‏ Jeremiah 49

അമ്മോന്യരെക്കുറിച്ചുള്ള അരുളപ്പാട്

1അമ്മോന്യരെക്കുറിച്ച്:

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“ഇസ്രായേലിനു പുത്രന്മാരില്ലേ?
ഇസ്രായേലിന് അവകാശിയില്ലേ?
അല്ലെങ്കിൽ മോലെക്ക്,
അഥവാ, അവരുടെ രാജാവ്
ഗാദിനെ കൈവശമാക്കിയത് എന്തിന്?
അവന്റെ ആളുകൾ അതിലെ പട്ടണങ്ങളിൽ പാർക്കുന്നതെന്തിന്?
2അതിനാൽ ഞാൻ അമ്മോന്യരുടെ രബ്ബയിൽ
യുദ്ധത്തിന്റെ കാഹളനാദം ധ്വനിപ്പിക്കുന്ന
കാലം വരുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്,
“അത് ഒരു ശൂന്യകൂമ്പാരമായിത്തീരും,
അതിനുചുറ്റുമുള്ള ഗ്രാമങ്ങൾ തീവെച്ചു നശിപ്പിക്കപ്പെടും.
അപ്പോൾ ഇസ്രായേൽ തന്നെ കൈവശമാക്കിയവരെ
ആട്ടിപ്പായിക്കും,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
3“ഹെശ്ബോനേ, വിലപിക്കുക, ഹായി നശിപ്പിക്കപ്പെട്ടിരിക്കുന്നു!
രബ്ബയുടെ പട്ടണങ്ങളേ, നിലവിളിക്കുക!
അരയിൽ ചാക്കുശീല ചുറ്റി വിലപിക്കുക;
നിങ്ങളുടെ മതിലുകൾക്കുള്ളിൽ ഉഴന്നുനടക്കുക,
കാരണം മോലെക്ക് പ്രവാസത്തിലേക്കു പോകും,
അവന്റെ പുരോഹിതരോടും ഉദ്യോഗസ്ഥരോടും ഒപ്പംതന്നെ.
4നിന്റെ താഴ്വരകളെപ്പറ്റി നീ വളരെ അഹങ്കരിക്കുന്നതെന്തിന്?
ഫലഭൂയിഷ്ഠമായ നിന്റെ താഴ്വരകളിൽ പ്രശംസിക്കുന്നതെന്തിന്?
അവിശ്വസ്തരായ മകളായ അമ്മോനേ,
നിന്റെ നിക്ഷേപങ്ങളിൽ ആശ്രയിച്ചുകൊണ്ട്
‘ആര് എന്നെ ആക്രമിക്കും?’ എന്നു നീ പറയുന്നു.
5നിനക്കുചുറ്റുമുള്ള എല്ലാ സ്ഥലങ്ങളിൽനിന്നും
ഞാൻ നിനക്കു ഭയം വരുത്തും,”
എന്ന് സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
“നിങ്ങൾ ഓരോരുത്തനും ആട്ടിപ്പായിക്കപ്പെടും,
പലായിതരെ കൂട്ടിച്ചേർക്കാൻ ആരും ഉണ്ടാകുകയില്ല.

6“എങ്കിലും പിൽക്കാലത്ത്, ഞാൻ അമ്മോന്യരുടെ ഐശ്വര്യം പുനഃസ്ഥാപിക്കും,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.

ഏദോമിനെക്കുറിച്ചുള്ള അരുളപ്പാട്

7ഏദോമിനെക്കുറിച്ച്:

സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു.

“തേമാനിൽ ഇനി ജ്ഞാനമില്ലേ?
വിവേകികൾക്ക് ആലോചന നഷ്ടപ്പെട്ടുപോയോ?
അവരുടെ ജ്ഞാനം ക്ഷയിച്ചുപോയോ?
8ദേദാൻ നിവാസികളേ,
പിന്തിരിഞ്ഞ് ഓടുക, ആഴമുള്ള ഗുഹകളിൽ ഒളിക്കുക;
കാരണം ഞാൻ ഏശാവിനെ ശിക്ഷിക്കുമ്പോൾ,
അവന്റെമേൽ മഹാ വിപത്തുതന്നെ വരുത്തും.
9മുന്തിരിപ്പഴം പറിക്കുന്നവർ നിന്റെ അടുക്കൽ വന്നാൽ
കാലാപെറുക്കാനുള്ള പഴമെങ്കിലും അവർ ശേഷിപ്പിക്കുകയില്ലേ?
കള്ളന്മാർ രാത്രിയിൽ വന്നാൽ,
തങ്ങൾക്കു വേണ്ടതല്ലേ അവർ മോഷ്ടിക്കൂ?
10എന്നാൽ ഞാൻ ഏശാവിനെ വസ്ത്രമുരിഞ്ഞ് നഗ്നനാക്കും;
അവന്റെ ഒളിവിടങ്ങൾ വെളിച്ചത്താക്കും,
അതിനാൽ അവന് ഒളിക്കാൻ കഴിയുകയില്ല.
അവന്റെ ആയുധധാരികളായ യോദ്ധാക്കൾ നശിപ്പിക്കപ്പെട്ടു,
അവനുമായി സഖ്യമുള്ളവരും അയൽവാസികളും നശിപ്പിക്കപ്പെട്ടു;
11അതുകൊണ്ട് ‘അനാഥരാകുന്ന നിന്റെ കുഞ്ഞുങ്ങളെ ഇവിടെ വിട്ടേക്കുക; ഞാൻ അവരെ ജീവനോടെ സംരക്ഷിക്കാം.
നിന്റെ വിധവമാർക്കും എന്നിൽ ആശ്രയിക്കാം,’ ”
എന്ന് ആശ്വസിപ്പിക്കാൻ ആരും അവശേഷിച്ചിട്ടില്ല.
12യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “പാനപാത്രം കുടിക്കാൻ അർഹതയില്ലാത്തവർ അതു പാനംചെയ്യണം എന്നാണെങ്കിൽ, നീ എന്തുകൊണ്ട് ശിക്ഷിക്കപ്പെടാതിരിക്കും? നീ ശിക്ഷിക്കപ്പെടാതെ പോകുകയില്ല, നീ അതു പാനംചെയ്തേ മതിയാവൂ. 13ബൊസ്രാ വിജനവും ശാപവും ഭീതിവിഷയവും നിന്ദയും ആയിത്തീരും; അതിലെ എല്ലാ പട്ടണങ്ങളും എന്നും ശൂന്യമായിത്തന്നെയിരിക്കും, എന്നു ഞാൻ എന്നെക്കൊണ്ടുതന്നെ ശപഥംചെയ്തിരിക്കുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്.

14“അതിനെ ആക്രമിക്കുന്നതിന് നിങ്ങൾ ഒരുമിച്ചുകൂടുക!
യുദ്ധത്തിനായി എഴുന്നേൽക്കുക!”
എന്ന് അറിയിക്കുന്നതിന്, ഒരു സ്ഥാനപതിയെ രാഷ്ട്രങ്ങളിലേക്ക് അയച്ചിരിക്കുന്നു,
എന്ന് യഹോവയിൽനിന്ന് ഞാൻ ഒരു സന്ദേശം കേട്ടിരിക്കുന്നു.

15“ഇതാ, ഞാൻ നിന്നെ രാഷ്ട്രങ്ങൾക്കിടയിൽ ചെറിയവനും
മനുഷ്യരാൽ നിന്ദിതനും ആക്കിയിരിക്കുന്നു.
16പാറപ്പിളർപ്പുകളിൽ വസിച്ച്,
മലകളുടെ ഉയരങ്ങളിൽ പാർക്കുന്നവനേ,
നീ മറ്റുള്ളവരിൽ പ്രചോദിപ്പിക്കുന്ന ഭീതിയും
നിന്റെ ഹൃദയത്തിന്റെ അഹങ്കാരവും നിന്നെ ചതിച്ചിരിക്കുന്നു,
നീ കഴുകനെപ്പോലെ അത്രയും ഉയരത്തിൽത്തന്നെ കൂടുവെച്ചാലും,
അവിടെനിന്നു ഞാൻ നിന്നെ ഇറക്കിക്കൊണ്ടുവരും,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
17“ഏദോം ഒരു ഭീതിവിഷയമായിത്തീരും;
ഇതുവഴി കടന്നുപോകുന്ന സകലരും
അതിന്റെ നാശം കണ്ടു സ്തബ്ധരായി അതിനെ പരിഹസിക്കും.
18സൊദോമിനെയും ഗൊമോറായെയും അവയുടെ അയൽ പട്ടണങ്ങളോടൊപ്പം നശിപ്പിച്ച നാളിലെപ്പോലെതന്നെ,
ആരും അവിടെ പാർക്കുകയില്ല;
ഒരു മനുഷ്യനും അവിടെ താമസിക്കുകയില്ല,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.

19“ഇതാ, യോർദാനിലെ കുറ്റിക്കാട്ടിൽനിന്ന്
നിത്യഹരിതമായ മേച്ചിൽപ്പുറങ്ങളിലേക്ക് ഒരു സിംഹം കയറിവരുമ്പോഴെന്നപോലെ,
ഞാൻ ഏദോമ്യരെ ഒരൊറ്റ നിമിഷത്തിനുള്ളിൽ അവിടെനിന്ന് ഓടിച്ചുകളയും.
ഞാൻ ഇതിനായി നിയോഗിക്കുന്ന തെരഞ്ഞെടുക്കപ്പെട്ടവൻ ആര്?
എനിക്കു തുല്യനായി എന്നെ വെല്ലുവിളിക്കാൻ ആരാണുള്ളത്?
ഏത് ഇടയനാണ് എനിക്കെതിരേ നിൽക്കാൻ കഴിയുന്നത്?”

20അതുകൊണ്ട്, ഏദോമിനെതിരേയുള്ള യഹോവയുടെ പദ്ധതികൾ കേൾക്കുക,
തേമാൻ നിവാസികൾക്കെതിരേയുള്ള അവിടത്തെ ലക്ഷ്യംതന്നെ:
ആട്ടിൻപറ്റത്തിൽ ചെറിയവരേപ്പോലും ഇഴച്ചു കൊണ്ടുപോകും;
അവരുടെ വാസസ്ഥലം അവരോടൊപ്പം ശൂന്യമാക്കും.
21അവരുടെ വീഴ്ചയുടെ മുഴക്കത്താൽ ഭൂമി ഞെട്ടിവിറയ്ക്കും;
അവരുടെ നിലവിളി! ചെങ്കടലിൽ പ്രതിധ്വനിക്കും.
22ഇതാ, ഒരു കഴുകൻ ഉയർന്നു പറന്നിട്ട്
പെട്ടെന്ന് ചിറകുവിരിച്ച് ഇരയുടെമേലെന്നതുപോലെ
ബൊസ്രായുടെമേൽ പാഞ്ഞടുക്കുന്നു.
ആ ദിവസത്തിൽ ഏദോമിലെ വീരന്മാരുടെ ഹൃദയം
പ്രസവവേദന ബാധിച്ച സ്ത്രീയുടെ ഹൃദയംപോലെയാകും.

ദമസ്കോസിനെക്കുറിച്ചുള്ള അരുളപ്പാട്

23ദമസ്കോസിനെക്കുറിച്ച്:

“ഹമാത്തും അർപ്പാദും നിരാശരായിരിക്കുന്നു,
കാരണം അവർ ഒരു ദുർവാർത്ത കേട്ടിരിക്കുന്നു.
അവരുടെ ഹൃദയം അസ്വസ്ഥമായിരിക്കുന്നു,
അസ്വസ്ഥമായ കടൽപോലെതന്നെ.
24ദമസ്കോസ് നിസ്സഹായയായിത്തീർന്നു,
അവൾ ഓടിപ്പോകാൻ ഭാവിക്കുന്നു,
ഭീതി അവളെ പിടികൂടിയിരിക്കുന്നു;
നോവുകിട്ടിയ സ്ത്രീക്ക് എന്നപോലെ
അവൾക്ക് അതിവ്യസനവും വേദനയും പിടിപെട്ടിരിക്കുന്നു.
25പ്രശസ്തമായ പട്ടണം ഉപേക്ഷിക്കപ്പെടാതിരിക്കുന്നത് എന്തുകൊണ്ട്,
എന്റെ ആനന്ദമായിരിക്കുന്ന ആ നഗരംതന്നെ?
26അവളുടെ യുവാക്കൾ വീഥികളിൽ വീണുപോകും, നിശ്ചയം;
അവളുടെ എല്ലാ യോദ്ധാക്കളും ആ ദിവസത്തിൽ നശിച്ചുപോകും,”
എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
27“ദമസ്കോസിന്റെ മതിലുകൾക്ക് ഞാൻ തീവെക്കും;
അത് ബെൻ-ഹദദിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.”

കേദാരിനെയും ഹാസോറിനെയുംകുറിച്ചുള്ള അരുളപ്പാട്

28ബാബേൽരാജാവായ നെബൂഖദ്നേസർ ആക്രമിച്ച കേദാരിനെയും ഹാസോരിന്റെ രാജ്യങ്ങളെയുംകുറിച്ചുള്ള അരുളപ്പാട്:

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“എഴുന്നേൽക്കുക, കേദാരിനെ ആക്രമിക്കുക,
കിഴക്കുദേശത്തെ ജനതയെ നശിപ്പിക്കുക.
29അവരുടെ കൂടാരങ്ങളും ആട്ടിൻപറ്റങ്ങളും അപഹരിക്കപ്പെടും;
അവരുടെ കൂടാരശീലകൾ കൊണ്ടുപോകപ്പെടും,
എല്ലാ വസ്തുവകകളോടും ഒട്ടകങ്ങളോടും ഒപ്പംതന്നെ.
‘സർവത്ര കൊടുംഭീതി!’
എന്നു ജനം അവരോടു വിളിച്ചുപറയും.

30“ഹാസോർ നിവാസികളേ, ദൂരേക്ക് ഓടിപ്പോകുക,
ആഴമുള്ള ഗുഹകളിൽ അഭയംതേടുക,”
എന്ന് യഹോവയുടെ അരുളപ്പാട്.
“ബാബേൽരാജാവായ നെബൂഖദ്നേസർ നിങ്ങൾക്കെതിരേ ഗൂഢാലോചന നടത്തിയിരിക്കുന്നു;
അദ്ദേഹം നിങ്ങൾക്കെതിരേ ഒരു പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നു.

31“എഴുന്നേറ്റ് സമാധാനത്തോടെ കഴിയുന്ന ഒരു രാഷ്ട്രത്തെ ആക്രമിക്കുക,
ആത്മവിശ്വാസത്തോടെ കഴിയുന്ന ഒരു ജനതയെത്തന്നെ,”
എന്ന് യഹോവയുടെ അരുളപ്പാട്,
“കവാടങ്ങളോ ഓടാമ്പലുകളോ ഇല്ലാത്ത ഒരു രാഷ്ട്രത്തെ;
നിർഭയരായി ജീവിക്കുന്ന ഒരു ജനതയോടുതന്നെ പോരാടുക.
32അവരുടെ ഒട്ടകങ്ങൾ കവർച്ചയായും
അവരുടെ കന്നുകാലിക്കൂട്ടങ്ങൾ കൊള്ളമുതലായും കൊണ്ടുപോകപ്പെടുകയും ചെയ്യും.
തലയുടെ അരികു വടിക്കുന്നവരെ എല്ലാ കാറ്റുകളിലേക്കും ഞാൻ ചിതറിച്ചുകളയും;
അവരുടെ നാശം എല്ലാവശങ്ങളിൽനിന്നും ഞാൻ വരുത്തും,”
എന്ന് യഹോവയുടെ അരുളപ്പാട്.
33“ഹാസോർ കുറുനരികൾ വിഹരിക്കുന്ന ഇടവും
എന്നേക്കും ശൂന്യസ്ഥലവും ആയിത്തീരും.
ആരും അവിടെ പാർക്കുകയില്ല;
ഒരു മനുഷ്യനും അവിടെ താമസിക്കുകയില്ല.”

ഏലാമിനെക്കുറിച്ചുള്ള അരുളപ്പാട്

34യെഹൂദാരാജാവായ സിദെക്കീയാവിന്റെ ഭരണത്തിന്റെ ആരംഭത്തിൽ ഏലാമിനെക്കുറിച്ച് യിരെമ്യാപ്രവാചകനുണ്ടായ യഹോവയുടെ അരുളപ്പാട്:

35സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“ഇതാ, ഞാൻ ഏലാമിന്റെ വില്ല് ഒടിക്കും,
അവരുടെ ശക്തിയുടെ മുഖ്യധാരയെത്തന്നെ.
36ആകാശത്തിന്റെ നാലു മൂലകളിൽനിന്നും
നാലു കാറ്റുകളെ ഞാൻ ഏലാമിന്മേൽ വരുത്തും;
അവരെ ആ നാലു കാറ്റുകളിലേക്കു ചിതറിച്ചുകളയും,
ഏലാമിന്റെ ഭ്രഷ്ടന്മാർ പോകാത്ത
ഒരു രാജ്യവും ഉണ്ടാകുകയില്ല.
37ഏലാമ്യരെ ഞാൻ, അവരുടെ ശത്രുക്കളുടെമുന്നിലും
അവരെ വധിക്കാൻ ശ്രമിക്കുന്നവരുടെമുന്നിലും ചിതറിക്കും;
ഞാൻ അവരുടെമേൽ നാശംവരുത്തും,
എന്റെ ഭീകരക്രോധംതന്നെ,”
എന്ന് യഹോവയുടെ അരുളപ്പാട്.
“അവരെ നശിപ്പിച്ചുകളയുന്നതുവരെ
ഞാൻ അവരെ വാളുമായി പിൻതുടരും.
38ഞാൻ എന്റെ സിംഹാസനം ഏലാമിൽ സ്ഥാപിക്കും,
ഞാൻ അവളുടെ രാജാവിനെയും പ്രഭുക്കന്മാരെയും നശിപ്പിച്ചുകളയും,”
എന്ന് യഹോവയുടെ അരുളപ്പാട്.

39“എന്നാൽ ഒടുവിൽ
ഞാൻ ഏലാമിന്റെ ഐശ്വര്യം പുനഃസ്ഥാപിക്കും,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.