‏ Malachi 1

1ഒരു പ്രവചനം: മലാഖി
എന്റെ സന്ദേശവാഹകൻ എന്നർഥം.
പ്രവാചകനിലൂടെ ഇസ്രായേലിനു യഹോവ നൽകിയ അരുളപ്പാട്.

ഇസ്രായേലിനോടുള്ള യഹോവയുടെ സ്നേഹം

2“ഞാൻ നിങ്ങളെ സ്നേഹിക്കുന്നു,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.

“എന്നാൽ നിങ്ങൾ ചോദിക്കുന്നു, ‘എങ്ങനെയാണ് അവിടന്നു ഞങ്ങളെ സ്നേഹിച്ചത്?’ ”

യഹോവ ഉത്തരമരുളി: “ഏശാവ് യാക്കോബിന്റെ സഹോദരനായിരുന്നല്ലോ? എന്നിട്ടും ഞാൻ യാക്കോബിനെ സ്നേഹിച്ചു.
3എന്നാൽ ഏശാവിനെ ഞാൻ വെറുത്തു. ഞാൻ അവന്റെ പർവതങ്ങളെ തരിശുനിലമാക്കി, അവന്റെ അവകാശത്തെ മരുഭൂമിയിലെ കുറുനരികൾക്ക് ഏൽപ്പിച്ചുകൊടുത്തിരിക്കുന്നു.”

4“ഞങ്ങൾ തകർക്കപ്പെട്ടിരിക്കുന്നു, എങ്കിലും ഞങ്ങളുടെ നഷ്ടശിഷ്ടങ്ങളെ ഞങ്ങൾ പുതുക്കിപ്പണിയും,” എന്ന് ഏദോം പറയുന്നു.

എന്നാൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവർ പണിയട്ടെ, ഞാൻ ഇടിച്ചുകളയും; അവർ ദുഷ്ടതയുടെ ദേശമെന്നും യഹോവയുടെ കോപം എന്നേക്കും വഹിക്കുന്ന ജനതയെന്നും പേരുവിളിക്കപ്പെടും.
5സ്വന്തം കണ്ണുകൊണ്ടുതന്നെ ഇതു കണ്ടിട്ട്, ‘യഹോവ വലിയവൻ, ഇസ്രായേലിന്റെ അതിരിനും അപ്പുറത്തോളംതന്നെ!’ എന്നു നിങ്ങൾ പറയും.

അശുദ്ധമായ യാഗങ്ങളിലൂടെ ഉടമ്പടി ലംഘിക്കപ്പെടുന്നു

6“പുത്രൻ പിതാവിനെയും ദാസൻ യജമാനനെയും ബഹുമാനിക്കുന്നു. ഞാൻ പിതാവെങ്കിൽ എന്നോടുള്ള ബഹുമാനം എവിടെ? ഞാൻ യജമാനനെങ്കിൽ എന്നോടുള്ള ഭക്തി എവിടെ?” എന്നു സൈന്യങ്ങളുടെ യഹോവ ചോദിക്കുന്നു.

“എന്റെ നാമത്തോട് ആദരവുപുലർത്താത്ത പുരോഹിതന്മാരേ, നിങ്ങൾ എന്നോടു ചോദിക്കുന്നു, ‘എങ്ങനെയാണ് ഞങ്ങൾ അങ്ങയുടെ നാമം മലിനമാക്കിയത്?’

7“നിങ്ങൾ എന്റെ യാഗപീഠത്തിൽ മലിനഭോജനം അർപ്പിക്കുന്നു.

“എന്നാൽ നിങ്ങൾ ചോദിക്കുന്നു: ‘ഏതിനാൽ ഞങ്ങൾ അങ്ങയെ മലിനമാക്കി?’

“യഹോവയുടെ മേശ ആദരവ് അർഹിക്കാത്തത് എന്നു നിങ്ങൾ പറയുന്നതിനാൽത്തന്നെ.
8നിങ്ങൾ കണ്ണുപൊട്ടിയ മൃഗങ്ങളെ യാഗത്തിനു കൊണ്ടുവരുമ്പോൾ, അതു നിന്ദ്യമല്ലേ? മുടന്തും ദീനവുമുള്ളതിനെ കാഴ്ചവെച്ചാൽ, അതും നിന്ദ്യമല്ലേ? ഇവ നീ ദേശാധിപതികൾക്കു കാഴ്ചവെച്ചാൽ അവർ നിന്നോടു പ്രസാദിക്കുമോ?” എന്നു സൈന്യങ്ങളുടെ യഹോവ ചോദിക്കുന്നു.

9“ആകയാൽ ദൈവം നമ്മോടു കരുണ കാണിക്കത്തക്കവിധം അവിടത്തെ പ്രസാദിപ്പിച്ചുകൊൾവിൻ. ഇത്തരം യാഗം അർപ്പിച്ചാൽ അവിടന്ന് നിന്നോടു പ്രീതി കാണിക്കുമോ?” എന്നു സൈന്യങ്ങളുടെ യഹോവ ചോദിക്കുന്നു.

10“നിങ്ങൾ എന്റെ യാഗപീഠത്തിൽ വ്യർഥമായി തീ കത്തിക്കാതിരിക്കാൻ നിങ്ങളിലൊരുവൻ വാതിൽ അടച്ചിരുന്നെങ്കിൽ! നിങ്ങളിൽ എനിക്കു പ്രസാദമില്ല. നിങ്ങളുടെ കരങ്ങളിൽനിന്ന് ഞാൻ ഒരു വഴിപാടും സ്വീകരിക്കുകയുമില്ല,” എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 11“സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെ എന്റെ നാമം ജനതകളുടെയിടയിൽ ഉന്നതമായിരിക്കും. എല്ലായിടത്തും എന്റെ നാമത്തിനു ധൂപവും നിർമലമായ വഴിപാടും അർപ്പിക്കപ്പെടുന്നു. കാരണം എന്റെ നാമം ജനതകളുടെയിടയിൽ ഉന്നതമാണ്,” എന്നും സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

12“ ‘കർത്താവിന്റെ മേശയെക്കുറിച്ച്, അത് നിന്ദ്യം,’ എന്നും ‘അതിലെ ഭോജ്യത്തെ മലിനം,’ എന്നും നിങ്ങൾ പറയുന്നതിനാൽ നിങ്ങൾ എന്റെ നാമം അശുദ്ധമാക്കുന്നു. 13‘എന്തൊരു മടുപ്പ്,’ എന്നു പറഞ്ഞ് അതിനെതിരേ ചീറിയടുക്കുകയും ചെയ്യുന്നു. എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

“മുറിവേറ്റവയും മുടന്തുള്ളവയും രോഗം ബാധിച്ചവയുമായ മൃഗങ്ങളെ നിങ്ങൾ കൊണ്ടുവന്ന് യാഗമർപ്പിക്കുമ്പോൾ നിങ്ങളുടെ കരങ്ങളിൽനിന്ന് ഞാൻ അതു സ്വീകരിക്കണമോ,” എന്ന് യഹോവ ചോദിക്കുന്നു.
14“തന്റെ ആട്ടിൻപറ്റത്തിൽ ഊനമില്ലാത്ത ഒരു ആൺ ഉണ്ടായിരിക്കുകയും അതിനെ കർത്താവിനു നേർന്നിട്ട്, ഊനമുള്ള തള്ളയെ കർത്താവിനു യാഗം കഴിക്കുന്ന വഞ്ചകൻ ശപിക്കപ്പെട്ടവൻ. ഞാൻ മഹാരാജാവല്ലോ, ജനതകളുടെ ഇടയിൽ എന്റെ നാമം ഭയപ്പെടേണ്ടതാണ്,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.