‏ Isaiah 62

സീയോന്റെ പുതിയ നാമം

1അവളുടെ കുറ്റവിമുക്തി പ്രഭാതകിരണങ്ങളുടെ പ്രസരിപ്പു‍പോലെയും
അവളുടെ രക്ഷ ജ്വലിക്കുന്ന പന്തംപോലെയും ആകുന്നതുവരെ
സീയോനുവേണ്ടി ഞാൻ നിശ്ശബ്ദമായിരിക്കുകയില്ല,
ജെറുശലേമിനുവേണ്ടി മൗനമായിരിക്കുകയുമില്ല.
2രാഷ്ട്രങ്ങൾ നിന്റെ കുറ്റവിമുക്തിയും
എല്ലാ രാജാക്കന്മാരും നിന്റെ മഹത്ത്വവും ദർശിക്കും;
യഹോവയുടെ വായ് കൽപ്പിച്ചുതരുന്ന
ഒരു പുതിയ പേരിനാൽ നീ വിളിക്കപ്പെടും.
3നീ യഹോവയുടെ കൈയിൽ ഒരു മഹത്ത്വകിരീടമായും
നിന്റെ ദൈവത്തിന്റെ കൈയിൽ രാജകീയ മകുടമായും തീരും.
4നീ ഇനിയൊരിക്കലും ഉപേക്ഷിക്കപ്പെട്ടവൾ
മൂ.ഭാ. അസൂബാ
എന്നോ
നിന്റെ ദേശം വിജനദേശം
മൂ.ഭാ. ശെമാമാ
എന്നോ വിളിക്കപ്പെടുകയില്ല.
എന്നാൽ നീ ഹെഫ്സീബാ
എന്റെ ആനന്ദമായവൾ എന്നർഥം.
എന്നും
നിന്റെ ദേശം ബെയൂലാ
വിവാഹിത എന്നർഥം.
എന്നും വിളിക്കപ്പെടും;
കാരണം യഹോവ നിന്നിൽ ആനന്ദിക്കുകയും
നിന്റെ ദേശം വിവാഹം ചെയ്യപ്പെട്ടതും ആയിത്തീരും.
5ഒരു യുവാവു യുവതിയെ വിവാഹംചെയ്യുന്നതുപോലെ
നിന്റെ പുത്രന്മാർ
ചി.കൈ.പ്ര. നിർമാതാക്കൾ
നിന്നെ അവകാശമാക്കും.
മണവാളൻ മണവാട്ടിയിൽ ആനന്ദിക്കുന്നതുപോലെ
നിന്റെ ദൈവം നിന്നിൽ ആനന്ദിക്കും.

6ജെറുശലേമേ, രാത്രിയും പകലും മൗനമായിരിക്കാത്ത
കാവൽക്കാരെ ഞാൻ നിന്റെ മതിലുകളിന്മേൽ നിരന്തരം വിന്യസിച്ചിരിക്കുന്നു.
യഹോവയെ വിളിച്ചപേക്ഷിക്കുന്നവരേ,
നിങ്ങൾ വിശ്രമിക്കാനേ പാടില്ല.
7അവിടന്ന് ജെറുശലേമിനെ സ്ഥാപിക്കുകയും അവളെ ഭൂമിയിൽ ഒരു പ്രശംസാവിഷയമാക്കുകയും ചെയ്യുന്നതുവരെ
അവിടത്തേക്ക് സ്വസ്ഥത നൽകരുത്.

8യഹോവ തന്റെ വലംകരത്തെയും ബലമുള്ള ഭുജത്തെയും ചൊല്ലി
ഇപ്രകാരം ശപഥംചെയ്തിരിക്കുന്നു:
“തീർച്ചയായും ഞാൻ നിന്റെ ധാന്യം
നിന്റെ ശത്രുവിനു ഭക്ഷണമായി കൊടുക്കുകയില്ല,
നിന്റെ അധ്വാനഫലമായ പുതുവീഞ്ഞ്
വിദേശികൾ ഇനിയൊരിക്കലും കുടിക്കുകയില്ല;
9എന്നാൽ അതിന്റെ വിളവെടുക്കുന്നവർ അതു ഭക്ഷിച്ച്
യഹോവയെ സ്തുതിക്കും,
അതു ശേഖരിക്കുന്നവർ എന്റെ വിശുദ്ധമന്ദിരത്തിന്റെ
അങ്കണത്തിൽവെച്ച് അതു പാനംചെയ്യും.”

10കടന്നുപോകുക, കവാടങ്ങളിലൂടെ കടന്നുപോകുക!
ഈ ജനത്തിനു വഴിയൊരുക്കുക.
നിരത്തുക, രാജവീഥി നിരത്തുക!
കല്ലുകൾ പെറുക്കിക്കളയുക.
രാഷ്ട്രങ്ങൾക്ക് ഒരു കൊടി ഉയർത്തുക.

11ഇതാ, ഭൂമിയുടെ അറുതികളിലെല്ലാം
യഹോവ വിളംബരംചെയ്തിരിക്കുന്നു:
“ ‘ഇതാ, നിന്റെ രക്ഷ വരുന്നു!
ഇതാ, പ്രതിഫലം അവിടത്തെ പക്കലും
പാരിതോഷികം അവിടത്തോടൊപ്പവുമുണ്ട്,’
എന്നു സീയോൻപുത്രിയോടു പറയുക.”
12അവർ വിശുദ്ധജനം എന്നു വിളിക്കപ്പെടും,
യഹോവയാൽ വീണ്ടെടുക്കപ്പെട്ടവർ എന്നുതന്നെ;
അന്വേഷിച്ചു കണ്ടെത്തപ്പെട്ടവൾ എന്നും
ഒരിക്കലും ഉപേക്ഷിക്കപ്പെടാത്ത നഗരം എന്നും വിളിക്കപ്പെടും.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.