെയും എണ്ണുക. 31സമാഗമകൂടാരത്തിൽ അവർ ശുശ്രൂഷ നിവർത്തിക്കുമ്പോഴുള്ള അവരുടെ കർത്തവ്യം ഇതാണ്: കൂടാരത്തിന്റെ ചട്ടക്കൂട്, അതിന്റെ സാക്ഷകൾ, തൂണുകളും ചുവടുകളും, 32അതുപോലെതന്നെ ചുറ്റുമുള്ള അങ്കണത്തിന്റെ തൂണുകളും ചുവടുകളും, കൂടാരത്തിന്റെ കുറ്റികൾ, കയറുകൾ എന്നിങ്ങനെ എല്ലാ ഉപകരണങ്ങളും അവയുടെ ഉപയോഗവുമായി ബന്ധപ്പെട്ട സകലതും അവർ ചുമക്കണം. ഓരോ പുരുഷനെയും അവൻ ചുമക്കേണ്ട സാധനങ്ങൾ പ്രത്യേകം ഏൽപ്പിക്കുക. 33സമാഗമകൂടാരത്തിൽ വേലചെയ്യുമ്പോൾ പുരോഹിതനായ അഹരോന്റെ പുത്രൻ ഈഥാമാരിന്റെ നിർദേശാനുസരണം മെരാര്യകുടുംബങ്ങൾ അനുഷ്ഠിക്കേണ്ട ശുശ്രൂഷ ഇതാണ്.”

ലേവ്യരുടെ എണ്ണം

34മോശയും അഹരോനും സഭയിലെ നേതാക്കന്മാരും കെഹാത്യരെ പിതൃഭവനമായും കുടുംബമായും എണ്ണി.
35സമാഗമകൂടാരത്തിലെ ശുശ്രൂഷയ്ക്കുവന്ന മുപ്പതുമുതൽ അൻപതുവയസ്സുവരെ പ്രായമുള്ള പുരുഷന്മാർ 36പിതൃഭവനപ്രകാരം എണ്ണപ്പെട്ടവർ ആകെ 2,750 ആയിരുന്നു. 37സമാഗമകൂടാരത്തിൽ ശുശ്രൂഷചെയ്തവരായി കെഹാത്യകുടുംബങ്ങളിലുള്ളവരുടെ ആകെ എണ്ണം ആയിരുന്നു ഇത്. മോശയോട് യഹോവ കൽപ്പിച്ചപ്രകാരം മോശയും അഹരോനും അവരെ എണ്ണി.

38ഗെർശോന്യരെ പിതൃഭവനമായും കുടുംബമായും എണ്ണി.
39സമാഗമകൂടാരത്തിലെ ശുശ്രൂഷയ്ക്കുവന്ന മുപ്പതുമുതൽ അൻപതുവയസ്സുവരെ പ്രായമുള്ള, 40പിതൃഭവനമായും കുടുംബമായും എണ്ണപ്പെട്ട പുരുഷന്മാർ ആകെ 2,630 ആയിരുന്നു. 41സമാഗമകൂടാരത്തിൽ ശുശ്രൂഷചെയ്തവരായി ഗെർശോന്യകുടുംബങ്ങളിലുള്ളവരുടെ ആകെ എണ്ണം ആയിരുന്നു ഇത്. യഹോവയുടെ കൽപ്പനപ്രകാരം മോശയും അഹരോനും അവരെ എണ്ണി.

42മെരാര്യരെ പിതൃഭവനമായും കുടുംബമായും എണ്ണി.
43സമാഗമകൂടാരത്തിലെ ശുശ്രൂഷയ്ക്കുവന്ന മുപ്പതുമുതൽ അൻപതുവയസ്സുവരെ പ്രായമുള്ളവരും 44പിതൃഭവനപ്രകാരം എണ്ണപ്പെട്ടവരുമായ പുരുഷന്മാർ ആകെ 3,200 ആയിരുന്നു. 45മെരാര്യകുടുംബങ്ങളിൽ ഉള്ളവരുടെ ആകെ എണ്ണമായിരുന്നു ഇത്. മോശയിലൂടെ യഹോവ കൽപ്പിച്ചപ്രകാരം മോശയും അഹരോനും അവരെ എണ്ണി.

46അങ്ങനെ മോശയും അഹരോനും ഇസ്രായേലിന്റെ പ്രഭുക്കന്മാരുംകൂടി ലേവ്യരെ മുഴുവൻ പിതൃഭവനമായും കുടുംബമായും എണ്ണി. 47സമാഗമകൂടാരത്തിന്റെ ശുശ്രൂഷയ്ക്കും ചുമടിനും വന്നിരുന്ന മുപ്പതുമുതൽ അൻപതുവയസ്സുവരെ പ്രായമുള്ള പുരുഷന്മാർ 48ആകെ 8,580 ആയിരുന്നു. 49യഹോവ മോശയിലൂടെ കൽപ്പിച്ചതുപോലെ, ഓരോരുത്തനെയും താന്താങ്ങളുടെ ചുമതല ഏൽപ്പിച്ചു; അവരുടെ കർത്തവ്യങ്ങളെക്കുറിച്ചു നിർദേശവും നൽകി.

യഹോവ മോശയോടു കൽപ്പിച്ചതുപോലെ അദ്ദേഹം അവരെ എണ്ണി.

Copyright information for MalMCV