‏ Job 8

ബിൽദാദ്

1ഇതിനെത്തുടർന്ന് ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞു:

2“ഇത്തരം കാര്യങ്ങൾ നീ എത്രകാലം പറഞ്ഞുകൊണ്ടിരിക്കും?
നിന്റെ വാക്കുകൾ അതിശക്തമായ കാറ്റുപോലെയാണല്ലോ.
3ദൈവം ന്യായം തകിടംമറിക്കുമോ?
സർവശക്തൻ നീതിയെ നിഷേധിക്കുമോ?
4അങ്ങയുടെ മക്കൾ അവിടത്തോട് പാപംചെയ്യുമ്പോൾ,
അവിടന്ന് അവരുടെ അകൃത്യത്തിന് തക്കതായ ശിക്ഷനൽകുന്നു.
5എന്നാൽ നീ ദൈവത്തോട് പ്രാർഥിക്കുകയും
സർവശക്തനോട് കേണപേക്ഷിക്കുകയും ചെയ്താൽ,
6നീ നിർമലനും പരമാർഥിയുമെങ്കിൽ,
തീർച്ചയായും അവിടന്നു നിനക്കുവേണ്ടി എഴുന്നേൽക്കും;
നിന്റെ പഴയ ഐശ്വര്യസമൃദ്ധിയിൽത്തന്നെ നിന്നെ പുനഃസ്ഥാപിക്കും.
7നിന്റെ ആരംഭം ലളിതമായി തോന്നാമെങ്കിലും,
നിന്റെ ഭാവി ഐശ്വര്യസമൃദ്ധം ആയിരിക്കും.

8“മുൻ തലമുറകളോടു ചോദിക്കുക;
അവരുടെ പൂർവികരുടെ അനുഭവജ്ഞാനം എന്തെല്ലാമെന്നു കണ്ടെത്തുക.
9ഇന്നലെ പിറന്നവരാണു നാം, നമുക്കൊന്നും അറിഞ്ഞുകൂടാ.
ഭൂമിയിൽ നമ്മുടെ ആയുസ്സ് ഒരു നിഴൽപോലെമാത്രമാണ്.
10അവർ നിന്നെ പഠിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുകയില്ലേ?
തങ്ങളുടെ അനുഭവജ്ഞാനം അവർ വെളിപ്പെടുത്തുകയില്ലേ?
11ചതുപ്പുനിലങ്ങളിൽ അല്ലാതെ ഞാങ്ങണ തഴച്ചുവളരുമോ?
വെള്ളമില്ലാതെ ഓടക്കാട് തഴയ്ക്കുമോ?
12അരിയാതെ പച്ചയായിരിക്കുമ്പോൾതന്നെ
പുല്ലു വാടുന്നതിലും വേഗത്തിൽ അവർ വാടിപ്പോകുന്നു.
13ദൈവത്തെ മറക്കുന്നവരുടെ അന്ത്യം അപ്രകാരമാണ്;
അങ്ങനെ അഭക്തരുടെ പ്രത്യാശ നശിച്ചുപോകും.
14അവരുടെ ആത്മവിശ്വാസം ക്ഷണഭംഗുരം.
ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല.

അവരുടെ ആശ്രയം ഒരു ചിലന്തിവലയിലാണ്.
15അതിന്റെ വലക്കണ്ണികളിൽ അവർ ചാരുന്നു, എന്നാൽ അതു വഴുതിമാറുന്നു;
അവർ അതിൽ മുറുകെപ്പിടിക്കുന്നു, എന്നാൽ അത് അവരെ താങ്ങുകയില്ല.
16അവർ സൂര്യപ്രകാശത്തിൽ നന്നായി നനച്ചു വളർത്തുന്ന ഒരു ചെടിപോലെയാണ്,
അതിന്റെ ശാഖകൾ ഉദ്യാനത്തിലാകെ പടർന്നു പന്തലിക്കുന്നു.
17അതിന്റെ വേരുകൾ കൽക്കൂനയിൽ ചുറ്റിപ്പിണഞ്ഞു വളരുന്നു;
അത് കല്ലുകൾക്കിടയിൽ സ്ഥലം അന്വേഷിക്കുന്നു.
18എങ്കിലും അതിന്റെ സ്ഥാനത്തുനിന്ന് അതിനെ പിഴുതെടുത്താൽ
‘ഞാൻ നിന്നെ ഒരിക്കലും കണ്ടിട്ടില്ല,’ എന്നു പറഞ്ഞ് ആ തോട്ടം അതിനെ പുറന്തള്ളും.
19ഇതാ, ആ ചെടി കരിഞ്ഞുണങ്ങുന്നു, നിശ്ചയം,
ആ മണ്ണിൽ മറ്റു ചെടികൾ മുളച്ചുവരികയും ചെയ്യും.

20“നിഷ്കളങ്കരെ ദൈവം ഒരിക്കലും ഉപേക്ഷിക്കുകയില്ല;
ദുഷ്കർമികളുടെ കൈകൾ അവിടന്നു ബലപ്പെടുത്തുകയുമില്ല.
21അവിടന്ന് ഇനിയും നിന്റെ വായിൽ ചിരിയും
നിന്റെ അധരങ്ങളിൽ ആനന്ദഘോഷവും നിറയ്ക്കും
22നിന്റെ ശത്രുക്കൾ ലജ്ജയാൽ മൂടിപ്പോകും;
ദുഷ്ടന്മാരുടെ കൂടാരം ഇല്ലാതെയാകും.”
Copyright information for MalMCV