‏ Jeremiah 28

വ്യാജപ്രവാചകനായ ഹനന്യാവ്

1ആ വർഷം, യെഹൂദാരാജാവായ സിദെക്കീയാവിന്റെ ഭരണത്തിന്റെ ആരംഭത്തിൽ, നാലാംവർഷത്തിൽ അഞ്ചാംമാസത്തിൽ, ഗിബെയോന്യനായ അസ്സൂരിന്റെ മകനായ ഹനന്യാപ്രവാചകൻ യഹോവയുടെ ആലയത്തിൽ പുരോഹിതന്മാരുടെയും സകലജനത്തിന്റെയും മുമ്പിൽവെച്ച് എന്നോട് ഇപ്രകാരം സംസാരിച്ചു: 2“ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ ബാബേൽരാജാവിന്റെ നുകം ഒടിച്ചുകളയും. 3രണ്ടു വർഷത്തിനുള്ളിൽ, ബാബേൽരാജാവായ നെബൂഖദ്നേസർ ഈ സ്ഥലത്തുനിന്നെടുത്ത് ബാബേലിലേക്കു കൊണ്ടുപോയ യഹോവയുടെ ആലയത്തിലെ ഉപകരണങ്ങളെല്ലാം ഞാൻ ഈ സ്ഥലത്തേക്കു തിരികെവരുത്തും. 4യെഹൂദാരാജാവായി യെഹോയാക്കീമിന്റെ മകനായ യെഹോയാഖീനെയും
മൂ.ഭാ. യെഖൊന്യാവ്, യെഹോയാഖീം എന്നതിന്റെ മറ്റൊരുരൂപം.
ബാബേലിലേക്കു പോയിട്ടുള്ള എല്ലാ യെഹൂദാപ്രവാസികളെയും ഞാൻ ഈ സ്ഥലത്തേക്കു കൊണ്ടുവരും; ഞാൻ ബാബേൽരാജാവിന്റെ നുകം ഒടിച്ചുകളയും,’ എന്നും യഹോവ അരുളിച്ചെയ്യുന്നു.”

5അപ്പോൾ യഹോവയുടെ ആലയത്തിൽ നിന്നിരുന്ന പുരോഹിതന്മാരുടെയും സകലജനങ്ങളുടെയും മുമ്പിൽവെച്ച് യിരെമ്യാപ്രവാചകൻ ഹനന്യാപ്രവാചകനോട് ഇപ്രകാരം പറഞ്ഞു. 6“ആമേൻ! യഹോവ അപ്രകാരം ചെയ്യട്ടെ! യഹോവയുടെ ആലയത്തിലെ ഉപകരണങ്ങളെയും എല്ലാ പ്രവാസികളെയും ബാബേലിൽനിന്ന് ഈ സ്ഥലത്തേക്കു തിരികെ വരുത്തുമെന്നു നീ പ്രവചിച്ച നിന്റെ വാക്കുകൾ യഹോവ സത്യമാക്കിത്തീർക്കട്ടെ. 7എങ്കിലും ഇപ്പോൾ നീയും സകലജനവും കേൾക്കെ ഞാൻ പറയാൻ പോകുന്ന ഈ വചനം ശ്രദ്ധിക്കുക: 8നിനക്കുമുമ്പും എനിക്കുമുമ്പും പ്രാചീനകാലംമുതൽ ഉണ്ടായിരുന്ന പ്രവാചകന്മാർ അനേക ദേശങ്ങൾക്കും വലിയ രാജ്യങ്ങൾക്കുമെതിരേ യുദ്ധവും അനർഥവും മഹാമാരിയും പ്രവചിച്ചു. 9എന്നാൽ സമാധാനത്തെക്കുറിച്ചു പ്രവചിക്കുന്ന പ്രവാചകന്റെ കാര്യത്തിൽ, അദ്ദേഹത്തിന്റെ വചനം നിറവേറുമ്പോൾ ആ പ്രവാചകൻ യഹോവ അയച്ച ഒരുവൻ എന്ന് തെളിയും.”

10അപ്പോൾ ഹനന്യാപ്രവാചകൻ യിരെമ്യാപ്രവാചകന്റെ കഴുത്തിൽനിന്ന് നുകമെടുത്ത് ഒടിച്ചുകളഞ്ഞു. 11സകലജനത്തിന്റെയും സാന്നിധ്യത്തിൽ ഹനന്യാവ് ഇപ്രകാരം പ്രസ്താവിച്ചു: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. ‘രണ്ടു വർഷങ്ങൾക്കുള്ളിൽ ഞാൻ ഇതുപോലെ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ നുകം സകലരാഷ്ട്രങ്ങളുടെയും കഴുത്തിൽനിന്ന് എടുത്ത് ഒടിച്ചുകളയും.’ ” ഇതു കേട്ട് യിരെമ്യാപ്രവാചകൻ തന്റെ വഴിക്കുപോയി.

12ഹനന്യാപ്രവാചകൻ യിരെമ്യാവിന്റെ കഴുത്തിലെ നുകം ഒടിച്ചുകളഞ്ഞതിനുശേഷം യഹോവയുടെ അരുളപ്പാട് യിരെമ്യാവിന് ഇപ്രകാരം ഉണ്ടായി: 13“നീ പോയി ഹനന്യാവിനോട് ഇപ്രകാരം സംസാരിക്കുക, ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ തടികൊണ്ടുള്ള നുകം ഒടിച്ചുകളഞ്ഞു. എന്നാൽ അതിനുപകരം നിനക്ക് ഇരുമ്പുകൊണ്ടുള്ള ഒരു നുകം ലഭിക്കും. 14ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ എല്ലാ ജനതകളുടെയും കഴുത്തിന്മേൽ അവർ ബാബേൽരാജാവായ നെബൂഖദ്നേസരിനെ സേവിക്കേണ്ടതിന് ഇരുമ്പുകൊണ്ടുള്ള ഒരു നുകം വെച്ചിരിക്കുന്നു. അവർ അദ്ദേഹത്തെ സേവിക്കും. ഞാൻ വന്യമൃഗങ്ങളുടെ നിയന്ത്രണവും അദ്ദേഹത്തിനു നൽകിയിരിക്കുന്നു.’ ”

15അതിനുശേഷം യിരെമ്യാപ്രവാചകൻ ഹനന്യാപ്രവാചകനോടു പറഞ്ഞത്: “ഹനന്യാവേ, ശ്രദ്ധിക്കുക! യഹോവ നിന്നെ അയച്ചിട്ടില്ല. നീ ഈ ജനത്തെ ഒരു വ്യാജം വിശ്വസിപ്പിച്ചിരിക്കുന്നു. 16അതിനാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഇതാ, ഞാൻ നിന്നെ ഭൂമുഖത്തുനിന്നു നീക്കിക്കളയാൻ പോകുന്നു. നീ യഹോവയ്ക്കെതിരേ മത്സരിച്ച് സംസാരിച്ചിരിക്കുകയാൽ ഈ വർഷംതന്നെ മരിക്കും.’ ”

17അങ്ങനെ ഹനന്യാപ്രവാചകൻ, ആ വർഷം ഏഴാംമാസത്തിൽ മരിച്ചു.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.