‏ Jeremiah 47

ഫെലിസ്ത്യരെക്കുറിച്ചുള്ള സന്ദേശം

1ഫറവോൻ ഗസ്സയെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നതിനുമുമ്പ് ഫെലിസ്ത്യരെക്കുറിച്ച് യിരെമ്യാപ്രവാചകനുണ്ടായ യഹോവയുടെ അരുളപ്പാട്:

2യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“ഇതാ, വടക്കുനിന്ന് വെള്ളം പൊങ്ങുന്നു;
അവർ കവിഞ്ഞൊഴുകുന്ന ഒരു പ്രവാഹമായിത്തീരും.
അത് ദേശത്തിന്റെയും അതിലുള്ള എല്ലാറ്റിന്റെയും
നഗരത്തിന്റെയും അതിൽ വസിക്കുന്നവരുടെയുംമീതേ കവിഞ്ഞൊഴുകും.
മനുഷ്യർ നിലവിളിക്കും,
ദേശവാസികളൊക്കെയും വിലപിക്കും;
3കുതിച്ചുപായുന്ന ആൺകുതിരകളുടെ കുളമ്പടിനാദവും
ശത്രുരഥങ്ങളുടെ ഘോഷവും
ചക്രങ്ങളുടെ ആരവവും കേൾക്കുമ്പോൾത്തന്നെ.
മാതാപിതാക്കളുടെ കൈകൾ കുഴഞ്ഞുതൂങ്ങും;
അവർ തങ്ങളുടെ മക്കളെ തിരിഞ്ഞുനോക്കുകയില്ല.
4ഫെലിസ്ത്യരെ മുഴുവനായി നശിപ്പിക്കുന്നതിനും
സോരിൽനിന്നും സീദോനിൽനിന്നും
അവരുടെ എല്ലാ സഹായികളെയും
ഛേദിച്ചുകളയാനുമുള്ള ദിവസം വരുന്നതിനാൽതന്നെ.
കഫ്തോർ
അതായത്, ക്രീത്ത്
തീരങ്ങളിൽ ശേഷിച്ചിരിക്കുന്ന
ഫെലിസ്ത്യരെ യഹോവ നശിപ്പിക്കാൻ പോകുന്നു.
5ഗസ്സാ വിലപിച്ചുകൊണ്ട് അവളുടെ തല ക്ഷൗരംചെയ്യും;
അസ്കലോൻ നിശ്ശബ്ദരായിത്തീരും.
താഴ്വരയിലെ ശേഷിപ്പേ,
എത്രവരെ നീ സ്വയം ക്ഷതമേൽപ്പിക്കും?

6“ ‘അയ്യോ, യഹോവയുടെ വാളേ,
നീ എത്രവരെ വിശ്രമമില്ലാതിരിക്കും?
നിന്റെ ഉറയിലേക്കു പിൻവാങ്ങുക
വെട്ടുന്നതു നിർത്തി വിശ്രമിക്കുക.’
7അസ്കലോനെയും സമുദ്രതീരത്തെയും ആക്രമിക്കാൻ
യഹോവ അതിന് ആജ്ഞ കൊടുത്തിരിക്കെ,
അതിനായിട്ട് അവിടന്ന് കൽപ്പിച്ചിരിക്കെ,
അതിന് എങ്ങനെ അടങ്ങിയിരിക്കാൻ കഴിയും?”
Copyright information for MalMCV