‏ Numbers 12

മിര്യാം ശിക്ഷിക്കപ്പെടുന്നു

1മോശ ഒരു കൂശ്യസ്ത്രീയെ വിവാഹംകഴിച്ചിരുന്നതിനാൽ, കൂശ്യസ്ത്രീനിമിത്തം മിര്യാമും അഹരോനും മോശയ്ക്കു വിരോധമായി സംസാരിച്ചു. 2“മോശയിൽക്കൂടിമാത്രമേ യഹോവ സംസാരിച്ചിട്ടുള്ളോ?” അവർ ചോദിച്ചു. “അവിടന്ന് ഞങ്ങളിലൂടെയും സംസാരിച്ചിട്ടില്ലയോ?” യഹോവ ഇതു കേട്ടു.

3എന്നാൽ മോശയാകട്ടെ, ഭൂതലത്തിലുള്ള സകലമനുഷ്യരിലുംവെച്ച് ഏറ്റവും സൗമ്യനായിരുന്നു.

4ഉടൻതന്നെ യഹോവ മോശയോടും അഹരോനോടും മിര്യാമിനോടും കൽപ്പിച്ചു: “നിങ്ങൾ മൂന്നുപേരും സമാഗമകൂടാരത്തിൽ വരിക.” അങ്ങനെ അവർ മൂന്നുപേരും കൂടാരത്തിലേക്കുവന്നു. 5യഹോവ ഒരു മേഘസ്തംഭത്തിൽ ഇറങ്ങിവന്നു; കൂടാരവാതിലിൽനിന്ന് അഹരോനെയും മിര്യാമിനെയും വിളിച്ചു. അവർ രണ്ടുപേരും മുമ്പോട്ടുചെന്നപ്പോൾ 6അവിടന്ന് പറഞ്ഞു: “എന്റെ വാക്കുകൾ ശ്രദ്ധിക്കുക:

“നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടെങ്കിൽ,
യഹോവ ആകുന്ന ഞാൻ ദർശനത്തിൽ എന്നെത്തന്നെ അവർക്കു വെളിപ്പെടുത്തും.
ഞാൻ സ്വപ്നത്തിൽ അവരോടു സംസാരിക്കും.
7എന്നാൽ എന്റെ ദാസനായ മോശയുടെ കാര്യത്തിൽ അങ്ങനെയല്ല;
അവൻ എന്റെ ഭവനത്തിലൊക്കെയും വിശ്വസ്തനാണ്.
8അവനുമായി ഞാൻ അവ്യക്തമായല്ല,
സ്പഷ്ടമായും അഭിമുഖമായുമാണ് സംസാരിക്കുന്നത്;
അവൻ യഹോവയുടെ രൂപം കാണും.
എന്നിട്ടും എന്റെ ദാസനായ മോശയ്ക്കു വിരോധമായി
സംസാരിക്കാൻ നിങ്ങൾ ഭയപ്പെടാഞ്ഞതെന്ത്?”
9യഹോവയുടെ കോപം അവർക്കെതിരേ ജ്വലിച്ചു; അവിടന്ന് അവരെ വിട്ടുപോയി.

10മേഘം കൂടാരത്തിനുമീതേനിന്ന് ഉയർന്നപ്പോൾ, മിര്യാം ഹിമംപോലെ വെളുത്ത് കുഷ്ഠരോഗിണിയായി. അഹരോൻ അവളെ നോക്കി. അവൾ കുഷ്ഠരോഗിണി എന്നുകണ്ടു 11അപ്പോൾത്തന്നെ അഹരോൻ മോശയോട് അപേക്ഷിച്ചു: “യജമാനനേ, ഞങ്ങൾ ഭോഷത്തമായി ചെയ്ത പാപം ഞങ്ങളോടു കണക്കിടരുതേ. 12പാതി മാംസം അഴുകിപ്പോയനിലയിൽ അമ്മയുടെ ഉദരത്തിൽനിന്നും പുറത്തു വന്ന ചാപിള്ളപോലെ അവൾ ആകരുതേ.”

13അപ്പോൾ മോശ യഹോവയോടു നിലവിളിച്ചു, “ദൈവമേ, അവളെ സൗഖ്യമാക്കണേ!”

14യഹോവ മോശയോട് അരുളിച്ചെയ്തു: “അവളുടെ അപ്പൻ അവളുടെ മുഖത്തു തുപ്പിയിരുന്നെങ്കിൽ അവൾ ഏഴുദിവസം ലജ്ജിക്കുകയില്ലേ? ഏഴുദിവസം പാളയത്തിനുപുറത്ത് അവളെ അടച്ചിടുക; അതിനുശേഷം അവളെ തിരികെക്കൊണ്ടുവരാം.” 15അങ്ങനെ മിര്യാമിനെ ഏഴുദിവസം പാളയത്തിനുപുറത്ത് അടച്ചിട്ടു, അവളെ തിരികെക്കൊണ്ടുവരുംവരെ ജനം യാത്രചെയ്തില്ല.

16ഇതിനുശേഷം ജനം ഹസേരോത്ത് വിട്ട് പാരാൻ മരുഭൂമിയിൽ പാളയമിറങ്ങി.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.