Leviticus 7
അകൃത്യയാഗം
1“ ‘അതിവിശുദ്ധമായ അകൃത്യയാഗത്തിന്റെ ചട്ടങ്ങൾ ഇവയാണ്: 2ഹോമയാഗമൃഗത്തെ അറക്കുന്ന സ്ഥലത്ത് അകൃത്യയാഗമൃഗത്തെയും അറക്കണം; അതിന്റെ രക്തം യാഗപീഠത്തിന്മേൽ, ചുറ്റും തളിക്കണം. 3അതിന്റെ മേദസ്സു മുഴുവനും തടിച്ച വാലും ആന്തരികാവയവങ്ങളെ പൊതിഞ്ഞിരിക്കുന്ന മേദസ്സും 4വൃക്കകൾ രണ്ടും അവയുടെമേൽ അരക്കെട്ടിനടുത്തുള്ള മേദസ്സും വൃക്കകളോടൊപ്പം മാറ്റുന്ന കരളിന്മേലുള്ള കൊഴുപ്പും അർപ്പിക്കണം. 5പുരോഹിതൻ അവയെ യഹോവയ്ക്കു ദഹനയാഗമായി യാഗപീഠത്തിൽ ദഹിപ്പിക്കണം. അത് അകൃത്യയാഗം. 6പുരോഹിതന്റെ കുടുംബത്തിലെ ഏതൊരു ആണിനും അതു ഭക്ഷിക്കാം; എന്നാൽ അതു വിശുദ്ധസ്ഥലത്തുവെച്ചു ഭക്ഷിക്കണം; അത് അതിവിശുദ്ധമാണ്.7“ ‘പാപശുദ്ധീകരണയാഗത്തിനും അകൃത്യയാഗത്തിനും ഒരേ നിയമം ബാധകമാണ്: അവകൊണ്ടു പ്രായശ്ചിത്തം വരുത്തുന്ന പുരോഹിതനുള്ളതാണ് അത്. 8ആർക്കെങ്കിലുംവേണ്ടി ഹോമയാഗം അർപ്പിക്കുന്ന പുരോഹിതന് അതിന്റെ തുകൽ എടുക്കാം. 9അടുപ്പിൽ ചുട്ടതോ ഉരുളിയിലോ അപ്പച്ചട്ടിയിലോ പാകംചെയ്തതോ ആയ ഭോജനയാഗം ഓരോന്നും അത് അർപ്പിക്കുന്ന പുരോഹിതനുള്ളതാണ്. 10ഒലിവെണ്ണ ചേർത്തതോ ചേർക്കാത്തതോ ആയ ഭോജനയാഗം ഓരോന്നും അഹരോന്റെ എല്ലാ പുത്രന്മാർക്കും തുല്യമായിട്ടുള്ളതാണ്.
സമാധാനയാഗം
11“ ‘ഒരാൾ യഹോവയ്ക്ക് അർപ്പിക്കുന്ന സമാധാനയാഗത്തിന്റെ ചട്ടങ്ങൾ ഇവയാണ്:12“ ‘അത് ഒരു സ്തോത്രാർപ്പണമെങ്കിൽ, ആ സ്തോത്രാർപ്പണത്തോടൊപ്പം അവൻ പുളിപ്പില്ലാതെ ഒലിവെണ്ണചേർത്തുണ്ടാക്കിയ അടകളും എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളും എണ്ണ ചേർത്തു കുതിർത്ത നേരിയമാവുകൊണ്ടുണ്ടാക്കിയ അടകളും അർപ്പിക്കണം. 13സ്തോത്രാർപ്പണമായ സമാധാനയാഗത്തോടൊപ്പം അദ്ദേഹം പുളിപ്പിച്ച മാവുകൊണ്ടുണ്ടാക്കിയ വടകളും ഭോജനയാഗമായി അർപ്പിക്കണം. 14ആ മനുഷ്യൻ യഹോവയ്ക്കുവേണ്ടി ഓരോ ഇനത്തിൽ ഒന്നുവീതം സ്വമേധാർപ്പണമായി കൊണ്ടുവരണം; അത് സമാധാനയാഗത്തിന്റെ രക്തം യാഗപീഠത്തിനുചുറ്റും തളിക്കുന്ന പുരോഹിതനുള്ളതാണ്. 15സ്തോത്രാർപ്പണമായ സമാധാനയാഗത്തിന്റെ മാംസം അത് അർപ്പിക്കുന്ന ദിവസംതന്നെ ഭക്ഷിക്കണം; അതിലൊട്ടും രാവിലെവരെ ശേഷിപ്പിക്കരുത്.
16“ ‘എന്നാൽ അദ്ദേഹത്തിന്റെ യാഗം ഒരു നേർച്ചയോ സ്വമേധായാഗമോ ആണെങ്കിൽ, ആ യാഗം അർപ്പിക്കുന്ന ദിവസം അതു ഭക്ഷിക്കണം; എന്നാൽ എന്തെങ്കിലും ശേഷിച്ചാൽ അടുത്തദിവസം ഭക്ഷിക്കാവുന്നതാണ്. 17യാഗമാംസത്തിൽ മൂന്നാംദിവസംവരെ അവശേഷിക്കുന്നതു ദഹിപ്പിച്ചുകളയണം. 18സമാധാനയാഗത്തിന്റെ ഏതെങ്കിലും മാംസം മൂന്നാംദിവസം ഭക്ഷിച്ചാൽ അതു പ്രസാദകരമല്ല. അത് അർപ്പിക്കുന്നയാളുടെപേരിൽ കണക്കാക്കുകയില്ല, കാരണം അത് അശുദ്ധമായിത്തീരും; അതിന്റെ ഏതെങ്കിലും ഒരുഭാഗം ഭക്ഷിക്കുന്നയാൾ കുറ്റക്കാരനായിരിക്കും.
19“ ‘ആചാരപരമായി, അശുദ്ധമായ എന്തിനെയെങ്കിലും സ്പർശിച്ചിട്ടുള്ള മാംസം ഭക്ഷിക്കരുത്; അതു തീയിലിട്ടു ചുട്ടുകളയണം. മറ്റു മാംസമാകട്ടെ, ആചാരപരമായി ശുദ്ധിയുള്ള ഏതൊരാൾക്കും ഭക്ഷിക്കാം. 20യഹോവയ്ക്കുള്ള സമാധാനയാഗത്തിന്റെ ഏതെങ്കിലും മാംസം അശുദ്ധരായ ആരെങ്കിലും ഭക്ഷിച്ചാൽ, അവരെ അവരുടെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം. 21ആരെങ്കിലുമൊരാൾ അശുദ്ധമായ എന്തെങ്കിലും—മനുഷ്യന്റെ അശുദ്ധിയോ ഒരു അശുദ്ധമൃഗമോ അശുദ്ധവും നിഷിദ്ധവുമായ എന്തെങ്കിലുമോ—സ്പർശിച്ചിട്ട്, യഹോവയ്ക്കുള്ള സമാധാനയാഗത്തിന്റെ ഏതെങ്കിലും മാംസം ഭക്ഷിച്ചാൽ, ആ വ്യക്തിയെ തന്റെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം.’ ”
മേദസ്സും രക്തവും ഭക്ഷിക്കരുത്
22യഹോവ മോശയോട് അരുളിച്ചെയ്തു: 23“ഇസ്രായേല്യരോടു പറയുക: ‘കന്നുകാലിയുടെയോ ചെമ്മരിയാടിന്റെയോ കോലാടിന്റെയോ മേദസ്സ് അൽപ്പംപോലും ഭക്ഷിക്കരുത്. 24ചത്തതോ വന്യമൃഗങ്ങൾ കടിച്ചുകീറിയതോ ആയ മൃഗത്തിന്റെ മേദസ്സു മറ്റെന്തെങ്കിലും ആവശ്യത്തിന് ഉപയോഗിക്കാം, എന്നാൽ അതു ഭക്ഷിക്കരുത്. 25യഹോവയ്ക്കു ദഹനയാഗം അർപ്പിക്കാനുള്ള മൃഗത്തിന്റെ മേദസ്സു ഭക്ഷിക്കുന്നയാൾ അവരുടെ ജനത്തിൽനിന്ന് ഛേദിക്കപ്പെടണം. 26നിങ്ങൾ എവിടെ ജീവിച്ചാലും ഒരു പക്ഷിയുടെയോ മൃഗത്തിന്റെയോ രക്തം കുടിക്കരുത്. 27ആരെങ്കിലും രക്തം കുടിച്ചാൽ ആ മനുഷ്യൻ തന്റെ ജനത്തിൽനിന്ന് ഛേദിക്കപ്പെടണം.’ ”പുരോഹിതന്റെ വീതം
28യഹോവ മോശയോട് അരുളിച്ചെയ്തു: 29“ഇസ്രായേല്യരോടു പറയുക: ‘യഹോവയ്ക്കു സമാധാനയാഗം കൊണ്ടുവരുന്നയാൾ അതിന്റെ ഭാഗം ആ മനുഷ്യന്റെ യാഗമായി യഹോവയ്ക്ക് അർപ്പിക്കണം. 30അയാൾ സ്വന്തം കൈയാൽ യഹോവയ്ക്കു ദഹനയാഗം കൊണ്ടുവരണം; അവൻ നെഞ്ചോടുകൂടെ മേദസ്സും കൊണ്ടുവന്ന് ഒരു വിശിഷ്ടയാഗമായി നെഞ്ച് യഹോവയുടെമുമ്പാകെ ഉയർത്തി അർപ്പിക്കുക. 31പുരോഹിതൻ മേദസ്സു യാഗപീഠത്തിൽ ദഹിപ്പിക്കണം, എന്നാൽ നെഞ്ച് അഹരോനും തന്റെ പുത്രന്മാർക്കുമുള്ളതാണ്. 32നിങ്ങളുടെ സമാധാനയാഗത്തിന്റെ വലതുതുട പുരോഹിതന് ഒരു സ്വമേധാദാനമായി കൊടുക്കണം. 33അഹരോന്റെ പുത്രന്മാരിൽ സമാധാനയാഗത്തിന്റെ രക്തവും മേദസ്സും അർപ്പിക്കുന്ന പുരോഹിതന് അവകാശപ്പെട്ടതാണ്, വലത്തെ തുട. 34ഇസ്രായേല്യരുടെ സമാധാനയാഗത്തിൽനിന്ന് ദൈവസന്നിധിയിൽ ഉയർത്തി അർപ്പിച്ച നെഞ്ചും വിശിഷ്ടയാഗാർപ്പണമായ വലതുതുടയും ഞാൻ എടുത്ത് അവയെ പുരോഹിതനായ അഹരോനും തന്റെ പുത്രന്മാർക്കും ഇസ്രായേല്യരിൽനിന്നുള്ള നിത്യാവകാശമായി കൊടുത്തിരിക്കുന്നു.’ ”35അഹരോനെയും പുത്രന്മാരെയും യഹോവയ്ക്കു പുരോഹിതന്മാരായി സമർപ്പിച്ച നാളിൽ, യഹോവയ്ക്ക് അർപ്പിച്ച ദഹനയാഗങ്ങളിൽനിന്ന് അവർക്കുള്ള ഓഹരി ഇതാണ്. 36അവർ അഭിഷിക്തരായ ദിവസം, ഇസ്രായേല്യർ ഇത് അവർക്ക് അവരുടെ നിത്യാവകാശമായി എല്ലാ തലമുറകളിലും നൽകണമെന്ന് യഹോവ കൽപ്പിച്ചു.
37ഇവയാണ്, ദഹനയാഗം, ഭോജനയാഗം, പാപശുദ്ധീകരണയാഗം, അകൃത്യയാഗം, പ്രതിഷ്ഠായാഗം, സമാധാനയാഗം എന്നിവയുടെ ചട്ടങ്ങൾ. 38സീനായിമരുഭൂമിയിൽവെച്ച് യഹോവയ്ക്ക് അവരുടെ വഴിപാടുകൾ കൊണ്ടുവരാൻ കൽപ്പിച്ച നാളിൽ യഹോവ സീനായിമലയിൽവെച്ച് മോശയ്ക്ക് ഈ കൽപ്പനകൾ ഇസ്രായേല്യർക്കു നൽകി.
Copyright information for
MalMCV