‏ Job 26

ഇയ്യോബ്

1അപ്പോൾ ഇയ്യോബ് മറുപടി പറഞ്ഞത്:

2“നീ ദുർബലരെ എങ്ങനെയാണ് സഹായിച്ചിട്ടുള്ളത്!
ശക്തിയില്ലാത്ത ഭുജത്തെ നീ എങ്ങനെയാണ് രക്ഷിച്ചിട്ടുള്ളത്!
3ജ്ഞാനമില്ലാത്തവർക്കു നീ എന്ത് ഉപദേശമാണ് നൽകിയിട്ടുള്ളത്!
എത്ര ഉന്നതമായ ഉൾക്കാഴ്ചയാണ് നീ പ്രദർശിപ്പിച്ചിട്ടുള്ളത്!
4നീ ഇത്തരം വാക്കുകൾ ഉച്ചരിക്കാൻ ആരാണ് നിന്നെ സഹായിച്ചത്?
ആരുടെ ആത്മാവാണ് നിന്റെ അധരങ്ങളിലൂടെ സംസാരിച്ചത്?

5“മരണമടഞ്ഞവർ തീവ്രയാതനയിലാണ്,
ജലമധ്യത്തിലുള്ളവയും അതിലെ നിവാസികളും.
6മൃതലോകം അവിടത്തെ മുമ്പിൽ തുറന്നുകിടക്കുന്നു;
നരകത്തിന്റെ മറയും നീക്കപ്പെട്ടിരിക്കുന്നു.
7അവിടന്ന് ഉത്തരദിക്കിനെ ശൂന്യതയിൽ വിരിക്കുകയും
ഭൂമിയെ ശൂന്യതയിൽ തൂക്കിയിടുകയും ചെയ്യുന്നു.
8അവിടന്നു വെള്ളത്തെ തന്റെ മേഘങ്ങളിൽ കെട്ടിവെക്കുന്നു;
അതിന്റെ ഭാരത്താൽ മേഘം പൊട്ടിപ്പിളർന്നു പോകുന്നില്ല.
9പൂർണചന്ദ്രനെ അവിടന്നു മറച്ചുവെക്കുന്നു;
അതിന്മേൽ തന്റെ മേഘത്തെ വിരിക്കുകയും ചെയ്യുന്നു.
10പ്രകാശത്തിന്റെയും ഇരുട്ടിന്റെയും അതിരായി
ജലോപരിതലത്തിൽ അവിടന്നു ചക്രവാളം വരയ്ക്കുന്നു.
11ആകാശത്തിന്റെ തൂണുകൾ വിറയ്ക്കുന്നു;
അവിടത്തെ ശാസനയിൽ അവ ഭ്രമിച്ചുപോകുന്നു.
12തന്റെ ശക്തിയാൽ അവിടന്നു സമുദ്രത്തെ മഥിച്ചു;
തന്റെ വിവേകത്താൽ രഹബിനെ തകർത്തുകളഞ്ഞു.
13അവിടത്തെ ശ്വാസത്താൽ ആകാശം സുന്ദരരൂപിയായി മാറിയിരിക്കുന്നു;
തെന്നിമറയുന്ന സർപ്പത്തെ അവിടത്തെ കരം കുത്തിത്തുളയ്ക്കുന്നു.
14ഇവയെല്ലാം അവിടത്തെ പ്രവൃത്തികളുടെ നേരിയ ഒരംശംമാത്രം
നാം അവിടത്തെപ്പറ്റി എത്ര മന്ദമായ ഒരു ശബ്ദംമാത്രമല്ലോ കേൾക്കുന്നത്!
അവിടത്തെ ശക്തിയുടെ ഗർജനം ഗ്രഹിക്കാൻ ആർക്കു കഴിയും?”
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.