Job 32
എലീഹൂ
1അങ്ങനെ തന്റെ ദൃഷ്ടിയിൽ താൻ നീതിമാനാണെന്ന് ഇയ്യോബിനു തോന്നുകനിമിത്തം ഈ പുരുഷന്മാരും അദ്ദേഹത്തോടുള്ള പ്രതിവാദം മതിയാക്കി. 2ഇയ്യോബ് ദൈവത്തെക്കാൾ നീതിമാനാണെന്ന് സ്വയം അവകാശപ്പെട്ടതുകൊണ്ട് അദ്ദേഹത്തിനെതിരേ രാംവംശത്തിൽ ബൂസ്യനായ ബറഖേലിന്റെ മകൻ എലീഹൂ കോപപരവശനായി. 3ആ മൂന്നു പുരുഷന്മാർക്കും പ്രതിവാദം ഇല്ല്ലാതായിപ്പോയതുകൊണ്ടും അവർ ഇയ്യോബിനെ കുറ്റം വിധിച്ചിരുന്നതുകൊണ്ടും അവരുടെനേരേയും എലീഹൂ കോപിച്ചു. 4അവർ എലീഹൂവിനെക്കാൾ പ്രായം കൂടിയവരായിരുന്നതിനാൽ അദ്ദേഹം ഇയ്യോബിനോടു സംസാരിക്കാൻ മുതിരാതെ കാത്തിരിക്കുകയായിരുന്നു. 5ഈ മൂന്നു പുരുഷന്മാർക്കും ഉത്തരംമുട്ടിയതുകണ്ടപ്പോൾ എലീഹൂവിന്റെ കോപം അവരുടെനേരേ ജ്വലിച്ചു.6അപ്പോൾ ബൂസ്യനായ ബറഖേലിന്റെ മകൻ എലീഹൂ ഇപ്രകാരം സംസാരിച്ചു:
“ഞാൻ പ്രായത്തിൽ കുറഞ്ഞവനും
നിങ്ങൾ വയോധികരും;
അതിനാൽ എന്റെ അഭിപ്രായം നിങ്ങളോട് അറിയിക്കാൻ
എനിക്കു ഭയവും സങ്കോചവും തോന്നി.
7‘പ്രായം സംസാരിക്കട്ടെ,
പ്രായാധിക്യമാണ് ജ്ഞാനം ഉപദേശിക്കേണ്ടത്,’ എന്നു ഞാൻ ചിന്തിച്ചു.
8എന്നാൽ മനുഷ്യനിൽ ഒരു ആത്മാവുണ്ട്;
സർവശക്തന്റെ ശ്വാസംതന്നെ, അതാണ് മനുഷ്യനു വിവേകം നൽകുന്നത്.
9പ്രായം ഉള്ളതുകൊണ്ടുമാത്രം ജ്ഞാനികളാകണമെന്നില്ല,
വൃദ്ധർ ആയതുകൊണ്ടുമാത്രം ന്യായം ഗ്രഹിക്കണമെന്നുമില്ല.
10“അതിനാൽ ഞാൻ പറയുന്നു: എന്റെ വാക്കുകൾ ശ്രദ്ധിക്കുക;
എനിക്ക് അറിവുള്ളത് ഞാനുംകൂടി നിങ്ങളോടു പറയട്ടെ.
11നിങ്ങൾ സംസാരിച്ചപ്പോൾ ഞാൻ കേട്ടുകൊണ്ടിരുന്നു,
നിങ്ങൾ വാക്കുകൾക്കുവേണ്ടി പരതിക്കൊണ്ടിരുന്നപ്പോൾ,
നിങ്ങളുടെ യുക്തി ഞാൻ അവലോകനംചെയ്തു;
12നിങ്ങളുടെ വാക്കുകൾ ഞാൻ ശ്രദ്ധിച്ചുകേട്ടു.
എന്നാൽ നിങ്ങൾ ആരും ഇയ്യോബിന്റെ വാദമുഖത്തെ ഖണ്ഡിച്ചിട്ടില്ല;
അദ്ദേഹത്തിന്റെ വാദഗതികൾക്കു നിങ്ങൾ മറുപടി നൽകിയിട്ടുമില്ല.
13‘ഞങ്ങൾ ജ്ഞാനം കണ്ടെത്തിയിരിക്കുന്നു;
മനുഷ്യനല്ല, ദൈവംതന്നെ അദ്ദേഹത്തെ ഖണ്ഡിക്കട്ടെ,’ എന്നു നിങ്ങൾ പറയരുത്.
14ഇയ്യോബ് തന്റെ വാദമുഖങ്ങൾ എനിക്കെതിരേ അണിനിരത്തിയിട്ടില്ല,
നിങ്ങളുടെ വാദഗതികൾകൊണ്ട് ഞാൻ അദ്ദേഹത്തോട് ഉത്തരം പറയുകയുമില്ല.
15“അവർ പരിഭ്രാന്തരായി; അവർക്ക് ഉത്തരമായി ഒന്നുംതന്നെ പറയാനില്ല;
അവർക്കു മൊഴിമുട്ടിയിരിക്കുന്നു.
16ഞാനിനിയും കാത്തിരിക്കണമോ, അവർ നിശ്ശബ്ദരായിരിക്കുന്നല്ലോ,
ഉത്തരമൊന്നും പറയുന്നില്ലല്ലോ?
17എനിക്കും ചിലതു പറയാനുണ്ട്;
എന്റെ അഭിപ്രായം ഞാനും പ്രസ്താവിക്കും.
18ഞാൻ വാക്കുകൾകൊണ്ടു നിറഞ്ഞിരിക്കുന്നു;
എന്റെ ഉള്ളിലെ ആത്മാവ് എന്നെ നിർബന്ധിക്കുന്നു.
19എന്റെ ഉള്ളം, ഭദ്രമായി അടച്ചിരിക്കുന്ന പാത്രത്തിനുള്ളിലെ വീഞ്ഞുപോലെ;
ഞാൻ പൊട്ടാറായ ഒരു പുതിയ തുകൽക്കുടംപോലെ ആയിരിക്കുന്നു.
20ആശ്വാസം നേടുന്നതിനായി എനിക്കു സംസാരിക്കണം;
എന്റെ അധരങ്ങൾ തുറന്ന് എനിക്ക് ഉത്തരം പറയണം.
21ആരോടും ഞാൻ പക്ഷഭേദം കാണിക്കുകയോ
മുഖസ്തുതി പറയുകയോ ഇല്ല.
22മുഖസ്തുതി പറയുന്നതിൽ ഞാൻ പ്രഗല്ഭനായിരുന്നെങ്കിൽ,
എന്റെ സ്രഷ്ടാവ് എന്നെ ക്ഷണത്തിൽ നീക്കിക്കളയുമായിരുന്നു.
Copyright information for
MalMCV