‏ Judges 1

ഇസ്രായേല്യർ കനാന്യരിൽ ശേഷിക്കുന്നവരെ നേരിടുന്നു

1യോശുവയുടെ മരണശേഷം, “തങ്ങളിൽ ആരാകുന്നു കനാന്യരോടു യുദ്ധംചെയ്യാൻ ആദ്യം പുറപ്പെടേണ്ടത്” എന്ന് ഇസ്രായേൽമക്കൾ യഹോവയോടു ചോദിച്ചു.

2“യെഹൂദാ പുറപ്പെടട്ടെ; ഞാൻ ശേഷിക്കുന്ന ഭൂപ്രദേശം അവരുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു,” എന്ന് യഹോവ അരുളിച്ചെയ്തു.

3യെഹൂദാഗോത്രത്തിലെ പുരുഷന്മാർ തങ്ങളുടെ സഹോദരന്മാരായ ശിമെയോന്യഗോത്രത്തോട്, “ഞങ്ങളുടെ അവകാശഭൂമിയിൽ ജീവിക്കുന്ന കനാന്യരോട് യുദ്ധംചെയ്യുന്നതിന് ഞങ്ങളോടുകൂടെ വരണമേ. അതിനുപകരമായി നിങ്ങളുടെ അവകാശഭൂമി കൈവശപ്പെടുത്തുന്നതിനു നിങ്ങളോടുകൂടെ ഞങ്ങളും വരാം” എന്നു പറഞ്ഞു. അങ്ങനെ ശിമെയോന്യർ അവരോടുകൂടെ പുറപ്പെട്ടു.

4അങ്ങനെ യെഹൂദാ യുദ്ധംചെയ്തു, യഹോവ കനാന്യരെയും പെരിസ്യരെയും അവരുടെ കൈയിൽ ഏൽപ്പിച്ചു; അവർ ബേസെക്കിൽവെച്ച് അവരിൽ പതിനായിരംപേരെ കൊന്നു. 5ബേസെക്കിൽവെച്ച് അവർ അദോനീ-ബേസെക്കിനെ എതിരിട്ടു, അവനെതിരേ യുദ്ധംചെയ്തു കനാന്യരെയും പെരിസ്യരെയും തോൽപ്പിച്ചു. 6അദോനീ-ബേസെക്ക് ഓടിപ്പോയി; എന്നാൽ അവർ അവനെ പിൻതുടർന്നുപിടിച്ചു, അവന്റെ കൈകാലുകളുടെ പെരുവിരൽ മുറിച്ചുകളഞ്ഞു.

7അപ്പോൾ അദോനീ-ബേസെക്ക് പറഞ്ഞു: “കൈകാലുകളുടെ പെരുവിരൽ മുറിച്ച എഴുപതു രാജാക്കന്മാർ എന്റെ മേശയുടെ കീഴിൽനിന്ന് പെറുക്കിത്തിന്നിരുന്നു; ഞാൻ ചെയ്തതുപോലെതന്നെ ദൈവം എനിക്കുപകരം ചെയ്തിരിക്കുന്നു.” അവർ അവനെ ജെറുശലേമിലേക്കു കൊണ്ടുവന്നു. അവിടെവെച്ച് അവൻ മരിച്ചു.

8യെഹൂദാഗോത്രത്തിലെ പുരുഷന്മാർ ജെറുശലേമിനോടു യുദ്ധംചെയ്തു, അതും കീഴടക്കി; അതിലെ നിവാസികളെ വാളിനിരയാക്കി നഗരം തീവെച്ചു.

9അതിനുശേഷം യെഹൂദാപുരുഷന്മാർ മലനാട്ടിലും തെക്കേദേശത്തും
അതായത്, കനാന്റെ തെക്കും
പടിഞ്ഞാറ് കുന്നിൻപ്രദേശങ്ങളിലും താമസിച്ചിരുന്ന കനാന്യരോടു യുദ്ധംചെയ്തു.
10യെഹൂദാ ഹെബ്രോനിൽ താമസിച്ചിരുന്ന കനാന്യരോടും യുദ്ധംചെയ്തു—ഹെബ്രോന് പണ്ടു കിര്യത്ത്-അർബാ എന്നായിരുന്നു പേര്—അവർ ശേശായി, അഹീമാൻ, തൽമായി എന്നിവരെ തോൽപ്പിച്ചു. 11അവിടെനിന്ന് അവർ, ദെബീർനിവാസികൾക്കെതിരേയുള്ള യുദ്ധത്തിൽ മുന്നേറി. ദെബീറിന്റെ പഴയപേർ കിര്യത്ത്-സേഫെർ എന്നായിരുന്നു.

12അപ്പോൾ കാലേബ്, “കിര്യത്ത്-സേഫെർ ആക്രമിച്ചു കീഴടക്കുന്നവന് ഞാൻ എന്റെ മകൾ അക്സയെ വിവാഹംചെയ്തുകൊടുക്കും” എന്നു പറഞ്ഞു. 13കാലേബിന്റെ അനുജനായ കെനസിന്റെ മകൻ ഒത്നിയേൽ അതു കീഴടക്കി; കാലേബ് തന്റെ മകൾ അക്സയെ അവനു ഭാര്യയായി കൊടുത്തു.

14അക്സ ഒത്നിയേലിനെ വിവാഹംകഴിച്ച ദിവസം, തന്റെ പിതാവിന്റെ ഒരു വയൽ ചോദിക്കാൻ അവൾ ഒത്നിയേലിനെ പ്രേരിപ്പിച്ചു;
ചി.കൈ.പ്ര. ഒത്നിയേൽ അക്സയെ പ്രേരിപ്പിച്ചു.
അവൾ കഴുതപ്പുറത്തുനിന്നിറങ്ങിയപ്പോൾ കാലേബ് അവളോട്, “നിനക്കു ഞാൻ എന്തു ചെയ്തുതരണം?” എന്നു ചോദിച്ചു.

15അവൾ മറുപടിയായി: “ഒരു അനുഗ്രഹംകൂടി എനിക്കു തരണമേ; അങ്ങ് എനിക്കു തെക്കേദേശമാണല്ലോ തന്നിരിക്കുന്നത്. നീരുറവകളുംകൂടി എനിക്കു തരേണമെ” എന്നപേക്ഷിച്ചു. അതുകൊണ്ട് കാലേബ് അവൾക്കു മലകളിലും താഴ്വരകളിലും നീരുറവകൾ കൊടുത്തു.

16മോശയുടെ അമ്മായിയപ്പന്റെ പിൻഗാമികളായ കേന്യർ യെഹൂദാമക്കളോടുകൂടെ ഈന്തപ്പന നഗരത്തിൽനിന്ന് അതായത്, യെരീഹോനഗരത്തിൽനിന്ന് തെക്കേദേശത്ത് അരാദിനു സമീപമുള്ള യെഹൂദാ മരുഭൂമിയിലേക്കു പോയി; അവിടെയുള്ള ജനത്തോടുകൂടെ താമസിച്ചു.

17പിന്നെ യെഹൂദാപുരുഷന്മാർ തന്റെ സഹോദരനായ ശിമെയോന്യപുരുഷന്മാരോടുകൂടെ സെഫാത്തിൽ താമസിച്ചിരുന്ന കനാന്യരെ ആക്രമിച്ചു; അവരെ നിശ്ശേഷം നശിപ്പിച്ചു; ആ നഗരത്തിനു ഹോർമാ
നശീകരണം എന്നർഥം.
എന്നു പേരിട്ടു.
18യെഹൂദാപുരുഷന്മാർ, ഗസ്സാ, അസ്കലോൻ, എക്രോൻ എന്നീ പട്ടണങ്ങളും അതിന്റെ അതിരിനോടു ചേർന്നുള്ള ദേശങ്ങളും പിടിച്ചടക്കി.

19യഹോവ യെഹൂദാപുരുഷന്മാരോടുകൂടെ ഉണ്ടായിരുന്നു. അവർ മലനാടു കൈവശമാക്കി; എന്നാൽ താഴ്വരയിലെ നിവാസികൾക്ക് ഇരുമ്പുരഥങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് അവരെ നീക്കിക്കളയാൻ കഴിഞ്ഞില്ല. 20മോശ വാഗ്ദത്തം ചെയ്തിരുന്നതുപോലെ അവർ കാലേബിനു ഹെബ്രോൻ കൊടുത്തു; അദ്ദേഹം അവിടെനിന്ന് അനാക്കിന്റെ മൂന്നു പുത്രന്മാരെയും ഓടിച്ചുകളഞ്ഞു. 21ബെന്യാമീൻഗോത്രം ജെറുശലേമിൽ താമസിച്ചിരുന്ന യെബൂസ്യരെ നീക്കിക്കളഞ്ഞില്ല; യെബൂസ്യർ ഇന്നും ബെന്യാമീന്യരോടുകൂടെ ജെറുശലേമിൽ താമസിച്ചുവരുന്നു.

22യോസേഫിന്റെ ഗോത്രങ്ങൾ ബേഥേലിനെതിരേ പുറപ്പെട്ടു. യഹോവ അവരോടുകൂടെ ഉണ്ടായിരുന്നു. 23അവർ ബേഥേലിൽ ചാരപ്രവർത്തകരെ അയച്ചു—ബേഥേലിനു മുമ്പ് ലൂസ് എന്നു പേരായിരുന്നു. 24പട്ടണത്തിൽനിന്ന് ഇറങ്ങിവരുന്ന ഒരു മനുഷ്യനെ ചാരപ്രവർത്തകർ കണ്ടു. അവർ അവനോട്, “പട്ടണത്തിൽ കടക്കാൻ ഒരു വഴി കാണിച്ചുതരണം; എന്നാൽ ഞങ്ങൾ നിന്നോടു ദയ ചെയ്യും” എന്നു പറഞ്ഞു. 25അവൻ പട്ടണത്തിലേക്കുള്ള വഴി അവർക്കു കാണിച്ചുകൊടുത്തു; അവർ പട്ടണനിവാസികളെ മുഴുവനും വാളിനിരയാക്കി. ആ മനുഷ്യനെയും അദ്ദേഹത്തിന്റെ സകലകുടുംബത്തെയും രക്ഷിച്ചു. 26ഇതിനുശേഷം ആ മനുഷ്യൻ ഹിത്യരുടെ ദേശത്തുചെന്ന് ഒരു പട്ടണം പണിതു. അതിനു ലൂസ് എന്നു പേരിട്ടു; ഇന്നും ആ പേരിൽ അത് അറിയപ്പെടുന്നു.

27എന്നാൽ ബേത്-ശയാൻ,
ബേത്-ശാൻ, ബേത്-ശയാൻ എന്നതിന്റെ മറ്റൊരുരൂപം.
താനാക്ക്, ദോർ, യിബ്ലെയാം, മെഗിദ്ദോ എന്നീ പട്ടണങ്ങളിലും അവയുടെ ഗ്രാമങ്ങളിലും ഉള്ളവരെ മനശ്ശെഗോത്രം നീക്കിക്കളഞ്ഞില്ല. കനാന്യർക്ക് ആ ദേശത്തുതന്നെ തുടരാനുള്ള ആഗ്രഹം അങ്ങനെ സാധിച്ചു.
28എന്നാൽ ഇസ്രായേല്യർ ശക്തരായിത്തീർന്നപ്പോൾ അവർ കനാന്യരെ മുഴുവൻ നീക്കിക്കളയാതെ അവരെക്കൊണ്ടു കഠിനവേല ചെയ്യിച്ചു. 29എഫ്രയീംഗോത്രം ഗേസെരിൽ താമസിച്ചിരുന്ന കനാന്യരെയും നീക്കിക്കളഞ്ഞില്ല; കനാന്യർ അവിടെ അവരുടെയിടയിൽ താമസിച്ചു. 30സെബൂലൂൻഗോത്രം കിത്രോനിലും നഹലോലിലും താമസിച്ചിരുന്ന കനാന്യരെ നീക്കിക്കളഞ്ഞില്ല; അവർ സെബൂലൂൻഗോത്രത്തിന് അടിമവേലചെയ്ത് അവരുടെയിടയിൽ താമസിച്ചു. 31ആശേർഗോത്രം അക്കോവിലും സീദോനിലും അഹ്ലാബിലും അക്സീബിലും ഹെൽബയിലും അഫേക്കിലും രെഹോബിലും താമസിച്ചിരുന്നവരെ നീക്കിക്കളഞ്ഞില്ല. 32ആശേർഗോത്രത്തിലുള്ളർ അവരെ നീക്കിക്കളയാതെതന്നെ ആ ദേശവാസികളായ കനാന്യരുടെയിടയിൽ താമസിച്ചു. 33നഫ്താലിഗോത്രം ബേത്-ശേമെശിലും ബേത്-അനാത്തിലും താമസിച്ചിരുന്നവരെ നീക്കിക്കളയാതെ ആ ദേശവാസികളായ കനാന്യരുടെയിടയിൽ താമസിച്ചു; എന്നാൽ ബേത്-ശേമെശിലെയും ബേത്-അനാത്തിലെയും നിവാസികൾ അവർക്ക് നിർബന്ധിതമായി വേലചെയ്യുന്നവരായിത്തീർന്നു. 34അമോര്യർ ദാൻഗോത്രത്തിലുള്ളവരെ മലനാട്ടിൽത്തന്നെ പാർക്കാൻ നിർബന്ധിതരാക്കി. താഴ്വരയിലേക്കിറങ്ങാൻ അവരെ സമ്മതിച്ചുമില്ല. 35അങ്ങനെ അമോര്യർക്കു ഹേരെസുമലയിലും അയ്യാലോനിലും ശാൽബീമിലും താമസിക്കുന്നതിനുള്ള ആഗ്രഹം സാധിച്ചു. എന്നാൽ യോസേഫിന്റെ ഗോത്രങ്ങൾ ശക്തരായിത്തീർന്നപ്പോൾ അവർ അവരെയും നിർബന്ധിതമായി വേലചെയ്യുന്നവരാക്കിത്തീർത്തു. 36അമോര്യരുടെ അതിര് അക്രബീം
തേളുകൾ എന്നർഥം.
ചുരംമുതൽ സേലാവരെയും അതിനുമുകളിലേക്കുമായിരുന്നു.

Copyright information for MalMCV