John 17
യേശു തേജസ്കരണത്തിനായി പ്രാർഥിക്കുന്നു
1ഇങ്ങനെ, ശിഷ്യന്മാരുമായുള്ള സംഭാഷണം അവസാനിപ്പിച്ചശേഷം യേശു സ്വർഗത്തിലേക്കു കണ്ണുകൾ ഉയർത്തിക്കൊണ്ട് ഇപ്രകാരം പ്രാർഥിച്ചു:“പിതാവേ, സമയം ഇതാ വന്നിരിക്കുന്നു. അങ്ങയുടെ പുത്രൻ അങ്ങയെ മഹത്ത്വപ്പെടുത്തേണ്ടതിന് അങ്ങ് പുത്രനെ മഹത്ത്വപ്പെടുത്തണമേ. 2അങ്ങ് അവനെ ഏൽപ്പിച്ചിട്ടുള്ള എല്ലാവർക്കും നിത്യജീവൻ നൽകേണ്ടതിന് സകലമനുഷ്യരുടെമേലും അവന് അധികാരം നൽകിയിരിക്കുന്നല്ലോ. 3ഏകസത്യദൈവമായ അങ്ങയെയും അങ്ങ് അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതുതന്നെ നിത്യജീവൻ. 4അവിടന്ന് എനിക്കു ചെയ്യാൻ തന്ന പ്രവൃത്തി പൂർത്തീകരിച്ചുകൊണ്ട് ഞാൻ ഭൂമിയിൽ അങ്ങയെ മഹത്ത്വപ്പെടുത്തിയിരിക്കുന്നു. 5ഇപ്പോൾ, പിതാവേ, ലോകാരംഭത്തിനുമുമ്പേ അങ്ങയോടൊപ്പം എനിക്കുണ്ടായിരുന്ന മഹത്ത്വത്താൽ അവിടത്തെ സന്നിധിയിൽ എന്നെ മഹത്ത്വപ്പെടുത്തണമേ.
യേശു ശിഷ്യന്മാർക്കുവേണ്ടി പ്രാർഥിക്കുന്നു
6“ലോകത്തിൽനിന്ന് അവിടന്ന് എനിക്കു നൽകിയിട്ടുള്ളവർക്കു ഞാൻ അവിടത്തെ നാമം വെളിപ്പെടുത്തി. അവർ അങ്ങയുടെ സ്വന്തമായിരുന്നു. അവരെ അങ്ങ് എനിക്കു തന്നു; അവർ അങ്ങയുടെ വചനം അനുസരിച്ചുമിരിക്കുന്നു. 7അങ്ങ് എനിക്കു നൽകിയിട്ടുള്ളതെല്ലാം അങ്ങയുടെ അടുക്കൽനിന്ന് വന്നിട്ടുള്ളതാണെന്ന് അവർക്കിപ്പോൾ അറിയാം. 8അവിടന്ന് എന്നെ ഏൽപ്പിച്ച വചനം ഞാൻ അവർക്കു കൊടുത്തു. അവർ അതു സ്വീകരിക്കുകയും ഞാൻ അങ്ങയുടെ പക്കൽനിന്നു വന്നു എന്നു സത്യമായും ഗ്രഹിക്കുകയും അവിടന്ന് എന്നെ അയച്ചെന്നു വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. 9ഞാൻ അവർക്കുവേണ്ടി പ്രാർഥിക്കുന്നു; ലോകത്തിനുവേണ്ടിയല്ല, അങ്ങ് എന്നെ ഏൽപ്പിച്ചിട്ടുള്ളവർ അങ്ങേക്കുള്ളവരാകുകയാൽ അവർക്കുവേണ്ടിയാണ് ഞാൻ ഇപ്പോൾ പ്രാർഥിക്കുന്നത്. 10എനിക്കുള്ളതെല്ലാം അങ്ങയുടേതും അങ്ങേക്കുള്ളതെല്ലാം എന്റേതുമാകുന്നു; അവരിലൂടെ എനിക്കു മഹത്ത്വം കൈവന്നിരിക്കുന്നു. 11ഇനി ഞാൻ ലോകത്തിൽ ഉണ്ടായിരിക്കുകയില്ല; അവരോ ലോകത്തിൽ ഉണ്ടായിരിക്കും. ഞാൻ അങ്ങയുടെ അടുത്തേക്കു വരുന്നു. അതിനാൽ പരിശുദ്ധപിതാവേ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്, തിരുനാമശക്തിയാൽ—അവിടന്ന് എനിക്കു തന്നിരിക്കുന്ന അതേ നാമത്തിന്റെ ശക്തിയാൽത്തന്നെ—അവരെ കാത്തുരക്ഷിക്കണമേ. 12അവരോടുകൂടെ ആയിരുന്നപ്പോൾ അവിടന്ന് എനിക്കു നൽകിയ നാമത്താൽ ഞാൻ അവരെ സംരക്ഷിക്കുകയും ഭദ്രമായി സൂക്ഷിക്കുകയും ചെയ്തു. തിരുവെഴുത്തു നിറവേറേണ്ടതിന്, ആ വിനാശപുത്രനല്ലാതെ ▼▼സങ്കീ. 41:9 കാണുക.
ആരും നഷ്ടപ്പെട്ടുപോയിട്ടില്ല. 13“ഇപ്പോൾ ഞാൻ അങ്ങയുടെ അടുത്തേക്കു വരുന്നു; എന്റെ ആനന്ദം അവരുടെ ഉള്ളിൽ പരിപൂർണമാകേണ്ടതിന്, ഞാൻ ലോകത്തിൽ ഇരിക്കുമ്പോൾത്തന്നെ ഇതു സംസാരിച്ചിരിക്കുന്നു. 14അവിടത്തെ വചനം ഞാൻ അവർക്കു കൊടുത്തു; ഞാൻ ഈ ലോകത്തിന്റെ സ്വന്തം അല്ലാത്തതുപോലെതന്നെ അവരും ഈ ലോകത്തിന്റെ സ്വന്തം അല്ല. അതിനാൽ ഈ ലോകം അവരെ വെറുക്കുന്നു. 15അവിടന്ന് അവരെ ലോകത്തിൽനിന്ന് എടുക്കണം എന്നല്ല, പിന്നെയോ പിശാചിൽനിന്ന് സംരക്ഷിച്ചുകൊള്ളണം എന്നാണ് എന്റെ പ്രാർഥന. 16ഞാൻ ഈ ലോകത്തിൽനിന്നുള്ളവൻ അല്ലാത്തതുപോലെതന്നെ അവരും ഈ ലോകത്തിൽനിന്നുള്ളവരല്ല. 17സത്യത്താൽ അവരെ വിശുദ്ധീകരിക്കണമേ; അവിടത്തെ വചനം സത്യംതന്നെ. 18അവിടന്ന് എന്നെ ലോകത്തിലേക്ക് അയച്ചതുപോലെ ഞാനും അവരെ ലോകത്തിലേക്ക് അയച്ചിരിക്കുന്നു. 19അവരും വാസ്തവമായി വിശുദ്ധീകരിക്കപ്പെടേണ്ടതിന് അവർക്കുവേണ്ടി ഞാൻ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു.
യേശു എല്ലാവിശ്വാസികൾക്കുംവേണ്ടി പ്രാർഥിക്കുന്നു
20“അവർക്കുവേണ്ടിമാത്രമല്ല, അവർ അറിയിക്കുന്ന വചനത്താൽ എന്നിൽ വിശ്വാസമർപ്പിക്കാനിരിക്കുന്ന എല്ലാവർക്കുവേണ്ടിയുംകൂടിയാണ് ഞാൻ പ്രാർഥിക്കുന്നത്. 21പിതാവേ, അങ്ങ് എന്നിലും ഞാൻ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മിൽ ഒന്നായിത്തീർന്നിട്ട്, അങ്ങാണ് എന്നെ അയച്ചിരിക്കുന്നതെന്ന് ലോകം വിശ്വസിക്കാനിടയാകേണം എന്നാണ് ഞാൻ പ്രാർഥിക്കുന്നത്. 22അവർ നമ്മെപ്പോലെ ഒന്നായിരിക്കേണ്ടതിന് അവിടന്ന് തന്ന മഹത്ത്വം ഞാൻ അവർക്കു കൊടുത്തിരിക്കുന്നു. 23ഞാൻ അവരിലും അങ്ങ് എന്നിലും ആകുന്നു. അവരെ പൂർണ ഐക്യത്തിലേക്കു നയിക്കണമേ. അപ്പോൾ അങ്ങ് എന്നെ അയച്ചിരിക്കുന്നു എന്നും, എന്നെ സ്നേഹിച്ചതുപോലെ അങ്ങ് അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിയും.24“പിതാവേ, അവിടന്ന് എനിക്കു നൽകിയിട്ടുള്ളവർ എന്നോടുകൂടെ, ഞാൻ ആയിരിക്കുന്നേടത്ത് ഉണ്ടായിരിക്കണമെന്നും അവർ എന്റെ മഹത്ത്വം—ലോകസൃഷ്ടിക്കുമുമ്പേ അങ്ങ് എന്നെ സ്നേഹിച്ചിരുന്നതിനാൽ അവിടന്ന് എനിക്കു നൽകിയ അതേ മഹത്ത്വംതന്നെ—കാണണമെന്നും ഞാൻ ആഗ്രഹിക്കുന്നു.
25“നീതിമാനായ പിതാവേ, ലോകം അങ്ങയെ അറിയുന്നില്ല; എന്നാൽ ഞാൻ അങ്ങയെ അറിയുന്നു; അങ്ങ് എന്നെ അയച്ചിരിക്കുന്നെന്ന് ഇവരും അറിയുന്നു. 26അങ്ങേക്ക് എന്നോടുള്ള സ്നേഹം അവരിൽ ആകാനും ഞാൻ അവരിൽ ആകാനും ▼
▼പിതാവ് പുത്രനെ സ്നേഹിച്ചതുപോലുള്ള സ്നേഹമാണ് വിശ്വാസികൾ മറ്റുള്ളവരെ സ്നേഹിക്കുന്നതിനുള്ള മാനണ്ഡം. അപ്പോൾ കർത്താവായ യേശുവിനെ മറ്റുള്ളവർക്കു മനസ്സിലാക്കാൻ കഴിയും എന്നു വിവക്ഷ.
ഞാൻ അങ്ങയുടെ നാമം അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു, ഇനിയും വെളിപ്പെടുത്തും.”
Copyright information for
MalMCV