‏ Jeremiah 39

1യെഹൂദാരാജാവായ സിദെക്കീയാവിന്റെ ഭരണത്തിന്റെ ഒൻപതാമാണ്ടിൽ പത്താംമാസത്തിൽ ബാബേൽരാജാവായ നെബൂഖദ്നേസർ തന്റെ സകലസൈന്യവുമായി ജെറുശലേമിനെതിരേ വന്ന് അതിന് ഉപരോധം ഏർപ്പെടുത്തി. 2സിദെക്കീയാവിന്റെ പതിനൊന്നാമാണ്ടിൽ നാലാംമാസം ഒൻപതാംതീയതി യെഹൂദ്യയിലെ സൈന്യം നഗരമതിൽ ഒരിടം പൊളിച്ചു. 3അതിനുശേഷം ബാബേൽരാജാവിന്റെ എല്ലാ പ്രഭുക്കന്മാരും അകത്തുകടന്ന്, നടുവിലത്തെ കവാടത്തിൽ ഇരുന്നു. സംഗാരിലെ നേർഗൽ-ശരേസരും നെബോ-സർസെഖീം എന്ന ഷണ്ഡന്മാരുടെ തലവനും നേർഗൽ-ശരേസർ എന്ന മന്ത്രവാദികളുടെ തലവനും ബാബേൽരാജാവിന്റെ മറ്റ് എല്ലാ പ്രഭുക്കന്മാരുംതന്നെ. 4യെഹൂദാരാജാവായ സിദെക്കീയാവും അദ്ദേഹത്തിന്റെ സകലസൈനികരും അവരെ കണ്ടപ്പോൾ അവർ രാത്രിയിൽത്തന്നെ രാജാവിന്റെ ഉദ്യാനം വഴിയായി രണ്ടു മതിലുകൾക്കിടയിലുള്ള കവാടത്തിലൂടെ നഗരത്തിനു പുറത്തുകടന്ന് അരാബയിലേക്കു
അതായത്, യോർദാൻ താഴ്വര
യാത്രചെയ്തു.
5എന്നാൽ ബാബേൽസൈന്യം
അഥവാ, കൽദയസൈന്യം
അവരെ പിൻതുടർന്നുചെന്ന് യെരീഹോസമതലത്തിൽവെച്ച് സിദെക്കീയാവിനെ മറികടന്നു. അവർ അദ്ദേഹത്തെ പിടിച്ച് ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ അടുക്കൽ ഹമാത്തിലെ രിബ്ലയിൽ കൊണ്ടുവന്നു. അവിടെവെച്ച് അദ്ദേഹം സിദെക്കീയാവിന് വിധി കൽപ്പിച്ചു.
6അവിടെ രിബ്ലയിൽവെച്ച് ബാബേൽരാജാവ് സിദെക്കീയാവിന്റെ പുത്രന്മാരെ അദ്ദേഹം കാൺകെ കൊന്നു. ബാബേൽരാജാവ് യെഹൂദ്യയിലെ എല്ലാ പ്രഭുക്കന്മാരെയും കൊന്നുകളഞ്ഞു. 7അതിനുശേഷം അദ്ദേഹം സിദെക്കീയാവിന്റെ കണ്ണുകൾ കുത്തിപ്പൊട്ടിച്ച്, ബാബേലിലേക്കു കൊണ്ടുപോകുന്നതിനായി വെങ്കലംകൊണ്ടുള്ള ചങ്ങലയിൽ ബന്ധിച്ചു.

8ബാബേല്യർ
അഥവാ, കൽദയർ
രാജാവിന്റെ അരമനയും ജനങ്ങളുടെ വീടുകളും തീവെച്ചു നശിപ്പിക്കയും ജെറുശലേമിന്റെ മതിലുകൾ ഇടിച്ചുകളയുകയും ചെയ്തു.
9നഗരത്തിൽ ശേഷിച്ചിരുന്ന ജനത്തെയും തന്റെ പക്ഷത്തേക്കു കൂറുമാറിയവരെയും ശേഷിച്ച മറ്റുള്ളവരെയും അംഗരക്ഷകസേനയുടെ അധിപതിയായ നെബൂസരദാൻ ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയി. 10എന്നാൽ സ്വന്തമായി ഒന്നുമില്ലാത്ത ഏറ്റവും എളിയവരായ ചിലരെ അംഗരക്ഷകസേനയുടെ നായകനായ നെബൂസരദാൻ യെഹൂദാദേശത്തു താമസിപ്പിച്ചു. അദ്ദേഹം അവർക്കു മുന്തിരിത്തോപ്പുകളും നിലങ്ങളും അക്കാലത്ത് അനുവദിച്ചുകൊടുത്തു.

11ബാബേൽരാജാവായ നെബൂഖദ്നേസർ അംഗരക്ഷകസേനയുടെ അധിപതിയായ നെബൂസരദാന് യിരെമ്യാവിനെക്കുറിച്ച് ഇപ്രകാരം കൽപ്പന കൊടുത്തിരുന്നു: 12“നീ അദ്ദേഹത്തെ കൊണ്ടുപോയി സംരക്ഷിക്കണം; അദ്ദേഹത്തിന് ഒരു ദോഷവും ചെയ്യരുത്. അദ്ദേഹം ആവശ്യപ്പെടുന്നതൊക്കെ ചെയ്തുകൊടുക്കുകയും വേണം.” 13അങ്ങനെ അംഗരക്ഷകസേനയുടെ നായകനായ നെബൂസരദാൻ, നെബൂശസ്ബാൻ എന്ന ഷണ്ഡന്മാരുടെ തലവനോടും നേർഗൽ-ശരേസർ എന്ന മന്ത്രവാദികളുടെ തലവനോടും ബാബേൽരാജാവിന്റെ എല്ലാ പ്രധാന പ്രഭുക്കന്മാരോടുംകൂടെ ആളയച്ച് 14യിരെമ്യാവിനെ കാവൽപ്പുരമുറ്റത്തുനിന്ന് വരുത്തി. അദ്ദേഹത്തെ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകുന്നതിനായി ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവിനെ ഏൽപ്പിച്ചു. അങ്ങനെ അദ്ദേഹം സ്വന്തം ജനത്തിന്റെ മധ്യേ താമസിച്ചു.

15യിരെമ്യാവ് കാവൽപ്പുരമുറ്റത്ത് തടവിലായിരുന്ന കാലത്ത് യഹോവയുടെ അരുളപ്പാട് ഇപ്രകാരം അദ്ദേഹത്തിന് ഉണ്ടായി: 16“നീ പോയി കൂശ്യനായ ഏബെദ്-മെലെക്കിനോട് ഇപ്രകാരം സംസാരിക്കുക, ‘ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എന്റെ വചനങ്ങളെ ഈ നഗരത്തിന്റെ ക്ഷേമത്തിനായിട്ടല്ല, നാശത്തിനായിത്തന്നെ നിറവേറ്റാൻ പോകുന്നു. ആ ദിവസത്തിൽ നിന്റെ കൺമുമ്പിൽത്തന്നെ അവ നിറവേറും. 17എന്നാൽ ആ നാളിൽ നിന്നെ ഞാൻ വിടുവിക്കും; നീ ഭയപ്പെടുന്ന മനുഷ്യരുടെ കൈയിൽ നീ ഏൽപ്പിക്കപ്പെടുകയുമില്ല, എന്ന് യഹോവ അരുളിച്ചെയ്യുന്നു. 18ഞാൻ നിശ്ചയമായും നിന്നെ രക്ഷിക്കും; നീ വാളാൽ വീഴുകയില്ല, എന്നാൽ നീ എന്നിൽ വിശ്വസിച്ചതുകൊണ്ട് നിന്റെ ജീവൻ നിനക്ക് കൊള്ള കണ്ടുകിട്ടിയതുപോലെ ആയിരിക്കും, എന്ന് യഹോവയുടെ അരുളപ്പാട്.’ ”

Copyright information for MalMCV