Nahum 1
1നിനവേക്കുറിച്ചുള്ള പ്രവചനം. എൽക്കോശ്യനായ നഹൂമിന്റെ ദർശനഗ്രന്ഥം.നിനവേക്കെതിരേ യഹോവയുടെ കോപം
2യഹോവ തീക്ഷ്ണതയുള്ള ദൈവം ആകുന്നു;അവിടന്നു പ്രതികാരംചെയ്യുന്നവനും കോപം നിറഞ്ഞവനുമാകുന്നു.
യഹോവ തന്റെ ശത്രുക്കളോട് പകരംവീട്ടുകയും
തന്റെ വൈരികൾക്കായി ക്രോധം സൂക്ഷിച്ചുവെക്കുകയും ചെയ്യുന്നു.
3യഹോവ ദീർഘക്ഷമയുള്ളവനും മഹാശക്തനുമാകുന്നു;
അവിടന്ന് കുറ്റംചെയ്യുന്നവനെ ശിക്ഷിക്കാതെ വിടുകയില്ല.
അവിടത്തെ വഴി ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലുമുണ്ട്,
മേഘങ്ങൾ അവിടത്തെ പാദങ്ങളിലെ പൊടിയുമാകുന്നു.
4അവിടന്ന് സമുദ്രത്തെ ശാസിച്ച് ഉണക്കിക്കളയുന്നു;
നദികളെയെല്ലാം വറ്റിക്കുന്നു.
ബാശാനും കർമേലും ഉണങ്ങുന്നു,
ലെബാനോനിലെ പുഷ്പങ്ങൾ വാടിപ്പോകുന്നു.
5പർവതങ്ങൾ അവിടത്തെ മുമ്പിൽ കുലുങ്ങുന്നു;
കുന്നുകൾ ഉരുകിപ്പോകുന്നു.
അവിടത്തെ സാന്നിധ്യത്തിൽ ഭൂമി വിറകൊള്ളുന്നു,
ഭൂലോകവും അതിലെ സകലനിവാസികളും അങ്ങനെതന്നെ.
6അവിടത്തെ ക്രോധത്തിനുമുമ്പിൽ ആർക്കു നിൽക്കാൻ കഴിയും?
അവിടത്തെ ഉഗ്രകോപം ആർക്കു താങ്ങാൻ കഴിയും?
അവിടത്തെ ക്രോധം അഗ്നിപോലെ ചൊരിയുന്നു;
പാറകൾ അവിടത്തെ മുമ്പിൽ തകർന്നുപോകുന്നു.
7യഹോവ നല്ലവനും
അനർഥദിവസത്തിൽ അഭയസ്ഥാനവും ആകുന്നു.
തന്നിൽ ആശ്രയിക്കുന്നവരെ അവിടന്ന് അറിയുന്നു,
8എന്നാൽ, കരകവിയുന്ന പ്രവാഹത്തിൽ
അവിടന്ന് നിനവേയെ നിശ്ശേഷം നശിപ്പിക്കും;
അവിടന്ന് തന്റെ ശത്രുക്കളെ അന്ധകാരത്തിൽ പിൻതുടരും.
9യഹോവയ്ക്കെതിരേ നിങ്ങൾ എന്തു ഗൂഢാലോചന നടത്തുന്നു?
അവിടന്ന് നിശ്ശേഷം നശിപ്പിക്കും;
കഷ്ടത രണ്ടുപ്രാവശ്യം വരികയില്ല.
10കെട്ടുപിണഞ്ഞിരിക്കുന്ന മുൾപ്പടർപ്പുപോലെ അവർ ആയിരുന്നാലും
തങ്ങളുടെ മദ്യത്തിൽ മത്തുപിടിച്ചിരുന്നാലും;
വൈക്കോൽക്കുറ്റിപോലെ അവർ ദഹിപ്പിക്കപ്പെടും.
11യഹോവയ്ക്കു വിരോധമായി ദോഷം നിരൂപിക്കുകയും
വഞ്ചന ഉപദേശിക്കുകയും ചെയ്യുന്നവൻ
നിനവേ, നിന്നിൽനിന്നു പുറപ്പെട്ടു വന്നിരിക്കുന്നു.
12യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“പൂർണശക്തരും സംഖ്യാബലമുള്ളവരും ആയിരുന്നാലും
അവർ ഛേദിക്കപ്പെടും; അവർ ഇല്ലാതെയാകും.
ഞാൻ നിന്നെ കഷ്ടപ്പെടുത്തിയെങ്കിലും, യെഹൂദയേ,
ഇനിയൊരിക്കലും ഞാൻ നിന്നെ കഷ്ടപ്പെടുത്തുകയില്ല.
13ഇപ്പോൾ നിന്റെ കഴുത്തിൽനിന്ന് അവരുടെ നുകം ഞാൻ ഒടിച്ചുകളയും
നിന്റെ വിലങ്ങുകൾ അഴിച്ചുകളയും.”
14എന്നാൽ യഹോവ നിന്നെക്കുറിച്ച് കൽപ്പന പുറപ്പെടുവിച്ചിരിക്കുന്നു:
“നിന്റെ നാമം നിലനിർത്താൻ നിനക്കു സന്തതി ഉണ്ടാകുകയില്ല.
നിന്റെ ദേവന്മാരുടെ ക്ഷേത്രങ്ങളിലുള്ള
രൂപങ്ങളെയും വിഗ്രഹങ്ങളെയും ഞാൻ നശിപ്പിക്കും.
നീ നീചനാകുകയാൽ
ഞാൻ നിനക്കായി ഒരു ശവക്കുഴി ഒരുക്കും.”
15ഇതാ, പർവതങ്ങളിൽ
സുവാർത്താദൂതനായി
സമാധാനം ഘോഷിക്കുന്നവന്റെ പാദങ്ങൾ.
യെഹൂദേ, നിന്റെ പെരുന്നാളുകൾ ആഘോഷിക്കുക,
നിന്റെ നേർച്ചകൾ നിറവേറ്റുക.
ദുഷ്ടർ ഇനി നിന്നിൽ പ്രവേശിക്കുകയില്ല;
അവൻ നിശ്ശേഷം നശിപ്പിക്കപ്പെട്ടിരിക്കും.
Copyright information for
MalMCV