‏ James 4

ദൈവത്തിനു കീഴ്പ്പെടുക

1നിങ്ങളുടെ മധ്യത്തിൽ സംഘട്ടനങ്ങളും കലഹങ്ങളും ഉണ്ടാകാൻ എന്താണു കാരണം? നിങ്ങളുടെ ഉള്ളിൽ പോരാടുന്ന ദുർമോഹങ്ങളിൽനിന്നല്ലേ അവ ഉണ്ടാകുന്നത്? 2ആഗ്രഹിക്കുന്നവ ലഭിക്കാതെ വരുമ്പോൾ നിങ്ങൾ കൊലപാതകംവരെ ചെയ്യുന്നു; ഒട്ടേറെ മോഹിച്ചിട്ടും കിട്ടാതെ വരുമ്പോൾ കലഹിക്കുന്നു, സംഘട്ടനം നടത്തുന്നു. നിങ്ങൾക്കു ലഭിക്കാതെ പോകുന്നതിന്റെ കാരണമോ; ദൈവത്തോട് അപേക്ഷിക്കുന്നില്ല എന്നതാണ്. 3നിങ്ങൾ യാചിക്കുന്നെങ്കിലും ലഭിക്കുന്നില്ല; കാരണം, സുഖഭോഗങ്ങൾക്കുവേണ്ടി ചെലവിടണം എന്ന ദുരുദ്ദേശ്യത്തോടെയാണ് നിങ്ങൾ യാചിക്കുന്നത്.

4അപഥസഞ്ചാരികളേ,
അതായത്, ദൈവവുമായുള്ള ഉടമ്പടി ലംഘിച്ചവർ. ഇതു വ്യഭിചരിക്കുന്നതിനു സമം. ഹോശ. 3:1 കാണുക.
ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാകുന്നു എന്നു നിങ്ങൾ അറിയുന്നില്ലേ? അതിനാൽ, ലോകത്തിന്റെ മിത്രമാകാൻ ആഗ്രഹിക്കുന്നവൻ ദൈവത്തിന്റെ ശത്രുവായിത്തീരുന്നു.
5“നമ്മിൽ വസിക്കാനായി, ദൈവം അയച്ച ആത്മാവ് തന്നോടുള്ള പ്രതിബദ്ധത മറ്റാരുമായും പങ്കുവെക്കാൻ ആഗ്രഹിക്കുന്നില്ല” എന്നു തിരുവെഴുത്തു പറയുന്നത് നിരർഥകമോ? 6ദൈവം നമുക്ക് കൃപ അധികം നൽകുന്നു; അതുകൊണ്ടാണ്,

“ദൈവം അഹങ്കാരികളെ എതിർക്കുന്നു,
എന്നാൽ വിനയാന്വിതർക്ക് അവിടന്ന് കൃപചൊരിയുന്നു” b
എന്നു തിരുവെഴുത്തു പറയുന്നത്.

7അതുകൊണ്ട്, ദൈവത്തിനു സ്വയം സമർപ്പിക്കുക; പിശാചിനോട് ചെറുത്തുനിൽക്കുക, അപ്പോൾ അവൻ നിങ്ങളിൽനിന്ന് ഓടിയകലും. 8ദൈവത്തോട് അടുത്തുവരിക; അപ്പോൾ അവിടന്നു നിങ്ങളോട് അടുത്തുവരും. പാപികളേ, നിങ്ങളുടെ കൈകൾ നിർമലമാക്കുക; ഇരുമനസ്സുള്ളവരേ, ഹൃദയം ശുദ്ധമാക്കുക. 9വിലാപത്തോടെ ദുഃഖിച്ചു കണ്ണുനീരൊഴുക്കുക; നിങ്ങളുടെ ആഹ്ലാദം ദുഃഖമായും ആനന്ദം വിഷാദമായും തീരട്ടെ. 10കർത്തൃസന്നിധിയിൽ വിനയാന്വിതരായിരിക്കുക, അപ്പോൾ കർത്താവ് നിങ്ങളെ ഉയർത്തും.

11സഹോദരങ്ങളേ, പരസ്പരം അപവാദം പറയരുത്. സഹോദരങ്ങൾക്കു വിരോധമായി സംസാരിക്കുകയോ അവരെ വിധിക്കുകയോ ചെയ്യുന്ന ആൾ ന്യായപ്രമാണത്തിനു വിരുദ്ധമായി സംസാരിക്കുകയും അതിനെ വിധിക്കുകയുംചെയ്യുന്നു. ന്യായപ്രമാണത്തെ വിധിക്കുമ്പോൾ നീ അതിനെ പാലിക്കുകയല്ല, അതിന്റെ വിധികർത്താവായി മാറുകയാണ്. 12ന്യായപ്രമാണദാതാവും ന്യായകർത്താവും ഒരാൾമാത്രം; രക്ഷിക്കാനും നശിപ്പിക്കാനും ശക്തനായ ദൈവംതന്നെ. അയൽവാസിയെ ന്യായംവിധിക്കാൻ നിനക്ക് എന്ത് അധികാരം?

നാളെയെക്കുറിച്ചു പ്രശംസിക്കരുത്

13“ഇന്നോ നാളെയോ ഞങ്ങൾ ഏതെങ്കിലും പട്ടണത്തിൽ ചെന്ന് ഒരുവർഷം വ്യാപാരംചെയ്ത് ധനം സമ്പാദിക്കും” എന്നു പറയുന്നവരേ, കേൾക്കുക: 14നാളെ എങ്ങനെയുള്ളതായിരിക്കും എന്ന് ആർക്കും അറിയില്ലല്ലോ. എന്താണ് നിങ്ങളുടെ ജീവിതം? ക്ഷണനേരത്തേക്കു ദൃശ്യമാകുന്നതും പിന്നെ അദൃശ്യമാകുന്നതുമായ മൂടൽമഞ്ഞുമാത്രമല്ലേ? 15“കർത്തൃഹിതമെങ്കിൽമാത്രം ഞങ്ങൾ ജീവിച്ചിരുന്ന് ഇതൊക്കെ ചെയ്യും” എന്നല്ലേ നിങ്ങൾ പറയേണ്ടത്? 16എന്നാൽ, നിങ്ങൾ സ്വയം പ്രശംസിക്കുകയും വീമ്പിളക്കുകയുംചെയ്യുന്നു. ഇത്തരം ആത്മപ്രശംസ എല്ലാം തിന്മയാണ്. 17ഒരാൾ ചെയ്യേണ്ടുന്ന നന്മ എന്താണെന്ന് അറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നത് അവർക്കു പാപമാണ്.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.