‏ Malachi 2

പുരോഹിതൻമാർക്കുള്ള ആജ്ഞ

1“ഇപ്പോൾ പുരോഹിതന്മാരേ, ഈ ആജ്ഞ നിങ്ങളോടാകുന്നു. 2നിങ്ങൾ എന്നെ ശ്രദ്ധിക്കാതെയും എന്റെ നാമത്തിനുതക്ക മഹത്ത്വം നൽകാൻ മനസ്സുവെക്കാതെയുമിരുന്നാൽ, നിങ്ങളുടെമേൽ ശാപം അയച്ചു നിങ്ങളുടെ അനുഗ്രഹങ്ങളെ ഞാൻ ശാപം ആക്കും.” സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു, അതേ, നിങ്ങൾ എന്നെ മഹത്ത്വപ്പെടുത്താൻ മനസ്സുവെക്കാതെ ഇരിക്കുന്നതിനാൽ ഞാൻ ഇപ്പോൾത്തന്നെ ശപിച്ചുമിരിക്കുന്നു.

3“നിങ്ങൾനിമിത്തം ഞാൻ നിങ്ങളുടെ സന്തതികളെ ശാസിക്കും; നിങ്ങളുടെ ഉത്സവബലികളിലെ ചാണകംതന്നെ നിങ്ങളുടെ മുഖത്തു ഞാൻ വിതറും, നിങ്ങളെ അതിനോടുകൂടെ കൊണ്ടുപോകുകയും ചെയ്യും. 4ലേവിയോടുള്ള എന്റെ ഉടമ്പടി നിലനിൽക്കേണ്ടതിനാണ് ഈ ആജ്ഞ ഞാൻ നിങ്ങൾക്കു നൽകിയിരിക്കുന്നതെന്ന് അങ്ങനെ നിങ്ങൾ അറിയും,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 5“എന്റെ ഉടമ്പടി അവനോടൊപ്പം ഉണ്ടായിരുന്നു, ജീവന്റെയും സമാധാനത്തിന്റെയും ഉടമ്പടി ആയിരുന്നു; അവൻ ഭയപ്പെടേണ്ടതിന് ഞാൻ അവ അവനു നൽകി. അവൻ എന്നെ ഭയപ്പെടുകയും എന്റെ നാമത്തിൽ വിറയ്ക്കുകയും ചെയ്തു. 6സത്യമായ ഉപദേശം അവന്റെ വായിൽ ഉണ്ടായിരുന്നു. അവന്റെ അധരത്തിൽ ഒരുതെറ്റും കണ്ടെത്തിയില്ല. സമാധാനത്തിലും പരമാർഥതയിലും അവൻ എന്നോടൊപ്പം നടന്നു. പലരെയും പാപത്തിൽനിന്നു പിന്തിരിപ്പിച്ചു.

7“പുരോഹിതൻ സൈന്യങ്ങളുടെ യഹോവയുടെ ദൂതനാകുകയാൽ അദ്ദേഹം തന്റെ അധരത്തിൽ പരിജ്ഞാനം സൂക്ഷിച്ചുവെക്കേണ്ടതാകുന്നു. അദ്ദേഹത്തിന്റെ അധരങ്ങളിൽനിന്ന് ജനം പ്രബോധനം നേടുന്നു. 8എന്നാൽ നിങ്ങൾ വഴിതെറ്റി, നിങ്ങളുടെ ഉപദേശങ്ങൾ അനേകർക്ക് ഇടർച്ചയായിത്തീർന്നിരിക്കുന്നു; നിങ്ങൾ ലേവിയുമായുള്ള ഉടമ്പടി ലംഘിച്ചിരിക്കുന്നു എന്ന്,” സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 9“അങ്ങനെ നിങ്ങൾ എന്റെ നിർദേശങ്ങൾ വിട്ടുമാറി ന്യായപാലനത്തിൽ പക്ഷഭേദം കാണിച്ചതുകൊണ്ട് ഞാൻ നിങ്ങളെ സകലജനത്തിന്റെയും മുമ്പിൽ നിന്ദിതരും നികൃഷ്ടരുമാക്കിയിരിക്കുന്നു.”

വിവാഹമോചനത്തിലൂടെ ഉടമ്പടി ലംഘിക്കപ്പെടുന്നു

10നമുക്കെല്ലാവർക്കും ഒരു പിതാവല്ലേ ഉള്ളത്? ഒരു ദൈവംതന്നെയല്ലേ നമ്മെ സൃഷ്ടിച്ചത്? നാം പരസ്പരം അവിശ്വസ്തരായിരിക്കുന്നതിലൂടെ എന്തിനു നമ്മുടെ പിതാക്കന്മാരുടെ ഉടമ്പടിയെ അശുദ്ധമാക്കുന്നു?

11യെഹൂദാ അവിശ്വസ്തത കാണിച്ചിരിക്കുന്നു. ജെറുശലേമിലും ഇസ്രായേലിലും മ്ലേച്ഛത പ്രവർത്തിച്ചിരിക്കുന്നു. ഒരു അന്യദേവന്റെ മകളെ വിവാഹംചെയ്തതിലൂടെ യഹോവയ്ക്കു പ്രിയപ്പെട്ട അവിടത്തെ വിശുദ്ധമന്ദിരത്തെ യെഹൂദാ അശുദ്ധമാക്കിയിരിക്കുന്നു. 12ഇങ്ങനെ ചെയ്യുന്ന മനുഷ്യൻ, അയാൾ ആരായിരുന്നാലും, യഹോവയ്ക്ക് യാഗമർപ്പിക്കുന്ന വ്യക്തി ആയിരുന്നാൽപോലും, സൈന്യങ്ങളുടെ യഹോവ അയാളെ യാക്കോബിന്റെ കൂടാരത്തിൽനിന്ന് ഛേദിച്ചുകളയും.

13നിങ്ങൾ മറ്റൊന്നുകൂടെ ചെയ്യുന്നു: നിങ്ങൾ യഹോവയുടെ യാഗപീഠത്തെ കണ്ണുനീർപ്രളയത്തിൽ മുക്കുന്നു. കാരണം അവിടന്നു നിങ്ങളുടെ വഴിപാടു കടാക്ഷിക്കുകയോ നിങ്ങളുടെ കരങ്ങളിൽനിന്ന് പ്രസാദമുള്ളതു സ്വീകരിക്കുകയോ ചെയ്യുന്നില്ല. 14“അത് എന്തുകൊണ്ട്,” എന്നു നിങ്ങൾ ചോദിക്കുന്നു. നീയും നിന്റെ യൗവനത്തിലെ ഭാര്യയുംതമ്മിലുള്ള ഉടമ്പടിക്ക് യഹോവ സാക്ഷിയായിരുന്നു എന്നതുകൊണ്ടുതന്നെ. അവൾ നിന്റെ ജീവിതപങ്കാളിയും വിവാഹഉടമ്പടിയിലൂടെ നിന്റെ ഭാര്യയുമായിരുന്നിട്ടും നീ അവളോട് അവിശ്വസ്തത കാണിച്ചു.

15ഏകദൈവമല്ലേ നിന്നെ സൃഷ്ടിച്ചത്? ശരീരംകൊണ്ടും ആത്മാവുകൊണ്ടും നീ അവിടത്തെ വകയല്ലേ? ഈ ഏകദൈവം എന്താണ് നിന്നിൽ അന്വേഷിക്കുന്നത്? ദൈവഹിതപ്രകാരമുള്ള ഒരു സന്തതിയെത്തന്നെ.
ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല.
അതിനാൽ സൂക്ഷിച്ചുകൊള്ളുക; നിന്റെ യൗവനത്തിലെ ഭാര്യയോട് അവിശ്വസ്തത കാണിക്കരുത്.

16ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു: “ഞാൻ വിവാഹമോചനത്തെ വെറുക്കുന്നു, അതു ചെയ്യുന്നവൻ, മനുഷ്യൻ വസ്ത്രംകൊണ്ടെന്നപോലെ അതിക്രമംകൊണ്ടു തന്നെത്തന്നെ മൂടുന്നു”
അഥവാ, അരുളിച്ചെയ്യുന്നു: “ഭാര്യയെ വെറുത്ത് അവളെ ഉപേക്ഷിക്കുന്ന പുരുഷൻ, അവൻ സംരക്ഷിക്കേണ്ട ആളിനെതിരേ അക്രമം ചെയ്യുന്നു.”
എന്ന് സൈന്യങ്ങളുടെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.

അതുകൊണ്ട് ആത്മാവിൽ നിങ്ങളെത്തന്നെ സൂക്ഷിക്കുക: അവിശ്വസ്തത കാണിക്കുകയും അരുത്.

അനീതിയിലൂടെ ഉടമ്പടി ലംഘിക്കപ്പെടുന്നു

17നിങ്ങളുടെ വാക്കുകൾകൊണ്ടു നിങ്ങൾ യഹോവയെ മുഷിപ്പിക്കുന്നു.

എന്നാൽ നിങ്ങൾ, “ഞങ്ങൾ എങ്ങനെയാണ് അവിടത്തെ മുഷിപ്പിക്കുന്നത്?” എന്നു ചോദിക്കുന്നു.

“ദോഷം പ്രവർത്തിക്കുന്ന ഏവരും യഹോവയുടെമുമ്പിൽ നല്ലവരാണ്, അവിടന്ന് അവരിൽ പ്രസാദിക്കുന്നു,” അല്ലെങ്കിൽ “നീതിയുടെ ദൈവം എവിടെ?” എന്നു നിങ്ങൾ പറയുന്നതിനാൽത്തന്നെ.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.