‏ Micah 5

ബേത്ലഹേമിൽനിന്ന് ഒരു ഭരണാധികാരി

1നമ്മെ ഒരു സൈന്യം ഉപരോധിച്ചിരിക്കുന്നു,
അതുകൊണ്ട് സൈന്യനഗരമേ, നീ നിന്റെ സൈന്യത്തെ അണിനിരത്തുക.
ഇസ്രായേലിന്റെ ഭരണാധികാരിയുടെ ചെകിട്ടത്ത്
അവർ വടികൊണ്ട് അടിക്കും.

2“എന്നാൽ നീയോ ബേത്ലഹേം എഫ്രാത്തേ,
നീ യെഹൂദാ വംശങ്ങളിൽ ചെറുതാണെങ്കിലും,
ഇസ്രായേലിന്റെ ഭരണാധികാരിയാകേണ്ടവൻ;
എനിക്കായി നിന്നിൽനിന്നു പുറപ്പെട്ടുവരും,
അവിടത്തെ ഉത്ഭവം പണ്ടുപണ്ടേയുള്ളതും
പുരാതനമായതുംതന്നെ.”

3അതുകൊണ്ട്, നോവുകിട്ടിയ സ്ത്രീ പ്രസവിക്കുന്നതുവരെയും
അവന്റെ സഹോദരന്മാരിൽ ശേഷിപ്പുള്ളവർ
ഇസ്രായേല്യരോടു ചേരുന്നതുവരെയും
ഇസ്രായേൽ ഉപേക്ഷിക്കപ്പെട്ടിരിക്കും.

4യഹോവയുടെ ശക്തിയിലും
തന്റെ ദൈവമായ യഹോവയുടെ നാമത്തിന്റെ മഹത്ത്വത്തിലും
തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കാനായി അവൻ എഴുന്നേൽക്കും.
അവർ സുരക്ഷിതരായി വസിക്കും; അങ്ങനെ അവന്റെ മഹത്ത്വം
ഭൂമിയുടെ അറ്റത്തോളം വ്യാപിക്കും.

5അവിടന്ന് നമ്മുടെ സമാധാനം ആയിരിക്കും.
അശ്ശൂർ നമ്മുടെ ദേശം ആക്രമിച്ചു
നമ്മുടെ കോട്ടകളിലൂടെ മുന്നേറുമ്പോൾ,
നാം അവർക്കെതിരേ ഏഴ് ഇടയന്മാരെയും
എട്ട് സൈന്യാധിപന്മാരെയും ഉയർത്തും.
6അവർ അശ്ശൂർദേശത്തെ വാൾകൊണ്ടും
നിമ്രോദിന്റെ ദേശത്തെ ഊരിയവാൾകൊണ്ടും ഭരിക്കും.
അശ്ശൂർ നമ്മുടെ ദേശം ആക്രമിച്ചു
നമ്മുടെ അതിർത്തികളിലേക്കു നീങ്ങുമ്പോൾ
അവിടന്ന് നമ്മെ അവരിൽനിന്നു വിടുവിക്കും.

7അനേക ജനതകളുടെ മധ്യത്തിൽ
യാക്കോബിന്റെ ശേഷിപ്പ് നിലനിൽക്കും.
അവർ യഹോവയിൽനിന്നു വരികയും
ആർക്കായും കാത്തിരിക്കാതെ, ആരെയും ആശ്രയിക്കാതെ
വരുന്ന മഞ്ഞുതുള്ളിപോലെയും
പുല്ലിന്മേൽ പതിക്കുന്ന മാരിപോലെയും ആയിരിക്കും.
8യാക്കോബിന്റെ ശേഷിപ്പ് ഇതര രാഷ്ട്രങ്ങൾക്കിടയിൽ,
അതേ, അനേക വംശങ്ങൾക്കിടയിൽ,
കാട്ടുമൃഗങ്ങൾക്കിടയിലെ സിംഹംപോലെയും
ആട്ടിൻകൂട്ടത്തിന്റെ മധ്യത്തിലെ സിംഹക്കുട്ടിപോലെയും ആയിരിക്കും;
അവൻ അകത്തുകടന്നാൽ ചവിട്ടിക്കടിച്ചു കീറിക്കളയും,
വിടുവിക്കാൻ ആരും ഉണ്ടാകുകയില്ല.
9നിന്റെ കൈ നിന്റെ ശത്രുക്കളുടെമേൽ ഉയർന്നിരിക്കും,
നിന്റെ സകലശത്രുക്കളും നശിപ്പിക്കപ്പെടും.

ഇസ്രായേലിനു ശുദ്ധീകരണവും രാഷ്ട്രങ്ങൾക്ക് ശിക്ഷയും

10“ആ ദിവസത്തിൽ,” യഹോവ അരുളിച്ചെയ്യുന്നു:

“ഞാൻ നിന്റെ കുതിരകളെ നിന്നിൽനിന്നു നശിപ്പിക്കുകയും
നിന്റെ രഥങ്ങളെ തകർത്തുകളയുകയും ചെയ്യും.
11ഞാൻ നിന്റെ ദേശത്തിലെ പട്ടണങ്ങൾ നശിപ്പിക്കും
നിന്റെ സകലസുരക്ഷിതകേന്ദ്രങ്ങളും തകർത്തുകളയും.
12നിന്റെ ക്ഷുദ്രപ്രയോഗത്തെ ഞാൻ നശിപ്പിക്കും
നീ ഇനിയൊരിക്കലും ലക്ഷണംനോക്കുകയില്ല.
13ഞാൻ നിന്റെ ബിംബങ്ങളും
ആചാരസ്തൂപങ്ങളും നശിപ്പിച്ചുകളയും;
നിന്റെ കൈപ്പണികളുടെ മുമ്പിൽ
നീ ഇനി വണങ്ങുകയില്ല.
14ഞാൻ നിങ്ങളുടെ മധ്യത്തിൽനിന്ന് അശേരാസ്തംഭങ്ങൾ
അതായത്, തടിയിൽത്തീർത്ത അശേരാദേവിയുടെ പ്രതീകങ്ങൾ.
തരിപ്പണമാക്കും
നിങ്ങളുടെ പട്ടണങ്ങൾ തകർത്തുകളയും.
15എന്നെ അനുസരിക്കാത്ത രാജ്യങ്ങളുടെമേൽ
ഞാൻ കോപത്തോടും ക്രോധത്തോടുംകൂടെ പ്രതികാരംചെയ്യും.”
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.