‏ Judges 12

യിഫ്താഹും എഫ്രയീമും

1ഇതിനുശേഷം എഫ്രയീമ്യർ തങ്ങളുടെ സൈന്യത്തെ ഒന്നിച്ചുകൂട്ടി സാഫോണിയിലേക്കു ചെന്നു. അവർ യിഫ്താഹിനോട് ചോദിച്ചു: “താങ്കൾ അമ്മോന്യരോട് യുദ്ധത്തിനു പോയപ്പോൾ താങ്കളോടൊപ്പം പോരേണ്ടതിന് ഞങ്ങളെ വിളിക്കാഞ്ഞത് എന്ത്? താങ്കളെ ഞങ്ങൾ വീടിനകത്തിട്ട് വീടിനു തീവെച്ച് ചുട്ടുകളയാൻ പോകുന്നു.”

2യിഫ്താഹ് അവരോടു പറഞ്ഞു: “എനിക്കും എന്റെ ജനത്തിനും അമ്മോന്യരോട് വലിയ പോരാട്ടം ഉണ്ടായി ഞാൻ നിങ്ങളെ വിളിച്ചു. എന്നാൽ നിങ്ങൾ അവരുടെ കൈയിൽനിന്ന് എന്നെ രക്ഷിച്ചില്ല. 3നിങ്ങൾ എന്നെ സഹായിക്കുകയില്ല എന്നുകണ്ടപ്പോൾ ഞാൻ എന്റെ ജീവൻ കൈയിൽ എടുത്തുകൊണ്ട് അമ്മോന്യരോട് യുദ്ധംചെയ്തു; യഹോവ അവരുടെമേൽ എനിക്കു വിജയം നൽകി. ഇങ്ങനെയിരിക്കേ, നിങ്ങൾ ഇന്ന് എന്നോട് യുദ്ധംചെയ്യാൻ വരുന്നത് എന്ത്?”

4പിന്നീട് യിഫ്താഹ് ഗിലെയാദ്യരെ ഒക്കെയും വിളിച്ചുകൂട്ടി, എഫ്രയീമ്യരോട് യുദ്ധംചെയ്ത് അവരെ തോൽപ്പിച്ചു. “ഗിലെയാദുകാരായ നിങ്ങൾ എഫ്രയീമിൽനിന്നും മനശ്ശെയിൽനിന്നുമുള്ള പലായിതന്മാർ ആകുന്നു,” എന്ന് എഫ്രയീമ്യർ പറഞ്ഞതുകൊണ്ട് ഗിലെയാദ്യർ അവരെ സംഹരിച്ചു. 5ഗിലെയാദ്യർ എഫ്രയീം ഭാഗത്തുള്ള യോർദാന്റെ കടവുകൾ കൈവശപ്പെടുത്തി; എഫ്രയീമ്യരിൽ ശേഷിച്ച ഒരാൾ വന്ന്, “ഞാൻ അക്കരയ്ക്കു കടക്കട്ടെ” എന്നു പറയുമ്പോഴെല്ലാം ഗിലെയാദ്യർ അവനോട്, “നീ എഫ്രയീമ്യനോ?” എന്നു ചോദിക്കും: “അല്ല” എന്ന് അയാൾ പറഞ്ഞാൽ, 6അവർ അയാളോട്, “ശിബ്ബോലെത്ത്” എന്നു പറയാൻ ആവശ്യപ്പെടും. അത് അയാൾക്ക് ശരിയായി ഉച്ചരിക്കാൻ കഴിയാത്തതുകൊണ്ട് അയാൾ, “സിബ്ബോലെത്ത്” എന്നു പറയും. അപ്പോൾ അവർ അയാളെ പിടിച്ച് യോർദാന്റെ കടവുകളിൽവെച്ച് കൊല്ലും; അങ്ങനെ നാൽപ്പത്തീരായിരം എഫ്രയീമ്യർ ആ ദിവസങ്ങളിൽ വധിക്കപ്പെട്ടു.

7യിഫ്താഹ് ആറുവർഷം ഇസ്രായേലിനെ നയിച്ചു.
അഥവാ, ന്യായപാലനംചെയ്തു.
പിന്നെ ഗിലെയാദ്യനായ യിഫ്താഹ് മരിച്ചു. അദ്ദേഹത്തെ ഗിലെയാദിലെ ഒരു പട്ടണത്തിൽ അടക്കംചെയ്തു.

ഇസ്ബാൻ, ഏലോൻ, അബ്ദോൻ

8യിഫ്താഹിനുശേഷം ബേത്ലഹേമ്യനായ ഇസ്ബാൻ ഇസ്രായേലിനു ന്യായാധിപനായിരുന്നു. 9അദ്ദേഹത്തിനു മുപ്പതു പുത്രന്മാരും മുപ്പതു പുത്രിമാരും ഉണ്ടായിരുന്നു. അദ്ദേഹം തന്റെ പുത്രിമാരെ അദ്ദേഹത്തിന്റെ കുലത്തിനു പുറത്തുള്ളവർക്ക് വിവാഹംകഴിച്ചുകൊടുക്കുകയും പുത്രന്മാർക്കു കുലത്തിനു പുറത്തുനിന്ന് മുപ്പതു കന്യകമാരെ എടുക്കുകയും ചെയ്തു. അദ്ദേഹം ഇസ്രായേലിന് ഏഴുവർഷം ന്യായാധിപനായിരുന്നു. 10പിന്നെ ഇസ്ബാൻ മരിച്ചു; അദ്ദേഹത്തെ ബേത്ലഹേമിൽ അടക്കംചെയ്തു.

11പിന്നീട് സെബൂലൂന്യനായ ഏലോൻ ഇസ്രായേലിനു പത്തുവർഷം ന്യായപാലനംചെയ്തു. 12പിന്നെ ഏലോൻ മരിച്ചു; അദ്ദേഹത്തെ സെബൂലൂൻനാട്ടിലെ അയ്യാലോനിൽ അടക്കംചെയ്തു.

13അദ്ദേഹത്തിനുശേഷം ഹില്ലേലിന്റെ മകനായ അബ്ദോൻ എന്ന ഒരു പിരാഥോന്യൻ ഇസ്രായേലിനു ന്യായാധിപനായിരുന്നു. 14അദ്ദേഹത്തിനു നാൽപ്പതു പുത്രന്മാരും മുപ്പത് പൗത്രന്മാരും ഉണ്ടായിരുന്നു. അവർ എഴുപതുപേരും കഴുതകളുടെ പുറത്തുകയറി ഓടിക്കുമായിരുന്നു. അദ്ദേഹം ഇസ്രായേലിൽ എട്ടുവർഷം ന്യായാധിപനായിരുന്നു; 15പിന്നെ ഹില്ലേലിന്റെ മകനായ അബ്ദോൻ മരിച്ചു; അദ്ദേഹത്തെ എഫ്രയീം ദേശത്ത് അമാലേക്യരുടെ മലനാട്ടിലെ പിരാഥോനിൽ അടക്കംചെയ്തു.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.