Leviticus 18
നിയമവിരുദ്ധമായ ലൈംഗികബന്ധങ്ങൾ
1യഹോവ മോശയോട് അരുളിച്ചെയ്തു, 2“ഇസ്രായേല്യരോടു സംസാരിക്കണം. അവരോട് ഇപ്രകാരം പറയുക: ‘ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. 3നിങ്ങൾ താമസിച്ചിരുന്ന ഈജിപ്റ്റിൽ അവർ ചെയ്തിരുന്നതുപോലെ നിങ്ങൾ ചെയ്യരുത്. ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന കനാൻനാട്ടിൽ അവർ ചെയ്തുപോകുന്നതുപോലെയും നിങ്ങൾ ചെയ്യരുത്. അവരുടെ പ്രവൃത്തികൾ അനുകരിക്കരുത്. 4നിങ്ങൾ എന്റെ നിയമം അനുസരിക്കയും എന്റെ ഉത്തരവുകൾ പ്രമാണിക്കുകയും വേണം. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. 5എന്റെ ഉത്തരവുകളും നിയമങ്ങളും പാലിക്കുക; കാരണം അവ അനുസരിക്കുന്ന മനുഷ്യർ അവമൂലം ജീവിക്കും. ഞാൻ യഹോവ ആകുന്നു.6“ ‘നിങ്ങളിൽ ആരും രക്തബന്ധമുള്ളവരുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ അവരെ സമീപിക്കരുത്, ഞാൻ യഹോവ ആകുന്നു.
7“ ‘നിന്റെ മാതാവുമായി ലൈംഗികബന്ധത്തിലേർപ്പെട്ടു നിന്റെ പിതാവിനെ അപമാനിക്കരുത്. അവൾ നിന്റെ മാതാവല്ലോ; അവളുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്.
8“ ‘പിതാവിന്റെ ഭാര്യയുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്; അതു നിന്റെ പിതാവിനെ അപമാനിക്കുന്നതാണ്.
9“ ‘പിതാവിന്റെ മകളോ മാതാവിന്റെ മകളോ ആയ നിന്റെ സഹോദരിയുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്. അവർ വീട്ടിൽ ജനിച്ചവരോ പുറത്തുജനിച്ചവരോ ആകട്ടെ, അവരുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്.
10“ ‘നിന്റെ മകന്റെ മകളുമായോ മകളുടെ മകളുമായോ ലൈംഗികബന്ധത്തിലേർപ്പെടരുത്; കാരണം, അതു നിന്നെത്തന്നെ അപമാനിക്കുന്നതിനു തുല്യമാണ്.
11“ ‘നിന്റെ പിതാവിനു ജനിച്ചവളും അയാളുടെ ഭാര്യയുടെ മകളുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്; അവൾ നിന്റെ സഹോദരിയാണല്ലോ.
12“ ‘നിന്റെ പിതാവിന്റെ സഹോദരിയുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്; അവൾ പിതാവിന്റെ അടുത്ത ബന്ധുവാണല്ലോ.
13“ ‘നിന്റെ അമ്മയുടെ സഹോദരിയുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്; അവൾ നിന്റെ അമ്മയുടെ അടുത്ത ബന്ധുവാണല്ലോ.
14“ ‘നിന്റെ പിതാവിന്റെ സഹോദരന്റെ ഭാര്യയുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്. അങ്ങനെ നീ അദ്ദേഹത്തെ അപമാനിക്കരുത്; അവൾ നിന്റെ അമ്മായിയാണല്ലോ.
15“ ‘നിന്റെ മരുമകളുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്. അവൾ നിന്റെ മകന്റെ ഭാര്യയാണല്ലോ; അവളുമായുള്ള ലൈംഗികബന്ധം നിഷിദ്ധമാണ്.
16“ ‘സഹോദരന്റെ ഭാര്യയുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്; അതു നിന്റെ സഹോദരനെ അപമാനിക്കുന്നതിനു തുല്യമാണല്ലോ.
17“ ‘ഒരു സ്ത്രീയുമായും അവളുടെ മകളുമായും ലൈംഗികബന്ധത്തിലേർപ്പെടരുത്. അവളുടെ മകന്റെ മകളുമായോ മകളുടെ മകളുമായോ ലൈംഗികബന്ധത്തിലേർപ്പെടരുത്; അവർ അടുത്ത ബന്ധുക്കളാണല്ലോ. അതു ദുഷ്ടതയാണ്.
18“ ‘നിന്റെ ഭാര്യ ജീവിച്ചിരിക്കുമ്പോൾ, അവളോടുള്ള വിരോധത്തിന് അവളുടെ സഹോദരിയെ ഭാര്യയായി സ്വീകരിക്കുകയോ അവളുമായി ലൈംഗികബന്ധത്തിലേർപ്പെടുകയോ ചെയ്യരുത്.
19“ ‘ഋതുകാലത്തെ അശുദ്ധിയിൽ കഴിയുന്ന ഒരു സ്ത്രീയുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്.
20“ ‘നിന്റെ അയൽവാസിയുടെ ഭാര്യയുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്; അവളാൽ നിനക്ക് അശുദ്ധി വരുത്തരുത്.
21“ ‘മോലെക്കിനു യാഗമർപ്പിക്കാൻ നിന്റെ കുഞ്ഞുങ്ങളിലൊന്നിനെയും കൊടുക്കരുത്; നിന്റെ ദൈവത്തിന്റെ നാമം അശുദ്ധമാക്കരുത്; ഞാൻ യഹോവ ആകുന്നു.
22“ ‘സ്ത്രീയോടെന്നപോലെ ഒരുവൻ പുരുഷനോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെടരുത്; അതു നിഷിദ്ധമാണ്.
23“ ‘ഒരു മൃഗത്തോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെട്ട് നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്. മൃഗത്തോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെടേണ്ടതിന് ഒരു സ്ത്രീയും അതിന്റെ മുമ്പിൽ നിൽക്കരുത്; അതു നികൃഷ്ടമാണ്.
24“ ‘ഇവയിലൊന്നിലും നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്, കാരണം നിങ്ങളുടെമുമ്പിൽനിന്ന് ഞാൻ ഓടിച്ചുകളയുന്ന ജനതകൾ ഇങ്ങനെയാണ് അശുദ്ധരായിത്തീർന്നത്. 25ദേശംപോലും മലിനമായി; അതുകൊണ്ടു ഞാൻ അതിനെ അതിന്റെ പാപംനിമിത്തം ശിക്ഷിച്ചു, ദേശം അതിലെ നിവാസികളെ ഉപേക്ഷിച്ചുകളഞ്ഞു. ▼
▼മൂ.ഭാ. ഛർദിച്ചുകളഞ്ഞു, വാ. 28 കാണുക.
26എന്നാൽ നിങ്ങൾ എന്റെ ഉത്തരവുകളും നിയമങ്ങളും പാലിക്കണം. സ്വദേശികളും നിങ്ങളുടെയിടയിൽ പാർക്കുന്ന പ്രവാസികളും ഈവക അറപ്പായതൊന്നും ചെയ്യരുത്. 27കാരണം നിങ്ങൾക്കുമുമ്പ് ഈ ദേശത്തു താമസിച്ചിരുന്നവർ ഇവയൊക്കെ ചെയ്തു, അങ്ങനെ ദേശം മലിനമായിത്തീർന്നു. 28നിങ്ങൾ ദേശത്തെ മലിനമാക്കിയാൽ, അതു നിങ്ങൾക്കു മുമ്പുണ്ടായിരുന്നവരെ ഉപേക്ഷിച്ചുകളഞ്ഞതുപോലെ നിങ്ങളെയും ഉപേക്ഷിച്ചുകളയും. 29“ ‘ഈ അറപ്പായ കാര്യങ്ങളിൽ ഏതെങ്കിലും ചെയ്യുന്ന വ്യക്തികളെ അവരുടെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം. 30എന്റെ ചട്ടങ്ങൾ പാലിക്കുക; നിങ്ങൾ വരുന്നതിനുമുമ്പ് നിലവിലിരുന്ന അറപ്പായ ആചാരനടപടികളിലൊന്നിലും ഏർപ്പെട്ട്, നിങ്ങളെ അവരോടൊപ്പം അശുദ്ധരാക്കരുത്. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.’ ”
Copyright information for
MalMCV