‏ Job 23

ഇയ്യോബിന്റെ മറുപടി

1അപ്പോൾ ഇയ്യോബ് ഇപ്രകാരം മറുപടി പറഞ്ഞു:

2“ഇന്നും എന്റെ സങ്കടം കയ്‌പുനിറഞ്ഞതാണ്;
ഞാൻ ഞരങ്ങിക്കൊണ്ടിരിക്കുമ്പോൾപ്പോലും അവിടത്തെ കൈ എനിക്കു ഭാരമാക്കിയിരിക്കുന്നു.
3തിരുനിവാസത്തിലേക്ക് എനിക്കു ചെല്ലാൻ കഴിഞ്ഞിരുന്നെങ്കിൽ;
അവിടത്തെ എവിടെ കണ്ടെത്താൻ എനിക്കു കഴിയുമെന്ന് അറിഞ്ഞിരുന്നെങ്കിൽ!
4എന്റെ ആവലാതി ഞാൻ അവിടത്തെ മുമ്പിൽ ബോധിപ്പിക്കുകയും
വാദങ്ങൾ എന്റെ നാവിൽനിന്ന് അനർഗളം പ്രവഹിക്കുകയും ചെയ്യുമായിരുന്നു.
5അവിടന്ന് എനിക്ക് എന്തുത്തരം അരുളുമെന്ന് അറിയാമായിരുന്നു.
എന്താണ് അവിടത്തേക്ക് എന്നോടു പറയാനുള്ളതെന്നു ഗ്രഹിക്കാമായിരുന്നു.
6തന്റെ ശക്തിയുടെ മഹത്ത്വത്താൽ അവിടന്ന് എന്നോടു വാദിക്കുമോ?
ഇല്ല, തീർച്ചയായും അവിടന്ന് എന്റെ വാക്കുകൾ ശ്രദ്ധിക്കുകയേയുള്ളൂ.
7തിരുസന്നിധിയിൽ നീതിനിഷ്ഠർക്ക് അവരുടെ നിരപരാധിത്വം ബോധിപ്പിക്കാം;
അങ്ങനെ എന്റെ ന്യായാധിപനിൽനിന്നു ഞാൻ എന്നേക്കുമായി വിടുവിക്കപ്പെടുമായിരുന്നു.

8“ഇതാ, ഞാൻ പൂർവദേശത്തേക്കു പോകുന്നു, എന്നാൽ അവിടന്ന് അവിടെ ഉണ്ടായിരിക്കുകയില്ല;
ഞാൻ പശ്ചിമദിക്കിലേക്കു പോകുന്നു, എന്നിട്ടും എനിക്ക് അവിടത്തെ കണ്ടെത്താൻ കഴിയുന്നില്ല.
9അവിടന്ന് പ്രവർത്തനനിരതനായിരിക്കുന്ന ഉത്തരദിക്കിലും അവിടത്തെ ദർശനം എനിക്കു ലഭിക്കുന്നില്ല;
അവിടന്ന് ദക്ഷിണദിക്കിലേക്കു തിരിഞ്ഞിട്ടും എനിക്ക് ഒരു നോക്കു കാണാൻ കഴിയുന്നില്ല.
10എങ്കിലും ഞാൻ പോകുന്നവഴി അവിടന്ന് അറിയുന്നു;
അവിടന്ന് എന്നെ പരിശോധനയ്ക്കു വിധേയനായാൽ ഞാൻ സ്വർണംപോലെ പുറത്തുവരും.
11എന്റെ കാലടികൾ അവിടത്തെ കാൽപ്പാടുകൾതന്നെ പിൻതുടരുന്നു;
ഞാൻ വിട്ടുമാറാതെ അവിടത്തെ വഴിയിൽത്തന്നെ സഞ്ചരിച്ചു.
12അവിടത്തെ അധരങ്ങളിൽനിന്നുള്ള കൽപ്പനയിൽനിന്ന് ഞാൻ വ്യതിചലിച്ചിട്ടില്ല;
തിരുവായിൽനിന്നുള്ള വചനങ്ങൾ എന്റെ അനുദിനാഹാരത്തെക്കാൾ മൂല്യവത്തായി ഞാൻ സൂക്ഷിച്ചിരിക്കുന്നു.

13“എന്നാൽ അവിടന്നു മാറ്റമില്ലാത്തവൻ; അവിടത്തോട് എതിർത്തുനിൽക്കാൻ ആർക്കു കഴിയും?
തിരുഹിതം അവിടന്നു പ്രാവർത്തികമാക്കുന്നു.
14തന്റെ വിധിന്യായം അവിടന്ന് എന്റെമേൽ നടപ്പാക്കുന്നു;
അപ്രകാരമുള്ള പല പദ്ധതികളും അവിടത്തെ ഭണ്ഡാരത്തിലുണ്ട്.
15അതിനാൽ അവിടത്തെ സന്നിധിയിൽ ഞാൻ അങ്കലാപ്പിലാകുന്നു;
ഇതേപ്പറ്റി ആലോചിക്കുമ്പോൾ, ഞാൻ അവിടത്തെ ഭയപ്പെടുന്നു.
16ദൈവം എന്റെ ഹൃദയത്തെ തളർത്തിക്കളഞ്ഞു;
സർവശക്തൻ എന്നെ പരിഭ്രാന്തനാക്കി.
17എന്നിട്ടും ഇരുട്ടിന്, എന്റെ മുഖത്തെ മറയ്ക്കുന്ന കൂരിരുട്ടിന്,
എന്നെ നിശ്ശബ്ദനാക്കാൻ കഴിഞ്ഞില്ല.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.