‏ Joshua 8

ഹായിയുടെ നാശം

1ഈ സംഭവത്തിനുശേഷം യഹോവ യോശുവയോട് അരുളിച്ചെയ്തു: “ഭയപ്പെടരുത്, നിരാശപ്പെടുകയും അരുത്. മുഴുവൻ സൈന്യത്തെയും കൂട്ടി, ഹായിയിലേക്കു ചെന്ന് അതിനെ ആക്രമിക്കുക. ഞാൻ ഹായിരാജാവിനെയും അവന്റെ ജനത്തെയും പട്ടണത്തെയും ദേശത്തെയും നിന്റെ കൈയിൽ തന്നിരിക്കുന്നു. 2യെരീഹോവിനോടും അതിന്റെ രാജാവിനോടും ചെയ്തതുപോലെ ഹായിയോടും അതിന്റെ രാജാവിനോടും ചെയ്യുക. എന്നാൽ അതിലെ കൊള്ളയും കന്നുകാലികളും നിങ്ങൾക്ക് എടുക്കാം. നിങ്ങൾ പട്ടണത്തിന്റെ പിൻഭാഗത്തു പതിയിരിക്കണം.”

3അങ്ങനെ യോശുവയും സൈന്യംമുഴുവനും ഹായി ആക്രമിക്കാൻ പുറപ്പെട്ടു. യുദ്ധവീരന്മാരായ മുപ്പതിനായിരംപേരെ അദ്ദേഹം തെരഞ്ഞെടുത്ത്, ഇപ്രകാരം കൽപ്പനകൊടുത്ത്, അവരെ രാത്രിയിൽ അയച്ചു: 4“ശ്രദ്ധിച്ചുകേൾക്കുക; നിങ്ങൾ പട്ടണത്തിനു പിന്നിൽ പതിയിരിക്കണം. അതിൽനിന്നും അധികദൂരം പോകരുത്. എല്ലാവരും ജാഗ്രതയോടെ ഇരിക്കണം. 5ഞാനും എന്നോടുകൂടെയുള്ള എല്ലാവരും മുമ്പോട്ടുചെന്ന് പട്ടണത്തോട് അടുക്കും. മുമ്പിലത്തെപ്പോലെ അവർ ഞങ്ങളുടെനേരേ വരുമ്പോൾ ഞങ്ങൾ അവരിൽനിന്നും ഓടും. 6‘മുമ്പിലത്തെപ്പോലെ അവർ നമ്മുടെ മുന്നിൽനിന്ന് ഓടിപ്പോകുന്നു’ എന്നു പറഞ്ഞ് അവർ ഞങ്ങളെ പിൻതുടരും; ഇങ്ങനെ പട്ടണത്തിനുപുറത്തേക്കു ഞങ്ങൾ അവരെ വശീകരിച്ചുകൊണ്ടുപോകും. അങ്ങനെ ഞങ്ങൾ അവരുടെമുമ്പിൽനിന്ന് ഓടുമ്പോൾ, 7നിങ്ങൾ പതിയിരിപ്പിൽനിന്ന് എഴുന്നേറ്റ് പട്ടണം പിടിക്കണം. നിങ്ങളുടെ ദൈവമായ യഹോവ പട്ടണം നിങ്ങളുടെ കൈയിൽ ഏൽപ്പിക്കും. 8പട്ടണം പിടിച്ചശേഷം നിങ്ങൾ അതിനു തീവെക്കണം. യഹോവ കൽപ്പിച്ചതു നിങ്ങൾ ചെയ്യാൻ പ്രത്യേകം സൂക്ഷിക്കുക; ഇതാണ് നിങ്ങൾക്കുള്ള എന്റെ കൽപ്പന.”

9അങ്ങനെ യോശുവ അവരെ അയച്ചു. അവർ ബേഥേലിനും ഹായിക്കും ഇടയ്ക്ക് ഹായിക്കു പടിഞ്ഞാറായി പതിയിരുന്ന് അവിടെ കാത്തുകിടന്നു. യോശുവയോ, ആ രാത്രി ജനങ്ങളുടെകൂടെ ചെലവഴിച്ചു.

10അടുത്തദിവസം അതിരാവിലെ യോശുവ തന്റെ സൈന്യത്തെ സജ്ജരാക്കി. അവനും ഇസ്രായേലിന്റെ പ്രഭുക്കന്മാരും അവർക്കുമുമ്പായി ഹായിയിലേക്കു പുറപ്പെട്ടു. 11അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന സൈന്യംമുഴുവനും പട്ടണത്തോടടുത്ത് അതിന്റെ മുമ്പിലെത്തി. അവർ പട്ടണത്തിനു വടക്കുഭാഗത്തായി, അവർക്കും ഹായിക്കും ഇടയ്ക്കു താഴ്വര ആയിരിക്കത്തക്കവണ്ണം പാളയമടിച്ചു. 12യോശുവ ഏകദേശം അയ്യായിരംപേരെ ബേഥേലിനും ഹായിക്കും ഇടയ്ക്കു പട്ടണത്തിനു പടിഞ്ഞാറായി പതിയിരുത്തി. 13അവർ പട്ടണത്തിനു വടക്ക് സൈന്യത്തെയും പടിഞ്ഞാറ് പതിയിരിപ്പുകാരെയും തയ്യാറാക്കിനിർത്തി. യോശുവ ആ രാത്രി താഴ്വരയിലേക്കു പോയി.

14ഹായിരാജാവ് ഇതു കണ്ടപ്പോൾ, അവനും പട്ടണനിവാസികൾ എല്ലാവരുംകൂടി, ഇസ്രായേലുമായുള്ള യുദ്ധത്തിന് അതിരാവിലെ അരാബയ്ക്ക് അഭിമുഖമായ ഒരു സ്ഥലത്തേക്കു വേഗം പുറപ്പെട്ടു. പട്ടണത്തിനു പിന്നിൽ തനിക്കെതിരായി പതിയിരുപ്പുണ്ടെന്ന് അവൻ അറിഞ്ഞില്ല. 15അവരിൽനിന്നും തിരിഞ്ഞോടുന്ന രീതിയിൽ യോശുവയും എല്ലാ ഇസ്രായേലും മരുഭൂമിയിലേക്കു കുതിച്ചു. 16ഹായിനിവാസികളെല്ലാം അവരെ പിടിക്കാൻ വന്നുചേർന്നു; യോശുവയെ പിൻതുടർന്ന അവർ പട്ടണത്തിൽനിന്നും വശീകരിക്കപ്പെട്ട് ദൂരെയായി. 17ഇസ്രായേലിനെ പിൻതുടരാത്തവരായി ഹായിയിലും ബേഥേലിലും ഒരുത്തനും ശേഷിച്ചില്ല. പട്ടണം തുറന്നിട്ടിട്ട് അവർ ഇസ്രായേലിനെ പിൻതുടർന്നു.

18അപ്പോൾ യഹോവ യോശുവയോട്, “നിന്റെ കൈയിലുള്ള വേൽ
അതായത്, കനംകുറഞ്ഞ നീളമുള്ള കുന്തം.
ഹായിക്കുനേരേ നീട്ടുക. ആ പട്ടണം ഞാൻ നിന്റെ കൈയിൽ ഏൽപ്പിക്കും” എന്നു കൽപ്പിച്ചു. അങ്ങനെ യോശുവ അദ്ദേഹത്തിന്റെ വേൽ ഹായിക്കുനേരേ നീട്ടി.
19അദ്ദേഹം ഇതു ചെയ്തയുടൻ പതിയിരുന്നവർ തങ്ങൾ ഇരുന്ന സ്ഥാനത്തുനിന്നും ചാടി എഴുന്നേറ്റ് മുന്നോട്ടു കുതിച്ചു. അവർ പട്ടണത്തിൽ പ്രവേശിച്ച്, അതു പിടിച്ചെടുത്തു, ക്ഷണത്തിൽ അതിനു തീവെച്ചു.

20ഹായിപട്ടണക്കാർ തിരിഞ്ഞുനോക്കിയപ്പോൾ പട്ടണത്തിലെ പുക ആകാശത്തേക്കുയരുന്നതു കണ്ടു; രക്ഷപ്പെടാനുള്ള ഒരു മാർഗവും അവർ കണ്ടില്ല; മരുഭൂമിയിലേക്കോടിയ ഇസ്രായേല്യർ അവരെ പിൻതുടരുന്നവരുടെനേരേ തിരിഞ്ഞുവരികയും ചെയ്തു. 21പതിയിരിപ്പുകാർ പട്ടണം പിടിച്ചു എന്നും പട്ടണത്തിലെ പുക ആകാശത്തേക്കുയർന്നു എന്നും യോശുവയും എല്ലാ ഇസ്രായേലും കണ്ടപ്പോൾ അവർ തിരിഞ്ഞു ഹായിനിവാസികളെ ആക്രമിച്ചു. 22പട്ടണത്തിൽ പതിയിരുന്നവരും അവരുടെനേരേ വന്നു. ഇങ്ങനെ അവർ നടുവിലും ഇസ്രായേൽമക്കൾ ഇരുവശത്തുമായി. യുദ്ധത്തിൽനിന്നു രക്ഷപ്പെടുന്നവരായോ പലായിതരായോ ആരും ശേഷിക്കാത്ത തരത്തിൽ ഇസ്രായേല്യർ എല്ലാവരെയും കൊന്നുകളഞ്ഞു. 23ഹായിരാജാവിനെ അവർ ജീവനോടെ പിടിച്ച് യോശുവയുടെ അടുക്കൽ കൊണ്ടുവന്നു.

24തങ്ങളെ പിൻതുടർന്ന ഹായിപട്ടണക്കാരെ ഇസ്രായേല്യർ സമതലപ്രദേശങ്ങളിലും മരുഭൂമിയിലുംവെച്ചു കൊന്നുകളഞ്ഞു. അവരെയെല്ലാം വാളിനാൽ നശിപ്പിച്ചതിനുശേഷം, ഹായിയിലേക്കു മടങ്ങിവന്ന് അവിടെ ഉണ്ടായിരുന്നവരെയും കൊന്നുകളഞ്ഞു. 25ഹായിനിവാസികളായ പന്തീരായിരം പുരുഷന്മാരും സ്ത്രീകളും ആ ദിവസംതന്നെ കൊല്ലപ്പെട്ടു. 26ഹായിനിവാസികളുടെ നാശം പൂർത്തിയാകുന്നതുവരെ വേൽ നീട്ടിയ കൈ യോശുവ പിൻവലിച്ചില്ല. 27യഹോവ യോശുവയോടു കൽപ്പിച്ചപ്രകാരം പട്ടണത്തിലെ കന്നുകാലി, കൊള്ള എന്നിവ ഇസ്രായേല്യർ തങ്ങൾക്കായി എടുത്തുകൊണ്ടുപോയി.

28പിന്നെ യോശുവ ഹായി
അനർഥം എന്നർഥം.
പട്ടണം ചുട്ടുകരിച്ചു, അത് നാശനഷ്ടങ്ങളുടെ ഒരു ശാശ്വതക്കൂമ്പാരമായി, ഒരു ശൂന്യസ്ഥലമായി ഇന്നും നിൽക്കുന്നു.
29ഹായിരാജാവിനെ ഒരു മരത്തിൽ തൂക്കിക്കൊന്നു, സന്ധ്യവരെ അവനെ അവിടെ ഇട്ടു. സന്ധ്യയായപ്പോൾ മൃതശരീരം മരത്തിൽനിന്നെടുത്ത് പട്ടണകവാടത്തിൽ കൊണ്ടിടുന്നതിനു യോശുവ ആജ്ഞാപിച്ചു. അതിന്മേൽ അവർ ഒരു കൽക്കൂമ്പാരം ഉയർത്തി; അത് ഇന്നും അവിടെ നിൽക്കുന്നു.

ഏബാൽപർവതത്തിൽവെച്ചു ന്യായപ്രമാണ പുനഃപ്രതിജ്ഞ

30യഹോവയുടെ ദാസനായ മോശ ഇസ്രായേൽമക്കളോടു കൽപ്പിച്ചിരുന്നതുപോലെ യോശുവ ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് ഏബാൽപർവതത്തിൽ ഒരു യാഗപീഠം പണിതു. 31മോശയുടെ ന്യായപ്രമാണഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതുപോലെ ചെത്തുകയോ ഇരുമ്പുപകരണം തൊടുകയോ ചെയ്യാത്ത കല്ലുകൾകൊണ്ട് യാഗപീഠം ഉണ്ടാക്കി. അതിന്മേൽ അവർ യഹോവയ്ക്കു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു. 32അവിടെ, ഇസ്രായേൽമക്കളുടെ സാന്നിധ്യത്തിൽ, യോശുവ മോശയുടെ ന്യായപ്രമാണം കല്ലുകളിന്മേൽ പകർത്തി. 33എല്ലാ ഇസ്രായേല്യരും പ്രവാസിയും സ്വദേശിയും ഒരുപോലെ, അവരുടെ ഗോത്രത്തലവന്മാരോടും നേതാക്കന്മാരോടും ന്യായാധിപന്മാരോടുംകൂടി, യഹോവയുടെ ഉടമ്പടിയുടെ പേടകത്തിന്റെ ഇരുവശങ്ങളിലുമായി, പേടകം വഹിച്ചിരുന്ന ലേവ്യരായ പുരോഹിതന്മാർക്കഭിമുഖമായി നിന്നിരുന്നു. പകുതിപേർ ഗെരിസീം പർവതത്തിന്റെ മുന്നിലും പകുതിപേർ ഏബാൽ പർവതത്തിന്റെ മുന്നിലും നിന്നു; ഇസ്രായേൽജനത്തെ അനുഗ്രഹിക്കണമെന്നു യഹോവയുടെ ദാസനായ മോശ മുമ്പു കൽപ്പിച്ചിരുന്നതുപോലെതന്നെ.

34അതിനുശേഷം യോശുവ ന്യായപ്രമാണഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതുപോലെ അനുഗ്രഹങ്ങളും ശാപങ്ങളും അടങ്ങിയ നിയമത്തിലെ എല്ലാ വാക്കുകളും വായിച്ചു. 35സ്ത്രീകളും കുട്ടികളും അവരുടെ ഇടയിൽ താമസിച്ചിരുന്ന പ്രവാസികളുമുൾപ്പെടെ മുഴുവൻ ഇസ്രായേൽസഭയെയും, മോശ കൽപ്പിച്ചിരുന്ന ഒരൊറ്റ വാക്കുപോലും വിടാതെ, യോശുവ വായിച്ചുകേൾപ്പിച്ചു.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.