‏ Numbers 25

മോവാബ് ഇസ്രായേലിനെ വഴിതെറ്റിക്കുന്നു

1ഇസ്രായേൽ ശിത്തീമിൽ പാർക്കുമ്പോൾ അവരുടെ പുരുഷന്മാർ മോവാബ്യസ്ത്രീകളുമായി ലൈംഗിക അസാന്മാർഗികതയിലേർപ്പെട്ടു. 2അവർ തങ്ങളുടെ ദേവന്മാർക്കുള്ള ബലികൾക്ക് അവരെ വിളിക്കുകയും. ജനം ഈ ദേവന്മാരുടെമുമ്പാകെ ഭക്ഷിക്കുകയും അവയെ വണങ്ങുകയും ചെയ്തു. 3അങ്ങനെ പെയോരിലെ ബാലിന്റെ ആരാധനയിൽ ഇസ്രായേൽ കൂട്ടുചേർന്നു. യഹോവയുടെ കോപം അവർക്കെതിരേ ജ്വലിച്ചു.

4യഹോവ മോശയോട്, “യഹോവയുടെ ഉഗ്രകോപം ഇസ്രായേലിനെ വിട്ടുമാറേണ്ടതിന്, ജനത്തിന്റെ നായകന്മാരെ സകലരെയും കൂട്ടി യഹോവയുടെമുമ്പാകെ അവരെ കൊന്ന് പകൽവെളിച്ചത്തിൽ പ്രദർശിപ്പിക്കുക” എന്നു പറഞ്ഞു.

5മോശ ഇസ്രായേലിന്റെ ന്യായാധിപന്മാരോട്, “നിങ്ങളുടെ പുരുഷന്മാരിൽ പെയോരിലെ ബാലിന്റെ ആരാധനയിൽ കൂട്ടുചേർന്നവരെ നിങ്ങൾതന്നെ വധിക്കുക.”

6ഈ വിധി വന്നതിനുശേഷം, മോശയും ഇസ്രായേൽസഭ മുഴുവനും സമാഗമകൂടാരവാതിൽക്കൽ വിലപിച്ചുകൊണ്ടിരിക്കുമ്പോൾ അവരുടെ കണ്മുമ്പിൽത്തന്നെ ഒരു ഇസ്രായേല്യപുരുഷൻ ഒരു മിദ്യാന്യസ്ത്രീയെ തന്റെ കൂടാരത്തിലേക്കു കൊണ്ടുവന്നു. 7പുരോഹിതനായ അഹരോന്റെ മകൻ എലെയാസാരിന്റെ പുത്രൻ ഫീനെഹാസ് ഇതു കണ്ടപ്പോൾ, അദ്ദേഹം സഭയിൽനിന്ന് എഴുന്നേറ്റ് ഒരു കുന്തം കൈയിലെടുത്ത് 8ആ ഇസ്രായേല്യന്റെ പിന്നാലെ കൂടാരത്തിലേക്കുചെന്നു. അവർ ഇരുവരെയും—ഇസ്രായേല്യനെയും ആ സ്ത്രീയെയും—അവരുടെ ഉദരം തുളയുമാറ് കുന്തംകൊണ്ട് കുത്തി. അപ്പോൾ ഇസ്രായേല്യർക്കെതിരായ ബാധ ശമിച്ചു. 9എന്നാൽ ബാധയിൽ മരിച്ചവരുടെ എണ്ണം 24,000 ആയിരുന്നു.

10യഹോവ മോശയോട്, 11“പുരോഹിതനായ അഹരോന്റെ പുത്രൻ എലെയാസാരിന്റെ പുത്രൻ ഫീനെഹാസ് ഇസ്രായേല്യർക്കെതിരേയുള്ള എന്റെ കോപം വിട്ടുമാറാനിടയാക്കി. അവരുടെ ഇടയിൽ എന്റെ മാനത്തിനുവേണ്ടി എന്നെപ്പോലെതന്നെ അവനും തീക്ഷ്ണത കാട്ടിയിരിക്കുകയാൽ എന്റെ തീക്ഷ്ണതയിൽ ഞാൻ അവരെ ഇല്ലായ്മചെയ്യുന്നതിൽനിന്ന് പിന്തിരിഞ്ഞു. 12അതുകൊണ്ട് ഞാൻ അവനുമായി എന്റെ സമാധാന ഉടമ്പടിചെയ്യുന്നു എന്ന് അവനോടു പറയുക. 13അവൻ തന്റെ ദൈവത്തിനുവേണ്ടി തീക്ഷ്ണതയുള്ളവനായി ഇസ്രായേല്യർക്കുവേണ്ടി പ്രായശ്ചിത്തം ചെയ്തതിനാൽ അത് അവനും അവന്റെ സന്തതിപരമ്പരകൾക്കും സുസ്ഥിരമായ ഒരു പൗരോഹിത്യത്തിന്റെ ഉടമ്പടി ആകുന്നു.”

14മിദ്യാന്യസ്ത്രീയോടുകൂടി കൊല്ലപ്പെട്ട ഇസ്രായേല്യന്റെ പേര് സിമ്രി എന്നായിരുന്നു. അവൻ ശിമെയോൻ ഗോത്രത്തിലെ ഒരു കുടുംബത്തിന്റെ നായകനായിരുന്ന സാലുവിന്റെ മകനായിരുന്നു. 15കൊല്ലപ്പെട്ട മിദ്യാന്യസ്ത്രീയുടെ പേര് കോസ്ബി എന്നായിരുന്നു; അവൾ മിദ്യാന്യവംശത്തിൽപ്പെട്ട ഒരു കുടുംബത്തിന്റെ ഗോത്രത്തലവനായ സൂരിന്റെ മകളായിരുന്നു.

16യഹോവ മോശയോട്, 17 18“പെയോരിലെ ബാലിന്റെ കാര്യത്തിലും, തൻനിമിത്തം ഉണ്ടായ ബാധയിൽ കൊല്ലപ്പെട്ട അവരുടെ സഹോദരിയും ഒരു മിദ്യാന്യപ്രഭുവിന്റെ മകളുമായ കോസ്ബിയുടെ കാര്യത്തിലും മിദ്യാന്യർ നിങ്ങളെ വഞ്ചിച്ച് നിങ്ങളോടു ശത്രുത കാട്ടിയതിനാൽ, നിങ്ങൾ അവരോടും ശത്രുത കാട്ടി അവരെ നിശ്ശേഷം നശിപ്പിക്കണം” എന്നു കൽപ്പിച്ചു.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.