Job 40
1യഹോവ പിന്നെയും ഇയ്യോബിനോട് ഇപ്രകാരം അരുളിച്ചെയ്തു:2“സർവശക്തനോട് എതിർക്കുന്നവർ അവിടത്തെ തെറ്റുകൾ തിരുത്തുമോ?
ദൈവത്തിൽ കുറ്റം ആരോപിക്കുന്നവർ ഇതിന് ഉത്തരം പറയട്ടെ.”
3അപ്പോൾ ഇയ്യോബ് യഹോവയോട് ഇപ്രകാരം മറുപടി പറഞ്ഞു:
4“കണ്ടാലും, ഞാൻ എത്ര അയോഗ്യൻ! ഞാൻ അങ്ങയോട് എങ്ങനെ ഉത്തരം പറയും?
ഞാൻ കൈകൊണ്ടു വായ് പൊത്തുകയാണ്.
5ഒരുപ്രാവശ്യം ഞാൻ സംസാരിച്ചു, എന്നാൽ ഇനി എനിക്ക് ഒരു മറുപടിയുമില്ല.
രണ്ടുപ്രാവശ്യം ഞാൻ മറുപടി പറഞ്ഞു; ഇനി ഞാൻ ഒന്നും മിണ്ടുകയില്ല.”
6അതിനുശേഷം യഹോവ ചുഴലിക്കാറ്റിൽനിന്ന് ഇയ്യോബിനോട് ഇങ്ങനെ ഉത്തരം പറഞ്ഞു:
7“ഇപ്പോൾ നീ ഒരു പുരുഷനെപ്പോലെ അര മുറുക്കിക്കൊൾക;
ഞാൻ നിന്നോടു ചോദിക്കും
നീ എനിക്ക് ഉത്തരം നൽകണം.
8“നീ എന്റെ ന്യായവിധിയെ റദ്ദാക്കുമോ?
നീ നിന്നെത്തന്നെ നീതീകരിക്കേണ്ടതിന് എന്നെ കുറ്റം വിധിക്കുമോ?
9അഥവാ, ദൈവത്തിന്റേതുപോലെയുള്ള ഒരു ഭുജം നിനക്കുണ്ടോ?
അവിടത്തേതുപോലെ നിന്റെ ശബ്ദം ഇടിനാദം മുഴക്കുമോ?
10മഹിമയും പ്രതാപവുംകൊണ്ടു നീ നിന്നെത്തന്നെ അലങ്കരിക്കുക,
ബഹുമാനവും ഗാംഭീര്യവും നീ ധരിച്ചുകൊൾക.
11നിന്റെ ക്രോധത്തിന്റെ ഘോരതയുടെ കെട്ടുകൾ അഴിയപ്പെടട്ടെ,
അഹങ്കാരികളായ എല്ലാവരുടെയുംമേൽ നീ നിന്റെ ദൃഷ്ടിവെച്ച് അവരെ താഴ്ത്തിയാലും.
12നിഗളികളായ ഓരോരുത്തരുടെമേലും നീ ദൃഷ്ടിവെച്ച് അവരെ നിസ്സാരരാക്കിയാലും.
ദുഷ്ടന്മാർ നിൽക്കുന്നിടത്തുതന്നെവെച്ച് അവരെ ചവിട്ടിമെതിച്ചാലും.
13അവരെ ഒന്നടങ്കം പൊടിയിലാഴ്ത്തിയാലും;
ശവക്കുഴികളിൽ അവരുടെ മുഖം മറവുചെയ്താലും.
14അപ്പോൾ നിന്റെ വലതുകരത്തിനു നിന്നെ രക്ഷിക്കാൻ കഴിയുമെന്നു
ഞാൻതന്നെ സമ്മതിച്ചുതരാം.
15“നിന്നെയെന്നപോലെ ഞാൻ നിർമിച്ച
നീർക്കുതിരയെ നോക്കുക.
അതു കാളയെപ്പോലെ പുല്ലുതിന്നുന്നു.
16അതിന്റെ ഇടുപ്പിന്റെ ശക്തി നോക്കുക,
ഉദരപേശികളിലാണ് അതിന്റെ ബലം.
17ദേവദാരുപോലെയുള്ള അതിന്റെ വാൽ ആട്ടുന്നു;
അതിന്റെ തുടകളിലെ ഞരമ്പുകൾ കൂടിപ്പിണഞ്ഞിരിക്കുന്നു.
18അതിന്റെ അസ്ഥികൾ വെങ്കലക്കുഴലുകളാണ്,
അതിന്റെ കൈകാലുകൾ ഇരുമ്പുദണ്ഡുകൾപോലെ.
19ദൈവത്തിന്റെ സൃഷ്ടികളിൽ മുഖ്യസ്ഥാനമാണ് അതിനുള്ളത്;
എങ്കിലും അതിന്റെ സ്രഷ്ടാവിന് ഒരു വാളുമായി അതിനെ സമീപിക്കാൻ കഴിയും.
20പർവതങ്ങൾ അതിന് ആഹാരമൊരുക്കുന്നു;
എല്ലാ കാട്ടുമൃഗങ്ങളും അതിനരികെ വിഹരിക്കുന്നു.
21താമരച്ചെടിയുടെ തണലിലും
ഞാങ്ങണയുടെ മറവിലെ ചതുപ്പുനിലത്തും അതു കിടക്കുന്നു.
22താമരച്ചെടികൾ അതിന്റെ തണലിൽ അതിനെ മറയ്ക്കുന്നു;
അരുവികളിലെ അലരിച്ചെടികൾ അതിനെ ചുറ്റിനിൽക്കുന്നു.
23നദി ഇരമ്പിക്കയറിവന്നാൽ അതു പേടിക്കുകയില്ല;
യോർദാൻനദി അതിന്റെ വായ്ക്കുനേരേ കുതിച്ചുയർന്നാലും അതു സുരക്ഷിതമായിരിക്കും!
24അത് ഉണർന്നിരിക്കുമ്പോൾ ആർക്കെങ്കിലും അതിനെ പിടികൂടാമോ?
അതിനു കെണിവെച്ച്, അതിന്റെ മൂക്കു തുളയ്ക്കാൻ ആർക്കു കഴിയും?
Copyright information for
MalMCV