‏ Judges 5

ദെബോറായുടെ കീർത്തനം

1അന്ന് ദെബോറായും അബീനോവാമിന്റെ മകനായ ബാരാക്കും ഈ ഗാനം ആലപിച്ചു:

2“പ്രഭുക്കന്മാർ ഇസ്രായേലിനെ നയിച്ചതിനും
ജനം സ്വയം സമർപ്പിച്ചതിനും
യഹോവയെ വാഴ്ത്തുക!

3“രാജാക്കന്മാരേ, ഇതു കേൾക്കുക! പ്രഭുക്കന്മാരേ, ശ്രദ്ധിക്കുക!
ഞാൻ യഹോവയ്ക്കു പാടും; ഞാൻ പാടും;
ഇസ്രായേലിൻ ദൈവമായ യഹോവയ്ക്കു കീർത്തനം ചെയ്യും.


4“യഹോവേ, അങ്ങ് സേയീരിൽനിന്നു പുറപ്പെട്ടപ്പോൾ,
ഏദോം ദേശത്തുനിന്ന് അങ്ങു മുന്നോട്ട് നീങ്ങിയപ്പോൾ,
ഭൂമികുലുങ്ങി, ആകാശം പൊഴിഞ്ഞു,
മേഘങ്ങൾ വെള്ളം ചൊരിഞ്ഞു.
5മലകൾ യഹോവയുടെ സന്നിധിയിൽ, സീനായിമലയിൽ പ്രത്യക്ഷനായ അദ്വിതീയന്റെ മുന്നിൽത്തന്നെ പ്രകമ്പനംകൊണ്ടു,
ഇസ്രായേലിൻ ദൈവമായ യഹോവയുടെ മുന്നിൽത്തന്നെ.

6“അനാത്തിൻ പുത്രൻ ശംഗരിൻനാളിലും
യായേലിൻ കാലത്തും, രാജവീഥികൾ ശൂന്യമായി;
യാത്രക്കാർ ഊടുവഴികളിൽ ഉഴറിനടന്നു.
7ദെബോറായായ ഞാൻ എഴുന്നേൽക്കുന്നതുവരെ,
ഇസ്രായേലിനൊരു മാതാവായി എഴുന്നേൽക്കുന്നതുവരെ,
ഇസ്രായേലിൽ ഗ്രാമ്യജീവിതം സ്തംഭിച്ചുപോയി.
8യുദ്ധം ഗോപുരകവാടത്തിലെത്തിയപ്പോൾ
ദൈവം പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു,
ഇസ്രായേലിന്റെ നാൽപ്പതിനായിരത്തിനിടയിൽ
പരിചയും കുന്തവും കണ്ടതേയില്ല.
9എന്റെ ഹൃദയം ഇസ്രായേൽ പ്രഭുക്കന്മാരോടും
ജനത്തിലെ സ്വമേധാസേവകരോടും ആകുന്നു.
യഹോവയെ വാഴ്ത്തുക!

10“പരവതാനികൊണ്ടുള്ള ഇരിപ്പിടങ്ങളിൽ ഇരുന്ന്
വെള്ളക്കഴുതപ്പുറത്തു യാത്രചെയ്യുന്നവരേ,
പാതകളിലൂടെ നടന്നുനീങ്ങുന്നവരേ,
11നീർപ്പാത്തികൾക്കരികെയിരുന്ന് പാടുന്നവരുടെ
ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല.
ശബ്ദം.
അവിടെ അവർ യഹോവയുടെ വിജയഗാഥകൾ,
ഇസ്രായേലിലെ ഗ്രാമീണരുടെ യുദ്ധവിജയം ആലപിക്കുന്നതു കേട്ടാലും.

“അന്ന് യഹോവയുടെ ജനം
നഗരകവാടത്തിലേക്ക് ഇറങ്ങിച്ചെന്നു.
12‘ഉണരൂ, ഉണരൂ, ദെബോറേ!
ഉണരൂ, ഉണരൂ, ഉണർന്ന് ഗാനം ആലപിക്കൂ!
ഉണരൂ ബാരാക്കേ!
അബീനോവാമിന്റെ പുത്രാ, എഴുന്നേറ്റ് താങ്കളുടെ ബന്ധിതരെ പിടിച്ചുകൊണ്ടുപോയ്ക്കൊൾക.’

13“അന്ന് ശ്രേഷ്ഠരിൽ ശേഷിച്ചവർ ഇറങ്ങിവന്നു;
യഹോവയുടെ ജനം യോദ്ധാക്കൾക്കെതിരേ എന്റെ അടുക്കൽ ഇറങ്ങിവന്നു.
14അമാലേക്കിൽ വേരുള്ളവർ എഫ്രയീമിൽനിന്ന് വന്നു;
നിന്നെ അനുഗമിച്ചവരിൽ ബെന്യാമീൻ ഉണ്ട്.
മാഖീരിൽനിന്നു സേനാപതികളും
സെബൂലൂനിൽനിന്നു സൈന്യാധിപന്റെ
ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല.
ദണ്ഡുവഹിച്ചവരും വന്നു.
15യിസ്സാഖാർ പ്രഭുക്കന്മാർ ദെബോറായോടുകൂടെ;
അതേ, യിസ്സാഖാർ ബാരാക്കിനോടുകൂടെ
താഴ്വരയിലേക്കു ചാടിപ്പുറപ്പെട്ടു.
രൂബേന്യദേശത്തെ ജനം അവരുടെ
ഹൃദയങ്ങളുടെ ആഴങ്ങളിൽ ആരാഞ്ഞു.
16ആട്ടിൻകൂട്ടങ്ങൾക്കായുള്ള കുഴലൂത്തുകേട്ടുകൊണ്ട്
നീ തീക്കുണ്ഡങ്ങൾക്കരികെ ഇരുന്നതെന്തിന്?
രൂബേന്യദേശത്തെ ജനം അവരുടെ
ഹൃദയങ്ങളുടെ ആഴങ്ങളിൽ ആരാഞ്ഞു.
17ഗിലെയാദ് യോർദാനക്കരെ പാർത്തു.
ദാൻ കപ്പലുകൾക്കരികെ തങ്ങിനിൽക്കുന്നതുമെന്ത്?
ആശേർ സമുദ്രതീരത്ത് നിശ്ചലനായി ഇരുന്നു;
തുറമുഖങ്ങളിൽ വാസമുറപ്പിച്ചു.
18സെബൂലൂൻ സ്വന്തം ജീവൻ ത്യജിച്ചുപൊരുതിയ ജനം;
നഫ്താലി പോർക്കളമേടുകളിൽ അങ്ങനെതന്നെ.

19“രാജാക്കന്മാർ വന്നു; അവർ പൊരുതി;
കനാന്യരാജാക്കന്മാർ പൊരുതി.
താനാക്കിൽവെച്ച് മെഗിദ്ദോ വെള്ളത്തിനരികെത്തന്നെ.
വെള്ളി അവർ കൊള്ളയായി കൊണ്ടുപോയതുമില്ല.
20ആകാശത്തുനിന്ന് നക്ഷത്രങ്ങൾ പൊരുതി,
സഞ്ചാരപഥങ്ങളിൽനിന്ന് അവ സീസെരയോടു പൊരുതി.
21കീശോൻതോട്, പുരാതനനദിയായ കീശോൻതോട്,
അവരെ ഒഴുക്കിക്കളഞ്ഞു,
എൻ മനമേ, നീ ബലത്തോടെ മുന്നേറുക.
22അപ്പോൾ കുതിരക്കുളമ്പുകൾ ഇടിനാദംമുഴക്കി;
ആൺകുതിരകൾ കുതിച്ചു കുതിച്ചു പാഞ്ഞു.
23‘മെരോസിനെ ശപിക്കുക,
അതിലെ നിവാസികളെ ഉഗ്രമായി ശപിക്കുക,’ യഹോവയുടെ ദൂതൻ അരുളി.
‘കാരണം അവർ യഹോവയ്ക്കു തുണയായി,
ശക്തന്മാർക്കെതിരേ യഹോവയ്ക്കു തുണയായി, വന്നില്ല.’


24“കേന്യനായ ഹേബെരിന്റെ ഭാര്യ യായേൽ,
സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവൾ,
കൂടാരവാസിനികളാം നാരികളിലേറ്റവും അനുഗ്രഹിക്കപ്പെട്ടവൾ.
25അദ്ദേഹം തണ്ണീർ ചോദിച്ചു, അവൾ ക്ഷീരം പകർന്നു;
രാജകീയ പാത്രത്തിൽ അവൾ അദ്ദേഹത്തിന് തൈരു കൊണ്ടുവന്നു.
26കൂടാരത്തിന്റെ കുറ്റിക്ക് അവൾ കൈനീട്ടി,
തന്റെ വലങ്കൈനീട്ടിയവൾ വേലക്കാരുടെ ചുറ്റികയെടുത്തു.
സീസെരയെ അവൾ ആഞ്ഞടിച്ചു,
അയാളുടെ തലതകർത്തു, ചെന്നി അവൾ കുത്തിത്തുളച്ചു.
27അവളുടെ കാൽക്കൽ അയാൾ കുഴഞ്ഞുവീണു,
വീണയാൾ അവിടെ വീണുകിടന്നു;
അവളുടെ കാൽക്കൽത്തന്നെ അയാൾ കുഴഞ്ഞുവീണു.
വീണിടത്തുതന്നെ അയാൾ മരിച്ചുകിടന്നു.

28“സീസെരയുടെ മാതാവ് ജനാലയിലൂടെ കുനിഞ്ഞു നോക്കിക്കൊണ്ടിരുന്നു;
ജാലകത്തിലൂടെ നിലവിളിച്ചുകൊണ്ട്:
‘അവന്റെ തേർ വരാൻ വൈകുന്നത് എന്ത്?
രഥചക്രങ്ങളുടെ ഝടഝടാരവം താമസിക്കുന്നതെന്ത്?’
29അവളുടെ ജ്ഞാനവതികളാം സഖികൾ അതിനുത്തരം പറഞ്ഞു;
അവൾ തന്നോടുതന്നെ ഈ വാക്കുകൾ ആവർത്തിച്ചുകൊണ്ടിരുന്നു:
30‘കിട്ടിയകൊള്ള അവർ പങ്കിടുകയല്ലയോ?
ഓരോ പുരുഷനും ഒന്നോ രണ്ടോ കന്യകമാർവീതം,
നിറപ്പകിട്ടാർന്ന വസ്ത്രങ്ങൾ സീസെരയുടെ കൊള്ളമുതൽ;
നിറപ്പകിട്ടാർന്ന ചിത്രത്തയ്യലുള്ള വസ്ത്രങ്ങൾതന്നെ,
എനിക്കു തോളിലണിയാൻ വളരെയധികം ചിത്രത്തയ്യലുള്ള വസ്ത്രങ്ങൾ—
ഇതെല്ലാമല്ലയോ കൊള്ളമുതൽ?’


31“യഹോവേ, അവിടത്തെ ശത്രുക്കൾ ഒക്കെയും ഇതുപോലെ നശിക്കട്ടെ.
എന്നാൽ അങ്ങയെ സ്നേഹിക്കുന്നവർ
സൂര്യൻ പ്രതാപത്തോടെ ഉദിക്കുന്നതുപോലെ ആകട്ടെ!”
ഇതിനുശേഷം ദേശത്തിനു നാൽപ്പതുവർഷം സ്വസ്ഥത ഉണ്ടായി.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.