Numbers 20
പാറയിൽനിന്ന് വെള്ളം
1ഒന്നാംമാസം ഇസ്രായേൽസഭ മുഴുവനും സീൻമരുഭൂമിയിൽ എത്തി. അവർ കാദേശിൽ താമസിച്ചു. അവിടെവെച്ച് മിര്യാം മരിച്ചു. അവളെ അവർ അവിടെ അടക്കി.2എന്നാൽ ജനത്തിന് അവിടെ വെള്ളം ഉണ്ടായിരുന്നില്ല. അവർ മോശയ്ക്കും അഹരോനും വിരോധമായി സംഘംചേർന്നു. 3അവർ മോശയോടു കലഹിച്ചു പറഞ്ഞു: “ഞങ്ങളുടെ സഹോദരന്മാർ യഹോവയുടെമുമ്പാകെ മരിച്ചുവീണപ്പോൾ ഞങ്ങളും മരിച്ചുപോയിരുന്നെങ്കിൽ! 4ഞങ്ങളും ഞങ്ങളുടെ കന്നുകാലികളും ഇവിടെ മരിക്കേണ്ടതിന് യഹോവയുടെ സഭയെ നീ എന്തിന് ഈ മരുഭൂമിയിൽ കൊണ്ടുവന്നു? 5ഈ നശിച്ച സ്ഥലത്തേക്കു നീ ഞങ്ങളെ ഈജിപ്റ്റിൽനിന്ന് കൂട്ടിക്കൊണ്ടുവന്നതെന്തിന്? ഇവിടെ ധാന്യമോ അത്തിപ്പഴമോ മുന്തിരിയോ മാതളപ്പഴമോ ഇല്ല; കുടിക്കാൻ വെള്ളവുമില്ല.”
6മോശയും അഹരോനും സഭാമധ്യത്തിൽനിന്ന് സമാഗമകൂടാരത്തിന്റെ കവാടത്തിൽചെന്നു കമിഴ്ന്നുവീണു. അപ്പോൾ യഹോവയുടെ തേജസ്സ് അവർക്കു പ്രത്യക്ഷമായി. 7യഹോവ മോശയോട് അരുളിച്ചെയ്തു: 8“വടി എടുക്കുക, എന്നിട്ട് നീയും നിന്റെ സഹോദരൻ അഹരോനുംകൂടി സഭയെ വിളിച്ചുകൂട്ടുക. അവരുടെ കണ്മുമ്പിൽവെച്ച് പാറയോടു കൽപ്പിക്കുക, അപ്പോൾ അതിൽനിന്ന് വെള്ളം പുറപ്പെടും. ജനത്തിന് പാറയിൽനിന്ന് നീ വെള്ളം പുറപ്പെടുവിക്കും; അങ്ങനെ അവരും അവരുടെ കന്നുകാലികളും കുടിക്കും.”
9അങ്ങനെ മോശ, യഹോവ തന്നോടു കൽപ്പിച്ചതുപോലെതന്നെ അവിടത്തെ സന്നിധിയിൽനിന്ന് വടി എടുത്തു. 10തുടർന്ന് അദ്ദേഹവും അഹരോനുംകൂടി സഭയെ പാറയുടെമുമ്പിൽ വിളിച്ചുകൂട്ടി. മോശ അവരോടു പറഞ്ഞു: “മത്സരിക്കുന്നവരേ, ശ്രദ്ധിക്കുക, ഞങ്ങൾ ഈ പാറയിൽനിന്ന് നിങ്ങൾക്കു വെള്ളം പുറപ്പെടുവിക്കട്ടെ?” 11ഇതിനുശേഷം മോശ കൈ ഉയർത്തി തന്റെ വടികൊണ്ട് പാറയെ രണ്ടുതവണ അടിച്ചു. വെള്ളം പ്രവഹിച്ചു. ജനവും അവരുടെ കന്നുകാലികളും മതിയാകുവോളം കുടിച്ചു.
12എന്നാൽ യഹോവ മോശയോടും അഹരോനോടും, “ഇസ്രായേൽജനത്തിന്റെ മുമ്പിൽ എന്നെ വിശുദ്ധീകരിക്കാൻ തക്കവണ്ണം നിങ്ങൾ എന്നിൽ വിശ്വസിക്കാതിരുന്നതുകൊണ്ട് ഞാൻ അവർക്കു കൊടുക്കുമെന്നു വാഗ്ദാനംചെയ്ത ദേശത്തേക്ക് ഈ സമൂഹത്തെ നിങ്ങൾ കൊണ്ടുപോകുകയില്ല” എന്നു പറഞ്ഞു.
13ഇസ്രായേൽമക്കൾ യഹോവയോടു കലഹിക്കുകയും അവരുടെമധ്യത്തിൽ അവിടന്ന് തന്റെ വിശുദ്ധി വെളിപ്പെടുത്തുകയുംചെയ്ത മെരീബാ ▼
▼കലഹം എന്നർഥം.
ജലാശയം ഇതുതന്നെ. ഏദോം ഇസ്രായേലിനു വഴി നിഷേധിക്കുന്നു
14ഈ സംഭവത്തിനുശേഷം മോശ കാദേശിൽനിന്ന് ഏദോംരാജാവിന്റെ അടുക്കൽ ഈ സന്ദേശവുമായി ദൂതന്മാരെ അയച്ചു:“നിന്റെ സഹോദരനായ ഇസ്രായേൽ ബോധിപ്പിക്കുന്ന അപേക്ഷ: ഞങ്ങളുടെമേൽ വന്ന സകലദുരിതങ്ങളെക്കുറിച്ചും അങ്ങ് അറിയുന്നല്ലോ. 15ഞങ്ങളുടെ പൂർവികർ ഈജിപ്റ്റിലേക്ക് ഇറങ്ങിപ്പോയി. ഞങ്ങൾ അവിടെ അനേകവർഷങ്ങൾ താമസിച്ചു. ഈജിപ്റ്റുകാർ ഞങ്ങളോടും ഞങ്ങളുടെ പൂർവികരോടും കഠിനമായി പെരുമാറി. 16എന്നാൽ ഞങ്ങൾ യഹോവയോടു നിലവിളിച്ചപ്പോൾ, അവിടന്ന് ഞങ്ങളുടെ പ്രാർഥനകേട്ട് ഒരു ദൂതനെ അയച്ച് ഞങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചു.
“ഇപ്പോൾ ഞങ്ങൾ ഇവിടെ അങ്ങയുടെ അധീനതയിലുള്ള രാജ്യത്തിന്റെ അതിർത്തിനഗരമായ കാദേശിൽ എത്തിയിരിക്കുന്നു. 17നിങ്ങളുടെ ദേശത്തുകൂടി കടന്നുപോകാൻ ഞങ്ങളെ അനുവദിക്കുക. ഞങ്ങൾ വയലിലോ മുന്തിരിത്തോപ്പിലോ കടക്കുകയോ കിണറ്റിൽനിന്ന് വെള്ളം കുടിക്കുകയോ ചെയ്യുകയില്ല. നിങ്ങളുടെ അതിർത്തി കടക്കുന്നതുവരെ ഇടത്തോട്ടോ വലത്തോട്ടോ തിരിയാതെ രാജപാതയിലൂടെമാത്രമേ യാത്രചെയ്യുകയുള്ളൂ.”
18എന്നാൽ ഏദോംരാജാവിന്റെ ഉത്തരവ് ഇപ്രകാരമായിരുന്നു:
“നിങ്ങൾ ഇതിലെ കടന്നുപോകരുത്. അതിനു തുനിഞ്ഞാൽ, ഞങ്ങൾ പുറപ്പെട്ടുവന്ന് വാൾകൊണ്ട് നിങ്ങളെ ആക്രമിക്കും.”
19അതിന് ഇസ്രായേല്യർ,
“ഞങ്ങൾ പ്രധാനനിരത്തിലൂടെ പൊയ്ക്കൊള്ളാം. ഞങ്ങളോ ഞങ്ങളുടെ കന്നുകാലികളോ നിങ്ങളുടെ വെള്ളം കുടിച്ചാൽ അതിനു വിലതരാം. ഞങ്ങൾക്കു കാൽനടയായി കടന്നുപോയാൽമാത്രം മതി—മറ്റൊന്നും വേണ്ട” എന്ന മറുപടി അറിയിച്ചു.
20വീണ്ടും അവർ മറുപടികൊടുത്തു:
“നിങ്ങൾ കടന്നുപോയിക്കൂടാ.”
അപ്പോൾ ഏദോം വലിയതും ശക്തവുമായ ഒരു സൈന്യത്തോടുകൂടി അവർക്കെതിരേ പുറപ്പെട്ടു. 21തങ്ങളുടെ രാജ്യത്തുകൂടി കടന്നുപോകാൻ ഏദോം അവർക്ക് അനുമതി നിഷേധിച്ചതിനാൽ, ഇസ്രായേൽ അവിടെനിന്നു പിന്തിരിഞ്ഞു.
അഹരോന്റെ മരണം
22ഇസ്രായേൽസഭ മുഴുവനും കാദേശിൽനിന്ന് പുറപ്പെട്ട് ഹോർ പർവതത്തിൽ എത്തി. 23ഏദോമിന്റെ അതിർത്തിയിലുള്ള ഹോർ പർവതത്തിൽവെച്ച് യഹോവ മോശയോടും അഹരോനോടും, 24“അഹരോൻ തന്റെ ജനത്തോടു ചേർക്കപ്പെടും. ഞാൻ ഇസ്രായേല്യർക്കു കൊടുക്കുന്ന ദേശത്ത് അദ്ദേഹം കടക്കുകയില്ല; കാരണം നിങ്ങൾ ഇരുവരും മെരീബയിലെ ജലാശയത്തിനരികിൽവെച്ച് എന്റെ കൽപ്പനയോടു മത്സരിച്ചു. 25അഹരോനെയും അദ്ദേഹത്തിന്റെ പുത്രൻ എലെയാസാരെയും ഹോർ പർവതമുകളിലേക്കു കൂട്ടിക്കൊണ്ടുവരിക. 26അഹരോന്റെ വസ്ത്രങ്ങൾ ഊരി അവന്റെ പുത്രൻ എലെയാസാരിനെ ധരിപ്പിക്കുക. കാരണം അഹരോൻ തന്റെ ജനത്തോടു ചേർക്കപ്പെടും; അദ്ദേഹം അവിടെ മരിക്കും” എന്ന് അരുളിച്ചെയ്തതു.27യഹോവ കൽപ്പിച്ചതുപോലെ മോശ ചെയ്തു; സർവസമൂഹത്തിന്റെയും മുമ്പാകെ അവർ ഹോർ പർവതത്തിലേക്കു കയറിപ്പോയി. 28മോശ അഹരോന്റെ വസ്ത്രങ്ങൾ ഊരി അദ്ദേഹത്തിന്റെ പുത്രൻ എലെയാസാരിനെ ധരിപ്പിച്ചു. അഹരോൻ പർവതത്തിന്റെ മുകളിൽവെച്ച് മരിച്ചു. ഇതിനുശേഷം മോശയും എലെയാസാരും പർവതത്തിൽനിന്ന് ഇറങ്ങിവന്നു. 29അഹരോൻ മരിച്ചു എന്ന് സഭയെല്ലാം മനസ്സിലാക്കിയപ്പോൾ ഇസ്രായേൽഗൃഹം മുഴുവനും മുപ്പതുദിവസം അദ്ദേഹത്തെച്ചൊല്ലി വിലപിച്ചു.
Copyright information for
MalMCV