‏ Numbers 19

ശുദ്ധീകരണജലം

1യഹോവ പിന്നെയും മോശയോടും അഹരോനോടും അരുളിച്ചെയ്തു: 2“യഹോവ കൽപ്പിച്ച ന്യായപ്രമാണത്തിലെ ഒരു ചട്ടം ഇതാണ്: ഊനമോ കളങ്കമോ ഇല്ലാത്തതും ഒരിക്കലും നുകം വെച്ചിട്ടില്ലാത്തതുമായ ഒരു ചെമന്ന പശുക്കിടാവിനെ നിങ്ങളുടെ അടുക്കൽ കൊണ്ടുവരാൻ ഇസ്രായേല്യരോടു പറയുക. 3അതിനെ പുരോഹിതനായ എലെയാസറിനു നൽകുക; പാളയത്തിനുപുറത്തു കൊണ്ടുപോയി, അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ അതിനെ കൊല്ലണം. 4ഇതിനുശേഷം പുരോഹിതനായ എലെയാസാർ അതിന്റെ രക്തത്തിൽ കുറെ വിരലിന്മേൽ എടുത്ത് സമാഗമകൂടാരത്തിന്റെ മുൻഭാഗത്ത് ഏഴുപ്രാവശ്യം തളിക്കണം. 5പശുക്കിടാവിനെ അതിന്റെ തുകൽ, മാംസം, രക്തം, ചാണകം എന്നിവയോടുകൂടെ അദ്ദേഹത്തിന്റെ മുമ്പിൽവെച്ചു ദഹിപ്പിക്കണം. 6പുരോഹിതൻ കുറച്ച് ദേവദാരുത്തടി, ഈസോപ്പ്, ചെമന്നനൂൽ എന്നിവ പശുക്കിടാവിനെ ദഹിപ്പിക്കുന്ന അഗ്നിയിൽ ഇടണം. 7അതിനുശേഷം പുരോഹിതൻ തന്റെ വസ്ത്രം അലക്കി, വെള്ളത്തിൽ കുളിക്കണം. തുടർന്ന് അദ്ദേഹത്തിനു പാളയത്തിലേക്കുവരാം. എന്നാൽ സന്ധ്യവരെ അദ്ദേഹം ആചാരപരമായി അശുദ്ധനായിരിക്കും. 8അതിനെ ദഹിപ്പിക്കുന്ന മനുഷ്യനും തന്റെ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കണം. ആ മനുഷ്യനും സന്ധ്യവരെ അശുദ്ധനായിരിക്കും.

9“ശുദ്ധിയുള്ള ഒരാൾ പശുക്കിടാവിന്റെ ചാരം ശേഖരിച്ച് പാളയത്തിനു വെളിയിൽ വെടിപ്പുള്ള ഒരു സ്ഥലത്ത് ഇടണം. ശുദ്ധീകരണജലത്തിനായി ഉപയോഗിക്കാൻ ഇസ്രായേൽസഭ അതു സൂക്ഷിക്കണം; അത് ഒരു പാപശുദ്ധീകരണയാഗം. 10പശുക്കിടാവിന്റെ ചാരം ശേഖരിക്കുന്ന വ്യക്തിയും തന്റെ വസ്ത്രം അലക്കണം. അയാളും സന്ധ്യവരെ അശുദ്ധനായിരിക്കും. ഇസ്രായേൽമക്കൾക്കും അവരുടെ ഇടയിൽ പാർക്കുന്ന പ്രവാസികൾക്കും ഇത് ഒരു ശാശ്വത അനുഷ്ഠാനമായിരിക്കണം.

11“മനുഷ്യന്റെ ശവം തൊടുന്ന ഏതൊരാളും ഏഴുദിവസത്തേക്ക് അശുദ്ധരായിരിക്കും. 12മൂന്നാംദിവസവും ഏഴാംദിവസവും അയാൾ ശുദ്ധീകരണജലംകൊണ്ടു സ്വയം ശുദ്ധീകരിക്കണം. അപ്പോൾ അയാൾ ശുദ്ധനാകും. എന്നാൽ മൂന്നും, ഏഴും ദിവസങ്ങളിൽ സ്വയം ശുദ്ധീകരിക്കുന്നില്ലെങ്കിൽ അയാൾ ശുദ്ധനാകുകയില്ല. 13ശവം തൊടുന്ന ആരെങ്കിലും തന്നെ വിശുദ്ധീകരിക്കുന്നതിൽ വീഴ്ചവരുത്തിയാൽ അയാൾ യഹോവയുടെ കൂടാരത്തെ മലിനമാക്കുന്നു. ആ വ്യക്തിയെ ഇസ്രായേലിൽനിന്നും ഛേദിച്ചുകളയണം. കാരണം ശുദ്ധീകരണജലം അയാളുടെമേൽ തളിക്കാതിരുന്നതുനിമിത്തം അയാൾ അശുദ്ധനാണ്; അയാളുടെ അശുദ്ധി അയാളുടെമേൽ നിലനിൽക്കുന്നു.

14“ഒരു വ്യക്തി കൂടാരത്തിൽവെച്ചു മരിച്ചാലുള്ള നിയമം ഇതാണ്: ആ കൂടാരത്തിൽ കടക്കുന്നവരും അതിനുള്ളിലുള്ളവരും ഏഴുദിവസം അശുദ്ധരായിരിക്കും. 15അടപ്പുകൊണ്ടു മൂടിവെക്കാത്ത പാത്രമൊക്കെയും അശുദ്ധമായിരിക്കും.

16“വാളാൽ മരിച്ചവരെയോ സ്വാഭാവികമായി മരിച്ചവരെയോ മനുഷ്യാസ്ഥി, ശവക്കല്ലറ എന്നിവ സ്പർശിക്കുന്നവരെയോ വെളിമ്പ്രദേശത്തുവെച്ചു തൊടുന്നവർ ഏഴുദിവസത്തേക്ക് അശുദ്ധരായിരിക്കും.

17“അശുദ്ധനായ മനുഷ്യനുവേണ്ടി, ശുദ്ധീകരണയാഗത്തിൽ ദഹിച്ച കുറെ ചാരം എടുത്ത് ഒരു പാത്രത്തിൽ ഇട്ട് അവയുടെമേൽ ശുദ്ധജലം ഒഴിക്കണം. 18ഇതിനുശേഷം ആചാരപരമായി ശുദ്ധിയുള്ള ഒരാൾ ഈസോപ്പുതണ്ടെടുത്ത് ആ വെള്ളത്തിൽ മുക്കി ആ കൂടാരത്തിന്മേലും സകല ഉപകരണങ്ങളിന്മേലും അവിടെ ഉണ്ടായിരുന്ന ആളുകളുടെമേലും തളിക്കണം. മനുഷ്യന്റെ അസ്ഥി, ശവക്കല്ലറ, വധിക്കപ്പെട്ട ആൾ, സ്വാഭാവികമരണം സംഭവിച്ച ആൾ എന്നിവ സ്പർശിച്ച ഏവരുടെയുംമേൽ അയാൾ ശുദ്ധീകരണജലം തളിക്കണം. 19ശുദ്ധിയുള്ള പുരുഷൻ അശുദ്ധിയുള്ള വ്യക്തിയെ മൂന്നാംദിവസവും ഏഴാംദിവസവും തളിക്കുകയും ഏഴാംദിവസം അയാൾ ആ മനുഷ്യനെ ശുദ്ധീകരിക്കുകയും വേണം. ശുദ്ധീകരിക്കപ്പെട്ട വ്യക്തി തന്റെ വസ്ത്രങ്ങൾ അലക്കി വെള്ളത്തിൽ കുളിക്കണം. അന്നു സന്ധ്യക്ക് ആ മനുഷ്യൻ ശുദ്ധിയുള്ളതായിത്തീരും. 20എന്നാൽ അശുദ്ധരായവർ സ്വയം ശുദ്ധീകരിക്കുന്നില്ലെങ്കിൽ, അവർ സമൂഹത്തിൽനിന്ന് ഛേദിക്കപ്പെടണം. കാരണം അവർ യഹോവയുടെ വിശുദ്ധമന്ദിരത്തെ മലിനപ്പെടുത്തിയിരിക്കുന്നു. ശുദ്ധീകരണജലം അവരുടെമേൽ തളിക്കാതിരുന്നതിനാൽ അവർ അശുദ്ധരാണ്. 21ഇത് അവർക്കൊരു ശാശ്വത അനുഷ്ഠാനമായിരിക്കണം.

“ശുദ്ധീകരണജലം തളിക്കുന്ന പുരുഷനും തന്റെ വസ്ത്രം അലക്കണം. ശുദ്ധീകരണജലത്തെ തൊടുന്ന ഏതൊരാളും സന്ധ്യവരെ അശുദ്ധരായിരിക്കും.
22അശുദ്ധരായവർ തൊടുന്ന ഏതൊരു വസ്തുവും അശുദ്ധമാകും; അതിനെ തൊടുന്ന ഏതൊരാളും സന്ധ്യവരെ അശുദ്ധരായിരിക്കും.”

Copyright information for MalMCV