‏ Job 10

1“എന്റെ ഈ ജീവിതം ഞാൻ വെറുക്കുന്നു;
അതുകൊണ്ട് ഞാൻ എന്റെ സങ്കടം പൂർണമായും തുറന്നുപറയും
എന്റെ ഹൃദയവ്യഥയിൽ ഞാൻ സംസാരിക്കും.
2ഞാൻ ദൈവത്തോടു പറയും: എന്നെ കുറ്റക്കാരനെന്നു വിധിക്കരുതേ,
എന്നാൽ എനിക്കെതിരേയുള്ള വാദങ്ങൾ എന്തെല്ലാമെന്ന് എന്നെ അറിയിക്കണമേ.
3എന്നെ പീഡിപ്പിക്കുന്നതും
അങ്ങയുടെ കൈകളുടെ പ്രവൃത്തിയെ നിന്ദിക്കുന്നതും
ദുഷ്ടരുടെ പദ്ധതികളെ അനുകൂലിക്കുന്നതും അങ്ങേക്കു പ്രസാദമോ?
4മാംസനേത്രങ്ങളാണോ അങ്ങേക്കുള്ളത്?
ഒരു മനുഷ്യൻ കാണുന്നതുപോലെയോ അങ്ങു കാര്യങ്ങൾ കാണുന്നത്?
5 6എന്റെ കുറ്റം അന്വേഷിക്കുന്നതിനും
എന്റെ പാപം സസൂക്ഷ്മം നിരീക്ഷിക്കുന്നതിനും
അങ്ങയുടെ നാളുകൾ ഒരു മനുഷ്യന്റെ നാളുകൾപോലെയോ?
അങ്ങയുടെ സംവത്സരങ്ങൾ മനുഷ്യന്റെ സംവത്സരങ്ങൾപോലെയോ?
7ഞാൻ കുറ്റവാളി അല്ലെന്നും
അങ്ങയുടെ കരങ്ങളിൽനിന്ന് എന്നെ വിടുവിക്കാൻ ആരും ഇല്ലെന്നും അങ്ങ് അറിയുന്നു.

8“അവിടത്തെ കരങ്ങൾ എന്നെ രൂപപ്പെടുത്തുകയും നിർമിക്കുകയും ചെയ്തു.
ഇപ്പോൾ അങ്ങ് തിരിഞ്ഞ് എന്നെ നശിപ്പിക്കുമോ?
9കളിമണ്ണുപോലെ എന്നെ മെനഞ്ഞത് അങ്ങാണ് എന്ന് ഓർക്കുക.
ഇപ്പോൾ അങ്ങ് തിരികെ എന്നെ പൊടിയിലേക്കു ചേർക്കുമോ?
10അങ്ങ് എന്നെ പാൽപോലെ തൂകിക്കളയുകയും
തൈരുപോലെ ഉറകൂട്ടുകയും ചെയ്തില്ലേ?
11അങ്ങ് മാംസവും ത്വക്കുംകൊണ്ട് എന്നെ പൊതിയുകയും
അസ്ഥികളാലും നാഡീഞരമ്പുകളാലും തുന്നിച്ചേർക്കുകയും ചെയ്തില്ലേ?
12അങ്ങ് എനിക്കു ജീവനും ദയാകടാക്ഷവും നൽകി,
അങ്ങയുടെ പരിപാലനം എന്റെ ആത്മാവിന് സംരക്ഷണവും നൽകി.

13“എങ്കിലും ഇവയെല്ലാം അങ്ങ് ഹൃദയത്തിൽ മൂടിവെച്ചു,
അങ്ങയുടെ ലക്ഷ്യം ഇതായിരുന്നു എന്ന് എനിക്കറിയാം:
14ഞാൻ പാപംചെയ്താൽ അങ്ങ് അതു നിരീക്ഷിക്കുന്നു,
എന്റെ അകൃത്യം ശിക്ഷിക്കപ്പെടാതെ പോകുകയുമില്ലല്ലോ.
15ഞാൻ കുറ്റക്കാരനെങ്കിൽ, എനിക്ക് അയ്യോ കഷ്ടം!
ഞാൻ നീതിമാനാണെങ്കിൽപോലും ശിരസ്സുയർത്താൻ എനിക്കു കഴിയുന്നില്ല,
കാരണം ഞാൻ ആകെ നാണംകെട്ടിരിക്കുന്നു
എന്റെ ദുരിതത്തിൽ ഞാൻ മുങ്ങിപ്പോയിരിക്കുന്നു.
16ഞാൻ തലയുയർത്തിയാൽ ഒരു സിംഹത്തെപ്പോലെ അങ്ങെന്നെ വേട്ടയാടും
എനിക്കെതിരായി അങ്ങയുടെ ഭീകരശക്തി വീണ്ടും പ്രയോഗിക്കുകയും ചെയ്യും.
17അങ്ങു വീണ്ടും എനിക്കെതിരേ സാക്ഷികളെ ഹാജരാക്കുകയും
എന്നോടുള്ള അങ്ങയുടെ ക്രോധം വർധിപ്പിക്കുകയും ചെയ്യുന്നു;
ദുരിതങ്ങൾ നിരനിരയായി എനിക്കെതിരേ പാഞ്ഞടുക്കുന്നു.

18“എന്തിനാണ് അങ്ങെന്നെ ഗർഭപാത്രത്തിൽനിന്നു പുറപ്പെടുവിച്ചത്?
അതിനു മുമ്പുതന്നെ ഞാൻ മരിക്കുകയും ഒരു കണ്ണും എന്നെ കാണാതിരിക്കുകയും ചെയ്തിരുന്നെങ്കിൽ!
19എങ്കിൽ ഞാൻ ജനിക്കാത്തതുപോലെ ആകുമായിരുന്നു,
ഗർഭപാത്രത്തിൽനിന്നുതന്നെ എന്നെ ശവക്കുഴിയിലേക്കു കൊണ്ടുപോകുമായിരുന്നു!
20എന്റെ അൽപ്പദിവസങ്ങൾ ഏറെക്കുറെ അവസാനിച്ചില്ലേ?
ഞാൻ ഒട്ടുനേരം ആനന്ദിക്കേണ്ടതിന് അങ്ങയുടെ മുഖം എന്നിൽനിന്നു മറയ്ക്കണമേ.
21മടങ്ങിവരവ് ഇല്ലാത്ത സ്ഥലത്തേക്കും
അന്ധകാരസ്ഥലത്തേക്കും കൂരിരുട്ടിലേക്കും പോകുന്നതിനുമുമ്പ് എന്നെ വിട്ടുമാറണമേ.
22അഗാധരാത്രിയുടെ സ്ഥലത്തേക്ക്,
അന്ധതമസ്സും അവ്യവസ്ഥയും ഉള്ള സ്ഥലത്തേക്കു ഞാൻ പോകട്ടെ.
അവിടത്തെ വെളിച്ചംപോലും ഇരുളാണല്ലോ.”
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.