‏ Joshua 23

യോശുവയുടെ വിടവാങ്ങൽ സന്ദേശം

1യഹോവ ഇസ്രായേലിന്, അതിനുചുറ്റുമുള്ള എല്ലാ ശത്രുക്കളിൽനിന്നും സ്വസ്ഥതനൽകി. ഇങ്ങനെ വളരെക്കാലം കഴിഞ്ഞു, അപ്പോഴേക്കും യോശുവ വയോവൃദ്ധനായിത്തീർന്നു. 2അപ്പോൾ മുഴുവൻ ഇസ്രായേലിനെയും—അവരുടെ ഗോത്രത്തലവന്മാരെയും നേതാക്കന്മാരെയും ന്യായാധിപന്മാരെയും ഉദ്യോഗസ്ഥന്മാരെയും—വിളിച്ച് യോശുവ അവരോടു പറഞ്ഞു: “ഞാൻ വൃദ്ധനായിരിക്കുന്നു. 3നിങ്ങളുടെ ദൈവമായ യഹോവ ഈ രാഷ്ട്രങ്ങളോടൊക്കെയും നിങ്ങൾക്കുവേണ്ടി ചെയ്തിരിക്കുന്നതെല്ലാം നിങ്ങൾതന്നെ കണ്ടിരിക്കുന്നു. നിങ്ങളുടെ ദൈവമായ യഹോവതന്നെയല്ലോ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്തത്. 4യോർദാൻമുതൽ പടിഞ്ഞാറ് മെഡിറ്ററേനിയൻ സമുദ്രംവരെ ശേഷിച്ച എല്ലാ രാഷ്ട്രങ്ങളുടെയും—ഞാൻ ആക്രമിച്ചു കീഴടക്കിയ എല്ലാ രാഷ്ട്രങ്ങളുടെയും—ഭൂപ്രദേശം മുഴുവൻ നിങ്ങളുടെ ഗോത്രങ്ങൾക്ക് അവകാശമായി ഭാഗിച്ചുതന്നത് നിങ്ങൾ ഓർക്കുന്നുണ്ടല്ലോ. 5നിങ്ങളുടെ ദൈവമായ യഹോവതന്നെ അവരെ നിങ്ങൾക്കുവേണ്ടി നിങ്ങളുടെമുമ്പിൽനിന്ന് ഓടിച്ചുകളയും. അവരെ നീക്കിയതിനുശേഷം, നിങ്ങളുടെ ദൈവമായ യഹോവ വാഗ്ദാനംചെയ്തതുപോലെ നിങ്ങൾ അവരുടെ ദേശം കൈവശപ്പെടുത്തുകയും ചെയ്യും.

6“ആകയാൽ നല്ല കരുത്തുള്ളവരായിരിക്കുക. മോശയുടെ ന്യായപ്രമാണഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതൊക്കെയും, വലത്തോട്ടോ ഇടത്തോട്ടോ മാറാതെ, അനുസരിച്ചു നടക്കുന്നതിൽ ശ്രദ്ധവെക്കുക. 7നിങ്ങളുടെ ഇടയിൽ ശേഷിച്ചിരിക്കുന്ന ദേശവാസികളോട് ഇടകലരരുത്. അവരുടെ ദേവന്മാരുടെ പേരുകൾ പ്രസ്താവിക്കുകയോ ആ പേരു പറഞ്ഞ് ശപഥംചെയ്യുകയോ അരുത്. അവയെ സേവിക്കുകയോ നമസ്കരിക്കുകയോ അരുത്. 8നിങ്ങൾ ഇന്നുവരെ ചെയ്തതുപോലെ നിങ്ങളുടെ ദൈവമായ യഹോവയോടു പറ്റിച്ചേർന്നു നിൽക്കുക.

9“യഹോവ നിങ്ങളുടെമുമ്പിൽനിന്ന് വലുപ്പവും ബലവുമുള്ള ദേശവാസികളെ ഓടിച്ചുകളഞ്ഞു. നിങ്ങളോട് എതിർത്തുനിൽക്കാൻ ഇന്നുവരെ ഒരുത്തനും സാധിച്ചിട്ടില്ല. 10നിങ്ങളുടെ ദൈവമായ യഹോവ വാഗ്ദാനംചെയ്തതുപോലെ, താൻതന്നെ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്തതിനാൽ, നിങ്ങളിൽ ഒരുത്തൻ ആയിരംപേരെ ഓടിച്ചിരിക്കുന്നു. 11അതുകൊണ്ടു നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കുന്നതിൽ ഏറ്റവും ജാഗ്രത പാലിക്കുക.

12“എന്നാൽ നിങ്ങൾ പിന്തിരിഞ്ഞ് ദേശവാസികളിൽ ശേഷിച്ചവരോട് ഇടകലരുകയും അവരുമായി മിശ്രവിവാഹബന്ധത്തിലും മറ്റു ബന്ധങ്ങളിലും ഏർപ്പെടുകയും ചെയ്താൽ, 13മേലാൽ നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെമുമ്പിൽനിന്ന് നീക്കിക്കളയുകയില്ലെന്നും, പകരം നിങ്ങളുടെ ദൈവമായ യഹോവ നൽകിയ ഈ നല്ല ദേശത്തു കിടന്നു നിങ്ങൾ നശിക്കുന്നതുവരെ, അവർ നിങ്ങൾക്കു കുരുക്കും കെണിയും മുതുകത്തു ചമ്മട്ടിയും കണ്ണിൽ മുള്ളും ആയിരിക്കുമെന്നും അറിഞ്ഞുകൊൾക.

14“ഇതാ, ഞാൻ സർവഭൂവാസികളും പോകേണ്ട ആ വഴിയേ പോകാറായിരിക്കുന്നു. നിങ്ങളുടെ ദൈവമായ യഹോവ നൽകിയ നല്ല വാഗ്ദാനങ്ങളിൽ ഒന്നുപോലും പരാജയപ്പെട്ടിട്ടില്ല എന്നു നിങ്ങൾക്കു പൂർണമായും അറിയാമല്ലോ. സകലവാഗ്ദാനവും നിറവേറി; ഒന്നിനും വീഴ്ചവന്നിട്ടില്ല. 15എന്നാൽ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകിയ എല്ലാ നല്ല വാഗ്ദാനങ്ങളും നിറവേറിയതുപോലെതന്നെ, യഹോവ കൽപ്പിച്ചതുപോലെ ഈ നല്ല ദേശത്തുനിന്നു നിങ്ങളെ നശിപ്പിക്കുന്നതിന് എല്ലാ തിന്മകളും നിങ്ങളുടെമേൽ വരുത്തുന്നതിനും യഹോവയ്ക്കു കഴിയും. 16നിങ്ങളുടെ ദൈവമായ യഹോവയുടെ ഉടമ്പടി നിങ്ങൾ ലംഘിക്കുകയോ അന്യദൈവങ്ങളുടെ അടുക്കൽപോയി അവയെ സേവിക്കുകയോ നമസ്കരിക്കുകയോ ചെയ്താൽ യഹോവയുടെ കോപം നിങ്ങളുടെമേൽ ജ്വലിക്കുകയും, അവിടന്ന് നിങ്ങൾക്കു നൽകിയിട്ടുള്ള ഈ നല്ല ദേശത്തുനിന്നു നിങ്ങൾ വേഗം നശിച്ചുപോകുകയും ചെയ്യും.”

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.