Jeremiah 26
യിരെമ്യാവിന് വധഭീഷണി
1യെഹൂദാരാജാവായ യോശിയാവിന്റെ മകനായ യെഹോയാക്കീമിന്റെ ഭരണത്തിന്റെ ആരംഭത്തിൽ യഹോവയിൽനിന്ന് ഇപ്രകാരം അരുളപ്പാടുണ്ടായി: 2“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ യഹോവയുടെ ആലയത്തിന്റെ അങ്കണത്തിൽ നിന്നുകൊണ്ട് യഹോവയുടെ ആലയത്തിൽ നമസ്കരിക്കാൻ വരുന്ന സകല യെഹൂദാനഗരങ്ങളിൽനിന്നുള്ള ജനങ്ങളോടും സംസാരിക്കുക. ഞാൻ നിന്നോടു കൽപ്പിക്കുന്ന സകലവചനങ്ങളും പ്രസ്താവിക്കുക; ഒരു വാക്കുപോലും വിട്ടുകളയരുത്. 3ഒരുപക്ഷേ അതുകേട്ട് അവർ ഓരോരുത്തരും തങ്ങളുടെ ദുർമാർഗം വിട്ടുതിരിഞ്ഞേക്കാം. അവരുടെ ദുഷ്ടതനിറഞ്ഞ പ്രവൃത്തികൾനിമിത്തം ഞാൻ അവർക്കു വരുത്താൻ ഉദ്ദേശിക്കുന്ന അനർഥത്തെക്കുറിച്ച് ഞാൻ അപ്പോൾ അനുതപിക്കും. 4നീ അവരോട് ഇപ്രകാരം പറയണം: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. നിങ്ങൾ എന്റെ വാക്കുകേട്ട് ഞാൻ നിങ്ങളുടെമുമ്പിൽ വെച്ചിട്ടുള്ള ന്യായപ്രമാണം അനുസരിച്ചു ജീവിക്കാതിരിക്കുകയും 5ഞാൻ വീണ്ടും വീണ്ടും നിങ്ങളുടെ അടുക്കൽ അയച്ചിട്ടും നിങ്ങൾ ശ്രദ്ധിക്കാതിരുന്ന എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ വാക്കുകൾ ഇനിയും കേൾക്കാതിരിക്കുകയുംചെയ്താൽ, 6ഞാൻ ഈ ആലയത്തെ ശീലോവിനു തുല്യവും ഈ പട്ടണത്തെ ഭൂമിയിലെ സകലരാഷ്ട്രങ്ങളുടെയും ഇടയിൽ ശാപയോഗ്യവും ആക്കിത്തീർക്കും.’ ”7യിരെമ്യാവ് യഹോവയുടെ ആലയത്തിൽവെച്ച് ഈ വാക്കുകൾ സംസാരിക്കുന്നത് പുരോഹിതന്മാരും പ്രവാചകന്മാരും സകലജനവും കേട്ടു. 8എന്നാൽ സകലജനത്തോടും സംസാരിക്കാൻ യഹോവ അദ്ദേഹത്തോടു കൽപ്പിച്ചിരുന്നതെല്ലാം യിരെമ്യാവു സംസാരിച്ചുതീർന്നപ്പോൾ, പുരോഹിതന്മാരും പ്രവാചകന്മാരും സകലജനവും അദ്ദേഹത്തെ പിടിച്ച്, “താങ്കൾ നിശ്ചയമായും മരിക്കണം!” എന്നു പറഞ്ഞു. 9“ഈ ആലയം ശീലോവിനു തുല്യമാകും; ഈ പട്ടണം നിവാസികളില്ലാതെ ശൂന്യമായിത്തീരും എന്നിങ്ങനെ യഹോവയുടെ നാമത്തിൽ താങ്കൾ പ്രവചിച്ചത് എന്തിന്?” അങ്ങനെ ജനമെല്ലാം യഹോവയുടെ ആലയത്തിൽ യിരെമ്യാവിനു ചുറ്റും തടിച്ചുകൂടി.
10ഈ കാര്യങ്ങൾ യെഹൂദാപ്രഭുക്കന്മാർ കേട്ടപ്പോൾ അവർ രാജകൊട്ടാരത്തിൽനിന്ന് യഹോവയുടെ ആലയത്തിലേക്ക് കയറിവന്ന്, യഹോവയുടെ ആലയത്തിലെ പുതിയ കവാടത്തിന്റെ പ്രവേശനത്തിങ്കൽ ഇരുന്നു. 11അതിനുശേഷം പുരോഹിതന്മാരും പ്രവാചകന്മാരും പ്രഭുക്കന്മാരോടും സകലജനത്തോടും ഇപ്രകാരം പറഞ്ഞു: “ഈ മനുഷ്യൻ ഈ നഗരത്തിനെതിരേ പ്രവചിച്ചിരിക്കുകയാൽ അയാളെ മരണശിക്ഷയ്ക്കു വിധിക്കണം. നിങ്ങൾ അതു സ്വന്തം ചെവികൊണ്ടുതന്നെ കേട്ടിരിക്കുന്നു!”
12അപ്പോൾ യിരെമ്യാവ് എല്ലാ പ്രഭുക്കന്മാരോടും സകലജനത്തോടും ഇപ്രകാരം സംസാരിച്ചു: “നിങ്ങൾ കേട്ടതായ സകലകാര്യങ്ങളും, ഈ ആലയത്തിനും ഈ നഗരത്തിനും എതിരായി പ്രവചിക്കാൻ യഹോവ എന്നെ അയച്ചിരിക്കുന്നു. 13അതിനാൽ നിങ്ങളുടെ വഴികളും പ്രവൃത്തികളും പുനരുദ്ധരിക്കുക; നിങ്ങളുടെ ദൈവമായ യഹോവയെ അനുസരിക്കുക; അങ്ങനെയെങ്കിൽ നിങ്ങൾക്കെതിരായി യഹോവ അരുളിച്ചെയ്തിരിക്കുന്ന അനർഥത്തെക്കുറിച്ച് അവിടന്ന് അനുതപിക്കും, അവ നിങ്ങളുടെമേൽ വരുത്തുകയുമില്ല. 14എന്റെ കാര്യത്തിലോ, ഞാനിതാ, നിങ്ങളുടെ കൈയിൽ ഇരിക്കുന്നു; നിങ്ങൾക്കു യുക്തവും ന്യായവുമായി തോന്നുന്നതുപോലെ എന്നോടു ചെയ്യുക. 15എന്നെ കൊന്നുകളഞ്ഞാൽ നിങ്ങൾ കുറ്റമില്ലാത്ത രക്തം നിങ്ങളുടെമേലും ഈ നഗരത്തിന്മേലും അതിലെ നിവാസികളുടെമേലും വരുത്തുകയായിരിക്കും എന്നു തീർച്ചയായും അറിഞ്ഞുകൊൾക. നിങ്ങൾ കേൾക്കെ ഈ വചനങ്ങളൊക്കെയും സംസാരിക്കാൻ എന്നെ അയച്ചിരിക്കുന്നത് യഹോവയാണ്.”
16അപ്പോൾ ഉദ്യോഗസ്ഥന്മാരും സകലജനങ്ങളും, പുരോഹിതന്മാരോടും പ്രവാചകന്മാരോടും പറഞ്ഞു: “ഈ മനുഷ്യനു മരണശിക്ഷ വിധിക്കരുത്! കാരണം നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിലാണ് അദ്ദേഹം നമ്മോടു സംസാരിച്ചിരിക്കുന്നത്.”
17അനന്തരം ദേശത്തിലെ നേതാക്കന്മാരിൽ ചിലർ എഴുന്നേറ്റ് മുന്നോട്ടുവന്ന് ജനത്തിന്റെ സർവസംഘത്തോടും ഇപ്രകാരം പറഞ്ഞു: 18“യെഹൂദാരാജാവായ ഹിസ്കിയാവിന്റെകാലത്ത് മോരേശേത്തിലെ മീഖായാവ് സകല യെഹൂദാജനത്തോടും പ്രവചിച്ചു പറഞ്ഞത്: ‘സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ ‘സീയോൻ ഒരു വയൽപോലെ ഉഴുതുമറിക്കപ്പെടും,
ജെറുശലേം ഒരു കൽക്കൂമ്പാരമായിത്തീരും;
ദൈവാലയം നിൽക്കുന്ന മല അമിതമായി കുറ്റിക്കാടുവളർന്ന കുന്നുപോലെയാകും.’ a
19യെഹൂദാരാജാവായ ഹിസ്കിയാവും സകല യെഹൂദാജനവും അദ്ദേഹത്തെ വധിച്ചുവോ? ഹിസ്കിയാവ് യഹോവയെ ഭയപ്പെട്ട് യഹോവയോടു കാരുണ്യത്തിനായി യാചിച്ചില്ലേ? യഹോവ അവർക്ക് വരുത്താൻ നിശ്ചയിച്ചിരുന്ന അനർഥത്തിൽനിന്നു പിന്തിരിഞ്ഞില്ലേ? നാം ഒരു വലിയ വിനാശമാണ് നമ്മുടെമേൽ വരുത്താൻപോകുന്നത്!”
20അതുപോലെ കിര്യത്ത്-യെയാരീമിൽനിന്നുള്ള ശെമയ്യാവിന്റെ മകനായി ഊരിയാവ് എന്നൊരുവനും യഹോവയുടെ നാമത്തിൽ പ്രവചിച്ചിരുന്നു; അദ്ദേഹം ഈ നഗരത്തിനും ദേശത്തിനും എതിരായി യിരെമ്യാവു പ്രവചിച്ച അതേ കാര്യങ്ങൾതന്നെ പ്രവചിച്ചു. 21യെഹോയാക്കീം രാജാവും അദ്ദേഹത്തിന്റെ യുദ്ധവീരന്മാരും എല്ലാ പ്രഭുക്കന്മാരും ഊരിയാവിന്റെ വാക്കുകൾ കേട്ടപ്പോൾ, അദ്ദേഹത്തെ കൊന്നുകളയാൻ രാജാവ് ആഗ്രഹിച്ചു. ഊരിയാവ് അതുകേട്ടു ഭയപ്പെട്ട് ഈജിപ്റ്റിലേക്ക് ഓടിപ്പോയി. 22അപ്പോൾ യെഹോയാക്കീം രാജാവ് ഈജിപ്റ്റിലേക്ക് ആളയച്ചു; അക്ബോരിന്റെ മകനായ എൽനാഥാനും അദ്ദേഹത്തോടുകൂടി ചില ആളുകളും ഈജിപ്റ്റിലേക്കു ചെന്നു. 23അവർ ഊരിയാവിനെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന് യെഹോയാക്കീം രാജാവിന്റെ അടുക്കൽ ഹാജരാക്കി. രാജാവ് അദ്ദേഹത്തെ വാൾകൊണ്ടു കൊന്ന് ശവശരീരം സാമാന്യജനങ്ങളുടെ ശ്മശാനത്തിൽ ഇട്ടുകളഞ്ഞു.
24എന്നാൽ, യിരെമ്യാവിനെ ജനത്തിന്റെ കൈയിൽ ഏൽപ്പിച്ചുകൊടുത്ത് കൊല്ലാതിരിക്കാൻ, ശാഫാന്റെ മകനായ അഹീക്കാം അദ്ദേഹത്തിനു സഹായിയായിനിന്നു.
Copyright information for
MalMCV