‏ Job 4

എലീഫസ്

1അപ്പോൾ തേമാന്യനായ എലീഫാസ് ഇപ്രകാരം ഉത്തരം പറഞ്ഞു:

2“നിന്നോട് ആരെങ്കിലും ഒരു വാക്കു സംസാരിക്കാൻ തുനിഞ്ഞാൽ നീ അക്ഷമനാകുമോ?
എന്നാൽ ആർക്കു സംസാരിക്കാതിരിക്കാൻ കഴിയും?
3നീ ധാരാളംപേരെ ഉദ്ബോധിപ്പിച്ചിട്ടുണ്ട്;
ശക്തിക്ഷയിച്ച കൈകളെ നീ ബലപ്പെടുത്തിയിട്ടുള്ളതും ഓർക്കുക.
4ഇടറുന്നവരെ നിന്റെ വാക്കുകൾ ഉറപ്പിച്ചുനിർത്തി;
ദുർബലമായ കാൽമുട്ടുകൾക്കു നീ ബലം പകർന്നു.
5ഇപ്പോഴിതാ, ദുരന്തം നിന്നെ വേട്ടയാടിയിരിക്കുന്നു, നിന്റെ ധൈര്യം ചോർന്നുപോകുകയും ചെയ്തിരിക്കുന്നു;
അതു നിന്നെ ആഞ്ഞടിച്ചപ്പോൾ നീ പരിഭ്രാന്തനായിരിക്കുന്നു.
6നിന്റെ ദൈവഭക്തി നിനക്ക് ആത്മവിശ്വാസം നൽകുന്നില്ലേ?
നിന്റെ നിർമലമാർഗങ്ങളല്ലേ നിനക്കു പ്രത്യാശ നൽകുന്നത്?

7“ഓർത്തുനോക്കുക: നിഷ്കളങ്കരായ ആരെങ്കിലും നശിച്ചുപോയിട്ടുണ്ടോ?
പരമാർഥികൾ എപ്പോഴെങ്കിലും മുടിഞ്ഞുപോയിട്ടുണ്ടോ?
8എന്റെ നിരീക്ഷണത്തിൽ, അനീതി ഉഴുകയും
ദോഷം വിതയ്ക്കുകയും ചെയ്യുന്നവർ അതുതന്നെ കൊയ്തുകൂട്ടുന്നു.
9ദൈവത്തിന്റെ നിശ്വാസത്താൽ അവർ നശിക്കുന്നു;
അവിടത്തെ കോപാഗ്നിയിൽ അവർ വെന്തുവെണ്ണീറാകുന്നു.
10സിംഹം അലറുകയും മുരളുകയും ചെയ്തേക്കാം,
എന്നിട്ടും ഭീകരസിംഹങ്ങളുടെ ദംഷ്ട്രങ്ങൾ തകർക്കപ്പെടുന്നു.
11സിംഹം ഇര കിട്ടായ്കയാൽ നശിച്ചുപോകുകയും
സിംഹിയുടെ കുട്ടികൾ ചിതറിപ്പോകുകയും ചെയ്യുന്നു.

12“ഇപ്പോൾ ഒരു വാർത്ത രഹസ്യമായി എന്റെ ചെവിയിലെത്തി;
അതിന്റെ മന്ത്രണം എന്റെ കാതുകളിൽ പതിച്ചു.
13രാത്രിയിൽ അസ്വസ്ഥചിന്തകൾ ഉളവാക്കുന്ന സ്വപ്നങ്ങൾക്കിടയിൽ,
മനുഷ്യർ ഗാഢനിദ്രയിൽ ആണ്ടുപോകുന്ന നേരത്തുതന്നെ,
14ഭീതിയും നടുക്കവും എന്നെ പിടികൂടി;
എന്റെ അസ്ഥികളെയെല്ലാം അതു പിടിച്ചുകുലുക്കി.
15ഒരാത്മാവ് എന്റെ മുഖത്തുകൂടി തെന്നിമാറി;
എന്റെ ശരീരം രോമാഞ്ചമണിഞ്ഞു.
16അതു നിശ്ചലമായി നിന്നു;
എങ്കിലും ആ രൂപം എന്താണെന്നു തിരിച്ചറിയാൻ എനിക്കു കഴിഞ്ഞില്ല.
ഒരു രൂപം എന്റെ കണ്ണുകൾക്കുമുമ്പിൽ നിലകൊണ്ടു;
നിശ്ശബ്ദതയിൽ ഞാൻ ഒരു പതിഞ്ഞസ്വരം കേട്ടു:
17‘മർത്യനു ദൈവത്തെക്കാൾ നീതിമാനാകാൻ കഴിയുമോ?
തന്റെ സ്രഷ്ടാവിനെക്കാൾ നിർമലനാകാൻ ഒരു മനുഷ്യനു സാധിക്കുമോ?
18ദൈവം തന്റെ സേവകരിൽ വിശ്വാസം അർപ്പിക്കുന്നില്ലെങ്കിൽ;
തന്റെ ദൂതന്മാരിൽ അങ്ങ് കുറ്റമാരോപിക്കുന്നെങ്കിൽ,
19മൺകൂടാരങ്ങളിൽ വസിക്കുന്നവർ,
പൊടിയിൽനിന്ന് ഉദ്ഭവിച്ചവർ,
നിശാശലഭത്തെക്കാൾ വേഗത്തിൽ ചവിട്ടിയരയ്ക്കപ്പെടുന്നവർ എത്രയധികം കുറ്റക്കാരായിരിക്കും!
20ഉഷസ്സിനും സായംസന്ധ്യക്കും മധ്യേ അവർ ഛിന്നഭിന്നമാകുന്നു;
അഗണ്യരായി, അവർ എന്നെന്നേക്കുമായി അപ്രത്യക്ഷരാകുന്നു.
21അവരുടെ ജീവതന്തു അവർക്കുള്ളിൽത്തന്നെ അറ്റുപോകുകയല്ലേ?
അവർ ജ്ഞാനം പ്രാപിക്കാതെ മരിക്കുകയല്ലേ ചെയ്യുന്നത്?’
Copyright information for MalMCV