‏ Leviticus 10

നാദാബിന്റെയും അബീഹൂവിന്റെയും മരണം

1അഹരോന്റെ പുത്രന്മാരായ നാദാബും അബീഹൂവും തങ്ങളുടെ ധൂപകലശങ്ങൾ എടുത്ത് അതിൽ തീയിട്ടു സുഗന്ധദ്രവ്യവും ചേർത്തു; തങ്ങളോടു കൽപ്പിച്ചതല്ലാത്ത അന്യാഗ്നി യഹോവയുടെമുമ്പിൽ കൊണ്ടുവന്നു. 2അപ്പോൾ യഹോവയുടെ സന്നിധിയിൽനിന്ന് തീ പുറപ്പെട്ട് അവരെ ദഹിപ്പിച്ചു, അവർ യഹോവയുടെ സന്നിധിയിൽ മരിച്ചു. 3മോശ അഹരോനോടു പറഞ്ഞു, “യഹോവ അരുളിച്ചെയ്തപ്പോൾ പറഞ്ഞതിതാണ്:

“ ‘എന്നോട് അടുത്തുവരുന്നവരിലൂടെ
ഞാൻ എന്റെ പരിശുദ്ധി തെളിയിക്കും;
സർവജനത്തിന്റെയും മുമ്പിൽ
ഞാൻ മഹത്ത്വപ്പെടും.’ ”
അഹരോൻ മൗനമായിരുന്നു.

4മോശ അഹരോന്റെ പിതൃസഹോദരനായ ഉസ്സീയേലിന്റെ പുത്രന്മാരായ മീശായേലിനെയും എത്സാഫാനെയും വിളിപ്പിച്ച് അവരോടു പറഞ്ഞു: “ഇവിടെ വരിക, നിങ്ങളുടെ സഹോദരന്മാരെ വിശുദ്ധമന്ദിരത്തിന്റെ മുമ്പിൽനിന്ന് പാളയത്തിനുപുറത്ത് അകലെ കൊണ്ടുപോകുക.” 5അങ്ങനെ അവർ വന്നു, മോശ കൽപ്പിച്ചതുപോലെ അവരുടെ കുപ്പായങ്ങളോടുകൂടെ പാളയത്തിനുപുറത്തു കൊണ്ടുപോയി.

6പിന്നെ മോശ അഹരോനോടും അദ്ദേഹത്തിന്റെ പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും പറഞ്ഞു: “നിങ്ങൾ മരിക്കാതിരിക്കേണ്ടതിനും സർവസഭയുടെയുംമേൽ കോപം വരാതിരിക്കേണ്ടതിനും നിങ്ങൾ തലമുടി ചീകാതിരിക്കുകയോ
അഥവാ, നിങ്ങൾ ശിരോവസ്ത്രം ധരിക്കാതിരിക്കുകയോ
വസ്ത്രം കീറുകയോ അരുത്. എന്നാൽ നിങ്ങളുടെ സഹോദരന്മാരായ ഇസ്രായേൽഗൃഹം മുഴുവനും യഹോവ തീയാൽ നശിപ്പിച്ചവരെച്ചൊല്ലി വിലപിക്കട്ടെ.
7നിങ്ങൾ മരിക്കാതിരിക്കേണ്ടതിന് സമാഗമകൂടാരത്തിന്റെ കവാടം വിട്ടുപോകരുത്. കാരണം, യഹോവയുടെ അഭിഷേകതൈലം നിങ്ങളുടെമേൽ ഇരിക്കുന്നു.” അങ്ങനെ അവർ മോശ കൽപ്പിച്ചതുപോലെ ചെയ്തു.

8പിന്നീടു യഹോവ അഹരോനോടു പറഞ്ഞു: 9“നിങ്ങൾ മരിക്കാതിരിക്കേണ്ടതിന്, സമാഗമകൂടാരത്തിനകത്തു പോകുമ്പോൾ ഒരിക്കലും നീയും നിന്റെ പുത്രന്മാരും വീഞ്ഞോ മദ്യമോ കുടിക്കരുത്. ഇതു വരാനുള്ള തലമുറകൾക്ക് എന്നും നിലനിൽക്കുന്ന നിയമം ആകുന്നു. 10ഇങ്ങനെ നിങ്ങൾക്കു വിശുദ്ധവും സാധാരണവുംതമ്മിലും ശുദ്ധവും അശുദ്ധവുംതമ്മിലും വേർതിരിച്ചറിയാം. 11യഹോവ മോശമുഖാന്തരം ഇസ്രായേൽമക്കൾക്കു കൊടുത്ത എല്ലാ ഉത്തരവുകളും നീ അവരെ പഠിപ്പിക്കണം.”

12മോശ അഹരോനോടും അദ്ദേഹത്തിന്റെ ശേഷിച്ച പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും പറഞ്ഞു: “യഹോവയ്ക്കു ദഹനയാഗം അർപ്പിച്ചതിനുശേഷമുള്ള ഭോജനയാഗം എടുത്ത്, പുളിപ്പില്ലാതെ ഒരുക്കി യാഗപീഠത്തിന്റെ വശത്തുവെച്ച് ഭക്ഷിക്കുക; കാരണം അത് അതിവിശുദ്ധമാണ്. 13യഹോവയ്ക്ക് അർപ്പിക്കുന്ന ദഹനയാഗങ്ങളിൽ അതു നിന്റെയും നിന്റെ പുത്രന്മാരുടെയും ഓഹരിയാണ്. അതു വിശുദ്ധസ്ഥലത്തുവെച്ചു ഭക്ഷിക്കണം. ഇങ്ങനെ എന്നോടു കൽപ്പിച്ചിരിക്കുന്നു. 14എന്നാൽ നിനക്കും നിന്റെ പുത്രന്മാർക്കും പുത്രിമാർക്കും യഹോവയുടെ സന്നിധിയിൽ ഉയർത്തി അർപ്പിച്ച നെഞ്ചും വിശിഷ്ടയാഗാർപ്പണമായ തുടയും ഭക്ഷിക്കാം. ആചാരപരമായി ശുദ്ധിയുള്ള ഒരു സ്ഥലത്തുവെച്ച് അവ ഭക്ഷിക്കണം. ഇസ്രായേല്യരുടെ സമാധാനയാഗത്തിൽ നിനക്കും നിന്റെ മക്കൾക്കും നിങ്ങളുടെ ഓഹരിയായി അവ നൽകപ്പെട്ടിരിക്കുന്നു. 15വിശിഷ്ടയാഗാർപ്പണമായ തുടയും ഉയർത്തി അർപ്പിക്കാനുള്ള നെഞ്ചും ദഹനയാഗങ്ങളുടെ മേദസ്സോടുകൂടെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്ന് ഉയർത്തി ഒരു വിശിഷ്ടയാഗമായി അർപ്പിക്കണം. യഹോവ കൽപ്പിച്ചതുപോലെ ഇതു നിന്റെയും നിന്റെ മക്കളുടെയും ശാശ്വതാവകാശം ആയിരിക്കും.”

16പാപശുദ്ധീകരണയാഗത്തിന്റെ കോലാടിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ അതു ദഹിപ്പിച്ചുപോയി എന്നുകണ്ട് അഹരോന്റെ ശേഷിച്ച പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും മോശ കോപിച്ചു. 17“ആ പാപശുദ്ധീകരണയാഗം നിങ്ങൾ വിശുദ്ധസ്ഥലത്തുവെച്ച് ഭക്ഷിക്കാഞ്ഞതെന്ത്? അത് അതിവിശുദ്ധമല്ലോ. സഭയുടെ അകൃത്യം അകറ്റിക്കളയാനും അവർക്കുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം ചെയ്യാനുമാണ് അതു നിങ്ങൾക്കു നൽകിയിരിക്കുന്നത്. 18അതിന്റെ രക്തം വിശുദ്ധമന്ദിരത്തിൽ കൊണ്ടുവരാഞ്ഞതുകൊണ്ടു ഞാൻ കൽപ്പിച്ചതുപോലെ കോലാടിനെ നിങ്ങൾ വിശുദ്ധസ്ഥലത്തുവെച്ചു ഭക്ഷിക്കേണ്ടതായിരുന്നു.”

19അഹരോൻ മോശയോടു മറുപടി പറഞ്ഞു: “ഇന്ന് അവർ അവരുടെ പാപശുദ്ധീകരണയാഗവും ഹോമയാഗവും യഹോവയുടെമുമ്പാകെ അർപ്പിച്ചു. എനിക്കോ ഇങ്ങനെയെല്ലാം സംഭവിച്ചു. ഇന്നു ഞാൻ പാപശുദ്ധീകരണയാഗം ഭക്ഷിച്ചിരുന്നെങ്കിൽ യഹോവ പ്രസാദിക്കുമായിരുന്നോ?” 20ഇതു കേട്ടപ്പോൾ മോശയ്ക്കു തൃപ്തിയായി.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.