Malachi 4
ന്യായവിധിയും ഉടമ്പടിയും പുതുക്കുന്നു
1“സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു: ഇതാ ആ ദിവസം വരുന്നു; അത് ചൂളപോലെ കത്തും. അന്ന് അഹങ്കാരികളും എല്ലാ ദുഷ്ടരും വൈക്കോൽക്കുറ്റിപോലെയാകും. വരാനുള്ള ആ ദിവസം, വേരോ ശാഖകളോ ശേഷിപ്പിച്ചുകളയാതെ അവരെയെല്ലാം ദഹിപ്പിച്ചുകളയും. 2എന്നാൽ എന്റെ നാമം ഭയപ്പെടുന്ന നിങ്ങൾക്കുവേണ്ടി നീതിസൂര്യൻ തന്റെ ചിറകിൽ രോഗശാന്തിയുമായി ഉദിക്കും. നിങ്ങൾ തൊഴുത്തിൽനിന്ന് വരുന്ന കാളക്കിടാക്കളെപ്പോലെ തുള്ളിച്ചാടി പുറപ്പെട്ടുവരും. 3ഞാൻ പ്രവർത്തിക്കാനിരിക്കുന്ന ആ ദിവസത്തിൽ ദുഷ്ടരെ നിങ്ങൾ ചവിട്ടിമെതിക്കും. അവർ നിങ്ങളുടെ കാൽച്ചുവട്ടിൽ ചാരം ആയിരിക്കും,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.4“ഹോരേബിൽവെച്ച് എല്ലാ ഇസ്രായേലിനുംവേണ്ടി ഞാൻ എന്റെ ദാസനായ മോശയ്ക്കു നൽകിയ ന്യായപ്രമാണവും ഉത്തരവുകളും നിയമങ്ങളും ഓർത്തുകൊള്ളുക.
5“യഹോവയുടെ മഹത്തും ഭയങ്കരവുമായ ദിവസം വരുന്നതിനുമുമ്പ്, ഞാൻ നിങ്ങൾക്കായി ഏലിയാപ്രവാചകനെ അയയ്ക്കും. 6അദ്ദേഹം വന്നു ദേശത്തെ ശാപംകൊണ്ടു നശിപ്പിക്കാതിരിക്കേണ്ടതിന്, അവൻ പിതാക്കൻമാരുടെ ഹൃദയം മക്കളോടും മക്കളുടെ ഹൃദയം പിതാക്കന്മാരോടും അനുരഞ്ജിപ്പിക്കും.”
Copyright information for
MalMCV