‏ Joshua 11

വടക്കൻരാജാക്കന്മാർ പരാജയപ്പെടുന്നു

1ഹാസോർരാജാവായ യാബീൻ ഇതു കേട്ടപ്പോൾ മാദോൻരാജാവായ യോബാബിനെയും, ശിമ്രോനിലെയും അക്ശാഫിലെയും രാജാക്കന്മാരെയും, 2വടക്ക് മലമ്പ്രദേശത്തുള്ള എല്ലാ രാജാക്കന്മാരെയും, കിന്നെരെത്തിനു
അതായത്, ഗലീലയ്ക്കു
തെക്കുള്ള അരാബാ, പടിഞ്ഞാറുള്ള കുന്നിൻപ്രദേശങ്ങൾ, പടിഞ്ഞാറ് നാഫത്ത്-ദോർമേടുകൾ എന്നിവിടങ്ങളിലെ രാജാക്കന്മാരെയും,
3കിഴക്കും പടിഞ്ഞാറുമുള്ള കനാന്യർ, പർവതപ്രദേശത്തുള്ള അമോര്യർ, ഹിത്യർ, പെരിസ്യർ, യെബൂസ്യർ, മിസ്പാദേശത്തു ഹെർമോന്റെ അടിവാരത്തുള്ള ഹിവ്യർ എന്നിവരെയും വിവരമറിയിച്ചു. 4അവരുടെ മുഴുവൻ സൈന്യവും അനവധി കുതിരകളും രഥങ്ങളും അടങ്ങിയ കടൽപ്പുറത്തെ മണൽപോലെ എണ്ണമില്ലാത്ത ഒരു വലിയ സൈന്യം യുദ്ധത്തിനു പുറപ്പെട്ടു. 5ഈ രാജാക്കന്മാർ എല്ലാവരും അവരുടെ സൈന്യവും ഒന്നിച്ചുകൂടി ഇസ്രായേലിനോടു യുദ്ധംചെയ്യാൻ മേരോംതടാകത്തിനരികെ വന്നു പാളയമടിച്ചു.

6യഹോവ യോശുവയോട്, “അവരെ ഭയപ്പെടേണ്ടതില്ല, നാളെ ഈ സമയമാകുമ്പോഴേക്കും അവരെ മുഴുവനും ഇസ്രായേലിനു ഞാൻ ഏൽപ്പിച്ചുതരും. അവർ നിങ്ങളുടെമുമ്പിൽ മരിച്ചുവീഴും. നീ അവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി, രഥങ്ങൾ ചുട്ടുകളയണം” എന്നു കൽപ്പിച്ചു.

7അങ്ങനെ യോശുവയും അദ്ദേഹത്തിന്റെ മുഴുവൻ സൈന്യവും ഉടൻതന്നെ പുറപ്പെട്ട് മേരോംതടാകത്തിനരികെ വന്ന് അവരെ ആക്രമിച്ചു. 8യഹോവ അവരെ ഇസ്രായേലിന്റെ കൈയിൽ ഏൽപ്പിച്ചു. അവർ അവരെ തോൽപ്പിച്ചു; മഹാനഗരമായ സീദോൻവരെയും മിസ്രെഫോത്ത്-മയീംവരെയും കിഴക്ക് മിസ്പാതാഴ്വരവരെയും അവരെ പിൻതുടർന്നു. ആരുംതന്നെ അവശേഷിച്ചില്ല. 9യഹോവയുടെ കൽപ്പനപോലെ യോശുവ അവരോടു ചെയ്തു; അവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി; രഥങ്ങൾ ചുട്ടുകളഞ്ഞു.

10ആ സമയം യോശുവ പുറകോട്ടുതിരിഞ്ഞ് ഹാസോർ പിടിച്ചു; അതിന്റെ രാജാവിനെ വാളിനിരയാക്കി. (ഹാസോർ ഈ രാജ്യങ്ങളുടെയെല്ലാം കേന്ദ്രസ്ഥാനമായിരുന്നു.) 11അതിലുണ്ടായിരുന്ന എല്ലാവരെയും വാളിനിരയാക്കി, ജീവനോടെ ആരെയും ശേഷിപ്പിക്കാതെ ഉന്മൂലനാശംവരുത്തി. ഹാസോർ ചുട്ടുകളയുകയും ചെയ്തു.

12യോശുവ ഈ രാജകീയ പട്ടണങ്ങളെയും അവയുടെ രാജാക്കന്മാരെയും പിടിച്ച് വാളിനിരയാക്കി. യഹോവയുടെ ദാസനായ മോശ കൽപ്പിച്ചതുപോലെ അവരെ ഉന്മൂലനാശംവരുത്തി. 13എന്നാൽ കുന്നുകളിൽ നിർമിക്കപ്പെട്ടിരുന്ന ഒരു പട്ടണവും ഇസ്രായേൽ ചുട്ടുകളഞ്ഞില്ല; ഹാസോർമാത്രമേ യോശുവ ചുട്ടുകളഞ്ഞുള്ളൂ. 14ഈ പട്ടണങ്ങളിലെ കൊള്ളയൊക്കെയും കന്നുകാലികളെയും ഇസ്രായേല്യർ തങ്ങൾക്കായി എടുത്തുകൊണ്ടുപോയി. അവരെ ഉന്മൂലനാശം ചെയ്യുന്നതുവരെ സകലജനത്തെയും അവർ വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു. ആരെയും ജീവനോടെ ശേഷിപ്പിച്ചില്ല. 15യഹോവ തന്റെ ദാസനായ മോശയോടു കൽപ്പിച്ചതുപോലെ മോശ യോശുവയോടു കൽപ്പിച്ചിരുന്നു; യോശുവ അങ്ങനെതന്നെ ചെയ്തു. യഹോവ മോശയോടു കൽപ്പിച്ചതിൽ ഒന്നും അദ്ദേഹം ചെയ്യാതിരുന്നില്ല.

16ഇങ്ങനെ മലനാടും തെക്കേദേശം മുഴുവനും ഗോശെൻമേഖല മുഴുവനും പടിഞ്ഞാറുള്ള കുന്നിൻപ്രദേശങ്ങൾ, അരാബ, ഇസ്രായേലിലെ പർവതപ്രദേശം, അതിന്റെ കുന്നിൻപ്രദേശങ്ങൾ, 17സേയീരിലേക്കുയർന്നുകിടക്കുന്ന ഹാലാക്കുപർവതംമുതൽ ഹെർമോൻപർവതത്തിന്റെ അടിവാരത്തുള്ള ലെബാനോൻതാഴ്വരയിലെ ബാൽ-ഗാദ് വരെയുള്ള പ്രദേശം എന്നിവയെല്ലാം യോശുവ പിടിച്ചടക്കി. അവിടങ്ങളിലെ രാജാക്കന്മാരെയും അവർ വധിച്ചു. 18ഈ രാജാക്കന്മാരോടെല്ലാം യോശുവ ദീർഘകാലം യുദ്ധംചെയ്തിരുന്നു. 19ഗിബെയോൻനിവാസികളായ ഹിവ്യർ ഒഴികെ ഒരു പട്ടണവും ഇസ്രായേലുമായി സമാധാനയുടമ്പടി ചെയ്തിരുന്നില്ല. ശേഷമുള്ളവരെയെല്ലാം അവർ യുദ്ധത്തിൽ പിടിച്ചടക്കി. 20യഹോവയായിരുന്നു ഇസ്രായേലിനോടു യുദ്ധംചെയ്യാൻ അവരുടെ ഹൃദയം കഠിനമാക്കിയത്. യഹോവ മോശയോടു കൽപ്പിച്ചതുപോലെ കരുണകൂടാതെ അവരെ കൊന്നൊടുക്കി ഉന്മൂലനാശംവരുത്തുന്നതിനു വേണ്ടിയായിരുന്നു ഇത്.

21അക്കാലത്ത് യോശുവ ചെന്ന് മലനാടായ ഹെബ്രോൻ, ദെബീർ, അനാബ്, യെഹൂദാമലനാട്, ഇസ്രായേല്യമലനാട് എന്നിവിടങ്ങളിലൊക്കെയും ഉണ്ടായിരുന്ന അനാക്യരെ സംഹരിച്ചു. യോശുവ അവർക്കും അവരുടെ പട്ടണങ്ങൾക്കും ഉന്മൂലനാശംവരുത്തി. 22ഗസ്സായിലും ഗത്തിലും അശ്ദോദിലുമല്ലാതെ ഇസ്രായേൽപ്രദേശത്തെങ്ങും അനാക്യർ ആരുംതന്നെ ശേഷിച്ചില്ല.

23യഹോവ മോശയോടു കൽപ്പിച്ചതിൻപ്രകാരമുള്ള ഭൂപ്രദേശമൊക്കെയും യോശുവ പിടിച്ചു. യോശുവ ആ ദേശംമുഴുവനും ഇസ്രായേലിനു ഗോത്രവിഭാഗപ്രകാരം അവകാശമായി കൊടുത്തു. ഇങ്ങനെ ദേശത്തു യുദ്ധം തീരുകയും സമാധാനം കൈവരികയും ചെയ്തു.

Copyright information for MalMCV