‏ Job 27

ഇയ്യോബിന്റെ അവസാനവാക്കുകൾ

1ഇയ്യോബ് തന്റെ പ്രഭാഷണം ഇപ്രകാരം തുടർന്നു:

2“എനിക്കു നീതി നിഷേധിച്ച്
എന്റെ ജീവിതം ദുഃഖപൂർണമാക്കിയ സർവശക്തനായ ജീവനുള്ള ദൈവത്താണ,
3എന്നിൽ ജീവനുള്ള കാലത്തോളം,
എന്റെ നാസികയിൽ ദൈവത്തിന്റെ ശ്വാസം നിലനിൽക്കുന്നതുവരെയും,
4എന്റെ അധരങ്ങൾ നീതികേടു സംസാരിക്കുകയില്ല;
എന്റെ നാവു വഞ്ചന ഉച്ചരിക്കയുമില്ല.
5നിങ്ങളുടെ ഭാഗം ശരിയെന്നു ഞാൻ ഒരിക്കലും അംഗീകരിക്കുകയില്ല;
മരിക്കുന്നതുവരെ എന്റെ പരമാർഥത ഞാൻ ത്യജിക്കുകയില്ല.
6എന്റെ നീതിനിഷ്ഠയിൽ ഞാൻ ഉറച്ചുനിൽക്കും, അതു ഞാൻ ഒരിക്കലും ഉപേക്ഷിക്കുകയില്ല;
എന്റെ ജീവിതകാലത്തൊരിക്കലും എന്റെ മനസ്സാക്ഷി എന്നെ നിന്ദിക്കുകയില്ല.

7“എന്റെ ശത്രു ദുഷ്ടരെപ്പോലെയും
എന്റെ എതിരാളി നീതികെട്ടവരെപ്പോലെയുമിരിക്കട്ടെ!
8അഭക്തർ ഛേദിക്കപ്പെടുകയും
ദൈവം അവരുടെ ജീവൻ എടുത്തുകളകയും ചെയ്യുമ്പോൾ അവർക്കുള്ള പ്രത്യാശയെന്ത്?
9അവർക്കു കഷ്ടത വരുമ്പോൾ
ദൈവം അവരുടെ നിലവിളി കേൾക്കുമോ?
10അവർ സർവശക്തനിൽ സന്തോഷിക്കുമോ?
എപ്പോഴും ദൈവത്തെ വിളിച്ചപേക്ഷിക്കുമോ?

11“ദൈവശക്തിയെക്കുറിച്ചു ഞാൻ നിങ്ങളെ പഠിപ്പിക്കാം;
സർവശക്തന്റെ മാർഗങ്ങളൊന്നും ഞാൻ മറച്ചുവെക്കുകയില്ല.
12ഇതാ, നിങ്ങളെല്ലാവരും ഇതു നേരിട്ടു കണ്ടുകഴിഞ്ഞു;
പിന്നെ എന്തിനാണ് ഈ പാഴ്ച്ചൊല്ലുകൾ?

13“ഇതെല്ലാം ദൈവം ദുഷ്ടമനുഷ്യർക്കു നൽകുന്ന ഭാഗധേയവും
നിഷ്ഠുരർക്കു സർവശക്തനിൽനിന്നു ലഭിക്കുന്ന പൈതൃകവും ആകുന്നു:
14അവർക്ക് എത്രയധികം മക്കൾ ഉണ്ടായാലും അവരെല്ലാം വാളിനു വിധിക്കപ്പെട്ടിരിക്കുന്നു;
അവരുടെ സന്തതിക്കു മതിവരുവോളം ഭക്ഷിക്കാൻ ലഭിക്കുകയില്ല.
15അവരിൽ ശേഷിക്കുന്നവരെ മഹാമാരി കുഴിമാടത്തിലെത്തിക്കും,
അവരുടെ വിധവകൾ അവരെയോർത്തു വിലപിക്കുകയുമില്ല.
16അവർ മണ്ണുപോലെ വെള്ളി വാരിക്കൂട്ടിയാലും,
കളിമൺകൂനകൾപോലെ വിശേഷവസ്ത്രങ്ങൾ ഒരുക്കിവെച്ചാലും,
17അവർ ശേഖരിച്ചുവെക്കുന്നവ നീതിനിഷ്ഠർ ധരിക്കും;
നിഷ്കളങ്കർ അവരുടെ വെള്ളി പങ്കിടും.
18അവർ പണിയുന്ന വീട് പട്ടുനൂൽപ്പുഴുവിന്റെ കൂടുപോലെ;
അഥവാ, കാവൽക്കാരൻ കെട്ടുന്ന മാടംപോലെയല്ലോ.
19ധനികരായി അവർ കിടക്കയിലേക്കു പോകുന്നു, എന്നാൽ പിന്നീട് അങ്ങനെ ചെയ്യാൻ കഴിയില്ല;
കാരണം, കിടക്കവിട്ട് കണ്ണു തുറക്കുമ്പോൾ എല്ലാം പോയ്പ്പോയിരിക്കും.
20പ്രളയംപോലെ ഭയം അവരെ കീഴടക്കുന്നു;
കൊടുങ്കാറ്റ് രാത്രിയിൽ അവരെ പറപ്പിച്ചുകൊണ്ടുപോകുന്നു.
21കിഴക്കൻകാറ്റ് അവരെ എടുത്തുകൊണ്ടുപോകുന്നു;
തങ്ങളുടെ സ്ഥാനത്തുനിന്നും അത് അവരെ തൂത്തെറിയുന്നു.
22അതിന്റെ ശക്തിയിൽനിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നവരെ
അത് നിർദാക്ഷിണ്യം ചുഴറ്റിയെറിയുന്നു;
23അത് അവരെ നോക്കി കൈകൊട്ടും;
കാറ്റിന്റെ ഒരു ഊത്തിനാൽ അവരെ സ്വസ്ഥാനത്തുനിന്നു പുറന്തള്ളും.”
Copyright information for MalMCV