‏ Job 14

1“സ്ത്രീജാതനായ മനുഷ്യന്റെ ജീവിതകാലം
നൈമിഷികവും ദുരിതപൂർണവും ആയിരിക്കും.
2അവർ ഒരു പുഷ്പംപോലെ പൊട്ടിവിരിയുകയും വാടിക്കൊഴിയുകയും ചെയ്യുന്നു;
ക്ഷണികമായ ഒരു നിഴൽപോലെ പെട്ടെന്നു മാഞ്ഞുമറയുന്നു.
3അങ്ങനെയുള്ള ഒരു പ്രാണിയുടെമേലാണോ അങ്ങു ദൃഷ്ടി പതിപ്പിക്കുന്നത്?
എന്നെയോ അങ്ങയുടെ സന്നിധിയിൽ ന്യായവിസ്താരത്തിലേക്കു നടത്തുന്നത്?
4അശുദ്ധിയിൽനിന്ന് വിശുദ്ധിയെ നിർമിക്കാൻ ആർക്കു കഴിയും?
ആർക്കും സാധ്യമല്ല!
5ഒരു മനുഷ്യന്റെ നാളുകൾ നിർണയിക്കപ്പെട്ടിരിക്കുന്നു;
അവന്റെ കാലചക്രം അങ്ങ് മാസക്കണക്കിൽ നിജപ്പെടുത്തിയിരിക്കുന്നു
ലംഘിക്കാൻ നിർവാഹമില്ലാത്ത ഒരു പരിധി നിശ്ചയിച്ചുമിരിക്കുന്നു.
6ഒരു തൊഴിലാളിയെപ്പോലെ തന്റെ നാളുകൾ തികയ്ക്കുംവരെ
അങ്ങയുടെ കണ്ണുകൾ അയാളിൽനിന്നു മാറ്റണമേ, അയാളെ വെറുതേ വിടണമേ.

7“ഒരു വൃക്ഷം വെട്ടിയിട്ടാൽ
അതു വീണ്ടും മുളയ്ക്കുമെന്നു പ്രത്യാശയുണ്ട്;
അതിലെ പൊട്ടിച്ചിനപ്പുകൾക്കു നാശം സംഭവിക്കുകയില്ല.
8അതിന്റെ വേരുകൾ നിലത്തു പഴകിപ്പോയാലും
അതിന്റെ കുറ്റി ഉണങ്ങിയ മണ്ണിൽ കെട്ടുപോയാലും
9വെള്ളത്തിന്റെ ഗന്ധം കിട്ടിയാൽ അതു മുളയ്ക്കും;
ഒരു ചെടിപോലെ ശാഖകൾ പുറപ്പെടുവിക്കും.
10എന്നാൽ മനുഷ്യൻ മരിച്ചു നിലംപറ്റെ കിടക്കുന്നു;
അന്ത്യശ്വാസം വലിച്ചുകഴിഞ്ഞാൽ പിന്നെ അവൻ എവിടെ?
11സമുദ്രം ഉൾവലിയുന്നതുപോലെയും
നദീതടം വറ്റിവരണ്ട് ഉണങ്ങുന്നതുപോലെയും,
12മനുഷ്യൻ കിടന്നാൽ പിന്നെ എഴുന്നേൽക്കുന്നില്ല;
ആകാശം ഇല്ലാതാകുംവരെ അവൻ ഉണരുകയോ
ഉറക്കംവിട്ട് എഴുന്നേൽക്കുകയോ ചെയ്യുന്നില്ല.

13“അയ്യോ! അങ്ങ് എന്നെ ശവക്കുഴിയിൽ മറച്ചിരുന്നെങ്കിൽ!
അങ്ങയുടെ കോപം വിട്ടുപോകുന്നതുവരെ എന്നെ ഒളിപ്പിച്ചിരുന്നെങ്കിൽ!
എനിക്ക് ഒരു കാലപരിധി നിശ്ചയിച്ച്
എന്നെ ഓർത്തിരുന്നെങ്കിൽ!
14ഒരു മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ?
എന്നാൽ എനിക്കു നവജീവൻ
അഥവാ, മോചനം
ലഭിക്കുന്നതുവരെ
എന്റെ കഠിനാധ്വാനകാലം മുഴുവനും ഞാൻ കാത്തിരിക്കുമായിരുന്നു.
15അങ്ങു വിളിക്കും, ഞാൻ ഉത്തരം പറയും;
അങ്ങയുടെ കൈവേലയോട് അങ്ങേക്കു താത്പര്യം തോന്നുമായിരുന്നു.
16ഇപ്പോൾ അങ്ങ് എന്റെ കാലടികൾ എണ്ണുന്നു;
എന്നാൽ എന്റെ പാപത്തിന്മേൽ ദൃഷ്ടി വെക്കുന്നതുമില്ല.
17എന്റെ അകൃത്യങ്ങൾ ഒരു സഞ്ചിയിലാക്കി മുദ്ര വെച്ചിരിക്കുന്നു;
എന്റെ അനീതിക്കുമേൽ അങ്ങു മൂടുപടം വിരിക്കുന്നു.

18“എന്നാൽ ഒരു പർവതം അല്പാല്പം പൊടിഞ്ഞുപോകുന്നതുപോലെയും
ഒരു പാറ സ്വസ്ഥാനം വിട്ടു മാറിപ്പോകുന്നതുപോലെയും
19വെള്ളം പാറകൾക്കു തേയ്മാനം വരുത്തുന്നതുപോലെയും
ജലപ്രവാഹങ്ങൾ നിലത്തെ മണ്ണിനെ ഒഴുക്കിക്കൊണ്ടു പോകുന്നതുപോലെയും
ഒരു മനുഷ്യന്റെ ആശയെയും അങ്ങു നശിപ്പിക്കുന്നു.
20അങ്ങ് അവരെ എന്നേക്കുമായി തള്ളിയിടുന്നു, അവൻ കടന്നുപോകുന്നു;
അവിടന്ന് അവരുടെ മുഖം വിരൂപമാക്കുകയും അവരെ പറഞ്ഞയയ്ക്കുകയും ചെയ്യുന്നു.
21അവരുടെ മക്കൾ ബഹുമതി പ്രാപിച്ചാൽ അവർ അത് അറിയുന്നില്ല;
അവരുടെ മക്കൾക്കു താഴ്ച ഭവിക്കുന്നതും അവർ കാണുന്നില്ല.
22എന്നാൽ തന്റെ ശരീരത്തിലെ വേദനമാത്രം അവർ അറിയുന്നു,
അവർ വിലപിക്കുന്നത് അവർക്കുവേണ്ടിമാത്രം.”
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.