‏ Job 39

1“കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ?
മാൻപേടകൾ പ്രസവിക്കുന്നതു നീ നിരീക്ഷിച്ചിട്ടുണ്ടോ?
2അവയ്ക്കു ഗർഭം തികയുന്ന മാസം കണക്കുകൂട്ടാൻ നിനക്കു കഴിയുമോ?
അവയുടെ പ്രസവകാലം നിനക്ക് അറിയാമോ?
3അവ മുട്ടുകുത്തി കുനിഞ്ഞു കുട്ടികളെ പ്രസവിക്കുന്നു;
അവയുടെ പ്രസവവേദന പെട്ടെന്നു കഴിഞ്ഞുപോകുന്നു.
4അവയുടെ സന്തതികൾ ബലപ്പെട്ട് വനാന്തരങ്ങളിൽ വളർന്നുവരുന്നു.
അവ പുറപ്പെട്ടുപോകുന്നു; തിരികെ വരുന്നതുമില്ല.

5“സ്വാതന്ത്ര്യത്തോടെ കാട്ടുകഴുതയെ പോകാൻ അനുവദിച്ചത് ആരാണ്?
അതിന്റെ കെട്ടുകൾ അഴിച്ചുവിട്ടത് ആരാണ്?
6മരുഭൂമിയെ അവയ്ക്കു ഭവനമായും
ഓരുനിലങ്ങളെ അവയുടെ പാർപ്പിടമായും ഞാൻ നൽകി.
7പട്ടണത്തിലെ ആരവത്തെ അതു പുച്ഛിക്കുന്നു;
തെളിക്കുന്നവരുടെ ഒച്ച അതു കേൾക്കുന്നുമില്ല.
8മലനിരകളെ അതു മേച്ചിൽസ്ഥലമാക്കുന്നു,
പച്ചയായ എല്ലാറ്റിനെയും അതു തെരഞ്ഞു കണ്ടെത്തുന്നു.

9“കാട്ടുകാള നിന്നെ സേവിക്കാൻ മനസ്സുവെക്കുമോ?
അതു നിന്റെ പുൽത്തൊട്ടിക്കരികെ രാപാർക്കുമോ?
10ഒരു കാട്ടുകാളയെ നിനക്ക് നുകത്തിൽ കയറുകൊണ്ടു ബന്ധിക്കാമോ?
അതു നിന്റെ പിന്നാലെ വന്ന് വയൽ ഉഴുമോ?
11അതു കരുത്തുറ്റതാകുകയാൽ നിനക്ക് അതിൽ ആശ്രയിക്കാൻ കഴിയുമോ?
നിന്റെ കഠിനജോലികൾ ചെയ്യാൻ അതിനെ ഏൽപ്പിക്കുമോ?
12അതു നിന്റെ കറ്റകൾ വലിച്ചുകൊണ്ടുവന്ന്
മെതിക്കളത്തിൽ എത്തിക്കുമെന്നു നിനക്കു വിശ്വസിക്കാൻ കഴിയുമോ?

13“ഒട്ടകപ്പക്ഷികൾ അഭിമാനത്തോടെ ചിറകു വീശുന്നു;
എന്നാൽ കൊക്കിന്റെയോ ചിറകുകളോടോ തൂവലുകളോടോ
അവ താരതമ്യംചെയ്യാൻ കഴിയുകയില്ലല്ലോ?
14അവൾ നിലത്തു മുട്ടയിടുന്നു
അതു മണലിൽ ചൂടേൽക്കാൻ ഉപേക്ഷിക്കുന്നു.
15അതു ചവിട്ടേറ്റ് ഉടഞ്ഞുപോകുമെന്നോ
കാട്ടുമൃഗം ചവിട്ടിമെതിക്കുമെന്നോ അതു ചിന്തിക്കുന്നില്ല.
16അവൾ തന്റെ കുഞ്ഞുങ്ങളോട്, അവ തനിക്കുള്ളവയല്ല എന്ന മട്ടിൽ ക്രൂരമായിപ്പെരുമാറുന്നു;
അവളുടെ പ്രസവവേദന വ്യർഥമായിപ്പോകും എന്നതിലും അവൾക്ക് ആകുലതയില്ല.
17കാരണം ദൈവം അവൾക്കു ജ്ഞാനം നൽകിയില്ല;
അഥവാ, വിവേകശക്തിയും അനുവദിച്ചുനൽകിയില്ല.
18അതു ചിറകുവിരിച്ചുകൊണ്ട് ഓടുമ്പോൾ
കുതിരയെയും അതിന്മേൽ സവാരിചെയ്യുന്നവനെയും പരിഹസിക്കുന്നു.

19“കുതിരയ്ക്കു ശക്തി നൽകിയത് നീയോ?
അതിന്റെ കഴുത്തിൽ നീയോ കുഞ്ചിരോമം അണിയിച്ചത്?
20അതിനെ വെട്ടുക്കിളിയെപ്പോലെ നിനക്കു കുതിച്ചുചാടിക്കാമോ?
അതിന്റെ ശക്തിയേറിയ ചീറ്റൽ ഭയാനകംതന്നെ!
21അതു താഴ്വരയിൽ മാന്തുകയും കരുത്തിൽ ഊറ്റംകൊള്ളുകയും
സൈന്യനിരയ്ക്കുനേരേ പാഞ്ഞടുക്കുകയും ചെയ്യുന്നു.
22അതു ഭയത്തെ പുച്ഛിച്ചുതള്ളി കൂസലില്ലാതെ മുന്നേറുന്നു;
വാളിൽനിന്ന് അതു പിന്തിരിയുന്നതുമില്ല.
23ആവനാഴിയുടെ കിലുകിലുക്കത്തെയും
കുന്തത്തിന്റെയും ശൂലത്തിന്റെയും തിളക്കത്തെയും അത് എതിരിടുന്നു.
24ഉഗ്രരോഷത്തോടും ആവേശത്തോടും അതു ദൂരം പിന്നിടുന്നു;
കാഹളശബ്ദം കേട്ടാൽ അത് അടങ്ങിനിൽക്കുകയില്ല.
25കാഹളം മുഴങ്ങുന്തോറും അത്, ‘ആഹാ!’ എന്നു ചിനയ്ക്കുന്നു!
വിദൂരതയിൽനിന്ന് അത് യുദ്ധത്തിന്റെ ഗന്ധം മണത്തറിയുന്നു,
പടനായകരുടെ അട്ടഹാസവും ആർപ്പുവിളിയുംതന്നെ.

26“പരുന്ത് പറന്നുയരുന്നതും ദക്ഷിണദിശയിലേക്കു
ചിറകുകൾ വിരിക്കുന്നതും നിന്റെ ജ്ഞാനംനിമിത്തമോ?
27നിന്റെ ആജ്ഞയനുസരിച്ചോ കഴുകൻ പറന്നുയരുന്നതും
ഉയരത്തിൽ കൂടുകെട്ടുന്നതും?
28പാറപ്പിളർപ്പിൽ അതു വസിക്കുകയും അവിടെ രാപാർക്കുകയും ചെയ്യുന്നു;
കിഴുക്കാംതൂക്കായ പാറ അതിന്റെ ശക്തികേന്ദ്രമാകുന്നു.
29അവിടെനിന്നും അത് ഇര തേടുന്നു;
അതിന്റെ ദൃഷ്ടി വിദൂരതയിൽനിന്ന് ഇര കണ്ടെത്തുന്നു.
30അതിന്റെ കുഞ്ഞുങ്ങൾ ചോര വലിച്ചുകുടിക്കുന്നു;
ശവം എവിടെയുണ്ടോ അവിടെ കഴുകനുമുണ്ട്.”
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.