‏ Jeremiah 48

മോവാബിനെക്കുറിച്ചുള്ള അരുളപ്പാട്

1മോവാബിനെക്കുറിച്ച്:

ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“നെബോയ്ക്ക് അയ്യോ കഷ്ടം, അതു നശിപ്പിക്കപ്പെടും.
കിര്യാത്തയീം അപമാനിതയാകും, അതു പിടിക്കപ്പെടും;
കെട്ടിയുറപ്പിക്കപ്പെട്ട കോട്ട ലജ്ജിതയാകുകയും തകർക്കപ്പെടുകയും ചെയ്യും.
2മോവാബ് ഇനിയൊരിക്കലും പ്രകീർത്തിക്കപ്പെടുകയില്ല;
ഹെശ്ബോനിൽ അവൾക്കെതിരേ അനർഥം ആസൂത്രണം ചെയ്തിരിക്കുന്നു:
‘വരിക, ഒരു രാഷ്ട്രമായിരിക്കാതവണ്ണം നമുക്ക് അതിനെ നശിപ്പിച്ചുകളയാം,’
മദ്മേൻ നിവാസികളേ, നിങ്ങളും നിശ്ശബ്ദരാക്കപ്പെടും;
വാൾ നിങ്ങളെയും പിൻതുടരും.
3‘സംഹാരം, മഹാനാശം’ എന്നിങ്ങനെ
ഹോരോനയീമിൽനിന്ന് ഒരു നിലവിളി ഉയരുന്നു.
4മോവാബ് തകർക്കപ്പെടും;
അവളുടെ കുഞ്ഞുങ്ങൾ നിലവിളിക്കും.
5ലൂഹീത്തിലേക്കുള്ള മലയിലേക്ക് അവർ കയറിച്ചെല്ലും,
നിലവിളിച്ചുകൊണ്ടുതന്നെ അവർ പോകുന്നു;
ഹോരോനയീമിലേക്കുള്ള ഇറക്കത്തിങ്കൽ
സംഹാരത്തിന്റെ സങ്കടം നിറഞ്ഞ നിലവിളി കേൾക്കുന്നു.
6ഓടിക്കോ! പ്രാണരക്ഷാർഥം ഓടുക;
മരുഭൂമിയിൽ ഒരു ചൂരൽച്ചെടിപോലെ ആയിത്തീരുക.
7നിങ്ങളുടെ സ്വന്തം നേട്ടങ്ങളിലും നിക്ഷേപങ്ങളിലുമുള്ള ആശ്രയംനിമിത്തം
നിങ്ങൾതന്നെയും അടിമകളാക്കപ്പെടും,
തന്റെ പുരോഹിതന്മാരോടും പ്രഭുക്കന്മാരോടുംകൂടെ
കെമോശ്ദേവനും പ്രവാസത്തിലേക്കു പോകും.
8ഒരു പട്ടണവും രക്ഷപ്പെടാത്തവിധത്തിൽ
സംഹാരകൻ എല്ലാ പട്ടണങ്ങൾക്കും എതിരേ വരും.
യഹോവ അരുളിച്ചെയ്തതുകൊണ്ട്
താഴ്വര ശൂന്യമാക്കപ്പെടുകയും,
സമഭൂമി നശിപ്പിക്കപ്പെടുകയും ചെയ്യും.
9മോവാബ് വിജനമാക്കപ്പെടേണ്ടതിന്
മൂ.ഭാ. പറന്നുപോകേണ്ടതിന്

അവൾക്കു ചിറകു നൽകുക.
അവളുടെ നഗരങ്ങൾ നിവാസികളില്ലാതെ
ശൂന്യമായിത്തീരും.

10“യഹോവയുടെ പ്രവൃത്തി അലസതയോടെ ചെയ്യുന്നവർ ശപിക്കപ്പെട്ടവർ!
രക്തം ചൊരിയാതെ വാൾ അടക്കിവെക്കുന്നവരും ശപിക്കപ്പെട്ടവർ!

11“മോവാബ് യൗവനംമുതൽതന്നെ സ്വസ്ഥയായിരുന്നു,
അവൾ മട്ടിൻമീതേ തെളിവീഞ്ഞു നിൽക്കുന്നതുപോലെതന്നെ,
പാത്രത്തിൽനിന്ന് പാത്രത്തിലേക്കു പകർന്നിട്ടില്ല—
അവൾ പ്രവാസത്തിലേക്കു പോയിട്ടുമില്ല.
അതിനാൽ അവളുടെ രുചി മാറാതിരിക്കുന്നു,
അവളുടെ സുഗന്ധം വ്യത്യാസപ്പെട്ടതുമില്ല.
12എന്നാൽ സമയം വന്നുചേരുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്,
“കുടങ്ങളിൽനിന്നു വീഞ്ഞുപകരുന്ന പുരുഷന്മാരെ ഞാൻ അയയ്ക്കുമ്പോൾ,
അവർ അവളെ പകർന്നുകളകയും;
അവർ അവളുടെ കുടങ്ങൾ ശൂന്യമാക്കുകയും
പാത്രങ്ങൾ ഉടച്ചുകളയുകയും ചെയ്യും.
13ഇസ്രായേൽജനം അവർ ആശ്രയിച്ചിരുന്ന
ബേഥേലിനെക്കുറിച്ച് ലജ്ജിച്ചുപോയതുപോലെ
മോവാബ് കെമോശ്ദേവനെപ്പറ്റിയും ലജ്ജിച്ചുപോകും.

14“ ‘ഞങ്ങൾ യോദ്ധാക്കൾ, യുദ്ധത്തിൽ പരാക്രമശാലികൾതന്നെ,’
എന്നു നിങ്ങൾക്ക് എങ്ങനെ പറയാൻകഴിയും?
15മോവാബ് നശിപ്പിക്കപ്പെടുകയും അവളുടെ നഗരങ്ങൾ ആക്രമിക്കപ്പെടുകയും ചെയ്യും;
അവളുടെ അതിശ്രേഷ്ഠരായ യുവാക്കൾ കൊലക്കളത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു,”
എന്ന് സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവ് അരുളിച്ചെയ്യുന്നു.
16“മോവാബിന്റെ നാശം അടുത്തിരിക്കുന്നു;
അവളുടെ അനർഥം വേഗത്തിൽത്തന്നെ വന്നുചേരും.
17അവൾക്കുചുറ്റും വസിക്കുന്ന എല്ലാവരുമേ,
അവളുടെ പ്രശസ്തി
മൂ.ഭാ. നാമം
അറിയുന്ന സകലരുമേ, അവളെച്ചൊല്ലി വിലപിക്കുക;
‘അയ്യോ, ബലമുള്ള ചെങ്കോൽ എങ്ങനെ ഒടിഞ്ഞിരിക്കുന്നു!
മഹിമയുള്ള കോൽ എങ്ങനെ തകർന്നിരിക്കുന്നു!’ എന്നു പറയുക.

18“ദീബോൻപുത്രിയിലെ നിവാസികളേ,
നിന്റെ ശ്രേഷ്ഠതയിൽനിന്ന് ഇറങ്ങിവന്ന്
ദാഹാർത്തമായ ഭൂമിയിൽ ഇരിക്കുക;
കാരണം മോവാബിന്റെ സംഹാരകൻ
നിനക്കെതിരേ പുറപ്പെട്ടുവരുകയും
അവൻ നിന്റെ കോട്ടകളെ ഇടിച്ചുനിരത്തുകയും ചെയ്യും.
19അരോയേർ നിവാസികളേ,
വഴിയരികിൽ നിന്നുകൊണ്ട് നിരീക്ഷിക്കുക,
ഓടിപ്പോകുന്ന പുരുഷന്മാരോടും പലായനംചെയ്യുന്ന സ്ത്രീകളോടും,
‘എന്താണു സംഭവിച്ചത്?’ എന്നു ചോദിക്കുക.
20മോവാബ് തകർക്കപ്പെട്ട് ലജ്ജാപാത്രമായിരിക്കുന്നു.
വിലപിക്കുക, നിലവിളിക്കുക!
മോവാബ് നശിപ്പിക്കപ്പെട്ടു
എന്ന് അർന്നോനിൽ പ്രസിദ്ധമാക്കുക.
21സമഭൂമിയിന്മേൽ ന്യായവിധി വന്നിരിക്കുന്നു—
ഹോലോനും യാഹാസെക്കും മേഫാത്തിനും
22ദീബോനും നെബോവിനും ബേത്ത്-ദിബ്ലത്തേയീമിനും
23കിര്യാത്തയീമിനും ബേത്ത്-ഗാമൂലിനും ബേത്ത്-മെയോനും
24കെരീയോത്തിനും ബൊസ്രായ്ക്കും—
ദൂരത്തും സമീപത്തുമുള്ള മോവാബിലെ സകലനഗരങ്ങൾക്കുംതന്നെ.
25മോവാബിന്റെ കൊമ്പ് വെട്ടിക്കളഞ്ഞിരിക്കുന്നു;
അവളുടെ ഭുജം ഒടിഞ്ഞിരിക്കുന്നു,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.

26“അവൾ യഹോവയെ വെല്ലുവിളിച്ചിരിക്കുകയാൽ
അവളെ മത്തുപിടിപ്പിക്കുക.
മോവാബ് അവളുടെ ഛർദിയിൽക്കിടന്ന് ഉരുളട്ടെ;
അവൾ ഒരു പരിഹാസവിഷയം ആയിത്തീരട്ടെ.
27ഇസ്രായേൽ നിനക്ക് ഒരു പരിഹാസവിഷയമായിരുന്നില്ലേ?
അവളെക്കുറിച്ചു സംസാരിക്കുമ്പോഴൊക്കെയും
നീ പരിഹാസത്തോടെ തലകുലുക്കുന്നു,
എന്ത്, അവൾ കള്ളന്മാരുടെ കൂട്ടത്തിൽ പിടിക്കപ്പെട്ടോ?
28മോവാബുനിവാസികളേ,
പട്ടണങ്ങൾ ഉപേക്ഷിച്ച് പാറകൾക്കിടയിൽ പാർക്കുക.
ഗുഹാമുഖത്ത് കൂടുവെക്കുന്ന
പ്രാവിനെപ്പോലെ ആകുക.

29“മോവാബിന്റെ അഹന്തയെപ്പറ്റി ഞങ്ങൾ കേട്ടിരിക്കുന്നു—
അവളുടെ ഗർവ് എത്ര ഭീമം!
അവളുടെ ധിക്കാരം, അഹന്ത, ഗർവം,
ഹൃദയത്തിന്റെ നിഗളം എന്നിവയെപ്പറ്റിയും ഞങ്ങൾ കേട്ടിരിക്കുന്നു.
30ഞാൻ അവളുടെ ധിക്കാരം അറിയുന്നു എന്നാൽ അതു വ്യർഥമത്രേ,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു,
“അവളുടെ ആത്മപ്രശംസ ഒന്നും സാധിക്കുകയില്ല.
31അതിനാൽ ഞാൻ മോവാബിനെപ്പറ്റി വിലപിക്കും,
മോവാബ് മുഴുവനെപ്പറ്റിയും ഞാൻ കരയും,
കീർ-ഹേരെശിലെ ജനത്തിനുവേണ്ടിയും ഞാൻ വിലപിക്കും.
32സിബ്മയിലെ മുന്തിരിവള്ളികളേ,
യാസേർ വിലപിക്കുന്നതുപോലെ ഞാൻ നിനക്കായി വിലപിക്കും.
നിന്റെ വള്ളിത്തലകൾ കടൽത്തീരംവരെ പടർന്നുകിടന്നിരുന്നു;
അവ യസേർവരെ എത്തിയിരുന്നു.
നിന്റെ വേനൽക്കനികളിന്മേലും മുന്തിരിമേലും
സംഹാരകൻ ചാടിവീണിരിക്കുന്നു.
33തന്മൂലം ആനന്ദവും ആഹ്ലാദവും വിളഭൂമിയിൽനിന്ന്,
മോവാബുദേശത്തുനിന്നുതന്നെ പൊയ്പ്പോയിരിക്കുന്നു.
മുന്തിരിച്ചക്കുകളിൽനിന്ന് വീഞ്ഞിന്റെ ഒഴുക്കു ഞാൻ നിർത്തിയിരിക്കുന്നു;
ആനന്ദഘോഷത്തോടെ ആരും മുന്തിരിച്ചക്കു ചവിട്ടുകയില്ല.
ആർപ്പുവിളികൾ കേൾക്കുന്നെങ്കിലും,
അവ ആനന്ദത്തിന്റെ ആർപ്പുവിളികൾ ആയിരിക്കുകയില്ല.

34“ഹെശ്ബോനിൽനിന്ന് എലെയാലെയും യാഹാസുംവരെയും
അവരുടെ നിലവിളിയുടെ ശബ്ദം ഉയരുന്നു,
സോവാറിൽനിന്ന് ഹോരോനയീമും എഗ്ലത്ത്-ശെലീശിയംവരെയുംതന്നെ,
കാരണം നിമ്രീമിലെ ജലാശയങ്ങൾപോലും വറ്റിവരണ്ടല്ലോ.
35ഞാൻ മോവാബിന് അന്ത്യംവരുത്തും,
ക്ഷേത്രങ്ങളിൽ ബലിയർപ്പിക്കുന്നവർക്കും
ദേവതകൾക്കു ധൂപം കാട്ടുന്നവർക്കുംതന്നെ,”
എന്ന് യഹോവയുടെ അരുളപ്പാട്.
36“അതുകൊണ്ട് എന്റെ ഹൃദയം കുഴൽനാദംപോലെ മോവാബിനെക്കുറിച്ചു വിലപിക്കുന്നു;
കീർ-ഹേരെശിലെ ജനത്തിനുവേണ്ടിയും എന്റെ ഹൃദയം കുഴൽപോലെ വിലപിക്കുന്നു.
അവർ കൈക്കലാക്കിയ സമൃദ്ധിയെല്ലാം നഷ്ടമായിരിക്കുന്നു.
37എല്ലാ തലയും ക്ഷൗരംചെയ്യുകയും
എല്ലാ താടിയും കത്രിക്കുകയുംചെയ്തിരിക്കുന്നു;
എല്ലാ കൈകളിലും മുറിവും
അരകളിൽ ചാക്കുശീലയും കാണപ്പെടുന്നു.
38ആർക്കും വേണ്ടാത്ത ഒരു പാത്രംപോലെ
ഞാൻ മോവാബിനെ ഉടച്ചുകളഞ്ഞിരിക്കുകയാൽ
മോവാബിലെ എല്ലാ മട്ടുപ്പാവുകളിലും
എല്ലാ ചത്വരങ്ങളിലും വിലാപംമാത്രം കേൾക്കുന്നു,”
എന്ന് യഹോവയുടെ അരുളപ്പാട്.
39“മോവാബ് എത്രമാത്രം തകർക്കപ്പെട്ടു! അവൾ എങ്ങനെ അലമുറയിടുന്നു!
അവൾ ലജ്ജകൊണ്ട് എങ്ങനെ പുറംതിരിഞ്ഞിരിക്കുന്നു!
മോവാബ് ചുറ്റുമുള്ള എല്ലാവർക്കും പരിഹാസവിഷയവും
ഭയഹേതുകവും ആയിത്തീർന്നിരിക്കുന്നു.”
40യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“ഇതാ, ശത്രു ഒരു കഴുകനെപ്പോലെ വേഗത്തിൽ പറന്നിറങ്ങുന്നു,
മോവാബിന്മേൽ അതിന്റെ ചിറകു വിരിക്കുന്നു.
41കെരീയോത്ത്
അഥവാ, പട്ടണങ്ങൾ
പിടിക്കപ്പെടും,
കോട്ടകൾ കൈവശമാക്കപ്പെടും.
ആ നാളിൽ മോവാബിലെ യോദ്ധാക്കളുടെ ഹൃദയം
പ്രസവവേദന ബാധിച്ച ഒരു സ്ത്രീയുടെ ഹൃദയംപോലെയാകും.
42മോവാബ് യഹോവയുടെമുമ്പിൽ ഗർവിഷ്ഠയായതുകൊണ്ട്
അവൾ ഇനിയൊരിക്കലും ഒരു രാഷ്ട്രമായിരിക്കുകയില്ല.
43മോവാബ് നിവാസികളേ,
കൊടുംഭീതി, കിടങ്ങ്, കെണി എന്നിവ നിങ്ങൾക്കായി കാത്തുനിൽക്കുന്നു,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
44“ഭീതിനിമിത്തം ഓടിപ്പോകുന്നവർ
കിടങ്ങിൽ വീഴും,
കിടങ്ങിൽനിന്ന് കയറുന്നവർ
കെണിയിലകപ്പെടും;
കാരണം ഞാൻ മോവാബിന്റെമേൽ
അവളുടെ ശിക്ഷയ്ക്കുള്ള വർഷം വരുത്തും,”
എന്ന് യഹോവയുടെ അരുളപ്പാട്.

45“പലായിതർ നിസ്സഹായരായി
ഹെശ്ബോന്റെ മറവിൽ നിൽക്കും,
കാരണം ഹെശ്ബോനിൽനിന്ന് തീ പുറപ്പെട്ടിരിക്കുന്നു
സീഹോന്റെ നടുവിൽനിന്ന് തീജ്വാലയും;
അതു മോവാബിന്റെ നെറ്റിയും
കലാപകാരികളുടെ നിറുകയും ദഹിപ്പിച്ചിരിക്കുന്നു.
46മോവാബേ, നിനക്ക് അയ്യോ കഷ്ടം!
കെമോശിലെ ജനം നശിച്ചിരിക്കുന്നു;
നിന്റെ പുത്രന്മാരെ ബന്ധനത്തിലേക്കും
പുത്രിമാരെ അടിമത്തത്തിലേക്കും കൊണ്ടുപോയിരിക്കുന്നു.

47“എങ്കിലും ഭാവികാലത്ത്
ഞാൻ മോവാബിന്റെ ഐശ്വര്യം പുനഃസ്ഥാപിക്കും,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
മോവാബിന്മേലുള്ള ന്യായവിധി ഇവിടെ അവസാനിക്കുന്നു.

Copyright information for MalMCV