‏ Leviticus 6

1യഹോവ മോശയോട് അരുളിച്ചെയ്തു: 2 3“ഒരാൾ തന്റെ പക്കൽ സൂക്ഷിക്കാനേൽപ്പിച്ചതോ പണയം നൽകിയതോ മോഷ്ടിച്ചതോ ആയ സാധനം സംബന്ധിച്ചോ കളഞ്ഞുകിട്ടിയതിനെക്കുറിച്ചോ തന്റെ അയൽവാസിയെ വഞ്ചിക്കുകയോ അവരോട് കള്ളം പറയുകയോ വ്യാജമായി ആണയിടുകയോ, ഇങ്ങനെ ഏതെങ്കിലും പ്രവൃത്തിയാൽ പാപംചെയ്ത് യഹോവയോട് അവിശ്വസ്തരായിത്തീർന്നാൽ— 4ഇത്തരം ഏതെങ്കിലും പാപംചെയ്തിട്ട് അവർക്ക് കുറ്റബോധമുണ്ടാകുമ്പോൾ അയാൾ മോഷ്ടിച്ചതോ വഞ്ചിച്ചെടുത്തതോ തന്റെ പക്കൽ ഏൽപ്പിച്ചിരുന്നതോ കളഞ്ഞുകിട്ടിയതോ 5താൻ വ്യാജമായി ആണയിട്ട് സ്വന്തമാക്കിയതോ ആയ സാധനവും അതിന്റെ വിലയുടെ അഞ്ചിലൊന്നും നഷ്ടപരിഹാരംകൂടി ചേർത്ത് അയാൾ തിരികെക്കൊടുക്കണം. തന്റെ അകൃത്യയാഗം അർപ്പിക്കുന്ന ദിവസംതന്നെ അയാൾ അത് ഉടമസ്ഥനു കൊടുത്തിരിക്കണം. 6ആ വ്യക്തി അകൃത്യയാഗമായി ആട്ടിൻപറ്റത്തിൽനിന്ന് ഊനമില്ലാത്തതും നിർദിഷ്ട വിലയുള്ളതുമായ ഒരു ആണാടിനെ യഹോവയ്ക്ക് അർപ്പിക്കാൻ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം. 7ഈ വിധത്തിൽ പുരോഹിതൻ ആ മനുഷ്യനുവേണ്ടി യഹോവയുടെമുമ്പാകെ പ്രായശ്ചിത്തം ചെയ്യണം. എന്നാൽ അയാൾ ചെയ്ത കുറ്റമൊക്കെയും ക്ഷമിക്കും.”

ഹോമയാഗം

8യഹോവ മോശയോട് അരുളിച്ചെയ്തു: 9“അഹരോനും പുത്രന്മാർക്കും ഈ കൽപ്പന കൊടുക്കുക: ‘ഹോമയാഗത്തിന്റെ ചട്ടങ്ങൾ ഇവയാണ്: ഹോമയാഗം രാത്രിമുഴുവനും രാവിലെവരെ യാഗപീഠത്തിലെ നെരിപ്പോടിലിരിക്കണം; യാഗപീഠത്തിലെ തീ കത്തിക്കൊണ്ടിരിക്കുകയും വേണം. 10പുരോഹിതൻ പരുത്തിനൂൽവസ്ത്രവും പരുത്തിനൂൽകൊണ്ടുള്ള അടിവസ്ത്രങ്ങളും ധരിച്ചുകൊണ്ട് യാഗപീഠത്തിൽ ഹോമയാഗം ദഹിച്ചുണ്ടാകുന്ന ചാരം എടുത്തു യാഗപീഠത്തിന്റെ ഒരുവശത്തു വെക്കണം. 11പിന്നെ അദ്ദേഹം ആ വസ്ത്രങ്ങൾ മാറി വേറെ വസ്ത്രങ്ങൾ ധരിച്ചുകൊണ്ടു പാളയത്തിനുപുറത്ത് വെടിപ്പുള്ള ഒരു സ്ഥലത്തേക്ക് ആ ചാരം കൊണ്ടുപോകണം. 12യാഗപീഠത്തിലെ തീ കത്തിക്കൊണ്ടിരിക്കണം; അത് അണഞ്ഞുപോകരുത്. പുരോഹിതൻ പ്രഭാതംതോറും വിറകടുക്കി തീയുടെമേൽ ഹോമയാഗം ക്രമീകരിച്ചു സമാധാനയാഗത്തിന്റെ മേദസ്സ് അതിന്മേൽ ദഹിപ്പിക്കണം. 13യാഗപീഠത്തിലെ തീ നിരന്തരമായി കത്തിക്കൊണ്ടിരിക്കണം; അത് അണഞ്ഞുപോകരുത്.

ഭോജനയാഗം

14“ ‘ഭോജനയാഗത്തിന്റെ ചട്ടങ്ങൾ ഇവയാണ്: അഹരോന്റെ പുത്രന്മാർ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിനുമുമ്പിൽ അതു കൊണ്ടുവരണം. 15പുരോഹിതൻ ഒരുപിടി നേരിയമാവും ഒലിവെണ്ണയും ഭോജനയാഗത്തിനുള്ള കുന്തിരിക്കം മുഴുവനും എടുത്ത്, സ്മാരകഭാഗമായി യാഗപീഠത്തിൽ യഹോവയ്ക്കു ഹൃദ്യസുഗന്ധമായി ദഹിപ്പിക്കണം. 16അതിൽ ബാക്കിയുള്ളത് അഹരോനും പുത്രന്മാരും ഭക്ഷിക്കണം; എന്നാൽ അതു പുളിപ്പില്ലാത്തതായി വിശുദ്ധസ്ഥലത്തുവെച്ചു ഭക്ഷിക്കണം; അവർ അതു സമാഗമകൂടാരത്തിന്റെ അങ്കണത്തിൽവെച്ചു ഭക്ഷിക്കണം. 17അതു പുളിപ്പുചേർത്തു ചുടരുത്; എനിക്ക് അർപ്പിച്ച ദഹനയാഗങ്ങളിൽ ഇതു ഞാൻ അവർക്ക് ഓഹരിയായി കൊടുത്തിരിക്കുന്നു. പാപശുദ്ധീകരണയാഗവും അകൃത്യയാഗവുംപോലെതന്നെ ഇത് ഏറ്റവും വിശുദ്ധമാണ്. 18അഹരോന്റെ മക്കളിൽ ഏതൊരാണിനും ദഹനയാഗങ്ങളിൽനിന്ന് ഭക്ഷിക്കാം. അത് യഹോവയ്ക്ക് അർപ്പിക്കുന്ന യാഗത്തിൽനിന്ന് അദ്ദേഹത്തിനു തലമുറതലമുറയായി എന്നെന്നേക്കുമുള്ള അവകാശമാണ്. അവയെ സ്പർശിക്കുന്നവരെല്ലാം വിശുദ്ധരായിരിക്കും.’ ”

19യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തു: 20“അഹരോൻ അഭിഷിക്തനാകുന്ന ദിവസം അദ്ദേഹവും പുത്രന്മാരും യഹോവയ്ക്ക് അർപ്പിക്കേണ്ട വഴിപാട് ഇതാണ്: നിരന്തരം അർപ്പിക്കേണ്ട ഭോജനയാഗത്തിനായി ഒരു ഓമെർ
മൂ.ഭാ. ഒരു ഏഫായുടെ പത്തിലൊന്ന്. ഏകദേശം 1.6 കി.ഗ്രാം.
നേരിയമാവ്, പകുതി രാവിലെയും പകുതി വൈകുന്നേരവും അർപ്പിക്കണം
21അത് എണ്ണചേർത്ത് അപ്പച്ചട്ടിയിൽ പാകംചെയ്യണം; നന്നായി കുഴച്ച് കഷണങ്ങളാക്കി
ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല.
അർപ്പിക്കണം. ഇത് യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ഭോജനയാഗം.
22മഹാപുരോഹിതനായി തന്റെ പിൻതുടർച്ചക്കാരനാകേണ്ട പുത്രൻ അതു പാകംചെയ്യണം. അത് യഹോവയ്ക്കു നിത്യമായ ഓഹരി. അതു പൂർണമായി ദഹിപ്പിക്കപ്പെടണം. 23ഒരു പുരോഹിതന്റെ ഓരോ ഭോജനയാഗവും പൂർണമായി ദഹിപ്പിക്കണം; അതു ഭക്ഷിക്കാൻ അനുവാദമില്ല.”

പാപശുദ്ധീകരണയാഗം

24യഹോവ മോശയോട് അരുളിച്ചെയ്തു: 25“അഹരോനോടും പുത്രന്മാരോടും പറയുക: ‘പാപശുദ്ധീകരണയാഗത്തിന്റെ ചട്ടങ്ങൾ ഇവയാണ്: ഹോമയാഗമൃഗത്തെ അറക്കുന്ന സ്ഥലത്തുവെച്ചു പാപശുദ്ധീകരണയാഗമൃഗത്തെയും യഹോവയുടെ സന്നിധിയിൽ അറക്കണം; അത് ഏറ്റവും വിശുദ്ധമാണ്. 26അർപ്പിക്കുന്ന പുരോഹിതൻ അതു ഭക്ഷിക്കണം. സമാഗമകൂടാരത്തിന്റെ അങ്കണത്തിൽ, വിശുദ്ധസ്ഥലത്തുവെച്ച് അതു ഭക്ഷിക്കണം. 27ആ മാംസത്തിൽ സ്പർശിക്കുന്നതെന്തും വിശുദ്ധമായിരിക്കും, ഒരു വസ്ത്രത്തിൽ രക്തം തെറിച്ചാൽ നിങ്ങൾ അതു വിശുദ്ധസ്ഥലത്തുവെച്ചു കഴുകണം. 28ആ മാംസം പാകംചെയ്ത മൺപാത്രം ഉടച്ചുകളയണം, എന്നാൽ അത് ഓട്ടുപാത്രത്തിലാണു പാകംചെയ്തതെങ്കിൽ, ആ പാത്രം വെള്ളത്തിൽ തേച്ചുകഴുകണം. 29ഒരു പുരോഹിതന്റെ കുടുംബത്തിലെ ഏതൊരു പുരുഷനും അതു ഭക്ഷിക്കാം; അത് ഏറ്റവും വിശുദ്ധമാണ്. 30വിശുദ്ധസ്ഥലത്തു പ്രായശ്ചിത്തം കഴിക്കാനായി സമാഗമകൂടാരത്തിൽ രക്തം കൊണ്ടുവരുന്ന പാപശുദ്ധീകരണയാഗം ഭക്ഷിക്കരുത്; അതു ചുട്ടുകളയണം.

Copyright information for MalMCV