‏ Judges 9

അബീമെലെക്ക്

1യെരൂ-ബാലിന്റെ മകനായ അബീമെലെക്ക് ശേഖേമിൽ ചെന്നു തന്റെ അമ്മയുടെ സഹോദരന്മാരോടും അമ്മയുടെ കുലത്തിലുള്ള എല്ലാവരോടും സംസാരിച്ചു: 2“ശേഖേം പൗരന്മാരോട് ചോദിക്കുക: ‘യെരൂ-ബാലിന്റെ എഴുപത് പുത്രന്മാരുംകൂടെ നിങ്ങളെ ഭരിക്കുന്നതോ ഒരുവൻ നിങ്ങളെ ഭരിക്കുന്നതോ ഏതാണ് നിങ്ങൾക്കു നല്ലത്?’ ഞാൻ നിങ്ങളുടെ മാംസവും രക്തവുമാണെന്ന് ഓർക്കുക.”

3അങ്ങനെ അബീമെലെക്കിന്റെ അമ്മയുടെ സഹോദരന്മാർ ശേഖേമിലെ സകലപൗരന്മാരോടും ഈ വാക്കുകൾ സംസാരിച്ചപ്പോൾ, അവർ അദ്ദേഹത്തോട് ചാഞ്ഞു; “അദ്ദേഹം നമ്മുടെ സഹോദരനല്ലോ” എന്ന് അവർ പറഞ്ഞു. 4അവർ ബാൽ-ബെരീത്തിന്റെ ക്ഷേത്രത്തിൽനിന്ന് എഴുപത് ശേക്കേൽ
ഏക. 800 ഗ്രാം.
വെള്ളി എടുത്ത് അയാൾക്കു കൊടുത്തു; അബീമെലെക്ക്, അത് ഉപയോഗിച്ച് വീണ്ടുവിചാരമില്ലാത്ത ആഭാസന്മാരെ കൂലിക്കെടുത്തു. അവർ അയാളുടെ അനുയായികളായിത്തീർന്നു.
5അയാൾ ഒഫ്രയിൽ തന്റെ പിതാവിന്റെ വീട്ടിൽച്ചെന്നു. യെരൂ-ബാലിന്റെ പുത്രന്മാരായ തന്റെ എഴുപത് സഹോദരന്മാരെയും ഒരു കല്ലിൽവെച്ചു വധിച്ചു; എന്നാൽ യെരൂ-ബാലിന്റെ ഇളയപുത്രൻ യോഥാം ഒളിച്ചിരുന്നതുകൊണ്ട് രക്ഷപ്പെട്ടു. 6അതിന്റെശേഷം ശേഖേമിലെയും ബേത്-മില്ലോയിലെയും എല്ലാ പൗരന്മാരും ശേഖേമിലെ സ്തംഭത്തിനരികെയുള്ള
ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല.
കരുവേലകത്തിന് സമീപം ഒരുമിച്ചുകൂടി, അവിടെവെച്ച് അബീമെലെക്കിനെ രാജാവായി വാഴിച്ചു.

7ഇതു കേട്ടപ്പോൾ യോഥാം ഗെരിസീം മലമുകളിൽ കയറി ഉച്ചത്തിൽ അവരോട് ഇപ്രകാരം വിളിച്ചുപറഞ്ഞു: “ശേഖേം പൗരന്മാരേ, ദൈവം നിങ്ങളുടെ പ്രാർഥന കേൾക്കേണ്ടതിനു നിങ്ങൾ എന്റെ വാക്കു കേൾക്കുക, 8ഒരിക്കൽ വൃക്ഷങ്ങൾ തങ്ങൾക്ക് ഒരു രാജാവിനെ അഭിഷേകംചെയ്യാൻ പോയി; അവ ഒലിവു വൃക്ഷത്തോട്: ‘നീ ഞങ്ങൾക്കു രാജാവായിരിക്കുക’ എന്നപേക്ഷിച്ചു.

9“അതിന് ഒലിവുവൃക്ഷം, ‘ദേവന്മാരും മനുഷ്യരും ഒരുപോലെ പുകഴ്ത്തുന്ന എന്റെ എണ്ണ ഉപേക്ഷിച്ച് ഞാൻ വൃക്ഷങ്ങളുടെമേൽ ആടാൻ പോകുമോ?’ എന്ന് ഉത്തരം പറഞ്ഞു.

10“പിന്നെ വൃക്ഷങ്ങൾ അത്തിവൃക്ഷത്തോട്, ‘വരിക, നീ ഞങ്ങൾക്ക് രാജാവായിരിക്കുക’ എന്നപേക്ഷിച്ചു.

11“അതിന് അത്തിവൃക്ഷം, ‘മധുരമുള്ള വിശേഷപ്പെട്ട എന്റെ പഴം ഉപേക്ഷിച്ച് ഞാൻ വൃക്ഷങ്ങളുടെമേൽ ആടാൻ പോകുമോ?’ എന്നു ചോദിച്ചു.

12“പിന്നെ വൃക്ഷങ്ങൾ മുന്തിരിവള്ളിയോട് അപേക്ഷിച്ചു, ‘വരിക, നീ ഞങ്ങൾക്ക് രാജാവായിരിക്കുക.’

13“മുന്തിരിവള്ളി പറഞ്ഞു, ‘ദേവന്മാരെയും മനുഷ്യരെയും ആനന്ദിപ്പിക്കുന്ന എന്റെ വീഞ്ഞുപേക്ഷിച്ച് ഞാൻ വൃക്ഷങ്ങളുടെമേൽ ആടാൻ പോകുമോ?’

14“ഒടുവിൽ വൃക്ഷങ്ങളെല്ലാം ചേർന്ന് മുൾപ്പടർപ്പിനോടു പറഞ്ഞു, ‘വരിക, നീ വന്ന് ഞങ്ങൾക്ക് രാജാവായിരിക്കുക.’

15“മുൾപ്പടർപ്പ് വൃക്ഷങ്ങളോട്, ‘നിങ്ങൾ യഥാർഥമായി എന്നെ നിങ്ങൾക്ക് രാജാവായി അഭിഷേകംചെയ്യാൻ ആഗ്രഹിക്കുന്നു എങ്കിൽ എന്റെ തണലിൽ ആശ്രയിക്കുക; അല്ലാത്തപക്ഷം മുൾപ്പടർപ്പിൽനിന്ന് തീയിറങ്ങി ലെബാനോനിലെ ദേവദാരുക്കളെ ദഹിപ്പിക്കട്ടെ!’

16“നിങ്ങൾ ഇപ്പോൾ അബീമെലെക്കിനെ രാജാവാക്കിയതിൽ മാന്യതയോടും ഉത്തമബോധ്യത്തോടും കൂടെയാണോ പ്രവർത്തിച്ചത്? നിങ്ങൾ യെരൂ-ബാലിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും ചെയ്തത് ന്യായമാണോ? അദ്ദേഹം അർഹിക്കുന്നവിധത്തിലാണോ നിങ്ങൾ അദ്ദേഹത്തോട് പെരുമാറിയത്? 17എന്റെ പിതാവ് തന്റെ ജീവൻ പണയപ്പെടുത്തിക്കൊണ്ട് നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്ത് മിദ്യാന്യരുടെ കൈയിൽനിന്നു നിങ്ങളെ രക്ഷിച്ചു. 18എന്നാൽ നിങ്ങൾ ഇന്ന് എന്റെ പിതാവിന്റെ ഗൃഹത്തിനെതിരേ മത്സരിച്ചു, അദ്ദേഹത്തിന്റെ എഴുപത് പുത്രന്മാരെയും ഒരു കല്ലിന്മേൽവെച്ചു കൊന്നു; അദ്ദേഹത്തിന്റെ ദാസിയുടെ മകനായ അബീമെലെക്ക് നിങ്ങളുടെ സഹോദരനായതുകൊണ്ട് അയാളെ ശേഖേം പൗരന്മാർക്ക് രാജാവാക്കുകയും ചെയ്തല്ലോ. 19നിങ്ങൾ ഇന്ന് മാന്യതയോടെയും ഉത്തമബോധ്യത്തോടും കൂടെയാണ് യെരൂ-ബാലിനൊടും അദ്ദേഹത്തിന്റെ കുടുംബത്തോടും പ്രവർത്തിച്ചതെങ്കിൽ നിങ്ങൾ അബീമെലെക്കിൽ ആനന്ദിക്കുക; അയാൾ നിങ്ങളിലും ആനന്ദിക്കട്ടെ! 20അല്ലാത്തപക്ഷം, അബീമെലെക്കിൽനിന്ന് തീ ഇറങ്ങി ശേഖേമിലെയും ബേത്-മില്ലോയുടെയും ജനത്തെ ദഹിപ്പിക്കട്ടെ; ശേഖേമിൽനിന്നും ബേത്-മില്ലോയിൽനിന്നും തീ ഇറങ്ങി അബീമെലെക്കിനെയും വിഴുങ്ങട്ടെ!”

21യോഥാം ബേരിലേക്കു പലായനംചെയ്തു. തന്റെ സഹോദരനായ അബീമെലെക്കിനെ ഭയന്ന് അവിടെ പാർത്തു.

22അബീമെലെക്ക് മൂന്നുവർഷം ഇസ്രായേലിനെ ഭരിച്ചു. 23അബീമെലെക്കിന്റെയും ശേഖേം പൗരന്മാരുടെയും മധ്യത്തിൽ, ദൈവം ഒരു ദുരാത്മാവിനെ അയച്ചു; ശേഖേം പൗരന്മാർ അബീമെലെക്കിനോട് ദ്രോഹം തുടങ്ങി; 24അങ്ങനെ യെരൂ-ബാലിന്റെ എഴുപത് പുത്രന്മാരോടും ചെയ്ത പാതകത്തിനു പ്രതികാരമായിട്ടാണ് അവരുടെ രക്തം അവരുടെ ഘാതകനായ അവരുടെ സഹോദരൻ അബീമെലെക്കിന്റെയും അയാൾക്കു തുണയായിരുന്ന ശേഖേം പൗരന്മാരുടെയുംമേൽ ദൈവം വരുത്തിയത്. 25ശേഖേം പൗരന്മാർ അയാൾക്കു വിരോധമായി മലമുകളിൽ ആളുകളെ പതിയിരുത്തി. ഇവർ ആ വഴി പോകുന്ന എല്ലാവരെയും കവർച്ചചെയ്തു; ഇതിനെക്കുറിച്ച് അബീമെലെക്കിന് അറിവുകിട്ടി.

26അപ്പോൾ ഏബെദിന്റെ മകനായ ഗാലും അദ്ദേഹത്തിന്റെ സഹോദരന്മാരും ശേഖേമിലേക്കു വന്നു; ശേഖേം പൗരന്മാർ അദ്ദേഹത്തിൽ വിശ്വാസമർപ്പിച്ചു. 27അവർ വയലിൽച്ചെന്ന് തങ്ങളുടെ മുന്തിരിത്തോപ്പുകളിലെ കുലകളറത്ത് തങ്ങളുടെ ദേവന്റെ ക്ഷേത്രത്തിൽ ഉത്സവം ആചരിച്ചു, അവർ തിന്നുകുടിച്ച് അബീമെലെക്കിനെ ശപിച്ചു. 28ഏബെദിന്റെ മകനായ ഗാൽ പറഞ്ഞു: “നാം അയാളെ സേവിക്കേണ്ടതിന് അബീമെലെക്ക് ആര്? ശേഖേം ആര്? അയാൾ യെരൂ-ബാലിന്റെ മകനല്ലേ? സെബൂൽ അയാളുടെ പ്രതിനിധിയുമല്ലേ? ശേഖേമിന്റെ പിതാവായ ഹാമോരിന്റെ മക്കളെ സേവിക്കട്ടെ! നാം എന്തിന് അബീമെലെക്കിനെ സേവിക്കണം? 29ഈ ജനം എന്റെ കൽപ്പനയിൻ കീഴിലായിരുന്നെങ്കിൽ! ഞാൻ അബീമെലെക്കിനെ ഒടുക്കിക്കളയുമായിരുന്നു. അബീമെലെക്കിനോട്, ‘നിന്റെ മുഴുവൻ സൈന്യവുമായി വരിക’ എന്നു പറയുമായിരുന്നു.”

30നഗരാധിപനായ സെബൂൽ ഏബെദിന്റെ മകനായ ഗാലിന്റെ വാക്കു കേട്ടപ്പോൾ, അയാൾ കോപിഷ്ഠനായി. 31അയാൾ രഹസ്യമായി അബീമെലെക്കിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: “ഇതാ ഏബെദിന്റെ മകനായ ഗാലും അയാളുടെ സഹോദരന്മാരും ശേഖേമിൽ വന്നിരിക്കുന്നു. അയാൾ നിനക്കെതിരേ പട്ടണനിവാസികളെ മത്സരിപ്പിക്കുന്നു. 32അതുകൊണ്ട് നീയും നിന്നോടുകൂടെയുള്ള സൈന്യവും രാത്രി വയലിൽ പതിയിരിക്കുക. 33രാവിലെ സൂര്യോദയത്തിൽ എഴുന്നേറ്റ് പട്ടണത്തിലേക്കു വരിക; എന്നാൽ ഗാലും സൈന്യവും താങ്കളുടെനേരേ വരുമ്പോൾ യുക്തമായത് അവരോട് പ്രവർത്തിക്കുക” എന്നറിയിച്ചു.

34അങ്ങനെ അബീമെലെക്കും കൂടെയുള്ള സൈന്യവും രാത്രിയിൽ പുറപ്പെട്ട് ശേഖേമിനരികെ നാലു സംഘമായി പതിയിരുന്നു. 35ഏബെദിന്റെ മകനായ ഗാൽ പുറത്തുവന്ന് നഗരകവാടത്തിൽ നിലയുറപ്പിച്ചു. ഉടനെ അബീമെലെക്കും കൂടെയുള്ള സൈന്യവും പതിയിരിപ്പിൽനിന്ന് എഴുന്നേറ്റു.

36ഗാൽ അവരെ കണ്ടപ്പോൾ സെബൂലിനോട്, “അതാ, പർവതങ്ങളുടെ മുകളിൽനിന്ന് ആളുകൾ ഇറങ്ങിവരുന്നു!” എന്നു പറഞ്ഞു.

സെബൂൽ പറഞ്ഞു, “പർവതങ്ങളുടെ നിഴൽ കണ്ട് മനുഷ്യരെന്ന് താങ്കൾക്കു തോന്നുകയാണ്.”

37എന്നാൽ ഗാൽ പിന്നെയും പറഞ്ഞു: “അതാ, ദേശത്തിന്റെ മധ്യേനിന്ന്
മൂ.ഭാ. അതാ, ഭൂമിയുടെ പൊക്കിളിൽനിന്ന്
ആളുകൾ ഇറങ്ങിവരുന്നു; മറ്റൊരുകൂട്ടം ദേവപ്രശ്നംവെക്കുന്നവരുടെ കരുവേലകത്തിന്റെ സമീപത്തുകൂടി വരുന്നു.”

38സെബൂൽ അവനോട്, “നാം അബീമെലെക്കിനെ സേവിക്കേണ്ടതിന് അവൻ ആരെന്നു പറഞ്ഞ നിന്റെ പൊങ്ങച്ചം ഇപ്പോൾ എവിടെ? ഇത് നീ പരിഹസിച്ച പുരുഷന്മാർ അല്ലേ? പോയി, അവരോട് യുദ്ധംചെയ്യുക!” എന്നു പറഞ്ഞു.

39അങ്ങനെ ഗാൽ ശേഖേം പൗരന്മാരെ അബീമെലെക്കിനെതിരേ അണിനിരത്തി; 40അബീമെലെക്കിന്റെ മുമ്പിൽ അവൻ തോറ്റോടി; നഗരകവാടംവരെ ശേഖേം പൗരന്മാരിൽ അനേകർ മുറിവേറ്റുവീണു. 41അബീമെലെക്ക് അരൂമയിൽ താമസിച്ചു, സെബൂൽ ഗാലിനെയും സഹോദരന്മാരെയും ശേഖേമിൽനിന്ന് ഓടിച്ചുകളഞ്ഞു.

42പിറ്റേന്നാൾ ശേഖേമിലെ ജനം വയലിലേക്കുപോയി. അബീമെലെക്കിന് അത് അറിവുകിട്ടി. 43അദ്ദേഹം തന്റെ ആളുകളെ മൂന്നുകൂട്ടമായി വിഭജിച്ച് വയലിൽ പതിയിരുത്തി. ജനം പട്ടണത്തിൽനിന്ന് പുറപ്പെട്ട് വരുന്നതുകണ്ട്, താനും തന്നോടുകൂടെയുള്ളവരും എഴുന്നേറ്റ് അവരെ ആക്രമിച്ചു. 44പിന്നെ അബീമെലെക്കും കൂടെയുള്ള സംഘവും പാഞ്ഞുചെന്ന് പട്ടണത്തിന്റെ കവാടത്തിൽ നിലയുറപ്പിച്ചു. മറ്റേ രണ്ടുസംഘങ്ങൾ വയലിലുള്ള സകലജനത്തിന്റെയുംനേരേ പാഞ്ഞുചെന്നു; അവരെ സംഹരിച്ചു. 45അബീമെലെക്ക് അന്നുമുഴുവനും പട്ടണത്തോട് യുദ്ധംചെയ്ത് പട്ടണം പിടിച്ച് അതിലെ ജനത്തെ കൊന്നു, പട്ടണം ഇടിച്ചുനിരത്തി അതിൽ ഉപ്പുവിതറി.

46ശേഖേം ഗോപുരവാസികൾ ഇതു കേട്ട് എല്ലാവരും ഏൽ-ബെരീത്തിന്റെ
ബാൽ-ബെരീത്ത്, ഏൽ-ബെരീത്ത് എന്നതിന്റെ മറ്റൊരുരൂപം. ന്യായാ. 9:4 കാണുക.
ക്ഷേത്രമണ്ഡപത്തിൽ കടന്നു.
47ശേഖേം ഗോപുരവാസികൾ എല്ലാവരും ഒന്നിച്ചുകൂടിയിരിക്കുന്നു എന്ന് അബീമെലെക്കിന് അറിവുകിട്ടി. 48അബീമെലെക്കും കൂടെയുള്ള ജനവും സൽമോൻ പർവതത്തിൽ കയറി; അദ്ദേഹം കോടാലി എടുത്ത് ഒരു മരത്തിലെ ചില കൊമ്പുകൾ വെട്ടി ചുമലിൽവെച്ചു. തന്നോടുകൂടെയുള്ളവരോട്, “വേഗം! ഞാൻ ചെയ്യുന്നതുപോലെതന്നെ നിങ്ങളും ചെയ്യുക!” എന്നു പറഞ്ഞു. 49അവരും അതുപോലെ ഓരോരുത്തരും ചില കൊമ്പുകൾ വെട്ടി അതുമായി അബീമെലെക്കിന്റെ പിന്നാലെ ചെന്നു. ആ കൊമ്പുകൾ മണ്ഡപത്തോട് ചേർത്തിട്ടു തീകൊളുത്തി. മണ്ഡപം ഉൾപ്പെടെ അവരെ ചുട്ടുകളഞ്ഞു. അങ്ങനെ പുരുഷന്മാരും സ്ത്രീകളും ശേഖേം ഗോപുരവാസികളായ ആയിരത്തോളംപേർ മരിച്ചു.

50അതിനുശേഷം അബീമെലെക്ക് തേബെസിലേക്കു ചെന്ന്, അതിനെ ഉപരോധിച്ച്, ആ പട്ടണം പിടിച്ചു. 51പട്ടണത്തിനകത്ത് ഉറപ്പുള്ള ഒരു ഗോപുരം ഉണ്ടായിരുന്നു; അവിടേക്ക് പുരുഷന്മാരും സ്ത്രീകളുമായി പട്ടണത്തിലുള്ളവരെല്ലാം ഓടിക്കടന്നു വാതിലടച്ച് ഗോപുരത്തിന്റെ മുകളിൽ കയറി. 52അബീമെലെക്ക് ഗോപുരത്തിനരികെ എത്തി അതിനെ ആക്രമിച്ചു; അത് തീവെച്ച് ചുട്ടുകളയേണ്ടതിന് ഗോപുരവാതിലിന് അടുത്തുചെന്നു. 53അപ്പോൾ ഒരു സ്ത്രീ ഒരു തിരികല്ലിൻപിള്ള അബീമെലെക്കിന്റെ തലയിലിട്ട് അവന്റെ തലയോട്ടി തകർത്തുകളഞ്ഞു.

54ഉടനെ അവൻ തന്റെ ആയുധവാഹകനായ യുവാവിനോട്, “ഒരു സ്ത്രീ എന്നെ കൊന്നു എന്നു പറയാതിരിക്കേണ്ടതിന് നിന്റെ വാൾ ഊരി എന്നെ കൊല്ലുക” എന്നു പറഞ്ഞു. അവന്റെ ഭൃത്യൻ അവനെ വാൾകൊണ്ട് വെട്ടി. അങ്ങനെ അവൻ മരിച്ചു. 55അബീമെലെക്ക് മരിച്ചെന്നുകണ്ടപ്പോൾ ഇസ്രായേൽജനം വീടുകളിലേക്കു മടങ്ങിപ്പോയി.

56അബീമെലെക്ക് തന്റെ എഴുപത് സഹോദരന്മാരെയും കൊന്ന് തന്റെ പിതാവിനോട് ചെയ്ത പാതകത്തിന്, ദൈവം അവനോട് ഇങ്ങനെ പ്രതികാരംചെയ്തു. 57ശേഖേം നിവാസികളുടെ സകലദുഷ്ടതയ്ക്കും ദൈവം തക്ക ശിക്ഷ നൽകി. അങ്ങനെ യെരൂ-ബാലിന്റെ പുത്രനായ യോഥാമിന്റെ ശാപം അവരുടെമേൽ വന്നു.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.