‏ Leviticus 27

യഹോവയ്ക്കുള്ളതിനെ വീണ്ടെടുക്കൽ

1യഹോവ മോശയോട് അരുളിച്ചെയ്തു: 2“ഇസ്രായേൽമക്കളോടു സംസാരിക്കണം. അവരോട് ഇപ്രകാരം പറയുക: ‘ഒരാൾ മറ്റൊരാളെ ആ മനുഷ്യന്റെ മൂല്യത്തിനു തക്കതായ നേർച്ച നേർന്ന് യഹോവയ്ക്കായി സമർപ്പിക്കുമ്പോൾ, 3ഇരുപതും അറുപതും വയസ്സിനിടയ്ക്കുള്ള ഒരു പുരുഷന്റെ മൂല്യം വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അൻപതുശേക്കേൽ
ഏക. 575 ഗ്രാം.
വെള്ളിയായിരിക്കണം.
4സ്ത്രീ ആയിരുന്നാൽ അവളുടെ മൂല്യം മുപ്പതു ശേക്കേൽ
ഏക. 345 ഗ്രാം.
ആയിരിക്കും.
5അത് അഞ്ചും ഇരുപതും വയസ്സിനു മധ്യേയുള്ള വ്യക്തിയാണെങ്കിൽ, പുരുഷന് ഇരുപതു ശേക്കേലും,
ഏക. 230 ഗ്രാം.
സ്ത്രീക്കു പത്തു ശേക്കേലും
ഏക. 115 ഗ്രാം.
മൂല്യം നിശ്ചയിക്കുക.
6ഒരുമാസംമുതൽ അഞ്ചുവയസ്സുവരെയാണു പ്രായമെങ്കിൽ ആണിന് അഞ്ചുശേക്കേൽ
ഏക. 58 ഗ്രാം.
വെള്ളിയും പെണ്ണിനു മൂന്നു ശേക്കേൽ
ഏക. 35 ഗ്രാം.
വെള്ളിയും മൂല്യം നിശ്ചയിക്കുക.
7ഒരു വ്യക്തി അറുപതു വയസ്സോ അതിലധികമോ പ്രായമുള്ളയാളാണെങ്കിൽ പുരുഷനു പതിനഞ്ചു ശേക്കേലും
ഏക. 175 ഗ്രാം.
സ്ത്രീക്ക് പത്തു ശേക്കേലും വില നിശ്ചയിക്കുക.
8നേരുന്നയാൾ, നിശ്ചിത തുക കൊടുക്കാൻ കഴിയാത്തവിധം ദരിദ്രനെങ്കിൽ അയാൾ ആ വ്യക്തിയെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം. നേരുന്നയാളുടെ പ്രാപ്തിക്കൊത്തവണ്ണം പുരോഹിതൻ മൂല്യം നിശ്ചയിക്കട്ടെ.

9“ ‘ആ മനുഷ്യൻ നേർന്നതു യഹോവയ്ക്ക് സ്വീകാര്യമായ ഒരു മൃഗമെങ്കിൽ, ആ മൃഗത്തെ യഹോവയ്ക്കു കൊടുക്കുന്നതിനാൽ അതു വിശുദ്ധമാകും. 10അയാൾ അതു നല്ലതിനുപകരം ചീത്തയോ ചീത്തയായതിനു പകരം നല്ലതോ ആയി വെച്ചുമാറാൻ പാടില്ല; ഇങ്ങനെ ഒരു മൃഗത്തിനുപകരം മറ്റൊന്നു വെക്കണമെങ്കിൽ, അതും പകരം വെക്കുന്നതും വിശുദ്ധമായിരിക്കും. 11ഒരാൾ നേർന്നത്, യഹോവയ്ക്കു സ്വീകാര്യമല്ലാത്ത ഒരു അശുദ്ധമൃഗമെങ്കിൽ, ആ മൃഗത്തെ പുരോഹിതന്റെ അടുക്കൽ നിർത്തണം. 12നല്ലതോ ചീത്തയോ എന്നുനോക്കി പുരോഹിതൻ അതിന്റെ ഗുണം നിർണയിക്കും. പുരോഹിതൻ അതിനു മതിക്കുന്നതു തന്നെയായിരിക്കും അതിന്റെ മൂല്യം. 13ഉടമസ്ഥൻ മൃഗത്തെ വീണ്ടുകൊള്ളാൻ ആഗ്രഹിക്കുന്നെങ്കിൽ അയാൾ അതിന്റെ മൂല്യത്തോട് അഞ്ചിലൊന്നുകൂടെ ചേർക്കണം.

14“ ‘ഒരാൾ തന്റെ വീട് യഹോവയ്ക്കു വിശുദ്ധമായി സമർപ്പിച്ചാൽ അതു നല്ലതോ ചീത്തയോ എന്നുനോക്കി പുരോഹിതൻ അതിന്റെ ഗുണം നിർണയിക്കും. പുരോഹിതൻ നിശ്ചയിക്കുന്ന മൂല്യം എന്തായാലും അത് അങ്ങനെതന്നെ ആയിരിക്കും. 15തന്റെ വീട് സമർപ്പിച്ചയാൾ അതിനെ വീണ്ടുകൊള്ളുന്നെങ്കിൽ അയാൾ മൂല്യത്തോട് അഞ്ചിലൊന്നു കൂട്ടണം; വീട് വീണ്ടും അയാളുടേതാകും.

16“ ‘ഒരാൾ തന്റെ കുടുംബഭൂമിയിൽ കുറെ യഹോവയ്ക്കു സമർപ്പിക്കുന്നെങ്കിൽ, ഒരു ഹോമർ
ഏക. 135 കി.ഗ്രാം.
യവം വിതയ്ക്കാവുന്ന നിലത്തിന് അൻപതുശേക്കേൽ എന്ന നിരക്കിൽ, അതിനുവേണ്ടുന്ന വിത്തിന്റെ അളവനുസരിച്ചായിരിക്കണം വിലമതിക്കേണ്ടത്.
17ഒരാൾ തന്റെ നിലം അൻപതാംവാർഷികോത്സവത്തിൽ സമർപ്പിച്ചാൽ അതിനു മതിച്ചവില നിലനിൽക്കും. 18അൻപതാംവാർഷികോത്സവത്തിനുശേഷമാണ് ഒരാൾ സമർപ്പിക്കുന്നതെങ്കിൽ അടുത്ത വാർഷികോത്സവത്തിനുശേഷിക്കുന്ന വർഷങ്ങളുടെ എണ്ണമനുസരിച്ചു പുരോഹിതൻ വില നിശ്ചയിക്കണം. അതിന്റെ മതിച്ചിരുന്ന വില കുറയ്ക്കുകയും വേണം. 19നിലം സമർപ്പിച്ചയാൾ അതു വീണ്ടുകൊള്ളാൻ ആഗ്രഹിക്കുന്നെങ്കിൽ അയാൾ അതിന്റെ വിലയുടെ അഞ്ചിലൊന്നും കൂട്ടണം. നിലം വീണ്ടും അയാളുടേതാകും. 20എങ്കിലും അയാൾ നിലം വീണ്ടെടുക്കാതിരിക്കുകയോ ആ മനുഷ്യൻ മറ്റൊരാൾക്ക് അതു വിൽക്കുകയോ ചെയ്തെങ്കിൽ പിന്നീടൊരിക്കലും അതു വീണ്ടെടുക്കാൻ സാധിക്കുകയില്ല. 21ആ നിലം അൻപതാംവാർഷികോത്സവത്തിൽ ഒഴിഞ്ഞുകൊടുക്കുമ്പോൾ, യഹോവയ്ക്കു സമർപ്പിതനിലംപോലെ അതു വിശുദ്ധമായിരിക്കും; അതു പുരോഹിതന്മാരുടെ വസ്തുവാകും.

22“ ‘തന്റെ കുടുംബസ്വത്തിൽ ഉൾപ്പെടാതെ ഒരാൾ സ്വന്തമായി വാങ്ങിയ ഒരു നിലം യഹോവയ്ക്കു സമർപ്പിക്കുന്നെങ്കിൽ, 23അൻപതാംവാർഷികോത്സവംവരെയുള്ള അതിന്റെ വില പുരോഹിതൻ നിർണയിക്കണം. അയാൾ അതിന്റെ വില യഹോവയ്ക്കു വിശുദ്ധമായി, അന്നുതന്നെ കൊടുക്കണം. 24ആ നിലം അൻപതാംവാർഷികോത്സവത്തിൽ, അതു വിറ്റ അതിന്റെ മുൻഉടമസ്ഥനു മടങ്ങിച്ചേരണം. 25എല്ലാ വിലയും, ശേക്കേലിന് ഇരുപതു ഗേരാവെച്ച് വിശുദ്ധമന്ദിരത്തിലെ ശേക്കേൽപ്രകാരം ആയിരിക്കണം.

26“ ‘മൃഗങ്ങളുടെ കടിഞ്ഞൂൽ യഹോവയ്ക്കുള്ളതായതുകൊണ്ട്, ഒരു മൃഗത്തിന്റെ കടിഞ്ഞൂലിനെയും യഹോവയ്ക്ക് ആരും സമർപ്പിക്കരുത്; കാളയായാലും
മൂ.ഭാ. ഈ പദം ആണിനെയോ പെണ്ണിനെയോ സൂചിപ്പിക്കാം.
ആടായാലും, അതു യഹോവയുടേതാണ്.
27അത് അശുദ്ധമൃഗങ്ങളിലൊന്നാണെങ്കിൽ, അതിന്റെ മതിപ്പുവിലയും അഞ്ചിലൊന്നും ചേർത്തു മടക്കിവാങ്ങാം. ആരും അതു വീണ്ടെടുക്കുന്നില്ലെങ്കിൽ അതിന്റെ മതിപ്പുവിലയ്ക്ക് അതിനെ വിൽക്കണം.

28“ ‘എന്നാൽ, മനുഷ്യനോ മൃഗമോ കുടുംബസ്വത്തോ ആയി ഒരു മനുഷ്യന്റെ ഉടമസ്ഥതയിലുള്ളതും യഹോവയ്ക്കു സമർപ്പിതവുമായ യാതൊന്നും വിൽക്കുകയോ വീണ്ടെടുക്കുകയോ അരുത്; അങ്ങനെ സമർപ്പിതമായതൊക്കെയും യഹോവയ്ക്ക് അതിവിശുദ്ധമാണ്.

29“ ‘മനുഷ്യനിൽനിന്ന് ഉന്മൂലനംചെയ്യാൻ വേർതിരിക്കപ്പെട്ട ആരെയും മോചനദ്രവ്യം കൊടുത്തു വീണ്ടെടുക്കരുത്; അയാളെ കൊന്നുകളയണം.

30“ ‘നിലത്തിലെ ധാന്യത്തിലായാലും വൃക്ഷങ്ങളിലെ ഫലങ്ങളിലായാലും ദേശത്തിലെ എല്ലാറ്റിന്റെയും ദശാംശം യഹോവയ്ക്കുള്ളതാണ്; അതു യഹോവയ്ക്കു വിശുദ്ധമാണ്. 31ഒരാൾ, അയാളുടെ ദശാംശത്തിൽ എന്തെങ്കിലും വീണ്ടെടുക്കുന്നെങ്കിൽ അതിന്റെ വിലയുടെ അഞ്ചിലൊന്നും കൂട്ടണം. 32ആടുമാടുകളുടെ മുഴുവൻ ദശാംശം—ഇടയന്റെ കോൽക്കീഴിലൂടെ കടന്നുപോകുന്ന ഓരോ പത്താമത്തെ മൃഗവും—യഹോവയ്ക്കു വിശുദ്ധമാണ്. 33അവ നല്ലതോ ചീത്തയോ എന്ന് അന്വേഷിക്കേണ്ടതില്ല; അവയെ വെച്ചുമാറരുത്. അങ്ങനെചെയ്താൽ ആ മൃഗവും അതിനുപകരം വെച്ചതും വിശുദ്ധമാകും; അവയെ വീണ്ടെടുക്കാൻ പാടില്ല.’ ”

34യഹോവ സീനായിമലയിൽവെച്ച് ഇസ്രായേൽമക്കൾക്കുവേണ്ടി മോശയ്ക്കു നൽകിയ കൽപ്പനകൾ ഇവയാണ്.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.