‏ Numbers 24

1എന്നാൽ, ഇസ്രായേലിനെ അനുഗ്രഹിക്കുന്നത് യഹോവയ്ക്കു പ്രസാദമായി എന്നു ബിലെയാം കണ്ടപ്പോൾ, മുമ്പു ചെയ്തതുപോലെ പ്രശ്നംവെക്കാൻ പോകാതെ മരുഭൂമിക്കുനേരേ തന്റെ മുഖം തിരിച്ചു. 2ഗോത്രംഗോത്രമായി ഇസ്രായേൽ പാളയമടിച്ചു പാർക്കുന്നത് ബിലെയാം നോക്കിക്കണ്ടപ്പോൾ ദൈവത്തിന്റെ ആത്മാവ് അദ്ദേഹത്തിന്റെമേൽ വന്നു, 3അദ്ദേഹം തന്റെ അരുളപ്പാട് അറിയിച്ചു:

“ബെയോരിന്റെ പുത്രൻ ബിലെയാമിന്റെ അരുളപ്പാട്,
വ്യക്തമായിക്കാണുന്ന കണ്ണുള്ളവന്റെ അരുളപ്പാട്,
4ദൈവത്തിന്റെ വചനങ്ങളെ കേൾക്കുന്നവന്റെ അരുളപ്പാട്,
സർവശക്തനിൽനിന്ന് ദർശനം കാണുന്നവനും,
സാഷ്ടാംഗം വീഴുന്നവനും കണ്ണുകൾ തുറക്കപ്പെട്ടവനുമായവന്റെ അരുളപ്പാട്:

5“യാക്കോബേ, നിന്റെ കൂടാരങ്ങൾ,
ഇസ്രായേലേ, നിന്റെ നിവാസങ്ങൾ, എത്ര മനോഹരം!

6“താഴ്വരപോലെ അവ പടർന്നുകിടക്കുന്നു.
നദീതീരത്തെ ഉദ്യാനങ്ങൾപോലെ,
യഹോവ നട്ട ചന്ദനവൃക്ഷങ്ങൾപോലെ,
ജലാന്തികേയുള്ള ദേവദാരുക്കൾപോലെതന്നെ.
7അവരുടെ തൊട്ടികളിൽനിന്ന് വെള്ളം ഒഴുകും;
അവരുടെ വിത്തിനു ജലസമൃദ്ധി ലഭിക്കും.

“അവരുടെ രാജാവ് ആഗാഗിലും ശ്രേഷ്ഠനായിരിക്കും,
അവരുടെ രാജ്യം ഉന്നതമാകും.

8“ദൈവം അവരെ ഈജിപ്റ്റിൽനിന്നും കൊണ്ടുവന്നു.
കാട്ടുകാളയുടെ കരുത്ത് അവർക്കുണ്ട്.
ശത്രുരാജ്യങ്ങളെ അവർ വിഴുങ്ങുന്നു.
അവരുടെ അസ്ഥികളെ തകർക്കുന്നു;
തങ്ങളുടെ അസ്ത്രങ്ങൾകൊണ്ട് അവരെ തുളയ്ക്കുന്നു.
9ഒരു സിംഹത്തെപ്പോലെ, ഒരു സിംഹിയെപ്പോലെ, അവർ പതുങ്ങിക്കിടക്കുന്നു.
ആര് അവരെ ഉണർത്തും?

“നിന്നെ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെടട്ടെ,
നിന്നെ ശപിക്കുന്നവൻ ശപിക്കപ്പെടട്ടെ!”
10അപ്പോൾ ബിലെയാമിനെതിരേ ബാലാക്കിന്റെ കോപം ജ്വലിച്ചു. അദ്ദേഹം തന്റെ കൈകൾ അടിച്ചുകൊണ്ടു പറഞ്ഞു: “എന്റെ ശത്രുക്കളെ ശപിക്കാനാണു ഞാൻ താങ്കളെ വിളിച്ചുവരുത്തിയത്. എന്നാൽ താങ്കൾ അവരെ ഈ മൂന്നു തവണയും അനുഗ്രഹിച്ചിരിക്കുന്നു. 11നിന്റെ സ്ഥലത്തേക്കു നീ ഓടിപ്പോകുക. മാന്യമായ പ്രതിഫലം താങ്കൾക്കു തരാമെന്നു ഞാൻ പറഞ്ഞു. എന്നാൽ യഹോവ നിനക്കു പ്രതിഫലം മുടക്കിയിരിക്കുന്നു.”

12ബിലെയാം ബാലാക്കിനോട് മറുപടി പറഞ്ഞു: “താങ്കൾ എന്റെയടുക്കൽ അയച്ച ദൂതന്മാരോട്, 13‘ബാലാക്ക് തന്റെ കൊട്ടാരം നിറയെ സ്വർണവും വെള്ളിയും എനിക്കു തരുന്നെങ്കിലും, യഹോവയുടെ കൽപ്പനയെ മറികടന്ന്, നന്മയോ തിന്മയോ ആകട്ടെ, സ്വമേധയാ യാതൊന്നും എനിക്കു ചെയ്തുകൂടാ; മാത്രമല്ല, യഹോവ അരുളിച്ചെയ്യുന്നതുമാത്രമേ ഞാൻ പറയുകയുള്ളൂ’ എന്നു ഞാൻ പറഞ്ഞിരുന്നില്ലേ? 14ഇപ്പോൾ ഞാൻ എന്റെ ജനത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകുന്നു. എന്നാൽ വരിക, വരുംനാളുകളിൽ ഈ ജനം താങ്കളുടെ ജനങ്ങളോട് ചെയ്യാൻ പോകുന്നതെന്തെന്ന് ഞാൻ താങ്കളെ അറിയിക്കാം.”

ബിലെയാമിന്റെ നാലാം അരുളപ്പാട്

15പിന്നെ ബിലെയാം തന്റെ അരുളപ്പാട് അറിയിച്ചു:

“ബെയോരിന്റെ പുത്രൻ ബിലെയാമിന്റെ അരുളപ്പാട്,
വ്യക്തമായിക്കാണുന്ന കണ്ണുള്ളവന്റെ അരുളപ്പാട്,
16ദൈവത്തിന്റെ വചനങ്ങളെ കേൾക്കുന്നവന്റെ അരുളപ്പാട്.
പരമോന്നതനിൽനിന്ന് പരിജ്ഞാനം പ്രാപിച്ചവനും
സർവശക്തനിൽനിന്ന് ദർശനം കാണുന്നവനും
സാഷ്ടാംഗം വീഴുന്നവനും കണ്ണുകൾ തുറക്കപ്പെട്ടവനുമായവന്റെ അരുളപ്പാട്:

17“ഞാൻ അവിടത്തെ കാണുന്നു, എന്നാൽ ഇപ്പോഴല്ല;
ഞാൻ അവിടത്തെ ദർശിക്കുന്നു, എന്നാൽ സമീപത്തല്ല.
യാക്കോബിൽനിന്ന് ഒരു നക്ഷത്രം ഉദിക്കും,
ഇസ്രായേലിൽനിന്ന് ഒരു ചെങ്കോൽ ഉയരും.
മോവാബിന്റെ നെറ്റിത്തടം
ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല.
അവിടന്ന് തകർക്കും,
ശേത്തിന്റെ സകലപുത്രന്മാരുടെയും തലയോട്ടികളെത്തന്നെ.
18ഏദോം പിടിക്കപ്പെടും;
സേയീരും അവന്റെ ശത്രുക്കളുടെ കൈവശമാക്കപ്പെടും,
എന്നാൽ ഇസ്രായേലോ ശക്തിപ്പെടും,
19യാക്കോബിൽനിന്ന് ഒരു ഭരണാധിപൻ വന്ന്
നഗരങ്ങളിൽ ശേഷിച്ചവരെ നശിപ്പിക്കും.”

ബിലെയാമിന്റെ അഞ്ചാമത്തെ അരുളപ്പാട്

20പിന്നെ ബിലെയാം അമാലേക്കിനെ നോക്കി തന്റെ അരുളപ്പാട് അറിയിച്ചു:

“അമാലേക്ക് രാജ്യങ്ങളിൽ ഒന്നാമനായിരുന്നു.
എന്നാൽ അവരുടെ അവസാനം പരിപൂർണനാശമായിരിക്കും.”

ബിലെയാമിന്റെ ആറാമത്തെ അരുളപ്പാട്

21പിന്നെ അയാൾ കേന്യരെ നോക്കി തന്റെ അരുളപ്പാട് അറിയിച്ചു:

“നിന്റെ വാസസ്ഥലം സുരക്ഷിതം;
നിന്റെ കൂട് പാറയിൽ വെച്ചിരിക്കുന്നു.
22അശ്ശൂർ നിന്നെ ബന്ദിയായി കൊണ്ടുപോകുമ്പോൾ
കേന്യരായ നിങ്ങൾ നശിക്കും.”

ബിലെയാമിന്റെ ഏഴാമത്തെ അരുളപ്പാട്

23പിന്നെ അദ്ദേഹം തന്റെ അരുളപ്പാട് അറിയിച്ചു:

“ഹാ! ദൈവം ഇതു ചെയ്യുമ്പോൾ ആര് ജീവനോടിരിക്കും?
24കിത്തീം തീരങ്ങളിൽനിന്ന് കപ്പലുകൾ വരും;
അശ്ശൂരിനെയും ഏബെരിനെയും അവർ അധീനമാക്കും;
എന്നാൽ അവരും നശിക്കും.”
25പിന്നെ ബിലെയാം എഴുന്നേറ്റ് സ്വദേശത്തേക്കു മടങ്ങി. ബാലാക്ക് തന്റെ വഴിക്കുപോയി.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.