‏ Jonah 4

ദൈവത്തിന്റെ കരുണയിൽ യോനാ കോപിക്കുന്നു

1എന്നാൽ യോനാ ഇതിൽ അത്യധികം നീരസപ്പെട്ടു, അദ്ദേഹത്തിനു കോപം ജ്വലിച്ചു. 2അദ്ദേഹം യഹോവയോട് ഇങ്ങനെ പ്രാർഥിച്ചു: “അയ്യോ! യഹോവേ, അവിടന്ന് ഇങ്ങനെ ചെയ്യും എന്നുതന്നെയല്ലേ ഞാൻ എന്റെ ദേശത്ത് ആയിരുന്നപ്പോൾ പറഞ്ഞത്? അക്കാരണത്താലായിരുന്നു ഞാൻ തർശീശിലേക്കു ധൃതിയിൽ ഓടിപ്പോയത്; അവിടന്നു കൃപാലുവും കരുണാമയനും ക്ഷമാശീലനും മഹാദയാലുവും ആയ ദൈവമെന്നും നാശംവരുത്താതെ പിന്തിരിയുമെന്നും എനിക്കറിയാമായിരുന്നു. 3അതുകൊണ്ട് യഹോവേ, ഇപ്പോൾ എന്റെ ജീവനെ എന്നിൽനിന്ന് എടുത്തുകൊണ്ടാലും, ജീവനോടിരിക്കുന്നതിനെക്കാൾ മരിക്കുന്നതാണ് എനിക്കു നല്ലത്.”

4അപ്പോൾ യഹോവ: “നീ കോപിക്കുന്നതു ശരിയോ?” എന്നു ചോദിച്ചു.

5തുടർന്ന് യോനാ നഗരത്തിനു പുറത്തേക്കുപോയി അതിന്റെ കിഴക്കുഭാഗത്ത് ഇരുന്നു. അവിടെ അദ്ദേഹം ഒരു കുടിൽ ഉണ്ടാക്കി, നഗരത്തിന് എന്തു സംഭവിക്കും എന്നു കാണുന്നതിന് ആ കുടിലിന്റെ തണലിൽ കാത്തിരുന്നു. 6യോനായുടെ സങ്കടത്തിൽ ആശ്വാസമായി, അവന്റെ തലയ്ക്ക് ഒരു തണലായിരിക്കേണ്ടതിന്, യഹോവയായ ദൈവം ഒരു ചെടി
ഈ ചെടി ഏതെന്നു കൃത്യമായി പറയുക സാധ്യമല്ല.
കൽപ്പിച്ചുണ്ടാക്കി. അത് അദ്ദേഹത്തിനുമീതേ വളർന്നുയർന്നു. ആ ചെടി കണ്ട് യോനാ അതീവ സന്തുഷ്ടനായി.
7എന്നാൽ അടുത്ത പ്രഭാതത്തിൽ ദൈവം ഒരു പുഴുവിനെ നിയോഗിച്ചു. അത് ചെടിയുടെ തണ്ട് തുരന്നു; ചെടി വാടിപ്പോയി. 8സൂര്യൻ ഉദിച്ചപ്പോൾ, ദൈവം അത്യുഷ്ണമുള്ള ഒരു കിഴക്കൻകാറ്റ് അയച്ചു; യോനായുടെ തലയിൽ വെയിലേറ്റു; അയാൾ ക്ഷീണിച്ചുതളർന്നപ്പോൾ മരിക്കാൻ ആഗ്രഹിച്ചുകൊണ്ട്: “ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നതാണ് എനിക്കു നല്ലത്” എന്നു പറഞ്ഞു.

9ദൈവം യോനായോടു ചോദിച്ചു: “ആ ചെടിനിമിത്തം നീ കോപിക്കുന്നത് ശരിയോ?”

അപ്പോൾ, “ശരിയാണ്, എനിക്ക് സ്വയം മരിച്ചുകളയാൻതക്ക കോപമുണ്ട്” അദ്ദേഹം മറുപടി പറഞ്ഞു.

10അപ്പോൾ യഹോവ ചോദിച്ചു: “നീ അധ്വാനിക്കുകയോ വളർത്തുകയോ ചെയ്യാതെ, ഒരു രാത്രികൊണ്ട് ഉണ്ടായിവരുകയും ഒരു രാത്രികൊണ്ട് നശിച്ചുപോകുകയും ചെയ്ത ആ ചെടിയെക്കുറിച്ച് പരിതപിക്കുന്നു. 11അങ്ങനെയെങ്കിൽ, വലംകൈയും ഇടംകൈയും ഏതെന്നുപോലും തിരിച്ചറിവില്ലാത്ത ഒരുലക്ഷത്തി ഇരുപതിനായിരത്തിൽപ്പരം മനുഷ്യരും അനേകം മൃഗങ്ങളും ഉള്ള മഹാനഗരമായ നിനവേയോട് എനിക്ക് സഹതാപം തോന്നിക്കൂടേ?”

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.