‏ Job 33

1“എന്നാൽ ഇയ്യോബേ, ഇപ്പോൾ എന്റെ വാക്കുകൾ കേൾക്കുക;
എന്റെ എല്ലാ വാക്കുകളും ശ്രദ്ധിക്കുക.
2ഇതാ, ഞാൻ എന്റെ വായ് തുറക്കുന്നു;
എന്റെ നാവിൻതുമ്പിൽ വാക്കുകൾ തയ്യാറായിരിക്കുന്നു.
3എന്റെ ഹൃദയപരമാർഥതയിൽനിന്ന് ഉള്ളവയാണ് എന്റെ വാക്കുകൾ;
എന്റെ അധരങ്ങൾ ആത്മാർഥതയോടെ പരിജ്ഞാനം സംസാരിക്കുന്നു.
4ദൈവത്തിന്റെ ആത്മാവ് എന്നെ സൃഷ്ടിച്ചു;
സർവശക്തന്റെ ശ്വാസം എനിക്കു ജീവൻ നൽകുന്നു.
5നിനക്കു കഴിയുമെങ്കിൽ, എനിക്ക് ഉത്തരം നൽകുക;
എന്റെമുമ്പാകെ നിന്റെ വാദങ്ങൾ നിരത്തിവെക്കാൻ തയ്യാറായിക്കൊള്ളുക.
6നോക്കൂ, ദൈവസന്നിധിയിൽ ഞാനും നിന്നെപ്പോലെതന്നെ;
ഞാനും ഒരു കളിമൺകഷണമല്ലേ.
7എന്റെ ഭീഷണി നിന്നെ ഭയപ്പെടുത്തുകയില്ല,
എന്റെ കൈ നിനക്കു ഭാരമായിരിക്കുകയുമില്ല.

8“തീർച്ചയായും ഞാൻ കേൾക്കെയാണ് താങ്കൾ സംസാരിച്ചത്—
ഞാൻ ആ വാക്കുകളെല്ലാം കേട്ടിരിക്കുന്നു—
9‘ഞാൻ നിർമലൻ, ഒരുതെറ്റും ചെയ്തിട്ടില്ല;
ഞാൻ നിഷ്കളങ്കൻ, എന്നിൽ ഒരു കുറ്റവുമില്ല.
10കണ്ടാലും! ദൈവം എന്നിൽ കുറ്റം കണ്ടുപിടിച്ചിരിക്കുന്നു;
എന്നെ അവിടത്തെ ശത്രുവായി പരിഗണിക്കുന്നു.
11അവിടന്ന് ചങ്ങലകൊണ്ട് എന്റെ കാലുകൾ ബന്ധിക്കുന്നു;
എന്റെ വഴികളെല്ലാം അവിടന്ന് നിരീക്ഷിക്കുന്നു.’

12“എന്നാൽ ഞാൻ താങ്കളോടു പറയുന്നു: ഇതിൽ താങ്കൾ നീതിമാനല്ല,
കാരണം ഏതു മനുഷ്യനെക്കാളും ദൈവം ശ്രേഷ്ഠനല്ലോ.
13അവിടന്ന് ആരുടെയും വാക്കുകൾക്ക് പ്രതികരിക്കുന്നില്ല,
എന്നു താങ്കളെന്തിന് ദൈവത്തോടു പരാതിപ്പെടണം?
14ദൈവം ഇപ്പോൾ ഒരുവിധത്തിലും പിന്നീട് മറ്റൊരുവിധത്തിലും സംസാരിക്കുന്നു;
മനുഷ്യർ അതു തിരിച്ചറിയുന്നില്ലതാനും.
15സ്വപ്നത്തിൽ, രാത്രി ദർശനത്തിൽ
മനുഷ്യർ ഗാഢനിദ്രയിൽ ലയിച്ചിരിക്കെ,
അവർ തന്റെ കിടക്കയിൽ ഉറങ്ങിക്കിടക്കുമ്പോൾത്തന്നെ,
16അവിടന്ന് അവരുടെ കാതുകളിൽ മന്ത്രിക്കുകയും
ഭീതിജനകമായ മുന്നറിയിപ്പുകൾ നൽകുകയുംചെയ്യുന്നു.
17മനുഷ്യരെ അവരുടെ തെറ്റിൽനിന്നു പിന്തിരിപ്പിക്കുന്നതിനും
അവരെ തങ്ങളുടെ അഹന്തയിൽനിന്ന് അകറ്റിനിർത്തുന്നതിനും
18അവരുടെ പ്രാണനെ കുഴിയിൽനിന്നു സംരക്ഷിക്കുന്നതിനും
അവരുടെ ജീവനെ വാളിന്റെ വായ്ത്തലയിൽ നശിക്കുന്നതിൽനിന്നുംതന്നെ.

19“തങ്ങളുടെ കിടക്കമേൽ വേദനയാലും
തങ്ങളുടെ അസ്ഥികളുടെ നിരന്തരമായ വ്യഥയാലും മനുഷ്യർ നന്മയ്ക്കായി ശിക്ഷിക്കപ്പെടുന്നു.
20അവരുടെ ശരീരം ആഹാരത്തെയും
പ്രാണൻ രുചികരമായ ഭക്ഷണത്തെയും വെറുക്കുന്നു.
21അവരുടെ മാംസം ക്ഷയിച്ച് ഇല്ലാതാകുന്നു,
മറഞ്ഞിരുന്ന അസ്ഥികൾ ഇപ്പോൾ പുറത്തേക്കു തള്ളിവരുന്നു.
22അവർ ശവക്കുഴിയിലേക്കും
അവരുടെ ജീവൻ മരണദൂതന്മാരോടും സമീപിക്കുന്നു.
23അവരുടെ സമീപത്ത് ഒരു ദൂതൻ ഉണ്ടായിരുന്നെങ്കിൽ,
പരസഹസ്രം ദൂതന്മാരിൽ ഒരാളെ
മനുഷ്യർ പരമാർഥിയാകുന്നത് എങ്ങനെ എന്നറിയിക്കാൻ അയച്ചിരുന്നെങ്കിൽ,
24ആ ദൂതൻ മനുഷ്യരോടു കരുണ തോന്നിയിട്ട്,
‘ഇതാ ഞാൻ ഒരു മറുവില കണ്ടെത്തിയിരിക്കുന്നു;
കുഴിയിലിറങ്ങാതെ അവനെ സംരക്ഷിക്കണമേ.
25അവർ യൗവനത്തിലെപ്പോലെ വീണ്ടും ആയിത്തീരട്ടെ;
അവരുടെ ശരീരം ഒരു ശിശുവിന്റെ ശരീരംപോലെ നവ്യമായിത്തീരട്ടെ,’ എന്ന് അവൻ പറയട്ടെ.
26അപ്പോൾ അവർ ദൈവത്തോടു പ്രാർഥിക്കുകയും അവിടന്ന് അവരെ സ്വീകരിക്കുകയും ചെയ്യും.
അവർ ദൈവത്തിന്റെ മുഖം കാണുകയും ആനന്ദത്താൽ ആർപ്പിടുകയും ചെയ്യും;
അവിടന്ന് അവരെ ആരോഗ്യപൂർണരായി പുനഃസ്ഥാപിക്കും.
27അപ്പോൾ അവർ മറ്റുള്ളവരുടെമുമ്പിൽ പാട്ടുപാടിക്കൊണ്ട് ഇപ്രകാരം പറയും:
‘ഞാൻ പാപംചെയ്തു നീതിയെ തകിടംമറിച്ചു,
എന്നാൽ എനിക്ക് അർഹമായ ശിക്ഷ ലഭിച്ചില്ല.
28ദൈവം എന്നെ ശവക്കുഴിയിലേക്കു പോകുന്നതിൽനിന്ന് വിടുവിച്ചു;
ജീവന്റെ പ്രകാശം ആസ്വദിക്കുന്നതിനു ഞാൻ ജീവിച്ചിരിക്കും.’

29 30“മനുഷ്യരെ ശവക്കുഴിയിൽനിന്ന് മടക്കിവരുത്താനും
അവരിൽ ജീവന്റെ പ്രകാശം ശോഭിക്കുന്നതിനുംവേണ്ടി
ദൈവം രണ്ടോ മൂന്നോ പ്രാവശ്യം ഇതെല്ലാം
അവരോടു പ്രവർത്തിക്കുന്നു.

31“ഇയ്യോബേ, ശ്രദ്ധിക്കുക, ഞാൻ പറയുന്നതു കേൾക്കുക,
മിണ്ടാതിരിക്കുക, ഞാൻ സംസാരിക്കട്ടെ.
32താങ്കൾക്കെന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ എന്നോടു പറയുക.
താങ്കളെ നീതീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നതുകൊണ്ട്, സംസാരിക്കുക.
33അല്ലാത്തപക്ഷം, ഞാൻ പറയുന്നതു കേൾക്കുക;
മിണ്ടാതിരിക്കുക; ഞാൻ താങ്കൾക്കു ജ്ഞാനം ഉപദേശിച്ചുതരാം.”
Copyright information for MalMCV