Leviticus 3
സമാധാനയാഗം
1“ ‘ഒരാളുടെ വഴിപാട് സമാധാനയാഗമാണെങ്കിൽ, കന്നുകാലികളിൽ ഒന്നിനെ അർപ്പിക്കുമ്പോൾ, ആണായാലും പെണ്ണായാലും ഊനമില്ലാത്തതിനെ യഹോവയുടെ സന്നിധിയിൽ അർപ്പിക്കണം. 2അയാൾ തന്റെ വഴിപാടുമൃഗത്തിന്റെ തലയിൽ കൈവെക്കുകയും സമാഗമകൂടാരത്തിന്റെ കവാടത്തിൽ അതിനെ അറക്കുകയും ചെയ്യണം. അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം. 3സമാധാനയാഗത്തിൽനിന്ന്, അതിന്റെ ആന്തരികാവയവങ്ങളെ പൊതിഞ്ഞിരിക്കുന്ന മേദസ്സും അതിനോടുചേർന്നുള്ള സകലമേദസ്സും 4വൃക്കകൾ രണ്ടും അവയുടെമേൽ ഇടുപ്പിനടുത്തുള്ള മേദസ്സും വൃക്കകളോടൊപ്പം മാറ്റുന്ന കരളിന്മേലുള്ള കൊഴുപ്പും അയാൾ യഹോവയ്ക്ക് ദഹനയാഗമായി അർപ്പിക്കണം. 5അഹരോന്റെ പുത്രന്മാർ, യാഗപീഠത്തിൽ കത്തുന്ന വിറകിന്മേലുള്ള ഹോമയാഗത്തിനുമീതേ അത് ദഹിപ്പിക്കണം. അത് യഹോവയ്ക്ക് ഹൃദ്യസുഗന്ധമായ ദഹനയാഗം.6“ ‘ഒരാൾ ആട്ടിൻപറ്റത്തിൽനിന്ന് ഒന്നിനെ യഹോവയ്ക്ക് സമാധാനയാഗമായി അർപ്പിക്കുന്നെങ്കിൽ, അയാൾ ഊനമില്ലാത്ത ഒരു ആണിനെയോ പെണ്ണിനെയോ അർപ്പിക്കണം. 7ഒരു കുഞ്ഞാടിനെ അർപ്പിക്കുന്നെങ്കിൽ യഹോവയുടെ സന്നിധിയിൽ അതിനെ അർപ്പിക്കണം. 8അയാൾ തന്റെ വഴിപാടുമൃഗത്തിന്റെ തലയിൽ കൈവെക്കുകയും സമാഗമകൂടാരത്തിന്റെമുമ്പിൽ അതിനെ അറക്കുകയും വേണം. അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ, ചുറ്റും തളിക്കണം. 9അയാൾ സമാധാനയാഗത്തിൽനിന്ന്, അതിന്റെ മേദസ്സും നട്ടെല്ലിനോടുചേർത്തു വെട്ടിയെടുത്ത തടിച്ച വാലും ആന്തരികാവയവങ്ങളെ പൊതിഞ്ഞിരിക്കുന്ന മേദസ്സും അതിനോടുചേർന്നുള്ള സകലമേദസ്സും 10വൃക്കകൾ രണ്ടും അവയുടെമേൽ അരക്കെട്ടിനടുത്തുള്ള മേദസ്സും വൃക്കകളോടൊപ്പം മാറ്റുന്ന കരളിന്മേലുള്ള കൊഴുപ്പും നീക്കംചെയ്ത് യഹോവയ്ക്കു ദഹനയാഗമായി അർപ്പിക്കണം. 11പുരോഹിതൻ അതു യാഗപീഠത്തിൽ ദഹിപ്പിക്കണം; അത് യഹോവയ്ക്ക് ദഹനയാഗമാകുന്നു.
12“ ‘അയാളുടെ വഴിപാട് ഒരു കോലാടാണെങ്കിൽ, അയാൾ അത് യഹോവയുടെമുമ്പാകെ അർപ്പിക്കണം. 13അയാൾ അതിന്റെ തലയിൽ കൈവെക്കുകയും സമാഗമകൂടാരത്തിന്റെമുമ്പിൽ അറക്കുകയും വേണം, അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം. 14അയാൾ അർപ്പിക്കുന്നതിൽനിന്ന് അതിന്റെ ആന്തരികാവയവങ്ങളെ പൊതിഞ്ഞിരിക്കുന്ന മേദസ്സും അതിനോടുചേർന്നുള്ള സകലമേദസ്സും 15വൃക്കകൾ രണ്ടും അവയുടെമേൽ അരക്കെട്ടിനടുത്തുള്ള മേദസ്സും വൃക്കകളോടൊപ്പം മാറ്റുന്ന കരളിന്മേലുള്ള കൊഴുപ്പും നീക്കംചെയ്ത് അയാൾ യഹോവയ്ക്കു ദഹനയാഗമായി അർപ്പിക്കണം. 16പുരോഹിതൻ യാഗപീഠത്തിൽ ഹൃദ്യസുഗന്ധമായ ദഹനയാഗമായി അവയെ ദഹിപ്പിക്കണം. മേദസ്സെല്ലാം യഹോവയ്ക്കുള്ളതാണ്.
17“ ‘നിങ്ങൾ മേദസ്സും രക്തവും ഭക്ഷിക്കരുത്; ഇത്, നിങ്ങൾ എവിടെ താമസിച്ചാലും നിങ്ങൾക്കു തലമുറതലമുറയായി എന്നെന്നേക്കുമുള്ള നിയമം ആയിരിക്കണം.’ ”
Copyright information for
MalMCV