‏ Mark 16

യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്

1ശബ്ബത്ത് കഴിഞ്ഞശേഷം, മഗ്ദലക്കാരി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമിയും യേശുവിന്റെ ശരീരത്തിൽ ലേപനം ചെയ്യുന്നതിന് സുഗന്ധദ്രവ്യങ്ങൾ വാങ്ങി. 2ആഴ്ചയുടെ ആദ്യദിവസം അതിരാവിലെ, സൂര്യൻ ഉദിച്ചപ്പോൾത്തന്നെ അവർ കല്ലറയുടെ അടുത്തേക്കുപോയി. 3“കല്ലറയുടെ കവാടത്തിൽനിന്ന് നമുക്കുവേണ്ടി ആര് കല്ല് ഉരുട്ടിമാറ്റും?” എന്ന് അവർ പരസ്പരം ചോദിച്ചു.

4എന്നാൽ, അവർ നോക്കിയപ്പോൾ വളരെ വലുപ്പമുള്ള ആ കല്ല് ഉരുട്ടിമാറ്റപ്പെട്ടിരിക്കുന്നതായി കണ്ടു. 5അവർ കല്ലറയ്ക്കുള്ളിൽ പ്രവേശിച്ചു, അപ്പോൾ വെള്ളവസ്ത്രം ധരിച്ച ഒരു യുവാവ് വലതുഭാഗത്ത് ഇരിക്കുന്നതു കണ്ടു പരിഭ്രമിച്ചു.

6അയാൾ അവരോട്, “പരിഭ്രമിക്കേണ്ടാ, ക്രൂശിക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു. അദ്ദേഹം ഉയിർത്തെഴുന്നേറ്റിരിക്കുന്നു! അദ്ദേഹം ഇവിടെ ഇല്ല! അദ്ദേഹത്തെ വെച്ചിരുന്ന സ്ഥലം കാണുക. 7നിങ്ങൾ പോയി, ‘അദ്ദേഹം നിങ്ങൾക്കുമുമ്പേ ഗലീലയിലേക്കു പോകുന്നു. നിങ്ങളോടു പറഞ്ഞിരുന്നതുപോലെതന്നെ, അവിടെ നിങ്ങൾ അദ്ദേഹത്തെ കാണും എന്ന് അദ്ദേഹത്തിന്റെ ശിഷ്യന്മാരെയും പത്രോസിനെയും അറിയിക്കുക’ ” എന്നു പറഞ്ഞു.

8ആ സ്ത്രീകൾ പരിഭ്രമിച്ചു വിറച്ചുകൊണ്ട് കല്ലറയിൽനിന്ന് ഇറങ്ങിയോടി. അവർ ഭയന്നിരുന്നതിനാൽ ആരോടും ഒന്നും പറഞ്ഞില്ല.

9ആഴ്ചയുടെ ഒന്നാംദിവസം രാവിലെ യേശു ഉയിർത്തെഴുന്നേറ്റശേഷം താൻ ഏഴു ഭൂതങ്ങളെ പുറത്താക്കിയ മഗ്ദലക്കാരി മറിയയ്ക്ക് ആദ്യം പ്രത്യക്ഷനായി. 10അവൾ പോയി അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്നവരോട് ഇക്കാര്യം പറഞ്ഞു. ആ സമയത്ത് അവർ വിലപിച്ചും കരഞ്ഞും കൊണ്ടിരിക്കുകയായിരുന്നു. 11യേശു ജീവിച്ചിരിക്കുന്നെന്നും അവൾ അദ്ദേഹത്തെ കണ്ടുവെന്നും കേട്ടിട്ട് അവർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

12പിന്നീട് അവരിൽ രണ്ടുപേർ നാട്ടിൻപുറത്തേക്ക് നടന്നുപോകുമ്പോൾ യേശു മറ്റൊരു രൂപത്തിൽ അവർക്കു പ്രത്യക്ഷനായി. 13അവർ മടങ്ങിവന്നു ശേഷമുള്ളവരെ വിവരം അറിയിച്ചു. എന്നാൽ, അവരെയും ശിഷ്യന്മാർ വിശ്വസിച്ചില്ല.

14പിന്നീട് ശിഷ്യന്മാർ പതിനൊന്നുപേരും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ യേശു അവർക്കു പ്രത്യക്ഷനായി. താൻ ഉയിർത്തെഴുന്നേറ്റതിനുശേഷം തന്നെ കണ്ടവരുടെ വാക്കു വിശ്വസിക്കാതിരുന്നതുകൊണ്ട് അദ്ദേഹം അവരുടെ അവിശ്വാസത്തെയും ഹൃദയകാഠിന്യത്തെയും ശാസിച്ചു.

15അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങൾ ലോകംമുഴുവനും പോയി സകലമാനവജാതിയോടും സുവിശേഷം പ്രസംഗിക്കുക. 16വിശ്വസിക്കുകയും സ്നാനം സ്വീകരിക്കുകയും ചെയ്യുന്നവർ രക്ഷപ്രാപിക്കും; വിശ്വസിക്കാത്തവർ ശിക്ഷാവിധിയിൽ അകപ്പെടും. 17വിശ്വസിക്കുന്നവർ ഇപ്പറയുന്ന അത്ഭുതങ്ങൾ പ്രവർത്തിക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും; പുതിയ ഭാഷകളിൽ സംസാരിക്കും; 18പാമ്പുകളെ കൈകളിൽ എടുക്കും; മാരകമായ വിഷം കുടിച്ചാൽ അത് അവർക്കു ഹാനി വരുത്തുകയില്ല; അവർ രോഗികളുടെമേൽ കൈവെച്ചാൽ, അവർക്കു സൗഖ്യം വരും.”

19കർത്താവായ യേശു അവരോടു സംസാരിച്ചതിനുശേഷം സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു ദൈവത്തിന്റെ വലതുഭാഗത്ത് ഇരുന്നു. 20ശിഷ്യന്മാർ പോയി എല്ലായിടത്തും പ്രസംഗിച്ചു. കർത്താവ് അവരോടുകൂടെ പ്രവർത്തിക്കുകയും അത്ഭുതങ്ങളിലൂടെ അവരുടെ വചനം സത്യമാണെന്ന് ഉറപ്പിക്കുകയും ചെയ്തു.
ചി.കൈ.പ്ര. വാ. 9–20 വരെ കാണുന്നില്ല.


Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.