Leviticus 24
ഒലിവെണ്ണയും അപ്പവും യഹോവയുടെ സന്നിധിയിൽ സമർപ്പിക്കുന്നു
1യഹോവ മോശയോട് അരുളിച്ചെയ്തു: 2“വിളക്കുകൾ നിരന്തരം കത്തിക്കൊണ്ടിരിക്കേണ്ടതിന് ഇടിച്ചുപിഴിഞ്ഞെടുത്ത തെളിഞ്ഞ ഒലിവെണ്ണ വിളക്കിനുവേണ്ടി നിന്റെയടുക്കൽ കൊണ്ടുവരാൻ ഇസ്രായേൽമക്കളോടു കൽപ്പിക്കുക. 3സമാഗമകൂടാരത്തിൽ ഉടമ്പടിയുടെ പേടകത്തിന്റെ തിരശ്ശീലയ്ക്കു പുറത്തു സന്ധ്യമുതൽ പ്രഭാതംവരെ വിളക്കുകൾ കത്തേണ്ടതിന്, യഹോവയുടെ സന്നിധിയിൽ അഹരോൻ അവ നിരന്തരം ഒരുക്കിവെക്കണം. ഇതു വരുന്ന തലമുറകളിലേക്ക് എന്നേക്കുമുള്ള അനുഷ്ഠാനമാണ്. 4യഹോവയുടെമുമ്പാകെ തങ്കനിലവിളക്കിന്മേലുള്ള വിളക്കുകൾ നിരന്തരം ഒരുക്കിവെക്കണം.5“നേർമയുള്ള മാവ് എടുത്ത് ഒരു അപ്പത്തിനു രണ്ട് ഓമെർവീതം ▼
▼ഏക. 3.2 കി.ഗ്രാം.
ഉപയോഗിച്ചു പന്ത്രണ്ട് അപ്പം ചുടണം. 6യഹോവയുടെമുമ്പാകെയുള്ള തങ്കംകൊണ്ടുള്ള മേശമേൽ ഒരു വരിയിൽ ആറുവീതം രണ്ട് അടുക്കായി അവ വെക്കുക. 7ഓരോ അടുക്കിന്മേലും ശുദ്ധമായ കുന്തിരിക്കം വെക്കണം, സ്മാരകഭാഗമായി അപ്പത്തെ പ്രതിനിധീകരിക്കാനും യഹോവയ്ക്കു ദഹനയാഗമായിരിക്കാനുംവേണ്ടിയാണിത്. 8ഇസ്രായേല്യർക്കുവേണ്ടി ഒരു നിത്യ ഉടമ്പടിയായി ശബ്ബത്തുതോറും ഈ അപ്പം യഹോവയുടെമുമ്പാകെ ക്രമമായി അടുക്കിവെക്കണം. 9അത് അഹരോനും പുത്രന്മാർക്കുമുള്ളതാണ്; യഹോവയ്ക്ക് അർപ്പിക്കുന്ന ദഹനയാഗങ്ങളിൽ അതിവിശുദ്ധമാണ് ഈ അപ്പം. അത് അവർക്കു ശാശ്വതാവകാശമായുള്ളതാകുകയാൽ അവർ അതു ശുദ്ധിയുള്ള ഒരു സ്ഥലത്തുവെച്ചു ഭക്ഷിക്കണം.” ദൈവദൂഷണക്കാരനു വധശിക്ഷ
10ഒരു ഇസ്രായേല്യസ്ത്രീയുടെയും ഒരു ഈജിപ്റ്റുകാരന്റെയും മകനായ ഒരുവൻ ഇസ്രായേൽമക്കളുടെ ഇടയിൽ ചെന്നു. അവനും ഒരു ഇസ്രായേല്യനുമായി ശണ്ഠകൂടി. 11ഇസ്രായേല്യസ്ത്രീയുടെ മകൻ തിരുനാമം ദുഷിച്ചു ശപിച്ചു; അതുകൊണ്ട് അവർ അവനെ മോശയുടെ അടുക്കൽ കൊണ്ടുവന്നു. അവന്റെ അമ്മ ദാൻഗോത്രത്തിലെ ദിബ്രിയുടെ മകളായ ശെലോമീത്ത് ആയിരുന്നു. 12യഹോവയുടെഹിതം വ്യക്തമാകുന്നതുവരെ അവർ അവനെ തടവിൽവെച്ചു.13പിന്നെ യഹോവ മോശയോട് അരുളിച്ചെയ്തു: 14“ദൈവദൂഷണക്കാരനെ പാളയത്തിനുപുറത്തു കൊണ്ടുപോകുക; അവനെ കേട്ടവരെല്ലാവരും അവരുടെ കൈകൾ അവന്റെ തലമേൽ വെക്കണം, പിന്നീട് സഭമുഴുവനും അവനെ കല്ലെറിയണം. 15ഇസ്രായേൽമക്കളോടു പറയുക: ‘ആരെങ്കിലും തന്റെ ദൈവത്തെ ശപിച്ചാൽ അവൻ കുറ്റക്കാരനാകും; 16യഹോവയുടെ നാമം ദുഷിക്കുന്ന വ്യക്തിയെ കൊല്ലണം. സഭമുഴുവനും ആ മനുഷ്യനെ കല്ലെറിയണം. പ്രവാസിയായാലും സ്വദേശിയായാലും യഹോവയുടെ നാമം ദുഷിക്കുന്നവർ മരണശിക്ഷ അനുഭവിക്കണം.
17“ ‘ഒരു മനുഷ്യനെ കൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കണം. 18ഒരാളുടെ മൃഗത്തെ കൊല്ലുന്നവൻ മൃഗത്തിനുപകരം മൃഗത്തെ കൊടുക്കണം—ജീവനുപകരം ജീവൻ. 19ഒരാൾ തന്റെ അയൽവാസിയെ മുറിവേൽപ്പിച്ചാൽ, അയാൾ ചെയ്തപ്രകാരംതന്നെ ആ മനുഷ്യനോടു ചെയ്യണം. 20ഒടിവിനു പകരം ഒടിവ്, കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല്. ഒരാൾ മറ്റേയാളെ എങ്ങനെ മുറിപ്പെടുത്തിയോ അങ്ങനെതന്നെ അയാളെയും മുറിപ്പെടുത്തണം. 21ഒരു മൃഗത്തെ കൊല്ലുന്നവൻ നഷ്ടപരിഹാരം കൊടുക്കണം; എന്നാൽ ഒരു മനുഷ്യനെ കൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കണം. 22പ്രവാസിക്കും സ്വദേശിക്കും ഒരേ നിയമംതന്നെയായിരിക്കണം. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.’ ”
23ദൈവദൂഷണക്കാരനെ പാളയത്തിനുപുറത്തു കൊണ്ടുപോയി കല്ലെറിയണമെന്ന് മോശ ഇസ്രായേൽമക്കളോടു കൽപ്പിച്ചിരുന്നു. യഹോവ മോശയോടു കൽപ്പിച്ചതുപോലെ ഇസ്രായേൽമക്കൾ ചെയ്തു.
Copyright information for
MalMCV