John 18
യേശുവിനെ ബന്ധനസ്ഥനാക്കുന്നു
1പ്രാർഥനയ്ക്കുശേഷം യേശു അവിടംവിട്ടു ശിഷ്യന്മാരുമായി കെദ്രോൻ താഴ്വരയുടെ മറുവശത്തേക്കുപോയി. അവിടെ ഒരു ഒലിവുതോട്ടം ഉണ്ടായിരുന്നു. യേശു ശിഷ്യന്മാരുമൊത്ത് അതിൽ പ്രവേശിച്ചു.2യേശുവും ശിഷ്യന്മാരും പലപ്പോഴും അവിടെ ഒരുമിച്ചുകൂടിയിരുന്നതിനാൽ അദ്ദേഹത്തെ ഒറ്റിക്കൊടുക്കുന്ന യൂദാ ആ സ്ഥലം അറിഞ്ഞിരുന്നു. 3യൂദാ ഒരുസംഘം സൈനികരെയും പുരോഹിതമുഖ്യന്മാരും പരീശന്മാരും അയച്ച ഉദ്യോഗസ്ഥന്മാരെയും കൂട്ടിക്കൊണ്ടു തോട്ടത്തിലെത്തി. അവർ തീപ്പന്തങ്ങളും റാന്തലുകളും ആയുധങ്ങളും വഹിച്ചിരുന്നു.
4തനിക്കു നേരിടാനുള്ളതെല്ലാം അറിഞ്ഞിട്ട് യേശു പുറത്തുചെന്ന്, “നിങ്ങൾ ആരെയാണ് അന്വേഷിക്കുന്നത്?” എന്ന് അവരോടു ചോദിച്ചു.
5“നസറായനായ യേശുവിനെ,” അവർ പറഞ്ഞു.
“അത് ഞാൻ ആകുന്നു,” എന്ന് യേശു പറഞ്ഞു. അദ്ദേഹത്തെ ഒറ്റിക്കൊടുത്ത യൂദാ അവരോടുകൂടെ നിന്നിരുന്നു. 6“അത് ഞാൻ ആകുന്നു,” എന്ന് യേശു പറഞ്ഞപ്പോൾ അവർ പിറകോട്ടു മാറി നിലത്തുവീണു.
7“ആരെയാണ് നിങ്ങൾ അന്വേഷിക്കുന്നത്?” യേശു വീണ്ടും ചോദിച്ചു.
“നസറായനായ യേശുവിനെ,” അവർ പറഞ്ഞു.
8“ഞാൻ ആകുന്നു അതെന്നു നിങ്ങളോടു പറഞ്ഞല്ലോ! നിങ്ങൾ എന്നെയാണ് അന്വേഷിക്കുന്നതെങ്കിൽ ഇവർ പൊയ്ക്കൊള്ളട്ടെ,” എന്ന് യേശു പറഞ്ഞു. 9“അങ്ങ് എനിക്കു തന്നവരിൽ ആരും നഷ്ടപ്പെട്ടിട്ടില്ല,” a എന്ന് യേശു പറഞ്ഞിരുന്ന വാക്കുകൾ നിറവേറാൻ ഇതു സംഭവിച്ചു.
10അപ്പോൾ ശിമോൻ പത്രോസ്, കൈവശമുണ്ടായിരുന്ന വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി, അയാളുടെ വലതുകാത് ഛേദിച്ചുകളഞ്ഞു. ആ ദാസന്റെ പേര് മൽക്കൊസ് എന്നായിരുന്നു.
11“നിന്റെ വാൾ ഉറയിലിടുക,” യേശു പത്രോസിനോട് ആജ്ഞാപിച്ചു. “പിതാവ് എനിക്കു തന്ന പാനപാത്രം ▼
▼അതായത്, കഷ്ടതയാകുന്ന പാനപാത്രം
ഞാൻ കുടിക്കേണ്ടതല്ലേ?” എന്ന് യേശു ചോദിച്ചു. 12അതിനുശേഷം സൈന്യാധിപനും സൈന്യത്തിന്റെ ഒരുവിഭാഗവും യെഹൂദയുദ്യോഗസ്ഥന്മാരുംകൂടി യേശുവിനെ പിടിച്ചു. 13അവർ യേശുവിനെ ബന്ധിച്ച് ആദ്യം ഹന്നാവിന്റെ അടുത്തു കൊണ്ടുപോയി. അയാൾ ആ വർഷത്തെ മഹാപുരോഹിതനായിരുന്ന കയ്യഫാവിന്റെ ഭാര്യാപിതാവ് ആയിരുന്നു. 14ഈ കയ്യഫാവ് ആയിരുന്നു “ജനങ്ങൾക്കുവേണ്ടി ഒരു മനുഷ്യൻ മരിക്കുന്നത് ഉചിതം,” എന്ന് യെഹൂദനേതാക്കന്മാർക്ക് ഉപദേശം നൽകിയത്.
പത്രോസ് യേശുവിനെ തള്ളിപ്പറയുന്നു
15ശിമോൻ പത്രോസും മറ്റൊരു ശിഷ്യനും യേശുവിനെ അനുഗമിക്കുന്നുണ്ടായിരുന്നു. ഈ ശിഷ്യൻ മഹാപുരോഹിതനു പരിചയമുള്ളവൻ ആയിരുന്നതുകൊണ്ട് യേശുവിനോടുകൂടെ മഹാപുരോഹിതന്റെ അരമനാങ്കണത്തിൽ പ്രവേശിക്കാൻ കഴിഞ്ഞു. 16എന്നാൽ, പത്രോസിന് വാതിലിനു പുറത്തുതന്നെ നിൽക്കേണ്ടിവന്നു. മഹാപുരോഹിതനു പരിചയമുള്ള മറ്റേ ശിഷ്യൻ തിരികെവന്നു വാതിൽ കാവൽ ചെയ്തുകൊണ്ടിരുന്ന പെൺകുട്ടിയോടു സംസാരിച്ച് പത്രോസിനെയും ഉള്ളിൽ കൂട്ടിക്കൊണ്ടുവന്നു.17അപ്പോൾ ആ വാതിൽകാവൽക്കാരി പത്രോസിനോടു ചോദിച്ചു, “താങ്കൾ ഈ മനുഷ്യന്റെ ശിഷ്യന്മാരിൽ ഒരാൾ അല്ലേ?”
“ഞാൻ അല്ല,” അയാൾ മറുപടി പറഞ്ഞു.
18തണുപ്പുണ്ടായിരുന്നതുകൊണ്ട് ദാസന്മാരും ഉദ്യോഗസ്ഥന്മാരും കനൽകൂട്ടി തീകായുകയായിരുന്നു. പത്രോസും തീകാഞ്ഞുകൊണ്ട് അവരുടെകൂടെ നിന്നു.
മഹാപുരോഹിതൻ യേശുവിനെ ചോദ്യംചെയ്യുന്നു
19ഈ സമയത്ത് മഹാപുരോഹിതൻ യേശുവിന്റെ ശിഷ്യന്മാരെയും ഉപദേശത്തെയുംപറ്റി അദ്ദേഹത്തെ ചോദ്യംചെയ്തു.20“ഞാൻ ലോകത്തോടു പരസ്യമായിട്ടാണ് സംസാരിച്ചിട്ടുള്ളത്. എല്ലാ യെഹൂദരും ഒരുമിച്ചുകൂടുന്ന പള്ളികളിലും ദൈവാലയത്തിലും ഞാൻ എപ്പോഴും ഉപദേശിച്ചുപോന്നു; രഹസ്യമായി ഒന്നുംതന്നെ ഞാൻ പറഞ്ഞിട്ടില്ല. 21എന്നെ എന്തിനു ചോദ്യംചെയ്യുന്നു? എന്റെ വാക്കുകൾ കേട്ടിട്ടുള്ളവരോടു ചോദിക്കുക. ഞാൻ പറഞ്ഞിട്ടുള്ളത് അവർക്കറിയാം,” യേശു മറുപടി നൽകി.
22യേശു ഇതു പറഞ്ഞപ്പോൾ അടുത്തുണ്ടായിരുന്ന ഉദ്യോഗസ്ഥന്മാരിൽ ഒരാൾ അദ്ദേഹത്തിന്റെ മുഖത്തടിച്ചുകൊണ്ട്, “മഹാപുരോഹിതനോട് ഇങ്ങനെയോ ഉത്തരം പറയുന്നത്?” എന്നു ചോദിച്ചു.
23“ഞാൻ തെറ്റായിട്ടാണ് സംസാരിച്ചതെങ്കിൽ അതു തെളിയിക്കുക; ഞാൻ പറഞ്ഞതു സത്യമെങ്കിൽ പിന്നെ നിങ്ങൾ എന്നെ അടിച്ചതെന്തിന്?” എന്ന് യേശു ചോദിച്ചു. 24പിന്നീട് ഹന്നാവ് യേശുവിനെ ബന്ധിതനായിത്തന്നെ മഹാപുരോഹിതനായ കയ്യഫാവിന്റെ അടുത്തേക്ക് അയച്ചു.
പത്രോസ് വീണ്ടും തള്ളിപ്പറയുന്നു
25ശിമോൻ പത്രോസ് അപ്പോഴും തീകാഞ്ഞുകൊണ്ടു നിൽക്കുകയായിരുന്നു. അപ്പോൾ ചിലർ, “നിങ്ങൾ അയാളുടെ ശിഷ്യന്മാരിൽ ഒരുവനല്ലേ?” എന്നു ചിലർ അയാളോടു ചോദിച്ചു.“ഞാൻ അല്ല,” അയാൾ പിന്നെയും നിഷേധിച്ചു.
26മഹാപുരോഹിതന്റെ ദാസന്മാരിൽ ഒരാളും പത്രോസ് കാത് അറത്തവന്റെ ബന്ധുവുമായ ഒരാൾ പത്രോസിനോട്, “ഞാൻ നിങ്ങളെ അയാളുടെകൂടെ തോട്ടത്തിൽവെച്ചു കണ്ടല്ലോ?” എന്നു പറഞ്ഞു. 27പത്രോസ് പിന്നെയും അതു നിഷേധിച്ചു; അപ്പോൾത്തന്നെ കോഴി കൂവി.
യേശു പീലാത്തോസിന്റെ മുമ്പിൽ
28അതിരാവിലെതന്നെ യെഹൂദനേതാക്കന്മാർ യേശുവിനെ കയ്യഫാവിന്റെ അടുക്കൽനിന്ന് റോമൻ ഭരണാധികാരിയുടെ ആസ്ഥാനത്തേക്കു കൊണ്ടുപോയി. തങ്ങൾക്കു പെസഹ ഭക്ഷിക്കേണ്ടിയിരുന്നതിനാൽ ആചാരപരമായ അശുദ്ധി ഒഴിവാക്കാൻ അവർ അരമനയിലേക്കു കടന്നില്ല. 29അതിനാൽ പീലാത്തോസ് പുറത്തേക്കു വന്ന് അവരോട്, “ഈ മനുഷ്യന്റെമേൽ നിങ്ങൾ ആരോപിക്കുന്ന കുറ്റം എന്ത്?” എന്നു ചോദിച്ചു.30“കുറ്റവാളി അല്ലായിരുന്നെങ്കിൽ ഞങ്ങൾ ഇയാളെ അങ്ങയുടെപക്കൽ ഏൽപ്പിക്കുകയില്ലായിരുന്നു.” അവർ ഉത്തരം പറഞ്ഞു.
31അതിനു പീലാത്തോസ്, “നിങ്ങൾതന്നെ അയാളെ കൊണ്ടുപോയി നിങ്ങളുടെ ന്യായപ്രമാണം അനുസരിച്ചു ന്യായവിധിനടത്തുക” എന്നു പറഞ്ഞു.
“മരണശിക്ഷ നൽകാനുള്ള അധികാരം ഞങ്ങൾക്കില്ലല്ലോ!” അവർ പറഞ്ഞു. 32താൻ മരിക്കുന്നത് ഏതുവിധത്തിലായിരിക്കും എന്ന് യേശു മുൻകൂട്ടി അരുളിച്ചെയ്ത വാക്കുകൾ നിറവേറുന്നതിന് ഇതു സംഭവിച്ചു. ▼
▼യോഹ. 12:32-33 കാണുക.
33പീലാത്തോസ് അരമനയ്ക്കുള്ളിലേക്കു തിരികെപ്പോയി, യേശുവിനെ വിളിപ്പിച്ച് അദ്ദേഹത്തോട്, “നീയാണോ യെഹൂദരുടെ രാജാവ്?” എന്നു ചോദിച്ചു.
34“ഇത് താങ്കളുടെതന്നെ ചോദ്യമോ? അതോ മറ്റുള്ളവർ താങ്കളെക്കൊണ്ട് ചോദിപ്പിച്ചതോ?” യേശു മറുചോദ്യം ചോദിച്ചു.
35“ഞാൻ ഒരു യെഹൂദനോ?” പീലാത്തോസ് ചോദിച്ചു. “നിന്റെ ജനങ്ങളും പുരോഹിതമുഖ്യന്മാരുമാണ് നിന്നെ എന്റെപക്കൽ ഏൽപ്പിച്ചത്. നീ എന്തു കുറ്റമാണു ചെയ്തത്?”
36അതിനുത്തരമായി യേശു പറഞ്ഞു, “എന്റെ രാജ്യം ഈ ലോകത്തിൽനിന്നുള്ളതല്ല. എന്റെ രാജ്യം ഈ ലോകത്തിൽനിന്ന് ഉള്ളതായിരുന്നെങ്കിൽ യെഹൂദനേതാക്കന്മാർ എന്നെ പിടിക്കാതിരിക്കാൻ എന്റെ സൈന്യം പോരാടുമായിരുന്നു. എന്നാൽ ഇപ്പോൾ എന്റെ രാജ്യം ഈ ലോകത്തിൽനിന്നുള്ളതേ അല്ല.”
37“അപ്പോൾ നീ ഒരു രാജാവുതന്നെയോ?” പീലാത്തോസ് ചോദിച്ചു.
“ഞാൻ ഒരു ‘രാജാവ് ആകുന്നു’ എന്ന് താങ്കളാണു പറയുന്നത്. വാസ്തവത്തിൽ, സത്യത്തിനു സാക്ഷ്യംവഹിക്കാനാണു ഞാൻ ജനിച്ചതും ലോകത്തിലേക്കു വന്നതും. സത്യത്തിന്റെ പക്ഷത്തുള്ളവർ എന്റെ വാക്കു കേൾക്കുന്നു,” യേശു മറുപടി പറഞ്ഞു.
38“എന്താണ് സത്യം?” പീലാത്തോസ് ആരാഞ്ഞു. അതിനുശേഷം അദ്ദേഹം യെഹൂദനേതാക്കന്മാരുടെ അടുത്തുചെന്ന്, “അയാളിൽ കുറ്റംചുമത്താൻ ഞാൻ ഒരു അടിസ്ഥാനവും കാണുന്നില്ല. 39പെസഹാപ്പെരുന്നാളിൽ ഒരു തടവുകാരനെ സ്വതന്ത്രനാക്കി വിട്ടുതരുന്ന പതിവുണ്ടല്ലോ. ‘യെഹൂദരുടെ രാജാവിനെ’ ഞാൻ മോചിപ്പിച്ചുതരട്ടേ?” എന്നു ചോദിച്ചു.
40“വേണ്ടാ, ഇയാളെ വേണ്ടാ, ബറബ്ബാസിനെ ഞങ്ങൾക്കു മോചിച്ചു തരിക,” എന്ന് അവർ ഉച്ചത്തിൽ ആർത്തുവിളിച്ചു. ബറബ്ബാസ് ഒരു വിപ്ളവകാരി ആയിരുന്നു.
Copyright information for
MalMCV