‏ Job 17

1എന്റെ ശ്വാസം ക്ഷയിച്ചു,
എന്റെ നാളുകൾ തീർന്നുപോയി,
ശവക്കുഴി എനിക്കായി കാത്തിരിക്കുന്നു.
2തീർച്ചയായും പരിഹാസികൾ എന്നെ വലയംചെയ്തിരിക്കുന്നു;
എന്റെ കണ്ണ് അവരുടെ പ്രകോപനം വീക്ഷിച്ചുകൊണ്ടിരിക്കുന്നു.

3“ദൈവമേ, അങ്ങുതന്നെ എനിക്കുവേണ്ടി ജാമ്യം നിൽക്കണമേ.
എനിക്കു സുരക്ഷിതത്വം നൽകാൻ മറ്റാരാണുള്ളത്?
4അങ്ങ് അവരുടെ ഹൃദയം വിവേകത്തിൽനിന്ന് അടച്ചിരിക്കുന്നു;
അതിനാൽ ജയഭേരിമുഴക്കാൻ അങ്ങ് അവരെ ഉയർത്തുകയുമില്ല.
5സ്വന്തം ലാഭത്തിനായി തങ്ങളുടെ സ്നേഹിതരെ ഒറ്റിക്കൊടുക്കുന്നവരുടെ
സന്തതികളുടെ കണ്ണു മങ്ങിപ്പോകും.

6“ദൈവം എന്നെ ആളുകൾക്ക് ഒരു പഴമൊഴിയാക്കി മാറ്റിയിരിക്കുന്നു,
മുഖത്തു തുപ്പേൽക്കുന്ന ഒരുവനായി ഞാൻ തീർന്നിരിക്കുന്നു.
7വ്യസനം നിമിത്തം എന്റെ കണ്ണുകൾ മങ്ങിപ്പോയിരിക്കുന്നു;
എന്റെ അവയവങ്ങളെല്ലാം വെറുമൊരു നിഴൽപോലെയായി.
8നീതിനിഷ്ഠർ ഇതുകണ്ട് സംഭ്രമിക്കും;
നിഷ്കളങ്കർ അഭക്തരുടെനേരേ രോഷംകൊള്ളും.
9എങ്കിലും നീതിനിഷ്ഠർ തങ്ങളുടെ വഴികളിൽത്തന്നെ ഉറച്ചുനിൽക്കും;
നിർമലമായ കൈകളുള്ളവർ അധികം ശക്തിയാർജിക്കും.

10“നിങ്ങൾ എല്ലാവരും വരിക, ഒന്നുകൂടെ ശ്രമിക്കുക!
നിങ്ങളുടെ ഇടയിൽ ഒരു ജ്ഞാനിയെ ഞാൻ കണ്ടെത്തുകയില്ല.
11എന്റെ ആയുസ്സു കഴിഞ്ഞുപോയി, എന്റെ പദ്ധതികൾ താറുമാറായി.
എന്നിട്ടും എന്റെ ഹൃദയാഭിലാഷങ്ങൾ,
12പ്രകാശം ഇതാ അടുത്തിരിക്കുന്നു എന്ന് ഇരുട്ടിൽ
പറഞ്ഞുകൊണ്ട് അവർ രാത്രിയെ പകലാക്കിത്തീർക്കുന്നു.
13ഞാൻ കാത്തിരിക്കുന്ന ഭവനം ശ്മശാനംമാത്രമാണെങ്കിൽ,
അന്ധകാരത്തിലാണ് ഞാൻ എന്റെ കിടക്ക വിരിക്കുന്നതെങ്കിൽ,
14ശവക്കുഴിയോട്, ‘നീ എന്റെ പിതാവ്’ എന്നും
പുഴുവിനോട്, ‘നീ എന്റെ മാതാവോ സഹോദരിയോ’ എന്നും ഞാൻ പറയുന്നെങ്കിൽ,
15എന്റെ പ്രത്യാശ എവിടെ?
എന്നിൽ ആശിക്കാൻ എന്തെങ്കിലും അവശേഷിക്കുന്നു എന്ന് ആർക്കു കാണാൻ കഴിയും?
16എന്റെ പ്രത്യാശ മരണകവാടംവരെ ചെന്നെത്തുമോ?
ഞങ്ങൾ ഒരുമിച്ച് പൂഴിയിൽ അമരുകയില്ലേ?”
Copyright information for MalMCV